നിങ്ങളുടെ ദൈവമായ കർത്താവിനു നിങ്ങൾ വിശുദ്ധ ജനമാണ്.. അവിടുന്ന് നിങ്ങളെ തിരഞ്ഞെടുത്തിരിക്കുന്നു. അവിടുത്തെ സ്വന്തം ജനമാണ് നിങ്ങൾ. അവിടുന്ന് നിങ്ങളെ അത്യധികം സ്നേഹിച്ചതും പിശാചിന്റെ ദാസ്യത്തിൽ നിന്ന് നിങ്ങളെ മോചിപ്പിച്ചതും എപ്പോഴും അവിടുത്തെ വിശ്വസ്തരായ സ്വന്തം ജനമായിരിക്കാനാണ്. അതിനാൽ നിങ്ങൾ അറിഞ്ഞുകൊള്ളുക നിങ്ങളുടെ ദൈവമായ കർത്താവാണ് ദൈവം. തന്നെ സ്നേഹിക്കുകയും തന്റെ കല്പന പാലിക്കുകയും ചെയ്യുന്നവരോട് ആയിരം തലമുറകൾ വരെ ഉടമ്പടി പാലിക്കുകയും അചഞ്ചലമായ സ്നേഹം പ്രകടിപ്പിക്കുകയും ചെയുന്ന വിശ്വസ്തനായ ദൈവമാണ് അവിടുന്ന്. അവിടുന്ന് നിങ്ങളോട് വലിയ കരുണ കാണിക്കും. നിങ്ങൾ എല്ലാ ജനങ്ങളെക്കാളും അനുഗ്രഹീതരായിരിക്കും. നിങ്ങളുടെ ദൈവമായ കർത്താവു നിങ്ങളുടെ മദ്ധ്യേ ഉണ്ട് (നിയ. 7-21).
നിങ്ങളുടെ ദൈവമായ കർത്താവു ആവശ്യപ്പെടുന്നത് നിങ്ങൾ അവിടുത്തെ ഭയപ്പെടുകയും അവിടുത്തെ മാർഗത്തിൽ ചരിക്കുകയും അവിടുത്തെ സ്നേഹിക്കുകയും പൂര്ണഹൃദയത്തോടുംകൂടെ അവിടുത്തെ സേവിക്കുകയും അവിടുത്തെ കല്പനകൾ പാലിക്കുകയും ചെയുക എന്നതല്ലാതെ മറ്റെന്താണ്? ആകയാൽ നിങ്ങളുടെ ഹൃദയങ്ങൾ തുറക്കുവിൻ. ഇനിമേൽ ദുശ്ശാട്യക്കാർ ആയിരിക്കരുത്. നിങ്ങളുടെ ദൈവം മുഖം നോക്കാത്തവനും കൈക്കൂലി വാങ്ങാത്തവനുമാണ്. അനാഥർക്കും വിധവകൾക്കും അവിടുന്ന് നീതി നടത്തി കൊടുക്കുന്നു. അവിടുത്തെ നിങ്ങൾ ഭയപ്പെടണം. നിങ്ങൾ അവിടുത്തെ സേവിക്കുകയും അവിടുത്തോടു ചേർന്ന് നിൽക്കുകയും വേണം. അവിടുന്നാണ് നിങ്ങളുടെ അഭിമാനം (നിയ. 10:12-21).
ദൈവത്തിന്റെ കല്പനകൾ അനുസരിച്ചാൽ അനുഗ്രഹം; ധിക്കരിച്ചാൽ ശാപം. അനുസരിക്കുന്നവർക്കു ധാന്യങ്ങളും വീഞ്ഞും എണ്ണയും സമൃദ്ധമായി ലഭിക്കത്തക്കവിധം നിങ്ങളുടെ ഭൂമിക്കാവശ്യമായ ശരത്ക്കാല വൃഷ്ടിയും വസന്തകൾ വൃഷ്ടിയും യഥാസമയം അവിടുന്ന് നൽകും. നിങ്ങള്ക്ക് ഭക്ഷ്യവിഭവങ്ങൾ നൽകുന്ന കന്നുകാലികൾക്കാവശ്യമായ പുല്ലു നിങ്ങളുടെ മേച്ചിൽ സ്ഥലത്തു ഞാൻ മുളപ്പിക്കും. അങ്ങനെ നിങ്ങൾ സംതൃപ്തരാകും. നിങ്ങൾ വിഗ്രഹാരാധന നടത്തിയാൽ കർത്താവിന്റെ കോപം നിങ്ങൾക്കെതിരെ ജ്വലിക്കും. അവിടുന്ന് ആകാശം അടച്ചു കളയും. ഭൂമി വിളവ് നൽകുകയില്ല. മഴ പെയുകയില്ല. ആകയാൽ ദൈവത്തിന്റെ വചനം ഹൃദയത്തിലും മനസിലും സൂക്ഷിക്കുവിൻ (നിയ 11:13-15)