പരിശുദ്ധ കന്യകാമറിയത്തിന്റെ നിഗൂഢ രഹസ്യങ്ങൾ മനസ്സിലാക്കുക മാനവകുലത്തിന് അത്യന്താപേക്ഷിതമാണ്. ഈ രഹസ്യങ്ങൾ വിശ്വസിക്കുകയും ബഹുമാനിക്കുകയും ചെയ്യുക വഴി ലോകത്തിനു കുറച്ചൊക്കെ ആശ്വാസം ലഭിക്കും. അതുപോലെ തന്നെ പൂർണ്ണ മനസ്സോടെ അവളുടെ മാദ്ധ്യസ്ഥൈം പ്രാർത്ഥിക്കേണ്ടതും അനിവാര്യമാണ്. ആശ്രയവും അഭയവുമായ ഈ അത്ഭുതനഗരത്തെ (പരിശുദ്ധ ‘അമ്മ) മനുഷ്യരിൽ നിന്ന് ഇനിയും ഞാൻ മറച്ചു വയ്ക്കുകയില്ല.
പിഴവുകൾ കൂടാതെ മനുഷ്യർക്ക് ഇതു വിവരിച്ചു കൊടുക്കാൻ ഞാൻ നിന്നെ (മരിയയെ) അനുവദിക്കും. നിൻറെ ഈ വിവരണങ്ങൾ അനുഗ്രഹീത കന്യകയെപ്പറ്റിയുള്ള വെറും അഭിപ്രായങ്ങൾ മാത്രമായി അറിയപ്പെടാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഇക്കാര്യങ്ങളെല്ലാം വിശ്വാസയോഗ്യങ്ങളായ സത്യങ്ങളാണ്. കേൾക്കാൻ ചെവിയുള്ളവൻ കേൾക്കട്ടെ.
” ദാഹിക്കുന്നവൻ വരണ്ട നീർത്തടങ്ങൾ വിട്ടു ജീവ ജലത്തിൻറെ അരുവിയിൽ നിന്നും പാനം ചെയ്യട്ടെ. പ്രകാശത്തിനായി കൊതിക്കുന്നവൻ ശാശ്വതമായ പ്രകാശത്തെ സ്വീകരിക്കട്ടെ. (യോഹ.7:37-39 ); വെളി .22:17 ), ഇപ്രകാരം നമ്മുടെ കർത്താവും ദൈവവുമായവൻ അരുളിച്ചെയ്യുന്നു .
പിതാവിന്റെ പുത്രി, പുത്രൻറെ അമ്മ, പരിശുദ്ധാത്മാവിൻറെ മണവാട്ടി എന്നീ മൂന്നു സുപ്രധാന സ്ഥാനങ്ങൾ പരിശുദ്ധ കന്യകാമറിയത്തിനു പരിപൂർണ്ണതയിൽ സ്വന്തമാണ്. ഇവ എന്നും വാഴ്ത്തപ്പെട്ട സി. മരിയയുടെ പ്രചോദനവും ധ്യാനവിഷയവുമായിരുന്നു. പരിശുദ്ധാത്മാവിൻറെ “അശക്തമായ” ഉപകരണം മാത്രമാണ് താൻ എന്ന ബോധ്യം മരിയയെ ഗ്രസിച്ചിരുന്നു. അതുകൊണ്ട് അവളുടെ ജീവിതം മുഴുവൻ മഹോന്നതനെ മഹത്വപ്പെടുത്തുന്നതിനു മാറ്റിവച്ചിരിക്കുകയായിരുന്നു. ദൈവത്തെ അനുസ്യുതം സ്നേഹിക്കാൻ അവൾ അതിതീക്ഷ്ണമായി ആഗ്രഹിച്ചിരുന്നു, ആധ്യാത്മിക ജീവിതം അവളിൽ ആകുലതയുടെയോ, അസ്വസ്ഥതയുടെയോ ലാഞ്ചന ഉളവാക്കിയിരുന്നില്ല.