അവസാനം മഠത്തിന്റെ വാതിൽ എനിക്കായി തുറക്കപ്പെട്ടു. ഓഗസ്റ്റ് ഒന്നാം തീയതി, വൈകിട്ട് മാലാഖമാരുടെ രാജ്ഞിയുടെ തിരുനാളിന്റെ തലേദിവസമായിരുന്നു അത്. ഞാൻ അതീവ സന്തോഷവതിയായിരുന്നു; പറുദീസയിലേക്കു പ്രവേശിച്ച പ്രതീതിയാണ് എനിക്ക് അനുഭവപ്പെട്ടത്. നന്ദിപ്രകടനത്തിന്റെ ഒരു പ്രാർത്ഥന എന്റെ ഹൃദയത്തിൽ നിന്ന് അലയടിച്ചുയർന്നുകൊണ്ടിരുന്നു.
എന്നാൽ മൂന്നാഴ്ചയ്ക്കു ശേഷം, വളരെക്കുറച്ചു സമയം മാത്രമേ ഇവിടെ പ്രാർത്ഥനയ്ക്കായി ലഭിക്കുകയുള്ളു എന്ന വസ്തുത ഞാൻ മനസിലാക്കി.ആയതിനാൽ കൂടുതൽ കർശനമായ നിയമങ്ങളുള്ള ഒരു സന്യാസസമൂഹത്തിൽ ചേരുവാൻ എന്റെ ആത്മാവ് പല ന്യായങ്ങൾ നിരത്തി എന്നോട് ആവശ്യപ്പെട്ടുകൊണ്ടിരുന്നു. എന്റെ ആത്മാവിൽ ഈ ചിന്ത രൂഢമൂലമായ. എന്നാൽ അത് ദൈവതിരുമാനസായിരുന്നില്ല.എങ്കിലും, ഈ ചിന്ത അല്ലെങ്കിൽ ഈ പ്രലോഭനം, എന്നെ നിരന്തരം അലട്ടിക്കൊണ്ടിരുന്നു. അവസാനം ഒരു ദിവസം മദർ സുപ്പീരിയറിനോട് എന്റെ വിടവാങ്ങലിനെപ്പറ്റിയും മഠം വിടുന്നതിനെപ്പറ്റിയും പറയുവാൻ ഞാൻ തീരുമാനിച്ചു. എന്നാൽ മദർ സുപ്പീരിയറിനെ (മദർ മൈക്കിൾ) കണ്ടുമുട്ടുവാൻ സാധിക്കാത്തവിധം ദൈവം കാര്യങ്ങൾ ക്രമീകരിച്ചു. ഉറങ്ങാൻ പോകുന്നതിനു മുൻപായി ചെറിയ ചാപ്പലിലേക്കു പ്രവേശിച്ചു, ഈ കാര്യത്തിൽ ഒരു വെളിപ്പെടുത്തൽ നൽകുവാൻ ഈശോയോടു ഞാൻ പ്രാർത്ഥിച്ചു. എന്നാൽ എനിക്ക് മനസിലാക്കാൻ സാധിക്കാത്ത തരത്തിലുള്ള ഒരു പ്രത്യേക അസ്വസ്ഥതയല്ലാതെ മറ്റൊന്നും എനിക്ക് അനുഭവപ്പെട്ടില്ല. കാര്യങ്ങൾ ഇങ്ങനെയൊക്കെ ആയിരുന്നെങ്കിലും, പിറ്റേദിവസം രാവിലെ ദിവ്യബലി കഴിഞ്ഞാലുടൻ മദർ സുപ്പീരിയറിനെ സമീപിച്ചു എന്റെ തീരുമാനം അറിയിക്കാൻ ഞാൻ നിശ്ചയിച്ചു.
ഞാൻ എന്റെ മുറിയിൽ എത്തി. സഹോദരിമാർ എല്ലാവരും ഉറങ്ങാൻ കിടന്നിരുന്നു; വിളക്കുകളെല്ലാം അണച്ചിരുന്നു. വലിയ അസ്വസ്ഥതയോടും അസംതൃപ്തിയോടും കൂടി ഞാൻ എന്റെ മുറിയിൽ പ്രവേശിച്ചു. എന്തുചെയ്യണമെന്ന് ഒരു രൂപവുമില്ല. നിലത്തു സാഷ്ട്ടങ്ങപ്രണാമം ചെയ്തുകൊണ്ട് ദൈവതിരുമനസു വെളിപ്പെട്ടുകിട്ടുവാൻ തീക്ഷ്ണമായി പ്രാർത്ഥിക്കാൻ തുടങ്ങി. സക്രാരിയിലെന്നപോലെ എല്ലാ സ്ഥലത്തും നിശ്ശബ്ദതയായിരുന്നു. ഈശോയുടെ കാസയിൽ അടച്ചുവച്ചിരിക്കുന്ന വെള്ള ഓസ്തികൾ പോലെ എല്ലാ സഹോദരിമാരും വിശ്രമിക്കുകയാണ്. എന്റെ മുറിയിൽ നിന്ന് മാത്രം ദൈവത്തിനു ഒരാത്മാവിന്റെ രോദനം കേൾക്കാം. ഒമ്പതുമണിക്ക് ശേഷം അനുവാദം കൂടാതെ ആരും മുറിയിൽ പ്രാർത്ഥിക്കാൻ പാടില്ല എന്ന നിയമം ഞാൻ അറിഞ്ഞിരുന്നില്ല.
കുറച്ചു കഴിഞ്ഞപ്പോൾ എന്റെ മുറി പ്രകാശത്തിൽ നിറഞ്ഞു, ഈശോയുടെ ഏറ്റം ദുഃഖപൂരിതമായ മുഖം ജനാലവിരിയിൽ ഞാൻ കണ്ടു. അവിടുത്തെ മുഖത്ത് തുറന്ന മുറിവുകളുണ്ടായിരുന്നു. വലിയ കണ്ണീർക്കങ്ങൾ എന്റെ കിടക്കവിരിയിൽ വീണുകൊണ്ടിരുന്നു. ഇതിന്റെയെല്ലാം അര്ഥമെന്തെന്നു മനസിലാകാതിരുന്നതുകൊണ്ടു, ഞാൻ ഈശോയോടു ചോദിച്ചു “ഈശോയെ, ആരാണ് അങ്ങയെ ഇത്രമാത്രം വേദനിപ്പിച്ചത്?” ഈശോ എന്നോട് പറഞ്ഞു “ഈ മഠം ഉപേക്ഷിക്കുന്നതുമൂലം നീ ഏൽപ്പിക്കുന്ന വേദനയാണിത്. മറ്റൊരിടത്തേയ്ക്കുമല്ല, ഈ സ്ഥലത്തേയ്ക്കാണ് ഞാൻ നിന്നെ വിളിച്ചിരിക്കുന്നത്; ഞാൻ നിനക്കായി ധാരാളം കൃപകൾ ഒരുക്കിവച്ചിട്ടുണ്ട്” ഞാൻ ഈശോയോടു ക്ഷമ ചോദിച്ചു, ഉടനെത്തന്നെ എന്റെ തീരുമാനവും മാറ്റി.