ശാലോമിന്റെ ജീവാത്മാവും പരമാത്മാവുമായ ജനകോടികൾക്ക് ഈശോയെ കൊടുത്തുകൊണ്ടിരിക്കുന്ന, നന്മകൾ ചെയ്തു ലോകം മുഴുവൻ ചുറ്റിസഞ്ചരിക്കുന്ന, അങ്ങേയറ്റം ഉത്തരവാദിത്വബോധമുള്ള പ്രാർത്ഥനയുടെ ശക്തിയിലും ദൈവപരിപാലനയിലും നൂറുശതമാനം വിശ്വാസമുള്ള, കർത്താവിനും അവിടുത്തെ മക്കൾക്കും വേണ്ടി എന്തു ത്യാഗവും സഹിക്കാൻ സദാസന്നദ്ധനായ തികഞ്ഞ തീക്ഷ്ണമതിയാണ്. ശാലോമിന്റെ ഡയറക്ടർ ഷെവ. ബെന്നി പുന്നത്തറ, ഈ പൊന്നോമന മകനോടു ശാലോമിന്റെ ഗുണഭോക്താക്കളെല്ലാവരും അങ്ങേയറ്റം നന്ദിയുള്ളവരായിരിക്കുകയും അദ്ദേഹത്തിന്റെ യജ്ഞങ്ങളെല്ലാം ദൈവമഹത്ത്വത്തിനും ദൈവമക്കളുടെ നിത്യരക്ഷക്കും ആയിരിക്കാൻ നല്ല ദൈവത്തോട് അനുസ്യൂതം പ്രാർത്ഥിക്കണം. പ്രാർത്ഥിക്കാതിരിക്കുന്നതു നമ്മുടെ വലിയ കൃത്യവിലോപമായിരിക്കും.
പ്രാർത്ഥനയിലൂടെയും, തിരുവചനത്തിലൂടെയും, സഹജീവികളുടെയും, സംഭവങ്ങളുടെയും, സംഭവങ്ങളിലൂടെയും ദൈവേഷ്ടം തിരിച്ചറിഞ്ഞ്, അതിന് പൂർണ്ണമായും വിധേയനായി, പരിശുദ്ധാത്മാവിന്റെ ആമന്ത്രണങ്ങൾക്കനുസൃതം മാത്രം പ്രവർത്തിക്കുകയും മറ്റുള്ളവരെ അതിനു പ്രേരിപ്പിക്കുകയും സഹായിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിൽ ബദ്ധശ്രദ്ധനാണ്. ബെന്നിയെന്ന മകനെ അറിയാവുന്ന ഏവർക്കും, സുവിദിതമാണ്, ഇത്രയേറെ കാര്യങ്ങൾക്കു ചുക്കാൻ പിടിക്കുന്ന, ധാരാളം വായിക്കുകയും പഠിക്കുകയും എഴുതുകയും പ്രസംഗിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന ഒരാൾക്ക് എങ്ങനെ എപ്പോഴും ശാന്തശീലനും വിനയാന്വിതനും പരിപൂർണ്ണസമചിത്തനുമായിരിക്കാൻ കഴിയുന്നുവെന്നു ചിന്തിച്ചിട്ടുണ്ട്. ദൈവത്തിന്റെ കരം മകനോടൊപ്പം എപ്പോഴും ഉണ്ടെന്നുള്ളതാണു സത്യം.
ഒരു പ്രസംഗത്തിൽ ബെന്നി പറഞ്ഞ ഒരു അനുഭവസാക്ഷ്യം മറക്കാതെ, മായാതെ, മങ്ങാതെ മനസ്സിൽ കിടക്കുകയാണ്. അതൊന്നു രേഖപ്പെടുത്തണമെന്ന ഉൾപ്രേരണയാണ് ഈ വാക്കുകൾ ഇവിടെ കോറിയിടാൻ പ്രേരകമാകുന്നത്. ഒരു ദിവസം, മാനുഷികമായി പറഞ്ഞാൽ, ബെന്നിക്ക് ഒരു സാമ്പത്തിക പ്രതിസന്ധിയെ നേരിടേണ്ടിവന്നു. പിറ്റേദിവസം ആ മാസന്നെ ശമ്പളവും മറ്റു ബില്ലുകളും അടയ്ക്കുന്നതിന് 10 (പത്തുലക്ഷം) രൂപ വേണ്ടിയിരുന്നു. പക്ഷേ ബെന്നി ഒട്ടും നഷ്ടധൈര്യനാവുകയോ, ആകുലചിത്തനാവുകയോ ചെയ്തില്ല. ദൈവത്തിന്റെ പരിപാലന പ്രാവർത്തികമാക്കാൻ അവിടുത്തേക്കു കോടിക്കണക്കിനു മാർഗ്ഗങ്ങൾ ഉണ്ടെന്നു നന്നായി മനസ്സിലാക്കിയിരിക്കുന്ന ബെന്നി, അത്യാവശ്യ ഓഫീസ് കാര്യങ്ങളെല്ലാം പൂർത്തിയാക്കിയിട്ട് ചാപ്പലിലേക്കു പോയി.
കർത്താവിന്റെ വേല ചെയ്യാൻ, കർത്താവിലാശ്രയിച്ചു നല്ല ജോലി രാജിവച്ചപ്പോൾ ഉണ്ടായിരുന്ന അതേ മനോഭാവത്തിൽ (അതായത്, കർത്താവിന് അസാദ്ധ്യമായി ഒന്നുമില്ല) ത്തന്നെയാണു മകൻ ചാപ്പലിൽ പ്രവേശിച്ചു പ്രാർത്ഥനയാരംഭിച്ചത്. പ്രാർത്ഥന കഴിഞ്ഞ് അതേ മനോഭാവത്തിൽത്തന്നെ സ്വവസതിയിലേക്കു പോവുകയും ചെയ്തു. കുടുംബപ്രാർത്ഥനയും അത്താഴവും കഴിഞ്ഞ്, തികഞ്ഞ ദൈവാശ്രയബോധത്തോടെ, രാത്രി വിശ്രമത്തിനുപോയി. പതിവുപോലെ, ശാന്തമായും സ്വസ്ഥമായും ഉറങ്ങി. പതിവു സമയത്ത് തന്നെ, പിറ്റേദിവസം ബെന്നി ഉണർന്നു.
പ്രഭാതകൃത്യങ്ങളെല്ലാം പൂർത്തിയാക്കി, വിശൂദ്ധ കുർബ്ബാന അർപ്പിക്കാൻ ബെന്നി ഇടവകപ്പള്ളിയിലേക്കു പോയി. ബലിയർപ്പണത്തിനും, ഉപകാരസ്മരണയ്ക്കും ശേഷം ബെന്നി മടങ്ങി വീട്ടിലെത്തിയപ്പോൾ, അവിടെ ബെന്നിയെ കാത്ത്, അറുപതു (60) വയസ്സ് തോന്നിക്കുന്ന ഒരു സഹോദരൻ കാത്തിരിപ്പുണ്ടായിരുന്നു. മകൻ സസന്തോഷം അദ്ദേഹത്തെ സ്വാഗതം ചെയ്തു. അല്പസമയം ഇരുവരും കുശലാനേ്വഷണത്തിനുശേഷം ആഗതൻ തന്റെ ആഗമനോദ്ദേശ്യം വ്യക്തമാക്കി. ഞാൻ വന്നത് ശാലോമിന്റെ പ്രവർത്തനങ്ങൾക്കായി അല്പം സാമ്പത്തികസഹായം ചെയ്യാനാണ്. കുറച്ചുനാളായി എന്റെ ഒരു വസ്തു വിൽക്കാതെ ഞാൻ വിഷമിക്കുകയായിരുന്നു. അടുത്തകാലത്ത് ഒരു ആവശ്യക്കാരൻ വന്ന് ആ വസ്തു വാങ്ങി. നല്ല വില കർത്താവു തന്നു. അതിന്റെ ഒരു ഭാഗമാണു ഞാൻ ബ്രദറിനു നൽകുന്നത്.
ആഗതൻ, വിവരം വ്യക്തമാക്കിയ ഉടനേ, ബെന്നി സഹായത്തിനു കാലേകൂട്ടി നന്ദി രേഖപ്പെടുത്തി. ഇരുപത്തയ്യായിരം, അമ്പതിനായിരം രൂപാവരെയുള്ള ഒരു സമ്മാനമാണാ മകൻ പ്രതീക്ഷിച്ചത്. തമ്പുരാൻ നൽകുന്നതെന്തും അനുഗ്രഹപ്രദമാണല്ലോ. ആഗതനായ ആ ദൈവമകൻ ബെന്നിയുടെ മേശപ്പുറത്തുവച്ചത്. ഒരുലക്ഷം രൂപാ വീതമുള്ള പത്തു നോട്ടുകെട്ടുകളാണ്. ദൈവത്തിന്റെ പരിപാലനയ്ക്ക് ഒരിക്കലും പാപ്പരത്വം സംഭവിക്കുകയില്ല. കാരണം, അവിടുത്തേക്ക് അസാദ്ധ്യമായി ഒന്നുമില്ല എന്നതുതന്നെ.
ദൈവത്തിന്റെ പരിപാലന പ്രായോഗികമാകുന്നത് തന്റെ ഛായയും സാദൃശ്യവുമായ മനുഷ്യരിലൂടെയാണ്. നാമോരോരുത്തരും ബോധ്യപ്പെടേണ്ട വലിയ സത്യമാണത്. പ്രസ്തുത ബോധ്യത്തിനനുസരിച്ചു നാം പ്രവർത്തിക്കണം. (നാമോരോരുത്തരും). നമ്മുടെ ദൗത്യനിർവ്വഹണത്തിൽ ബദ്ധശ്രദ്ധരായിരിക്കണം. ദൈവപരിപാലന ചിലപ്പോഴെങ്കിലും, നമ്മുടെ വിഗ്രഹാരധന തന്നെയായ സ്വാർത്ഥത, അലസത, ദ്രവ്യാഗ്രഹം, അസൂയ, വെറുപ്പ്, സ്പർദ്ധ തുടങ്ങിയവയൊക്കെ നിമിത്തം തടസ്സപ്പെട്ടിട്ടുണ്ടോ, പ്രായോഗികമാകാതെ പോയിട്ടുണ്ടോ എന്ന ആത്മപരിശോധന നടത്തി, വീഴ്ച സംഭവിച്ചിട്ടുണ്ടെന്നു കണ്ടുപിടിച്ചാൽ കർത്താവിനോടു മാപ്പപേക്ഷിക്കണം.
നല്ല ദൈവമേ, അങ്ങയുടെ അനന്തപരിപാലനയെക്കുറിച്ച് അവബോധമില്ലാതെ, അനാവശ്യഭ’യത്താൽ ജീവിതം തള്ളിനീക്കിയതിനെ ഓർത്ത് അനുതപിക്കുന്നു. അങ്ങയുടെ പരിപാലനം അനവരതം അനുഭവിച്ചിട്ടും അങ്ങേക്കു നന്ദിപറയാതിരുന്ന ആ വലിയ തെറ്റിനു ഞാൻ മാപ്പു ചോദിക്കുന്നു. തുടർന്നുള്ള ജീവിതത്തിൽ, ഈ മഹാസത്യം ബോധ്യപ്പെട്ടു ജീവിക്കാനും അങ്ങയോടു നന്ദി നിറഞ്ഞ ഒരു ഹൃദയം വളർത്തിയെടുക്കാനും എന്നെ അനുഗ്രഹിക്കണമേ.