ഇരുപത്തഞ്ചാമദ്ധ്യായം
വിശ്വോത്ഭവം ശൂന്യതയിലാണാരംഭിക്കുക. ആ ശൂന്യതയ്ക്കു മീതെ ഈശ്വരചൈതന്യം ചലിച്ചിരുന്നു. ഒരു നിമിഷത്തിൽ….ഈശ്വരസൃഷ്ടിത…..
ന്നത്യുഗ്രശക്തിയൊന്നുച്ചലിച്ച് സർഗ്ഗശക്തിയുടെ ആ വിളി ശൂന്യതയിൽ പ്രതിധ്വനിച്ചു. വിളിയുടെ സ്വരം ശ്രവിച്ചു വിശ്വപ്രപഞ്ചം ഉണർന്നുവന്നു. സർവേശ്വരന്റെ സർഗ്ഗശക്തി സ്വരൂപമേകിയ ദൃശ്യപ്രപഞ്ചത്തിന്റെ പ്രഭവം മുതൽ കാലഗംഗ പ്രവഹിക്കാൻ തുടങ്ങി.
കാലപ്രവാഹത്തിന്റെ ഒരു പ്രത്യേകദിക്കിൽ വിശ്വാംശമായി ഭൂമി ഉരുത്തിരിയുന്നു. ഈശ്വരപ്രതിരൂപമായി ഉരുവാക്കപ്പെടാനുള്ള മനുഷ്യനു പാർക്കാനുള്ളതാണീ ഭൂമി. അവനു കാണാൻ വെളിച്ചമുണ്ടായി. ശ്വസിക്കാൻ വായുവും. താമസിക്കാൻ കരപ്രദേശം. കുടിക്കാൻ വെള്ളം. അടുത്തതായി സസ്യവർഗ്ഗം പണിക്കിറങ്ങി. ഭൂമിക്കും അതിലെ വസ്തുക്കൾക്കും ചൂടും ശക്തിയും പകരാൻ നീലാകാശത്തിൽ സൂര്യചന്ദ്രനക്ഷത്രാദികൾ പ്രത്യക്ഷപ്പെട്ടു. മൃഗങ്ങൾ രംഗപ്രവേശം ചെയ്തു. രംഗസംവിധാനം അസ്സലായിട്ടുണ്ട്. ഇവയൊക്കെ കണ്ടാസ്വദിക്കാൻ കഴിവുള്ളവനായി മനുഷ്യനെ സ്വന്തം സാരൂപ്യത്തിൽ മഹേശ്വരൻ മെനഞ്ഞെടുത്തു.
സൗഭാഗ്യപറുദീസായിലാണവൻ അവരോധിക്കപ്പെട്ടത്. ശിശുതുല്യമായ നിഷ്കളങ്കത അവനു കൈമുതലായുണ്ടായിരുന്നു. അവന്റെ ജീവിതം സംതൃപ്തിയുടെ പറുദീസാ ആയിരുന്നു. ഇതു കണ്ട പിശാചിന്റെ തലയിൽ അസൂയാവിഷം കിടന്നു തിളച്ചു. ദൈവത്തെപ്പോലെ ആകണമെന്നു മനുഷ്യ ഹൃദയത്തിന്റെ അടിത്തട്ടിൽ പൊടിച്ചു പൊങ്ങിയ അഭിലാഷത്തെ ചൂഷണം ചെയ്ത് മനുഷ്യനെ അവൻ മഹോന്നതന്റെ സ്നേഹവലയത്തിൽ നിന്നു നിത്യമായി പുറത്താക്കി.
ഈ ശോകനാടകത്തെത്തുടർന്ന് സ്നേഹസ്വരൂപനായ സർവേശ്വരൻ ഒരുദ്ധാരകനെ വാഗ്ദാനം ചെയ്തു. ആ രക്ഷകനെ സ്വീകരിക്കാൻ ഈശ്വരൻ ഇസ്രായേൽ ജനതയെ തയ്യാറാക്കി. സമയത്തിന്റെ സമാപ്തിയിൽ സർവേശസുതൻ മനുഷ്യനായി അവതരിച്ചു. അവിടുന്നു തന്റെ പെസഹാരഹസ്യത്തിലൂടെ മാനവജനതയ്കക്കു മുക്തി പ്രദാനം ചെയ്യുകയും ചെയ്തു. ഇത്രയുമൊക്കയാണ് ഇതുവരെ നാം പ്രതിപാദിച്ചത്.
രക്ഷാകരപ്രക്രിയയിൽ പ്രകൃതിനാഥൻ തന്റെ ആത്മാവുവഴിയാണു പ്രവർത്തിക്കുന്നത്. ഇസ്രായേലിന്റെ ഇതിഹാസത്തിലുടനീളം യാവേ തന്റെ ചൈതന്യത്തിലൂടെ സന്നിഹിതനായി അവളെ നിരന്തരം സഹായിച്ചിരുന്നു. ക്രിസ്തുവിലേയ്ക്കു മാനവതയെ കൈപിടിച്ചു കയറ്റുന്നതു ദൈവാത്മാവാണ്. എന്തിന്, മനുഷ്യരുൾപ്പെടെയുള്ള എല്ലാ ജീവികൾക്കും ജീവൻ നല്കുന്നതും അവിടുന്നുതന്നെ. ‘അങ്ങ് അവിടുത്തെ ചൈതന്യം അയയ്ക്കുമ്പോൾ എല്ലാം സൃഷ്ടിക്കപ്പെടുന്നു. മഹീദേവി പുതുമയുടെ പുടവ ധരിക്കയും ചെയ്യുന്നു’ (സങ്കീ. 104:30)
മനുഷ്യന്റെമേൽ നിസ്തുലമായ സ്വാധീനം ചെലുത്താൻ കഴിവുള്ള ശക്തിയാണ് യാവേയുടെ ചൈതന്യം. പഴയനിയമകാലത്ത് രക്ഷകനും വിധികർത്താവുമെന്ന നിലയിൽ ഈശ്വരകൃത്യം നിവർത്തിച്ചത് ഈ ആത്മാവാണ്. അവിടുന്ന് ഇസ്രായേലിന്റെ പ്രവാചകരിലും നേതാക്കന്മാരിലും പ്രത്യേകവിധം പ്രവർത്തിക്കുന്നു.
ഇസ്രായേൽ ജനം പാപത്തിലേയ്ക്കു വഴുതിവീണപ്പോൾ വിശ്വനാഥൻ തന്റെ പ്രവാചകരെ അവരുടെ പക്കലേയ്ക്കയച്ചു. നിയമപാലനത്തിലേക്കും അതെത്തൊട്ടുള്ള ഈശ്വരചിന്തയിലേയ്ക്കും ജനങ്ങളെ കൊണ്ടുവരികയായിരുന്നു അവരുടെ ധർമ്മം. തങ്ങൾക്കു തമ്പുരാൻ വെളിപ്പെടുത്തിയ സത്യങ്ങൾ പകർന്നുകൊടുത്താണ് സമുന്നതമെങ്കിലും ശ്രമസാദ്ധ്യമായ ഈ കൃത്യം അവർ നിർവഹിച്ചത്. ഈ പരിപാടിയിൽ ദൈവാത്മാവ് അവരെ അവിരാമം സഹായിച്ചു കൊണ്ടിരുന്നു.
പ്രവാചകധർമ്മങ്ങൾ പ്രധാനമായി രണ്ടാണല്ലോ. ദൈവിക സത്യങ്ങൾ പഠിപ്പിക്കുക. പ്രവചനങ്ങൾ നടത്തുക. ഈ വഴിയ്ക്കവർക്കു പ്രചോദനം പകർന്നതു പരിശുദ്ധാത്മാവാണ്(സംഖ്യ 1:25). പരികർമ്മപ്രവർത്തനങ്ങൾക്ക് അവരെ അഭിഷേചിക്കുന്നതും ആത്മാവുതന്നെ (എസ.2:2,3:12 ളള). കർത്താവിന്റെ ചൈതന്യമാണ് തങ്ങളുടെ അധരങ്ങളിലൂടെ സംസാരിക്കുന്നതെന്നു പ്രവാചകന്മാരെല്ലാം വിശ്വസിച്ചിരുന്നു, അവകാശപ്പെട്ടിരുന്നു. ചുരുക്കിപ്പറഞ്ഞാൽ ദൈവാത്മാവാൽ പൂരിതരാണു ദീർഘദർശികൾ (ഓസി.9:7 ളള). പരമാനന്ദജന്യമായ ആരാധനയ്ക്കവരെ ഉത്തേജിപ്പിക്കുന്ന ശക്തിയും യാവേയുടെ ചൈതന്യം തന്നെ (1 സാമൂ.10:7 ളള).
ഇസ്രായേലിന്റെ നേതാക്കന്മാരിലും ഈശ്വരചൈതന്യത്തിന്റെ സ്വാധീനമുണ്ട്. യാവേയുടെ ദാസന്മാരായ ഇവർക്കു ശത്രുക്കളുടെമേൽ ശക്തിയും ജനങ്ങളുടെമേൽ അധികാരവും നല്കുന്നത് അവിടുത്തെ ആത്മാവത്രേ. ദൈവജനം വിജയം വരിക്കയും രക്ഷപെടുകയും ചെയ്തത് ദൈവാരൂപിയുടെ പ്രവർത്തനംമൂലമാണ് (സംഖ്യ 4:6). ഒരാൾ ഇസ്രായേലിന്റെ നായകനായി തിരഞ്ഞെടുക്കപ്പെടുന്നതോടെ ദൈവാത്മാവ് അയാളിലേയ്ക്കു വരുന്നു. ഇസ്രായേലിന്റെ മുക്തിക്കുവേണ്ടിയുള്ള ശ്രമങ്ങളിലെല്ലാം അയാളെ നയിച്ചു ശക്തി പകരുന്നതും മറ്റാരുമല്ല. ജോഷ്വാ ജ്ഞാനത്തിന്റെ ആത്മാവാൽ പൂരിതനായിരുന്നു. ആയതിനാലാണ് മോസസിന്റെ അനുഗാമിയായി ദൈവജനത്തെ സുരക്ഷിതമായി നയിക്കാൻ അയാൾക്കു കഴിഞ്ഞത് (ആവ.34:9). ദൈവാത്മാവ് അവരെ സ്വാധീനിച്ചിരുന്നതുകൊണ്ട് ന്യായാധിപന്മാർക്ക് ഇസ്രായേലിനെ രക്ഷിക്കാൻ കഴിഞ്ഞു (ന്യായ.3:10;6:34). ഫിലിസ്ത്യൻ കാട്ടാളത്തത്തിനെതിരെ സാംസൺ വിജയിച്ചു. കർത്താവിന്റെ ചൈതന്യം അയാളിൽ പ്രവർത്തിച്ചിരുന്നതുകൊണ്ട് (ന്യാ.14:6,19). ഇസ്രായേലിന്റെ പ്രഥമ പ്രജാപതിയായ സാവൂളിൽ സർവേശന്റെ ആത്മാവ് അധിവസിച്ചിരുന്നു (1 സാമു.11:6).എന്നാൽ, അയാൾ തിന്മയ്ക്കു വശംവദനായപ്പോൾ അത്മാവ് അയാളിൽ നിന്നകന്നുപോയി ദാവീദിൽ വസിച്ചു(കയശറ.16.13). ഫലമോ, ദാവീദിന്റെ പ്രശസ്തവിജയങ്ങൾ. മാത്രമല്ല, അദ്ദേഹത്തിന്റെ അധരങ്ങൾ വഴി ആത്മാവു സംസാരിക്കുകയും ചെയ്തു (നട. 1:15ള)
ആത്മാവു നല്കപ്പെടുന്നവർക്കു തങ്ങളുടെ കർത്താവ്യ നിർവ്വഹണത്തിനാവശ്യമായ ശക്തിവിശേഷങ്ങൾക്കു പുറമേ വിശേഷവരങ്ങളും ലഭിച്ചിരുന്നു. അവിടുത്തെ സാന്നിദ്ധ്യത്തിന്റെ ഉരകല്ലുതന്നെ രണ്ടാമത്തെ വസ്തുതയാണ്. അവിടുന്ന് ഒരപൗരുഷേയ ശക്തിയാണ്. മനുഷ്യബുദ്ധിക്കു നിഗൂഡമായ വസ്തുക്കളുടേയും സംഭവങ്ങളുടേയും അടിസ്ഥാനം ഇസ്രായേൽ കണ്ടത് ഈ അലൗകിക ചൈതന്യത്തിലാണ്. ജഡമല്ല അരൂപി എന്നവർക്കറിയാം.
പഴയനിയമകാലത്തെ ജനങ്ങൾക്കു പരിശുദ്ധാത്മാവിന്റെ സ്വാധീനമുണ്ടായിരുന്നെങ്കിലും അവർക്കവിടുത്തെ ആവാസം ഉണ്ടായിരുന്നില്ല. ആത്മാവ് അവരെ നയിച്ചിരുന്നതു വെറും ബാഹ്യമായ വിധത്തിലാണ്. പുതിയ നിയമകാലത്തു ദൈവജനമെല്ലാം പരിശുദ്ധാത്മാവിന്റെ ആലയങ്ങളായി മാറും. ഈ സത്യം എറമിയ പ്രവാചകൻ വ്യക്തമാക്കുന്നുണ്ട്: ‘ഞാൻ ഇസ്രായേലിനോടും യൂദായോടും പുതിയൊരുടമ്പടി ചെയ്യുന്ന കാലംവരും. അവരുടെ പിതാക്കന്മാരെ കൈയ്ക്കുപിടിച്ചു മെസ്രേം ദേശത്തുനിന്നു കൊണ്ടുവന്ന നാളിൽ ഞാനവരോടുണ്ടാക്കിയ കരാറുപോലെയല്ലത്. അവർ എന്റെ നിയമം ലംഘിച്ചു. എന്നാൽ വരുംകാലം ഞാൻ ഇസ്രായേൽ ജനവുമായി നടത്തുന്ന ഉടമ്പടി ഇങ്ങനെയാണ്. എന്റെ ന്യായശാസനം അവരുടെ ഉള്ളറകളിൽ അവരുടെ ഹൃദയഭിത്തികളിൽ ആലേപനം ചെയ്യും. ഞാനവർക്കു ദൈവവും അവരെനിക്കു ജനവുമായിരിക്കും'(എറ.61:31ളള).
എസക്കിയേൽ സ്പഷ്ടമായ ഭാഷയിൽത്തന്നെ ഈശ്വരനാമത്തിൽ പറയുന്നു: ‘ഞാൻ നിങ്ങളുടെമേൽ നിർമ്മലജലം തളിക്കും…… നിങ്ങൾക്കു നവമായൊരു ഹൃദയം തരും. പുതിയൊരാത്മാവിനെ നിങ്ങളുടെ ഉള്ളിൽ കുടിയിരുത്തും. ശിലാസമാനമായ നിങ്ങളുടെ മനസ്സുമാറ്റി മാംസളമായൊരു മനസ്സു നല്കും. എന്റെ ആത്മാവിനെ നിങ്ങളിൽ നിവസിപ്പിച്ച് എന്റെ നിയമശാസനങ്ങളിൽ നിങ്ങളെ നടത്തും'(എസ. 36:26ളള).