മനുഷ്യജീവിതം വിശിഷ്യാ, ക്രൈസ്തവ ജീവിതം പരസ്പരം സ്നേഹത്താൽ പരസ്പരബദ്ധമായിരിക്കണം. ഇത് അവരുടെ ഹൃദയങ്ങൾക്ക് ആശ്വാസവും സുനിശ്ചിത ബോധവും നൽകും. അങ്ങനെ മിശിഹായെക്കുറിച്ചുള്ള സമ്പൂർണ്ണ ജ്ഞാനം വർദ്ധിക്കുകയും അവിടുത്തെ സ്നേഹത്തിൽ അവർ ആഴപ്പെടുകയും ചെയ്യും. ജ്ഞാനത്തിന്റെയും അറിവിന്റെയും നിധികൾ ഇവയിലാണ് ഒളിഞ്ഞുകിടക്കുന്നത്. വഞ്ചനാത്മകമായ വാക്കുകളിൽ ആരും വഞ്ചിക്കപ്പെടാതിരിക്കാൻ ഈ അറിവ് അത്യന്താപേക്ഷിതമാണ്.
ക്രൈസ്തവർ സദാ ക്രിസ്തുവിൽ ജീവിക്കണം. ” അവിടുന്നിൽ വേരുറപ്പിക്കപ്പെട്ടും നിങ്ങൾ സ്വീകരിച്ച വിശ്വാസത്തിൽ ദൃഢത പ്രാപിച്ചുംകൊണ്ട് അനർഗളമായ കൃതജ്ഞതാ പ്രകാശനത്തിൽ മുഴുകുവിൻ (കൊളോ.2:7). വ്യർത്ഥ പ്രലോഭനത്തിലും തെറ്റായ തത്വചിന്തകൾക്കും,പ്രാർത്ഥനയിലും സ്വയ പരിശ്രമത്താലും അതീതരായിരിക്കണം. ദൈവത്തിന്റെ പരിപൂർണ്ണത മുഴുവൻ മൂർത്തിഭവിച്ചിരിക്കുന്നത് മിശിഹായിലാണ്. എല്ലാ ആധിപത്യങ്ങളുടെയും അധികാരങ്ങളുടെയും ശിരസ്സാണ് അവിടുന്ന്. അവിടുന്ന് ആണോ ഓരോ ക്രൈസ്തവനും പൂർണത പ്രാപിച്ചിരിക്കുന്നത്.മാമോദിസ വഴി മനുഷ്യൻ പാപത്തിന് മരിക്കുന്നു.
ഇപ്രകാരം മരിച്ചവരെ പിതാവായ ദൈവം പുത്രനോടൊപ്പം ഉയർപ്പിക്കുന്നു. അവർ ക്രൈസ്തവ മക്കളും സ്വർഗ്ഗത്തിന് അവകാശികളും തിരുസഭഗാത്രത്തിന്റെ അംഗങ്ങളുമാകുന്നു. ദൈവം നമ്മെ പുത്രനോടൊപ്പം ജീവിപ്പിക്കും എല്ലാ പാപങ്ങളും ക്ഷമിക്കുകയും ചെയ്തിരിക്കുന്നു എന്തെന്നാൽ മിശിഹാ നമ്മുടെ സകല പാപങ്ങളും കുരിശിൽ തറച്ചു നിഷ്കാസനം ചെയ്തു കഴിഞ്ഞു. കുരിശിൽ സാത്താന്റെ മേൽ അവിടുന്ന് സർവ്വാധിപത്യവും സ്ഥാപിച്ചിരിക്കുന്നു. ഇവ്വിധമുള്ള ജീവിത ക്രമത്തിൽ സ്വർഗം സന്തോഷിക്കുന്നു.
എന്നാലും കൊല്ലുകയും നശിപ്പിക്കുക ഇവയ്ക്ക് അവനു കുറഞ്ഞൊരു നാളത്തേക്ക് കൂടി സ്വാതന്ത്ര്യം അവനുണ്ട്. അതുകൊണ്ട് ഓരോ ക്രൈസ്തവനും നിതാന്ത ജാഗ്രത പുലർത്തി സ്ഥിരതയോടും ദൃഢനിശ്ചയത്തോടും കൂടി വിശ്വാസത്തിൽ നിന്ന് പിതാവിനോടും പുത്രനോടും പരിശുദ്ധാത്മാവിനോടുംഐക്യപ്പെട്ടു ജീവിക്കുന്നതിൽ ബദ്ധശ്രദ്ധനായിരിക്കണം.
മിശിഹായ്ക്ക് മുമ്പുണ്ടായിരുന്നവ പ്രതീകങ്ങൾ, നിഴലുകൾ മാത്രം. യാഥാർത്ഥ്യം അവിടുന്നാണ്,അവിടുന്ന് മാത്രം. ആരാലും വഞ്ചിക്കപ്പെടാതിരിക്കാൻ അവധാനതയോടെ നിതാന്ത ജാഗ്രതയോടെ വ്യാപരിക്കുക. മിശിഹായുടെ പരിവേഷത്തിൽ പ്രത്യക്ഷപ്പെടുന്ന വ്യാജോപദേഷ്ടാക്കളെ സൂക്ഷിക്കുവിൻ. പത്രോസ് പറയുന്നതുപോലെ അവർ ശീക്രനാശം വരുത്തി വെക്കും.
” ആടുകളുടെ വേഷത്തില്‍ വരുന്ന വ്യാജപ്രവാചകന്മാരെ സൂക്ഷിച്ചുകൊള്ളുവിന്‍. ഉള്ളില്‍ അവര്‍ കടിച്ചുചീന്തുന്ന ചെന്നായ്ക്കളാണ്.
ഫലങ്ങളില്‍നിന്ന് അവരെ മനസ്സിലാക്കാം. മുള്‍ച്ചെടിയില്‍ നിന്നു മുന്തിരിപ്പഴമോ ഞെരിഞ്ഞിലില്‍ നിന്ന് അത്തിപ്പഴമോ പറിക്കാറുണ്ടോ?
നല്ല വൃക്ഷം നല്ല ഫലവും ചീത്ത വൃക്ഷം ചീത്തഫലവും നല്കുന്നു.
നല്ല വൃക്ഷത്തിനു ചീത്തഫലങ്ങളോ ചീത്ത വൃക്ഷത്തിനു നല്ല ഫലങ്ങളോ പുറപ്പെടുവിക്കാന്‍ സാധിക്കുകയില്ല.
നല്ല ഫലം കായ്ക്കാത്ത വൃക്ഷമെല്ലാം വെട്ടി തീയിലെറിയപ്പെടും.
അവരുടെ ഫലങ്ങളില്‍നിന്നു നിങ്ങള്‍ അവരെ അറിയും.” (മത്താ.7 : 15-20 ).