എന്റെ മകളേ, ഒരു സംരക്ഷണമായി ഞാൻ അവർക്കു എന്റെ കരുണയെ നൽകുമെന്ന് എല്ലാ ആത്മാക്കളോടും പറയുക, എന്റെ പിതാവിന്റെ നീതിയുടെ ക്രോധം വഹിച്ചുകൊണ്ട് ഞാൻ തന്നെയാണ് അവർക്കുവേണ്ടി പോരാടുന്നത്. (ഡയറി: 1516 )
ദൈവവുമായി ഐക്യപ്പെടാനുള്ള കൃപ
എന്റെ മകളേ, മനസ്സിലാക്കുക, എന്റെയും നിന്റെയും ഇടയിൽ ഒരു അഗാധ ഗർത്തമുണ്ട്. ആ ഗർത്തം സ്രഷ്ടാവിൽനിന്നു സൃഷ്ടിയെ വേർതിരിക്കുന്നു. എന്നാൽ ഈ ഗർത്തം എന്റെ കരുണയാൽ നിറഞ്ഞിരിക്കുന്നു. ഞാൻ നിന്നെ എന്നോളം ഉയർത്തുന്നത്, എനിക്ക് നിന്നെ ആവശ്യമുണ്ടായിട്ടല്ല, എന്നോട് ഐക്യപ്പെടാനുള്ള കൃപ നിനക്ക് ലഭിക്കുന്നത് എന്റെ കരുണ ഒന്നുകൊണ്ടുമാത്രമാണ്. (ഡയറി: 1576 )
ഈശോയുടെ തിരുഹൃദയം-കരുണയുടെ ഉറവ
നീരൊഴുക്കിൽനിന്നെന്നപോലെ എന്റെ എല്ലാ മുറിവുകളിൽ നിന്നും ആത്മാക്കൾക്കായുള്ള കരുണ ഒഴുകുന്നു. പക്ഷെ അത്യഗാധമായ കരുണയുടെ ഉറവ എന്റെ ഹൃദയത്തിലെ മുറിവിൽ നിന്നാണ് പ്രവഹിക്കുന്നത്. അനുകമ്പയോടെ അഗ്നിനാളങ്ങൾ എന്നിൽ കത്തിയെരിയുന്ന. ആത്മാക്കളുടെമേൽ അവ ചൊരിയാൻ ഞാൻ തീവ്രമായി ആഗ്രഹിക്കുന്നു. ലോകം മുഴുവനോടും എന്റെ കരുണയെപ്പറ്റി പറയുക. (ഡയറി:1190 ). നിർമ്മലമായ സ്ഫടികത്തിലൂടെ സൂര്യരശ്മി കടന്നുപോകുന്നതുപോലെ മനുഷ്യനായി അവതരിച്ച ഈശോയുടെ തിരുഹൃദയത്തിലൂടെ എന്റെ കരുണ ആത്മാക്കളിലേക്ക് കടന്നുവരുന്നു. ഈശോയിലും, ഈശോയിലൂടെയും, ഈശോ വഴിയും മാത്രമേ നമുക്ക് ദൈവത്തെ സമീപിക്കുവാൻ സാധിക്കുകയുള്ളുവെന്ന് ഞാൻ മനസ്സിലാക്കുകയും അനുഭവിക്കുകയും ചെയ്തു. (ഡയറി: 528 )