പിറ്റേന്ന് കുമ്പസാര ദിവസമായിരുന്നു. എന്റെ ആത്മാവിൽ സംഭവിച്ച എല്ലാ കാര്യങ്ങളും ഞാൻ കുമ്പസാരക്കാരനെ അറിയിച്ചു. ഈ സഭാസമൂഹത്തിൽ തന്നെ നിൽക്കുവാനാണ് ദൈവതിരുമനസെന്നും, മറ്റൊരു സന്ന്യാസസഭയെപ്പറ്റി ഞാൻ ചിന്തിക്കുകപോലും ചെയേണ്ടതില്ലെന്നും ഇതിൽനിന്നു വ്യക്തമാണെന്ന് കുമ്പസാരക്കാരൻ എന്നെ ബോധ്യപ്പെടുത്തി. ആ നിമിഷം മുതൽ ഞാൻ സന്തോഷവതിയും സംതൃപ്തയുമായി.
ഈ സംഭവത്തിനു ശേഷം ഞാൻ രോഗാതുരതയായി. സ്നേഹമുള്ള മദർ സുപ്പീരിയർ സ്കോളിമോവിലേക്കു മറ്റു രണ്ടു സിസ്റ്റേഴ്സിന്റെ കൂടെ എന്നെ വിശ്രമത്തിനു അയച്ചു. ഈ സ്ഥലം വാർസോയിൽ നിന്നകലെയായിരുന്നില്ല. ആ സമയത്താണ് ഇനി ആർക്കെല്ലാംവേണ്ടി പ്രാർത്ഥിക്കണമെന്നു ഞാൻ ഈശോയോടു ചോദിച്ചത്. ആർക്കെല്ലാംവേണ്ടി ഞാൻ പ്രാർത്ഥിക്കണെമെന്നുള്ളത് അടുത്ത രാത്രി എന്നെ അറിയിക്കാമെന്ന് ഈശോ പറഞ്ഞു.
പിറ്റേദിവസം എന്റെ കാവൽമാലാഖയെ ഞാൻ കണ്ടു. തന്നെ അനുഗമിക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു. ഒരു നിമിഷനേരം കൊണ്ട് തീ നിറഞ്ഞതും പുകകൊണ്ടു മൂടിയതുമായ ഒരു സ്ഥലത്തു ഞാൻ എത്തി. അവിടെ പീഢയാനുഭവിക്കുന്ന അനേകം ആത്മാക്കളെ ഞാൻ കണ്ടു. അവർ വളരെ തീക്ഷ്ണതയോടെ പ്രാർത്ഥിക്കുന്നുണ്ടായിരുന്നു. എന്നാൽ അത് അവർക്കു യാതൊരു പ്രയോജനവും ചെയ്തിരുന്നില്ല. നമുക്ക് മാത്രമേ അവരെ സഹായിക്കാൻ സാധിക്കുമായിരുന്നുള്ളൂ. അവരുടെ ചുറ്റും എരിഞ്ഞുകൊണ്ടിരുന്ന ജ്വാലകൾ എന്നെ ഒട്ടും സ്പർശിച്ചില്ല. ഒരു നിമിഷത്തേയ്ക്കുപോലും എന്റെ കാവൽമാലാഖ എന്നെ വിട്ടുപിരിഞ്ഞില്ല. എന്താണ് അവരുടെ ഏറ്റം വലിയ പീഡയെന്നു ഞാൻ അവരോടു ചോദിച്ചു. ദൈവത്തിനായുള്ള ദാഹമാണ് അവരുടെ ഏറ്റം വലിയ പീഡയെന്നു അവർ ഏകസ്വരത്തിൽ എനിക്ക് മറുപടി നൽകി. ശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കളെ മാതാവ് സന്ദർശിക്കുന്നത് ഞാൻ കണ്ടു. ‘സമുദ്രതാരം’ എന്നാണ് മാതാവിനെ ആത്മാക്കൾ വിളിച്ചിരുന്നത്. ‘അമ്മ അവർക്കു സമാശ്വാസം നൽകുന്നു. അവരോടു കുറച്ചു സമയം കൂടി സംസാരിക്കാൻ ഞാൻ ആഗ്രഹിച്ചു, എന്നാലെന്റെ കാവൽമാലാഖ അവിടെനിന്നു പോകാൻ സമയമായി എന്ന് അടയാളം കാണിച്ചു. (ഞാൻ അന്തരാത്മാവിൽ ഒരു സ്വരം കേട്ടു) അത് ഇങ്ങനെ പറഞ്ഞു ‘എന്റെ കരുണ ഇത് ആഗ്രഹിക്കുന്നില്ല, എന്നാൽ എന്റെ നീതി ഇതാവശ്യപെടുന്നു.’ ആ ദിവസം മുതൽ പീഡയനുഭവിക്കുന്ന ആത്മാക്കളുമായി ഞാൻ ഉറ്റ ബന്ധം പുലർത്തിയിരുന്നു.