രക്ഷപ്രാപിക്കാൻ അത്യന്താപേക്ഷിതമായ കാര്യം ഉത്ഥിതനായ ഈശോയിൽ അവിടുത്തെ പിതാവിൽ, പരിശുദ്ധാത്മാവിൽ വിശ്വസിച്ചു മാമോദിസ സ്വീകരിക്കുകയാണ്. ബൈബിളിന്റെ കേന്ദ്ര വാക്യങ്ങൾ നമുക്ക് അറിയാം :” തന്നിൽ വിശ്വസിക്കുന്നവന് നിത്യജീവൻ (രക്ഷ) ഉണ്ടാകേണ്ടതിന് മനുഷ്യപുത്രൻ ഉയർത്തപ്പെടേണ്ടിയിരിക്കുന്നു ( കുരിശിൽ മരിക്കേണ്ടി യിരിക്കുന്നു) എന്തെന്നാൽ, അവനിൽ( ഈശോമിശിഹായിൽ) വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യ ജീവൻ പ്രാപിക്കേണ്ടതിന്നു വേണ്ടി തന്റെ ഏകജാതനെ നൽകാൻ തക്കവിധം( പിതാവായ) ദൈവം ലോകത്തെ( ഓരോ മനുഷ്യനെയും ) അത്രമാത്രം സ്നേഹിച്ചു”( യോഹന്നാൻ 3 :15, 16).
ദൈവത്തെ പൂർണ്ണതയിൽ ലോകത്തിന് വെളിപ്പെടുത്തിയത് ഈശോമിശിഹായാണ്. പിതാവിൽ നിന്നു ജനിച്ച, പിതൃഹിത പ്രകാരം, സ്വർഗ്ഗത്തിൽനിന്നു ഭൂമിയിലേക്ക് ഇറങ്ങി വന്ന മനുഷ്യപുത്രനല്ലാതെ ( അവിടുന്ന് ദൈവപുത്രനും ആണ് ) മറ്റാർക്കും ദൈവത്തെ വെളിപ്പെടുത്താനാവില്ല ( യോഹന്നാൻ 3 :13 ). പിതാവിന്റെ മടിയിലിരിക്കുന്ന ഈശോയ്ക്ക് മാത്രമേ അവിടുത്തെ പൂർണമായി വെളിപ്പെടുത്താനാവൂ. ഈ വെളിപ്പെടുത്തൽ ഈശോയുടെ മനുഷ്യാവതാരത്തിൽ തുടങ്ങി, പരസ്യ ജീവിതത്തിൽ തുടർന്ന്, ഉയർത്തപ്പെടലിൽ അഥവാ മരണോത്ഥാനങ്ങളിൽ പരി പൂർത്തിയിൽ എത്തി. ദൈവത്തെ ലോകത്തിന് വെളിപ്പെടുത്താൻ വന്നാ മശിഹാ കുരിശിൽ ഉയർത്തപ്പെടുന്നത് വഴിയാണ് തന്റെ രക്ഷാദൗത്യം പൂർത്തിയാക്കുന്നത്.
തന്റെ മരണത്തെയും ഉത്ഥാനത്തെയുമാണ്
‘ ഉയർത്തപ്പെടൽ’ സൂചിപ്പിക്കുക.
അതുകൊണ്ടാണ് ഈ ഉയർത്തപ്പെടലിനെ, യോഹന്നാൻ മരുഭൂമിയിൽ മോശ സർപ്പത്തെ ഉയർത്തിയതിനോട് ഉപമിക്കുന്നത്. ദൈവത്തിനെതിരായി ശബ്ദമുയർത്തിയ ഇസ്രായേൽ ജനം ആഗ്നേയ സർപ്പങ്ങളുടെ ദംശനമേറ്റു മരിച്ചു വീണപ്പോൾ, കർത്താവിന്റെ കല്പനപ്രകാരം മോശ പിച്ചളസർപ്പത്തെ ഉണ്ടാക്കി തന്റെ വടിയിൽ ഉയർത്തി നിർത്തി. ദംശനമേറ്റവർ പിച്ചളസർപ്പത്തെ നോക്കിയപ്പോൾ ജീവിച്ചു( സംഖ്യ 21: 4 -9). ഈ സംഭവത്തെ അനുസ്മരിപ്പിച്ചു കൊണ്ടാണ് ഈശോ പ്രഖ്യാപിക്കുന്നത്, തന്നിൽ വിശ്വസിക്കുന്നവർക്ക് നിത്യജീവൻ ഉണ്ടാകേണ്ടതിന് താൻ കുരിശിൽ ഉയർത്തപ്പെടേണ്ടിയിരിക്കുന്നു എന്ന്.
ഈ ഉയർത്തപ്പെടലിനെക്കുറിച്ച് യോഹന്നാൻ മൂന്നുപ്രാവശ്യം പറയുന്നുണ്ട്. ഏശയ്യ പ്രവാചകനും ഈ ഉയർത്തപ്പെടലിനെക്കുറിച്ച് സൂചിപ്പിക്കുന്നു. ” എന്റെ ദാസനു( സഹന ദാസൻ, രക്ഷകനായ മിശിഹാ) ശ്രേയസ്സുണ്ടാകും . അവൻ അത്യുന്നതങ്ങളിലേക്ക് ഉയർത്തപ്പെടുകയും പുകഴ്ത്ത പെടുകയും ചെയ്യും ( ഏശയ്യാ 52 :13 ). നടപടി പുസ്തകം വ്യക്തമായി പറയുന്നു :” മനുഷ്യ രക്ഷയ്ക്കുവേണ്ടി മിശിഹാ കുരിശിൽ ഉയർത്തപ്പെട്ട ണമെന്നതു ദൈവത്തിന്റെ നിശ്ചയമായിരുന്നു ( നട:23). മരണംവരെ, അതേ, കുരിശുമരണം വരെ അവിടുന്ന് അനുസരണം ഉള്ളവനായി പിതാവിന്റെ തിരുഹിതത്തിന് കീഴ്‌വഴങ്ങി ( ഫിലി. 2 :9 ).
കുരിശിലുള്ള ഈശോയുടെ ഉയർത്തപെടൽ വെളിപ്പെടുത്തുന്ന ആത്യന്തികമായ സത്യം മനുഷ്യന്റെ നേർക്കുള്ള മഹോന്നതന്റെ മഹാ സ്നേഹമാണ്. തന്റെ തിരു സുതനെ ബലിയായി നൽകാൻ തക്കവിധം മനുഷ്യകുലത്തെ സ്നേഹിച്ച സ്നേഹതാതന്റെ തിരുമുഖമാണ് ഈശോ കുരിശിൽ വെളിപ്പെടുത്തിയത്. മനുഷ്യ രക്ഷയ്ക്ക് വേണ്ടി സ്വമനസ്സാ, സസന്തോഷം താണിറങ്ങിയ നിസ്വാർത്ഥ സ്നേഹമാണ് നിഖിലേശന്റെത്.
ത്യാഗോജ്വലമായ സ്നേഹത്തിലൂടെ നല്ല തമ്പുരാൻ മാനവരാശിയെ മുഴുവൻ വീണ്ടെടുക്കാൻ, രക്ഷിക്കാൻ നിരന്തരം പരിശ്രമിക്കുന്നു. മനുഷ്യന്റെ എന്തെങ്കിലും മേന്മയാലോ പ്രവർത്തനഫലമായോ അല്ല ഇത് ലഭിച്ചത്. പ്രത്യുത, പ്രപഞ്ചനാഥന്റെ നിരുപാധികമായ കരുണാർദ്ര സ്നേഹമാണ് ഇതിന് പിന്നിലുള്ളത്.
യോഹന്നാൻ തന്റെ ഒന്നാം ലേഖനത്തിൽ ഇത് കൃത്യമായി പറയുന്നുണ്ട്. ” നാം ദൈവത്തെ സ്നേഹിച്ചു എന്നതിലല്ല, അവിടുന്ന് നമ്മെ സ്നേഹിക്കുകയും നമ്മുടെ പാപങ്ങൾക്ക് പരിഹാര ബലിയായി സ്വപുത്രനെ അയക്കുകയും ചെയ്തു എന്നതിലാണ് സ്നേഹം” (4:10). തന്റെ സുവിശേഷത്തിൽ ശ്ലീഹാ കൃത്യമായി പറയുന്നു :” ദൈവം തന്റെ പുത്രനെ ലോകത്തിലേക്ക് അയച്ചത് ലോകത്തെ ശിക്ഷയ്ക്ക് വിധിക്കാൻ അല്ല, പ്രത്യുത, തന്റെ രക്തത്താൽ ലോകം മുഴുവൻ രക്ഷപ്രാപിക്കാൻ വേണ്ടിയാണ്” (3:17).