കര്‍ത്താവിനു നന്ദിപറയുവിന്‍, അവിടുത്തെ നാമം വിളിച്ചപേക്ഷിക്കുവിന്‍, ജനതകളുടെയിടയില്‍ അവിടുത്തെ പ്രവൃത്തികള്‍ പ്രഘോഷിക്കുവിന്‍.
പാടുവിന്‍, അവിടുത്തേക്കുസ്തുതി പാടുവിന്‍, അവിടുത്തെ അദ്ഭുതപ്രവൃത്തികളെ പ്രകീര്‍ത്തിക്കുവിന്‍.
അവിടുത്തെ വിശുദ്ധനാമത്തില്‍ ആഹ്ളാദിക്കുവിന്‍; കര്‍ത്താവിനെ അന്വേഷിക്കുന്നവരുടെ ഹൃദയം ആനന്ദിക്കട്ടെ!
കര്‍ത്താവിനെ അന്വേഷിക്കുവിന്‍, അവിടുത്തെ ശക്തിയില്‍ ആശ്രയിക്കുവിന്‍, നിരന്തരം അവിടുത്തെ സാന്നിധ്യം തേടുവിന്‍.
അവിടുന്നു പ്രവര്‍ത്തിച്ച അദ്ഭുതങ്ങളെ സ്മരിക്കുവിന്‍. അവിടുത്തെ അദ്ഭുതങ്ങളും ന്യായവിധികളും അനുസ്മരിക്കുവിന്‍.
(1 ദിന. 16:8-12).
തന്റെ സൃഷ്ട്ടാവിനു, രക്ഷകന്, പരിപാലകന് നന്ദി പറയുക മനുഷ്യന്റെ പരമ പ്രധാനമായ കടമയാണ്. ബൈബിളിലുടനീളം ഉള്ള ഒരു നിർദ്ദേശമാണ് ‘ദൈവത്തിനു നന്ദി പറയുവിന്‍’ എന്നത്. “കർത്താവിനു കൃതജ്ഞത അർപ്പിക്കുവിൻ; അവിടുന്ന് നല്ലവനാണ്” (സങ്കി. 118:1). “കർത്താവിനു നന്ദി പറയുവിന്‍; അവിടുന്ന് നല്ലവനാണ്” (സങ്കി. 136:1). സങ്കി. 136 ആദ്യന്തം ഈ സന്ദേശം നിറഞ്ഞു നിൽക്കുന്നു. സങ്കി. 138 ആരംഭിക്കുന്നത് “കർത്താവെ ഞാൻ പൂര്‍ണഹൃദയത്തോടെ അങ്ങേയ്ക്കു നന്ദി പറയുന്നു” എന്ന് ഉത്ഘോഷിച്ചുകൊണ്ടാണ്. 108:3 ൽ സങ്കിർത്തകൻ പറയുന്നു “കർത്താവേ, ജനതകളുടെ ഇടയിൽ ഞാൻ അങ്ങേയ്ക്കു നന്ദി പറയും. ജനപദങ്ങളുടെ ഇടയിൽ ഞാൻ അങ്ങേയ്ക്കു സ്തോത്രമാലപിക്കും.” “കർത്താവിനു നന്ദി പറയുവിന്‍; അവിടുന്ന് നല്ലവനാണ്” (സങ്കി. 107:1).
പഴയനിയമവും പുതിയ നിയമവും ദൈവത്തിനു നിർബന്ധമായും നിരന്തരവും നന്ദി പറയേണ്ടതിന്റെ ആവശ്യകത സുതരാം വ്യക്തമാക്കുന്നു. സുഖം പ്രാപിച്ച 10 കുഷ്ടരോഗികളിൽ സമരായൻ മാത്രം മടങ്ങിവന്നു കർത്താവിനു നന്ദി പറഞ്ഞപ്പോൾ ദിവ്യനാഥൻ ഹൃദയവ്യഥയോടെ അത്ഭുതസ്മിതനായി ചോദിച്ചില്ലേ “പത്തുപേരല്ലേ സുഖപ്പെട്ടതു? ബാക്കി ഒൻപതു പേര് എവിടെ? ഈ സമരായനല്ലാതെ മറ്റാർക്കും മടങ്ങിവന്നു ദൈവത്തെ മഹത്വപ്പെടുത്തണമെന്നു തോന്നിയില്ലേ?” (ലുക്കാ 17:17,18).
ദൈവത്തെ മഹത്വപ്പെടുത്താനുള്ള മഹത്തായ മാർഗമാണ് അവിടുത്തേക്ക് നന്ദി പറയുക. ദൈവത്തോട് മാത്രമല്ല, മനുഷ്യരോടും നാം നന്ദി പറയണം. ഇപ്രകാരം നന്മ ചെയ്തവരോട് ആത്മാർത്ഥമായി നന്ദി പ്രകാശിപ്പിക്കുമ്പോൾ നാം ദൈവത്തെ മഹത്വപ്പെടുത്തുകകൂടി ചെയുന്നു. “എന്റെ ഏറ്റവും എളിയ ഈ സഹോദരരിൽ ഒരുവന് നിങ്ങൾ ഇത് ചെയ്തുകൊടുത്തപ്പോൾ എനിക്കുതന്നെയാണ് ചെയ്തു തന്നത്” (മത്താ. 25:40).