പരിശുദ്ധതമത്രിത്വത്തെ സംബന്ധിക്കുന്ന രഹസ്യം ക്രൈസ്തവ വിശ്വാസത്തിന്റെയും ജീവിതത്തിന്റെയും കേന്ദ്രരഹസ്യമാണ്. ദൈവത്തിന്റെതന്നെ അന്തസത്തയെ സംബന്ധിക്കുന്ന ദിവ്യരഹസ്യമാണ് ഇത്. ഇക്കാരണത്താൽ വിശ്വാസത്തെ സംബന്ധിക്കുന്ന മറ്റെല്ലാ രഹസ്യങ്ങളുടെയും ഉറവിടവും അവയെ പ്രകാശിപ്പിക്കുന്ന വെളിച്ചവുമാണിത്. ‘വിശ്വാസസത്യങ്ങളുടെ ശ്രേണിയിൽ’ ഏറ്റവും മൗലികവും സത്താപരവുമായ പ്രബോധനമാണ് പരി. ത്രിത്വരഹസ്യം. രക്ഷാചരിത്രം പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ഏകസത്യദൈവം തന്നെത്തന്നെ മനുഷ്യന് വെളിപ്പെടുത്തുകയും ‘പാപത്തിൽനിന്നു പിൻതിരിയുന്നവരെ തന്നോട് അനുരഞ്ജനപ്പെടുത്തുകയും ഐക്യപ്പെടുത്തുകയും ‘ ചെയ്യുന്ന മാർഗ്ഗത്തിന്റെയും രീതികളുടെയും ചരിത്രം തന്നെയാണ്.
ത്രിത്വം ഏകമാകുന്നു. നമ്മൾ വിശ്വസിക്കുന്നത് മൂന്നു ദൈവങ്ങളില്ല, മൂന്നു വ്യക്തികളായ ഏകദൈവത്തിൽ ഏകസത്തയോടുകൂടിയ ത്രിത്വത്തിലാണ്. മൂന്നു ദൈവവ്യക്തികളും കൂടി ഒരു ദൈവികസത്തയെ വിഭജിച്ചെടുക്കുകയുമല്ല ചെയ്യുന്നത്; പ്രത്യുത, ത്രിത്വത്തിലെ ഓരോ വ്യക്തിയും പൂർണ്ണമായും മുഴുവനായും ദൈവമാണ്: ‘പുത്രൻ എന്തായിരിക്കുന്നുവോ അത് തന്നെയാണ് പിതാവ്; പിതാവ് എന്തായിരിക്കുന്നുവോ അതു തന്നെയാണ് പുത്രൻ; പരിശുദ്ധാത്മാവ് എന്തായിരിക്കുന്നുവോ അതു തന്നെയാണ് പിതാവും പുത്രനും; അതായതു സ്വഭാവത്തിൽ ഒരു ദൈവമാണ്’. ഈ മൂന്നു ‘വ്യക്തികളിലോരോരുത്തരും ദൈവികസത്ത, ദൈവിക സാരാംശം അഥവാ ദൈവിക പ്രകൃതി തന്നെയാണ്.
ദൈവികവ്യക്തികൾ അനോന്യം വ്യതിരിക്തരാണ് . ‘ദൈവം ഏകനാണ്’ എങ്കിലും ഏകാന്തനല്ല’ ‘പിതാവ്’, ‘പുത്രൻ’, ‘പരിശുദ്ധാത്മാവ് ‘ എന്നീ സംജ്ഞകൾ ദൈവിക ഉണ്മയുടെ വ്യത്യസ്തഭാവങ്ങളെക്കുറിക്കുന്ന നാമങ്ങളാണ്, അവ ഒന്നു മറ്റൊന്നിൽ നിന്ന് യഥാർത്ഥ വ്യത്യാസമുള്ളവയാണ്: ‘പുത്രൻ ആയിരിക്കുന്നവൻ പിതാവാണ്; പിതാവായിരിക്കുന്നവൻ പുത്രനാണ്; പിതാവോ പുത്രനോ ആയിരിക്കുന്നവൻ പരിശുദ്ധാത്മാവല്ല’. അവർ ഉദ്ഭവത്തിലെ ബന്ധത്തിൽ പരസ്പരം വ്യതിരിക്തരാണ്: ‘ജനിപ്പിക്കുന്നതുപിതാവാണ്; ജനിക്കുന്നത് പുത്രനാണ് ; പുറപ്പെടുന്നത് പരിശുദ്ധാത്മാവാണ്’. ദൈവിക ഏകത്വം ത്രിയേകമാണ്.
ദൈവികവ്യക്തികൾ അനോന്യബന്ധമുള്ളവരാണ്. ദൈവിക വ്യക്തികളുടെ അനോന്യവ്യതിരിക്തത ദൈവിക ഐക്യത്തെ ഭേദിക്കാത്തതിനാൽ, ദൈവിക വ്യക്തികൾക്ക് പരസ്പരമുള്ള യഥാർത്ഥമായ വ്യതിരിക്തത അടങ്ങിയിരിക്കുന്നത് അവരെ പരസ്പരം ബന്ധപ്പെടുത്തുന്ന ബന്ധങ്ങളിൽ മാത്രമാണ്. ‘വ്യക്തികളുടെ ബന്ധം സൂചിപ്പിക്കുന്ന നാമങ്ങളിലൂടെ പിതാവ് പുത്രനോടും, പുത്രൻ പിതാവിനോടും പരിശുദ്ധാത്മാവ് ഇരുവരോടും ബന്ധപ്പെട്ടിരിക്കുന്നു. അവരുടെ ബന്ധങ്ങളുടെ അടിസ്ഥാനത്തിൽ അവരെ മൂന്നു വ്യക്തികളെന്നു വിളിക്കുമ്പോൾ നാം ഒരു പ്രകൃതിയിൽ അഥവാ സത്തയിൽ മാത്രം വിശ്വസിക്കുന്നു’. അവർ തമ്മിലുള്ള ‘ബന്ധത്തിന്റെ വൈപരീത്യം ഇല്ലാതിടത്ത് അവർ മൂവരും ഒന്നാണ്.’ ‘ഈ ഐക്യംമൂലം പിതാവ് പൂർണ്ണമായി പുത്രനിലും പരിശുദ്ധാത്മാവിലുമാണ്; പുത്രൻ പൂർണ്ണമായി പിതാവിലും പരിശുദ്ധാത്മാവിലുമാണ്. പരിശുദ്ധാത്മാവ് പൂർണ്ണമായി പിതാവിലും പുത്രനിലുമാണ്’.
‘ദൈവശാസ്ത്രനിപുണൻ’ എന്ന് വിഖ്യാതനായ വി. ഗ്രിഗറി നാസിയാൻസൻ ത്രിത്വത്തിലുള്ള വിശ്വാസത്തിന്റെ സംഗ്രഹം കോൺസ്റ്റാന്റിനോപ്പിളിലെ ജ്ഞാനസ്നാനാർത്ഥികൾക്കു വിവരിച്ചുകൊടുക്കുന്നതിങ്ങനെയാണ്:
എല്ലാത്തിലും ഉപരിയായി ഈ വിശ്വാസനിക്ഷേപം പരിരക്ഷിക്കുവിൻ; ഈ വിശ്വാസനിക്ഷേപത്തിനുവേണ്ടിയാണ് ഞാൻ ജീവിക്കുന്നതും സമരം ചെയ്യുന്നതും. ഇതിനെ എന്റെ സഹചാരിയായി കൊണ്ടുനടക്കാൻ ഞാൻ ആഗ്രഹിക്കുന്നു; എല്ലാ ദുഃഖദുരിതങ്ങളും സഹിക്കുവാനും സർവ്വസന്തോഷങ്ങളും ത്യജിക്കുവാനും എന്നെ ശക്തനാക്കുന്നത് ഇതാണ്: പിതാവിലും പുത്രനിലും പരിശുദ്ധാത്മാവിലുമുള്ള വിശ്വാസപ്രഖ്യാപനം. ഇത് ഞാൻ നിന്നെ ഇന്ന് ഏല്പിക്കുകയാണ്. ഈ വിശ്വാസപ്രഖ്യാപനത്തോടെ ഞാൻ ഉടനെ തന്നെ നിന്നെ വെള്ളത്തിൽ മുക്കുവനും വെള്ളത്തിൽനിന്നു ഉയർത്തുവാനും പോകുകയാണ്. നിന്റെ ജീവിതം മുഴുവന്റെയും സഹചാരിയും രക്ഷാധികാരിയുമായ ഈ വിശ്വാസം നിനക്ക് ഞാൻ ഭരമേല്പിക്കുന്നു. മൂന്നു വ്യക്തികളിലായിരിക്കുന്ന ഒരു ദൈവികപ്രകൃതിയിലും ശക്തിയിലുമുള്ള വിശ്വാസമാണിത്; ഈ മൂന്നു വ്യക്തികളെയും വ്യതിരിക്തരീതിയിലാണ് മനസ്സിലാക്കേണ്ടത്. സത്തയുടെയോ പ്രകൃതിയുടെയോ കാര്യത്തിൽ യാതൊരു ഏറ്റക്കുറച്ചിലുമില്ലാത്തതാണ് ഈ ദൈവപ്രകൃതി ; ഉയർച്ചയ്ക്ക് നിദാനമായ ശ്രേഷ്ഠനിലയോ താഴ്ചയ്ക്കു നിദാനമായ അധോനിലയോ ഇവിടെയില്ല,… മൂന്ന് അനന്തവ്യക്തികളുടെ അനന്തമായ ഐക്യമാണിത്. വ്യതിരിക്തമായി പരിഗണിക്കുമ്പോൾ ഓരോ വ്യക്തിയും ദൈവമാണ്.. ഒരുമിച്ചു പരിഗണിക്കുമ്പോൾ ദൈവം ത്രിയേകമാണ്… ഞാൻ ഏക ദൈവത്തെപ്പറ്റി ചിന്തിക്കുവാൻ തുടങ്ങുമ്പോഴേക്കും മൂന്നു ദൈവിക വ്യക്തികളും എന്നെ തേജസ്സുകൊണ്ടു വലയം ചെയ്യുന്നു ; ഞാൻ മൂവരെയും പറ്റി ചിന്തിക്കുവാൻ തുടങ്ങുമ്പോഴേക്കും ഏകദൈവത്തിലേക്ക് നയിക്കപ്പെടുന്നു.
‘ഓ സൗഭാഗ്യദായകമായ ജ്യോതിസ്സേ, പരിശുദ്ധത്രിത്വമേ, ആദിമ ഏകത്വമേ’!. ദൈവം നിത്യസൗഭാഗ്യമാണ്, മരണമില്ലാത്ത ജീവനാണ്, അണയാത്ത ദീപമാണ്; പിതാവും പുത്രനും പരിശുദ്ധാത്മാവും. ദൈവം തന്റെ ഭാഗ്യപൂർണ്ണമായജീവന്റെ മഹത്വം പകർന്നുതരുവാൻ സ്വമനസാ തിരുവുള്ളമായി, ലോകസൃഷ്ടിക്കുമുമ്പേതന്നെ, തന്റെ പ്രിയസുതനിൽ പിതാവ് വിഭാവനം ചെയ്ത ‘ കൃപാകര പദ്ധതി ഇപ്രകാരമാണ്’, ‘നമ്മെ യേശുക്രിസ്തുവിലൂടെ ദത്ത് പുത്രരാക്കുവാൻ അവിടുന്ന് മുൻകൂട്ടി നിശ്ചയിച്ചു’; അതായത് , പുത്രസ്വീകാരത്തിന്റെ ആത്മാവിലൂടെ’ തന്റെ പുത്രന്റെ പ്രതിഛായയ്ക്കു നമ്മെ അനുരൂപരാക്കുവാൻ അവിടുന്ന് മുൻകൂട്ടി നിശ്ചയിച്ചു. യുഗാന്തരങ്ങൾക്കു മുൻപേതന്നെ നമ്മുക്ക് നല്കപ്പെട്ടതും നേരിട്ട് പരിശുദ്ധത്രിത്വത്തിന്റെ സ്നേഹത്തിൽ നിന്നു നിർഗളിക്കുന്നതുമായ ആ കൃപാവരമാണ് ഈ പദ്ധതി . സൃഷ്ടികർമത്തിലും ആദിപാപത്തിശേഷം രക്ഷാകരചരിത്രം മുഴുവനിലും, പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും അയയ്ക്കലുകളിലും ഈ പദ്ധതി വെളിപ്പെടുന്നു. സഭയുടെ അയയ്ക്കൽ ഈ അയയ്ക്കലുകളുടെ തുടർച്ചയാണ്.
ദൈവം സ്നേഹമാണ്. അതുകൊണ്ടുതന്നെ അവിടുന്ന് ഒരു ത്രിത്വമായിരിക്കണം സ്നേഹത്തിന്റെ സ്വഭാവേനെയുള്ള അനന്യസവിശേഷത ദാനം ചെയ്യുക എന്നതാണ്. സത്യസന്ധവും ആത്മാർത്ഥവും അഗാധവുമായ സ്നേഹം സ്വയം ദാനത്തിലാണു പൂർണ്ണമാവുക. പരിപൂർണ്ണ സ്വയംദാനം പുതു ജീവൻ പ്രദാനം ചെയ്യുന്നു. അങ്ങനെ, പിതാവ് സ്വയം ദാനം ചെയ്യുന്നു [ഇതുദൈവത്തിന്റെ സ്വഭാവ സവിശേഷതയാണ്. അറിവും സ്നേഹവും പൂർണ്ണതയിൽ എത്തുമ്പോൾ ആണ് പുതു ജനനം സംഭവിക്കുക]. ഒരു മാതാവിന്റെ സഹായം കൂടാതെ പിതാവിൽ നിന്നു തന്റെ ഏകജാതൻ പിറക്കുന്നു. ഇതു അനാദിയിലെ സംഭവിക്കുന്നതാണ്. ഇതിന് ആരംഭമില്ല, അവസാനവുമില്ല. ഇതു നിത്യമായ പ്രക്രിയയാണ്. അതുപോലെ തന്നെ, പിതാവും പുത്രനും തങ്ങളുടെ സ്നേഹം പ്രകാശിപ്പിക്കുന്നു, നിത്യമായി തന്നെ അവരുടെ ഈ സ്നേഹത്തിൽ നിന്നു പരിശുദ്ധാത്മാവ് പുറപ്പെടുന്നു. അതുകൊണ്ടു പിതാവിന്റെയും പുത്രന്റെയും ആത്മാവും അവർ തമ്മിലുള്ള സ്നേഹബന്ധവും ഈ പുറപ്പെടലിനു നിമിത്തമാവുന്നു. അതെ, ദൈവം ഒരു സ്നേഹസമൂഹമാണ്
ഈ ത്രിത്വകൂട്ടായ്മയിൽത്തന്നെ ഈ സ്നേഹബന്ധം ഒതുങ്ങി നിൽക്കണം. മറ്റാരിലേക്കും മറ്റൊന്നിലേക്കും, ഈ ദൈവസ്വഭാവത്തിന്റെ പൂർണ്ണതയിൽ, അതിനു പോകാനാവില്ല. പരിശുദ്ധ ത്രിത്വ കൂട്ടായ്മ ഒരു ആന്തരിക ദൈവിക പ്രകൃതിയാണ് ( It is fully and completely an internal spiritual communication and interaction) .
സൃഷ്ടിസാകല്യം,തീർച്ചയായും ദൈവത്തിന്റേതാണ്. ദൈവത്തിന്റെ പ്രവർത്തിയാണ്. പക്ഷെ അത് ബാഹ്യം മാത്രമാണ്. സൃഷ്ട്ടി-സൃഷ്ടാവ് ബന്ധം കാര്യകാരണബന്ധമാണ്. അതുകൊണ്ടു തന്നെ സൃഷ്ടി സൃഷ്ടാവിനെ പൂർണ്ണമായി ആശ്രയിച്ചേ മതിയാവൂ. ഒറ്റയ്ക്ക് അതിനു ഒന്നും ചെയ്യാനാവില്ല. മനുഷ്യന്റെ ഓരോ ശ്വാസോച്ഛാസം ദൈവത്തിന്റെ പരിപൂർണമായ അറിവിലും പരിപാലനയിലുമാണ് നടക്കുക.