പോസ്റ്റുലൻസിയുടെ അന്ത്യത്തിൽ (1926 ഏപ്രിൽ 29 ) എന്റെ അധികാരികൾ എന്നെ ക്രക്കോവിലെ നോവിഷയറ്റിലേക്കു അയച്ചു. എന്റെ ആത്മാവ് പറഞ്ഞറിയിക്കാനാവാത്ത സന്തോഷത്തിൽ നിറഞ്ഞു. ഞങ്ങൾ നോവിഷയത്തിലെത്തിയപ്പോൾ നിലവിലുണ്ടായിരുന്ന മിസ്ട്രസ് (സി. ഹെൻറി) മരിച്ചുകഴിഞ്ഞിരുന്നു. മരണാനന്തരം (കുറച്ചു ദിവസം കഴിഞ്ഞു ആത്മാവിൽ) സിസ്റ്റർ എന്റെയടുക്കൽ വന്നു. നോവിസ് മിസ്ട്രെസ്സിന്റെ (സിസ്റ്റർ മാർഗരറ്റ്) അടുക്കൽ ചെന്ന് എനിക്കുവേണ്ടി ഒരു ദിവ്യബലിയും മൂന്നു സുകൃത ജപങ്ങളും അർപ്പിക്കാൻ തന്റെ കുമ്പസാരക്കാരൻ ഫാദർ റോസ്പോണ്ടിനോട് ആവശ്യപ്പെടാൻ പറഞ്ഞു. ഞാൻ സമ്മതിച്ചു. പക്ഷെ, മിസ്ട്രെസ്സിനെ സമീപിക്കേണ്ട എന്ന് പിറ്റേദിവസം ഞാൻ തീരുമാനിച്ചു. ഇതെല്ലം എന്റെ സ്വപ്നത്തിൽ സംഭവിച്ചതോ, യഥാർത്ഥ സത്യമോ എന്ന് എനിക്ക് അറിയില്ലായിരുന്നു.
പിറ്റേരാത്രി ഇത് കൂടുതൽ വ്യക്തമായും ശക്തമായും ആവർത്തിക്കപ്പെട്ടു. പിന്നെ എനിക്ക് സംശയം തോന്നിയില്ല. അടുത്ത ദിവസവും മിസ്ട്രെസ്സിനോട് പറയണ്ട എന്ന നിഗമനത്തിൽത്തന്നെ വീണ്ടും ഞാൻ എത്തി. എന്നാൽ താമസിയാതെ, ഇടനാഴിയിൽ ഞാൻ അവരെ കണ്ടുമുട്ടി. അവർ എന്നെ കുറ്റപ്പെടുത്തി. എന്റെ ആത്മാവ് വളരെ അസ്വസ്ഥമായി. വൈകാതെ, മിസ്ട്രെസ്സിനോട് എല്ലാം വിശദമായി പറഞ്ഞു. കാര്യങ്ങൾ ക്രമീകരിച്ചുകൊള്ളാമെന്നു അവർ സമ്മതിച്ചു. തൽക്ഷണം എന്റെ ആത്മാവ് സ്വസ്ഥമായി. മൂന്നാം ദിവസം ആ സിസ്റ്റർ എന്റെ അടുക്കൽ വന്നു “ദൈവം നിനക്ക് പ്രതിഫലം നൽകട്ടെ” എന്ന് പറഞ്ഞു.