ഇസ്രായേൽമക്കളുടെ നിലവിളി കർത്താവു കേട്ടു, കരുത്തുറ്റ കരങ്ങളാൽ മോചിപ്പിച്ചു, ഉടമ്പടിയിലൂടെ സ്വന്തമാക്കി. അനുനിമിഷം പരിപാലിച്ചു. ഇപ്രകാരം കരുണാർദ്ര സ്നേഹം കാണിക്കുന്ന കർത്താവിൽനിന്ന് ഒരു ശക്തിയും അവരെ വേർപെടുത്തരുതെന്ന് നിയമാവർത്തനം അധ്യായം 13ൽ മോശ അവരെ ഉദ്ബോധിപ്പിക്കുന്നു. മാർഗങ്ങളും നിർദേശിക്കുന്നു: പൂർണ ഹൃദയത്തോടെ ദൈവത്തെ സ്നേഹിക്കുക: അവിടുത്തെ ദിവസം പരിശുദ്ധമായി ആചരിക്കുക: മാതാപിതാക്കളെ ആദരിക്കുക: കൊല്ലരുത്: വ്യഭിചാരം ചെയ്യരുത്: മോഷ്ടിക്കരുത്:മോഹിക്കരുത് : കള്ളസാക്ഷ്യം പറയരുത്(പുറപ്പാട് 20:1-20). നീതി പ്രവർതിക്കുക, കരുണ കാണിക്കുക, * [കരുണയുള്ളവർ ഭാഗ്യവാന്മാർ : അവർക്കു കരുണ ലഭിക്കും (മത്തായി 5:7) ]വിനയാന്വിതരായിരി ക്കുക(മിഖാ.)… ചുരുക്കത്തിൽ സർവാത്മനാ ദൈവഹിതം നിറവേറ്റുക. അങ്ങെനെയുള്ളവരോട് ദൈവം ചേർന്ന് നില്ക്കും : അവർ ദൈവത്തോടും. കള്ളപ്രവാചകന്മാർക്കെതിരെ മോശ ആഞ്ഞടിക്കുന്നുണ്ടിവിടെ. അവർ ആരുതന്നെയായാലും വധിക്കപ്പെടണമത്രേ. ഇത് പഴയനിയമമാണ്. ഇതിന്റെ പോരായ്മകൾ പരിഹരിച്ചുകൊണ്ടു ഈശോ നൽകിയിരിക്കുന്ന പുതിയ കല്പന, “ഞാൻ നിങ്ങളെ സ്നേഹിച്ചതു പോലെ നിങ്ങളും പരസ്പരം സ്നേഹിക്കണം” (യോഹന്നാൻ 12:34)എന്നാണ്. ക്രിസ്തു ശിഷ്യന്റെ മുഖമുദ്രയും ഇതുതന്നെ(12:35).
കള്ളപ്രവാചകന്മാർ അരങ്ങുതകർക്കുന്ന കാലമാണിത്. പലരെയും തിരിച്ചറിയുക പ്രായേണ എളുപ്പമാണ്. എന്നാൽ പ്രവചനങ്ങളുടെയും അത്ഭുതങ്ങളുടെയും വാഗ്ദാനങ്ങളുടെ ആകമ്പടിയോടും കൂടെ കടന്നുവരുന്നവർ അപകടകാരികളാണ്. അവരെ തിരിച്ചറിയുക വിഷമവുമാണ്. കൂദാശകളിൽ നിന്നും, കൂട്ടായ്മകളിൽ നിന്നും, പൗരോഹിത്യത്തിൽ നിന്നും, സഭയിൽനിന്നുതന്നെയും, ദൈവമക്കളെ അടർത്തിയെടുക്കാൻ ഏതടവും അവർ പ്രയോഗിക്കും. കെണികൾ ഒരുക്കി അവർ ഇരകളെ വീഴ്ത്തും. ഇതവരുടെ മന്ത്രവും തന്ത്രവുമാണ്.
ദൈവമക്കൾ നിദാന്ത ജാഗ്രത പുലർത്തണം. ദൈവകൃപയ്ക്കും പരിശുദ്ധാത്മാഭിഷേകത്തിനും വേണ്ടി നിരന്തരം പ്രാർത്ഥിച്ചുകൊണ്ടിരിക്കണം. പാളിച്ച പറ്റിയവർക്കുപോലും ശാപമോക്ഷത്തിനു വകയുണ്ട്. കരുണാമയന്റെ കരുണാർദ്രസ്നേഹം അവർക്കു സംലഭ്യമാണ്. സഭയിലേക്കും കൂദാശകളിലേക്കും മടങ്ങിവരുക. തീക്ഷ്ണമായ പ്രാർത്ഥന ശീലമാക്കുക. അപ്പോൾ “കർത്താവു തന്റെ ഉഗ്രകോപത്തിൽനിന്നു പിന്തിരിഞ്ഞു നിങ്ങളോട് കരുണ കാണിക്കും; അവിടുത്തേക്ക് നിങ്ങളിൽ അനുകമ്പ”തോന്നും.
(നിയമ 13:17)