എഫേ. 2:21
ക്രിസ്തുവില്‍ ഭവനമൊന്നാകെ സമന്വയിക്കപ്പെട്ടിരിക്കുന്നു; കര്‍ത്താവില്‍ പരിശുദ്ധമായ ആലയമായി അതു വളര്‍ന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു.
പൗലോസ് ശ്ലീഹ ഇവിടെ പരാമർശിക്കുന്നത് ദൈവത്തിന്റെ ആലയത്തെകുറിച്ചാണ്. 1 കൊറി. 6:19-20 ൽ അദ്ദേഹം ചോദിക്കുന്നു; നിങ്ങളിൽ വസിക്കുന്ന ദൈവദത്തമായ പരിശുദ്ധാത്മാവിന്റെ ആലയമാണ് നിങ്ങളുടെ ശരീരമെന്നു നിങ്ങള്‍ക്ക് അറിഞ്ഞുകൂടേ? നിങ്ങൾ നിങ്ങളുടെ സ്വന്തമല്ല. നിങ്ങൾ വിലയ്ക്ക് വാങ്ങപ്പെട്ടവരാണ്. ആകയാൽ നിങ്ങളുടെ ശരീരത്തിൽ ദൈവത്തെ മഹത്വപ്പെടുത്തുവിൻ.
ഈ വചനശകലങ്ങൾ വ്യക്തമാക്കുന്ന സത്യം ഞാനും നിങ്ങളുമാണ് ദൈവത്തിന്റെ ആലയം, ദൈവത്തിന്റെ ഭവനം എന്നാണ്. എന്താണ് അപ്പോൾ നമ്മുടെ ദൗത്യം? ദൈവികകൂട്ടായ്മയുടെ ശില്പികളാവുകയെന്നതാണ്. സഭയെ പടുത്തുയർത്തുന്നവരാകണം നമ്മൾ. പക്ഷെ ഇന്നത്തെ പാരിതോവസ്ഥ പരമദയനീയമാണ്. സഭയെ പടുത്തുയർത്താൻ കടപ്പെട്ടവർ തന്നെ അതിനു കണ്ടകോടാലികളാവുന്നു. വിശ്വസ്തരെന്നു കരുതിയിരുന്നവർ പോലും സ്വാർത്ഥതയുടെ പേരിൽ, സ്ഥാപിത താല്പര്യങ്ങളുടെ പേരിൽ, സ്ഥാനമാനങ്ങളുടെ പേരിൽ ദൈവത്തിന്റെ കൂട്ടായ്മയിൽ നിന്ന് ഓടിയകലുന്നു; സഭ ശിഥിലമാവുന്നു, അവഹേളിതയാവുന്നു.
എന്താണ് പരിതാപകരമായ ഈ പാരിതോവസ്ഥയ്ക്കുള്ള പ്രതിവിധി. ഈശോ തന്നെ നമുക്ക് പറഞ്ഞുതരുന്നു:
മത്താ. 5:44-48
എന്നാല്‍, ഞാന്‍ നിങ്ങളോടു പറയുന്നു: ശത്രുക്കളെ സ്നേഹിക്കുവിന്‍; നിങ്ങളെ പീഡിപ്പിക്കുന്നവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കുവിന്‍.
അങ്ങനെ, നിങ്ങള്‍ നിങ്ങളുടെ സ്വര്‍ഗസ്ഥനായ പിതാവിന്റെ മക്കളായിത്തീരും. അവിടുന്ന് ശിഷ്ടരുടെയും ദുഷ്ടരുടെയും മേല്‍ സൂര്യനെ ഉദിപ്പിക്കുകയും നീതിമാന്മാരുടെയും, നീതിരഹിതരുടെയും മേല്‍ മഴ പെയ്യിക്കുകയും ചെയ്യുന്നു.
നിങ്ങളെ സ്നേഹിക്കുന്നവരെ നിങ്ങള്‍ സ്നേഹിച്ചാല്‍ നിങ്ങള്‍ക്കെന്തു പ്രതിഫലമാണു ലഭിക്കുക? ചുങ്കക്കാര്‍പോലും അതുതന്നെ ചെയ്യുന്നില്ലേ?
സഹോദരങ്ങളെ മാത്രമേ നിങ്ങള്‍ അഭിവാദനം ചെയ്യുന്നുള്ളുവെങ്കില്‍ വിശേഷവിധിയായി എന്താണു നിങ്ങള്ചെയ്യുന്നത്? വിജാതീയരും അതുതന്നെ ചെയ്യുന്നില്ലേ?
അതുകൊണ്ട്, നിങ്ങളുടെ സ്വര്‍ഗസ്ഥനായ പിതാവ് പരിപൂര്‍ണനായിരിക്കുന്നതുപോലെ നിങ്ങളും പരിപൂര്ണരായിരിക്കുവിന്.
ഇതാണ് യഥാർത്ഥ മാർഗം; കൂട്ടായ്മ വളർത്തുവാനുള്ള വഴി.
ശത്രുവിനെ ജീവനുതുല്യം സ്നേഹിക്കുക. അവനോടു നിരുപാധികം, അവനെ നിതീകരിച്ചുകൊണ്ടു സ്നേഹിക്കുക. ‘കുരിശിലെനീശോ ക്ഷമിച്ചതുപോലെ ഞാനും ക്ഷമിച്ചീടുന്നു.’ ഇപ്രകാരം ചൊല്ലുമ്പോൾ നമ്മൾ വിശുദ്ധീകരിക്കപ്പെടും. നമ്മുടെ സ്വർഗ്ഗസ്ഥനായ പിതാവ് പരിപൂര്ണനായിരിക്കുന്നത്പോലെ നാമും പരിപൂർണരാകും
ആരെയും മാറ്റിനിർത്താതെ, എല്ലാവരെയും ഹൃദയപൂർവം സ്നേഹിക്കുന്നതിലാണ് സ്വർഗ്ഗസ്ഥനായ പിതാവ് പരിപൂര്‍ണനായിരിക്കുന്നതു. പിതാവ് സ്നേഹിക്കുന്നതുപോലെ നാമും സ്നേഹിക്കുമ്പോൾ, ശത്രുമിത്ര ഭേദമെന്യേ സ്നേഹിക്കുമ്പോൾ നാം വിശുദ്ധരും സഭയെ പടുത്തുയർത്തുന്നവരുമാകും. എന്തിലും ഏതിലും എവിടെയും അനുരഞ്ജനത്തിന്റെ മനോഭാവം സൂക്ഷിക്കുക.വൈരൂപ്യങ്ങളുടെയോ വൈരാഗ്യങ്ങളുടെയോ പേരിൽ ആരെയും അകറ്റിനിർത്താതെ എല്ലാവരെയും ഉൾക്കൊണ്ടു എല്ലാവർക്കുംവേണ്ടി പ്രാർത്ഥിച്ചു മുന്നോട്ടു പോകുക.