“ഫറവോയുടെയും അവന്റെ സൈന്യങ്ങളുടെയും മേൽ ഞാൻ മഹത്ത്വം വരിക്കും”. ആമുഖത്തിലെ ഉദ്ധൃത വാക്യങ്ങൾ പോലെ ഇതും കർത്താവിന്റെ മാറ്റമില്ലാത്ത മൊഴിയാണ്. ഈ ബോധ്യമില്ലാതിരുന്നതുകൊണ്ടാണ്, കർത്താവ് കൂടെ ഉണ്ടായിരുന്നിട്ടും ശിഷ്യന്മാർ നഷ്ടധൈര്യരായത്. എപ്പോഴും ദൈവസാന്നിധ്യത്തിൽ ജീവിക്കുന്നവർ ദൈവപരിപാലനയിൽ ഒരു നിമിഷംപോലും സംശയിക്കുകയില്ല. എല്ലാം അറിയുന്ന, എല്ലാം നമ്മുടെ നന്മയ്ക്കായി പരിണമിപ്പിക്കുന്ന നല്ല ദൈവത്തോടൊപ്പം ജീവിക്കുന്നവരുടെ ജീവതത്തിൽ ഭയത്തിനു, ആകുലതയ്ക്കു, ആശങ്കയ്ക്ക്, സംശയത്തിന് ഇടമുണ്ടായിരിക്കുകയില്ല, ഉണ്ടായിരിക്കരുത്. ദൈവത്തിനു അസാധ്യമായി ഒന്നുമില്ലെന്നത് അവിടുത്തോടു ചേർന്ന് നടക്കുന്നവരുടെ അനിഷേധ്യമായ ബോധ്യമാണ്.
ചെങ്കടൽക്കരയിൽ അസ്വസ്ഥരായി പിറുപിറുക്കുന്ന , പരാതി പറഞ്ഞ ഇസ്രായേൽ ജനത്തോടു ദൈവത്തിന്റെ അതിശക്തനായ പ്രവാചകൻ വിശ്വാസതികവിൽ പറഞ്ഞ തിരുവചനങ്ങൾ ശ്രദ്ധിക്കുക. “നിങ്ങൾ ഭയപ്പെടാതെ ഉറച്ചുനിൽക്കുവിൻ. നിങ്ങൾക്ക് വേണ്ടി ഇന്ന് കർത്താവ് ചെയ്യാൻ പോകുന്ന രക്ഷാകൃത്യം നിങ്ങൾ കാണും. ഇന്ന് കണ്ട ഈ ഈജിപ്തുകാരെ ഇനിമേൽ നിങ്ങൾ കാണുകയില്ല. കർത്താവ് നിങ്ങൾക്കുവേണ്ടി യുദ്ധം ചെയ്തുകൊള്ളും. നിങ്ങൾ ശാന്തരായിരുന്നാൽ മതി” (പുറ. 14:13,14).
ഈ വസ്തുതകളാണു “ചെങ്കടൽ സംഭവം” പറയുന്നത്. സർവ്വശക്തനും സ്നേഹസ്വരൂപനുമായ ദൈവം നമുക്കുവേണ്ടി “യുദ്ധം ചെയ്യുന്നു” എന്നത് എത്ര ആശ്വാസവഹവും ആശ്വാസദായകവുമാണ്?
തത്തുല്യമായ ഒരു സംഭവമാണ് ഇസ്രായേൽജനം ജോഷ്വയുടെ നേതൃത്വത്തിൽ ജോർദ്ദാൻ കടക്കുന്നത് (ജോഷ്വ. 3 ) കടക്കുന്ന വിധം ജോഷ്വ പ്രവചിച്ചു.”ഭൂമി മുഴുവന്റെയും നാഥനായ കർത്താവിന്റെ വാഗ്ദാനപേടകം നിങ്ങൾക്ക് മുമ്പേ ജോർദ്ദാനിലേക്കു പോകുന്നത് കണ്ടാലും. ഇസ്രായേൽ ഗോത്രങ്ങളിൽ നിന്ന്, ഗോത്രത്തിന് ഒന്നു വീതം, പന്ത്രണ്ടുപേരെ തിരഞ്ഞെടുക്കുവിൻ. ഭൂമി മുഴുവന്റെയും നാഥനായ കർത്താവിന്റെ പേടകം വഹിക്കുന്ന പുരോഹിതന്മാരുടെ ഉള്ളങ്കാൽ ജോർദ്ദാനിലെ ജലത്തെ സ്പർശിക്കുമ്പോൾ വെള്ളത്തിന്റെ ഒഴുക്ക് നിലയ്ക്കുകയും മുകളിൽ നിന്നുവരുന്ന വെള്ളം ചിറപോലെ കെട്ടിനിൽക്കുകയും ചെയ്യും” (3:11-13). പ്രവചനം അക്ഷരാർത്ഥത്തിൽ പൂർത്തിയായി. “വാഗ്ദാനപേടകം വഹിച്ചിരുന്നവർ ജോർദ്ദാൻ നദീ തീരത്തെത്തി. പേടകം വഹിച്ചിരുന്ന പുരോഹിതന്മാരുടെ പാദങ്ങൾ ജലത്തെ സ്പർശിച്ചു-കൊയ്ത്തുകാലം മുഴുവൻ ജോർദ്ദാൻ കരകവിഞ്ഞൊഴുകുക പതിവാണ്. വെള്ളത്തിന്റെ ഒഴുക്ക് നിലച്ചു. സാരെഥാനു സമീപമുള്ള ആദം പട്ടണത്തിനരികെ അത് ചിറപോലെ പൊങ്ങി. അരാബാ ഉപ്പുകടലിലേക്കു ഒഴുകിയ വെള്ളവും നിശ്ശേഷം വാർന്നുപോയി . ജനം ജറീക്കോയ്ക്കു നേരെ മറുകര കടന്നു. ഇസ്രായേൽജനം വരണ്ട നിലത്തുകൂടെ നദി കടന്നപ്പോൾ കർത്താവിന്റെ വാഗ്ദാനപേടകം വഹിച്ചുകൊണ്ട് പുരോഹിതന്മാർ ജോർദ്ദാന്റെ മധ്യത്തിൽ വരണ്ട നിലത്തുനിന്നു. സർവ്വരും ജോർദ്ദാൻ കടക്കുന്നതുവരെ അവർ അവിടെ നിന്നു” (3 :15-17 ).
ഉപസംഹാരമായി ദാനി. 3 : 17 ,18 കൂടി രേഖപ്പെടുത്തുന്നു: ” രാജാവേ, ഞങ്ങൾ സേവിക്കുന്ന ഞങ്ങളുടെ ദൈവം അറിയുന്നത് തീച്ചൂളയിൽനിന്നു ഞങ്ങളെ രക്ഷിക്കാൻ കഴിവുള്ളവനാണ്. അവിടുന്ന് ഞങ്ങളെ നിന്റെ കൈയ്യിൽ നിന്ന് മോചിപ്പിക്കും. ഇക്കാര്യം നീ അറിഞ്ഞുകൊള്ളുക . അവിടുന്ന് ഞങ്ങളെ മോചിപ്പിച്ചില്ലെങ്കിൽപ്പോലും ഞങ്ങൾ നിന്റെ ദേവന്മാരെയോ നീ നിർമ്മിച്ച സ്വർണ്ണബിംബത്തേയോ ആരാധിക്കുകയില്ല” .
 
					 
			 
                                