ദൈവസാനിധ്യനുഭവം
ക്രൈസ്തവന്റെ ശക്തികേന്ദ്രമാണ് ദിവ്യകാരുണ്യം. ദിവ്യകാരുണ്യത്തിൽ നിന്നാണ് പ്രേഷിതപ്രവർത്തനത്തിനുള്ള ശക്തി അവനു കിട്ടുക. അവിശ്രമം അധ്വാനിക്കാനുള്ള പ്രചോദനവും ദിവ്യകാരുണ്യം അവനു നൽകുന്നു. കേരള സഭാരാമത്തിലെ ഒരു സുന്ദര സൂനമാണല്ലോ വാഴ്ത്തപ്പെട്ട കുഞ്ഞച്ചൻ. അദ്ദേഹത്തിന്റെ ദിവ്യകാരുണ്യ ഭക്തി അന്യാദൃശ്യവും ശ്ലാഘനീയവുമാണ്. ആ വിശുദ്ധ പുഷ്പത്തിന്റെ ജീവിത ചര്യ ഇപ്രകാരമായിരുന്നു. വെളുപ്പിന് നാലുമണിക്ക് ഉണരുക. ദിനചര്യകൾ കഴിഞ്ഞാലുടൻ പള്ളിയിലെത്തുക. ദീർഘനേരം ദിവ്യകാരുണ്യ സന്നിധിയിൽ ആരാധനയിലും പ്രാർത്ഥനയിലും ചിലവഴിക്കും. അങ്ങനെ ദിവ്യകാരുണ്യ ഈശോയിൽ നിന്ന് ശക്തി സംഭരിച്ചു രാപകൽ പാവങ്ങൾക്കായി അധ്വാനിക്കും. ഈശോയെ യഥാവിധി അനുഭവിക്കാൻ ഒരുവന് കഴിയണമെങ്കിൽ ദിവ്യകാരുണ്യത്തിൽ ദിവ്യ ഈശോയെ കണ്ടെത്തണം. ഇപ്രകാരം ഈശോയെ കണ്ടെത്തുന്നവർക്കേ വിശുദ്ധരാകാൻ കഴിയു.
വിശുദ്ധ ചാൾസ് ഡി ഹുകോൾഡ് അസന്നിഗ്ധമായി പറയുന്നു: “ദിവ്യകാരുണ്യ ഈശോയെ ആരാധിക്കുക എന്നതാണ് മനുഷ്യജീവിതത്തിന്റെ അന്തസത്ത, കാതൽ.” അദ്ദേഹം സ്ഥാപിച്ച ‘ഈശോയുടെ ചെറു സഹോദരന്മാരും സഹോദരികളും’ എന്ന സന്യാസസമൂഹത്തിന്റെ പ്രഥമവും പ്രധാനവുമായ ദൗത്യം ദിവ്യകാരുണ്യ ആരാധനയാണ്. പൈശാചിക ആക്രമണങ്ങളിൽ നിന്നും ഇതര തിന്മകളിൽ നിന്നും ഒരുവന് പരിപൂർണമായ സംരക്ഷണം നൽകുന്നു ദിവ്യകാരുണ്യം. ഈ സത്യം ഏറ്റവും നന്നായി മനസിലാക്കിയ മഹാവിശുദ്ധയാണ് ക്ലാര. ദിവ്യകാരുണ്യ സംരക്ഷണത്തിന്റെ ഒരു മഹാ അത്ഭുതം ഈ വിശുദ്ധ ‘ഉപകരണ’മായി നടന്നിട്ടുണ്ട്. ഒരിക്കൽ വിപ്ലവകാരികൾ അവരുടെ മഠം ആക്രമിച്ചു. പ്രസ്തുത മഠത്തിനു ചുറ്റുമതിൽ ഇല്ലായിരുന്നു. സർവ സന്നാഹങ്ങളോടും കൂടി ആയുധധാരികളായ വിപ്ലവ സൈന്യം മഠത്തിലേക്ക് ഇരച്ചു കയറി. സാഹസഹോദരികൾ ഭയന്ന് വിറച്ചു ക്ലാരയുടെ അടുത്ത് ഓടിയെത്തി. ക്ലാര അവരെ ധൈര്യപ്പെടുത്തി പറഞ്ഞു: “ആരും ഭയപ്പെടേണ്ട. ദൈവം നമ്മോടുകൂടെ ഉണ്ട്.” ഇത്രയും പറഞ്ഞിട്ട് ആ ദിവ്യകാരുണ്യ ഭക്ത വിശുദ്ധ കുർബാന എഴുന്നളിച്ചുവച്ചിരുന്ന അരുളിക്ക അത്യാദരവോടെ ആരാധനാപൂര്വം പടയാളികളുടെ നേരെ ഉയർത്തി. പെട്ടെന്ന് അവർ ഭയപ്പെട്ടു നാലുപാടും പിന്തിരിഞ്ഞു ഓടി രക്ഷപെട്ടു.
പുണ്യപൂര്ണത, സ്നേഹപൂര്ണത കൈവരിക്കാൻ ശൂന്യവത്കരണത്തിന്റെ പാത പിന്തുടരാൻ, ആത്മാർത്ഥമായി ആഗ്രഹിക്കുന്ന ഭക്താത്മാക്കൾ, അതിനുള്ള ഊർജ്ജം സ്വീകരിക്കേണ്ടത് ദിവ്യകാരുണ്യത്തിൽ നിന്നാണ്. കാരണം ദിവ്യകാരുണ്യം സ്നേഹത്തിന്റെ പൂർണതയും സമ്പൂർണ ശൂന്യവത്കരണവുമാണ്. ഇവ രണ്ടിലുമുള്ള സമഞ്ജസമായി വളർച്ചയാണ് ദിവ്യകാരുണ്യ ഭക്തി. വി. അൽഫോൻസാമ്മ വ്യക്തമാക്കുന്നു: “എനിക്ക് ഏറ്റം പ്രിയങ്കരമായ ഭോജനം വി. കുർബാനയാണ്. ഞാനാണ് ജീവന്റെ അപ്പം എന്നരുളിയ ദിവ്യനാഥൻ എന്റെ ഹൃദയത്തിൽ എഴുന്നള്ളി വരുമ്പോൾ അവാച്യമായ ആനന്ദം ഞാൻ അനുഭവിക്കുന്നു.” ദിവ്യകാരുണ്യ സ്വീകരണാനുഭവം അനുനിമിഷം, ദിവസം മുഴുവൻ,തുടരുന്നതാണ് ദൈവസാന്നിധ്യനുഭവം.
Personal Information
Rev. Dr. Fr. Joseph Vattakalam is a talented writer, a speaker, a preacher and a very good spiritual Councillor. He had been professor of English in St. Berchmans College for 22 years. He was also warden, chaplain, vice principal and principal of the reputed St. Berchmans College. After his retirement he served the first principal of the Macfast College, Thiruvalla, the second principal of Malankara Catholic College(Kanyakumari) and the founder principal of Kanyakumari Community College, under the same management.
At present Fr. Joseph Vattakalam's mission is to write for the greater glory of God as the expression of his love for his creator.