അനന്തമായ സ്നേഹത്താലും അതുല്യമായ കാരുണ്യത്താലും “ആദിയിൽ, ദൈവം ആകാശവും ഭൂമിയും (വിശ്വം) സൃഷ്ട്ടിച്ചു” ഉല്പ്. 1:1. സ്വന്തം ഛായയിലും സാദൃശ്യത്തിലും മനുഷ്യന് ജന്മം നൽകി. പിതാവായ ദൈവം തന്റെ പരിശുദ്ധാത്മാവിലൂടെ ദൈവനിവേശിതരായ മനുഷ്യർക്ക് സ്വയം വെളിപ്പെടുത്തിയ വസ്തുതകളാണ് ബൈബിളിലുള്ളത്.
വിശ്വം എങ്ങനെ ഉണ്ടായി, മനുഷ്യൻ എവിടെനിന്നു വരുന്നു, എങ്ങോട്ടു പോകുന്നു, എന്തിനാണ് അവൻ ഇവിടെ ആയിരിക്കുന്നത് ഇപ്രകാരമുള്ള മർമപ്രധാനമായ ചോദ്യങ്ങൾക്കു ബിസി ഇരുപതാം നൂറ്റാണ്ടുവരെ കൃത്യവും വ്യക്തവുമായ ഉത്തരങ്ങൾ ഉണ്ടായിരുന്നില്ല. പല സങ്കല്പകഥകളും പറഞ്ഞിരുന്നു. പരിമിതവിഭാവനായ മനുഷ്യന്റെ നിഗമനങ്ങൾ പലതും തെറ്റോ അപൂര്‍ണമോ ആയിരുന്നു. മനുഷ്യനോടുള്ള ദൈവത്തിന്റെ സ്നേഹവും കരുതലും നിത്യ സത്യങ്ങൾ വെളിപ്പെടുത്തി നല്കാൻ അവിടുത്തെ നിർബന്ധിച്ചു.
സൃഷ്ടിയുടെ ആരംഭം മുതൽ, ദൈവം അബ്രാഹത്തെ പേരുചൊല്ലി വിളിക്കുന്നത് വരെയുള്ള സുദീർഘമായ കാലഘട്ടത്തിലെ ദൈവമനുഷ്യ ബന്ധത്തിന്റെ ചരിത്രമാണ് ഉത്പത്തിപുസ്തകത്തിലെ ആദ്യത്തെ 11 അധ്യായങ്ങൾ ആവിഷ്കരിക്കുക. ദൈവമനുഷ്യനായ മോശയ്ക്കാണ് ദൈവം ഇത് വെളിപ്പെടുത്തിക്കൊടുത്തത് എന്നാണ് പാരമ്പര്യ വിശ്വാസം. പഞ്ചഗ്രന്ഥിയുടെ കർത്താവു അദ്ദേഹമാണെന്നും കരുതപ്പെടുന്നു. ഉത്പത്തിയുടെ പ്രഥമ 11 അധ്യായങ്ങൾ ബൈബിളിലുള്ള മുഴുവൻ ഭാഗങ്ങളുടെയും ശരിയായ വിലയിരുത്തലിന് അത്യന്താപേക്ഷിതമാണ്.
ദൈവത്തിന്റെ വെളിപാടിനെ വലിയ കൃതജ്ഞതയോടെ വേണം നാം സ്വീകരിക്കാൻ. യോഹന്നാൻ ശ്ലീഹ ദൈവത്തെ ‘സ്നേഹം’ എന്നാണ് നിർവചിക്കുക (1 യോഹ. 4:8). ഈ സത്യമായിരിക്കണം സ്നേഹത്തിൽ നിന്നുദിക്കുന്ന ലോകം.
സ്നേഹത്താൽ വൃദ്ധി തേടുന്നു
സ്നേഹം തൻ ശക്തി ഇശത്തിൽ
സ്വയം സ്നേഹം താനാനന്ദമാർക്കും എന്ന് പാടാൻ നമ്മുടെ ആശയ ഗംഭീരമായ മഹാ കവിയെ പ്രേരിപ്പിച്ചത്.
ദൈവം തന്നെതന്നെയും നിത്യസത്യങ്ങളും പ്രവാചകരിലൂടെ വെളിപ്പെടുത്തിത്തന്നതിനും നാം അവിടുത്തോടു വലിയ കൃതജ്ഞത ഉള്ളവരായിരിക്കണമെന്നു സൂചിപ്പിച്ചല്ലോ. ദൈവത്തോട് നമുക്കുണ്ടായിരിക്കേണ്ട അത്യുദാത്തവും അത്യന്താപേക്ഷിതവുമായ ഭാവമാണ് കൃതജ്ഞത. നമ്മെ സൃഷ്ടിക്കുന്നതിനും രക്ഷിക്കുന്നതിനും പരിപാലിക്കുന്നതിനും നാം നിരന്തരം നന്ദി പറയണം.
ലുക്കാ 17:11-19
ജറൂസലെമിലേക്കുള്ളയാത്രയില്‍ അവന് സമരിയായ്ക്കും ഗലീലിക്കും മധ്യേ കടന്നുപോവുകയായിരുന്നു.
അവന് ഒരു ഗ്രാമത്തില്‍ പ്രവേശിച്ചപ്പോള്‍ അകലെ നിന്നിരുന്ന പത്തു കുഷ്ഠരോഗികള്‍ അവനെക്കണ്ടു.
അവര്‍ സ്വരമുയര്‍ത്തി യേശുവേ, ഗുരോ, ഞങ്ങളില്‍ കനിയണമേ എന്ന് അപേക്ഷിച്ചു.
അവരെക്കണ്ടപ്പോള്‍ അവന് പറഞ്ഞു: പോയി നിങ്ങളെത്തന്നെ പുരോഹിതന്മാര്ക്കു കാണിച്ചു കൊടുക്കുവിന്‍. പോകുംവഴി അവര്‍ സുഖം പ്രാപിച്ചു.
അവരില്‍ ഒരുവന് , താന്‍ രോഗവിമുക്തനായി എന്നുകണ്ട് ഉച്ചത്തില്‍ ദൈവത്തെ സ്തുതിച്ചുകൊണ്ടു തിരിച്ചുവന്നു.
അവന് യേശുവിന്റെ കാല്ക്കല് സാഷ്ടാംഗം പ്രണമിച്ചു നന്ദി പറഞ്ഞു. അവന് ഒരു സമരിയാക്കാരനായിരുന്നു.
യേശു ചോദിച്ചു: പത്തുപേരല്ലേ സുഖപ്പെട്ടത്? ബാക്കി ഒന്‍പതു പേര് എവിടെ?
ഈ വിജാതീയനല്ലാതെ മറ്റാര്‍ക്കും തിരിച്ചുവന്നു ദൈവത്തെ മഹത്വപ്പെടുത്തണം എന്നു തോന്നിയില്ലേ?
അനന്തരം, യേശു അവനോടു പറഞ്ഞു: എഴുന്നേറ്റു പൊയ്ക്കൊള്ളുക. നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു.
ദൈവത്തിനു നന്ദി പറയേണ്ടതിന്റെ ആവശ്യകതയാണ് വി. ലുക്കാ രേഖപ്പെടുത്തിയിരിക്കുന്ന ഈ സംഭവം.