തന്റെ സംരംഭത്തിന് ആരംഭമായെങ്കിലും തനിക്കു തല ചായിക്കാൻ ഇനിയും ഇടം കിട്ടിയിരുന്നില്ല. ഈ സാഹചര്യം സി. തെരേസയെ വളരെ വിഷമിപ്പിച്ചു. അന്വേഷണം തുടർന്നുകൊണ്ടേയിരുന്നു. ഇടംതേടി അലയുന്നവരുടെ കഠോര വേദനയുടെ ആഴം മനസ്സിലാക്കാൻ ഈ അവസ്ഥ സിസ്റ്ററിനെ ഏറെ സഹായിച്ചു. മാത്രവുമല്ല, മനസ്സു മടുക്കാതെ ദൈവത്തിലാശ്രയിച്ചു മുന്നേറാൻ ഇത് അവർക്കു പ്രേരണയായി ലൊറേറ്റോയിൽ നിന്നു വിളിച്ചിറക്കി കൊണ്ടുവന്നവൻ, സർവ്വസമ്പത്തും ജഗത്തിൽ വിതയ്ക്കുന്ന, സകലത്തേയും പരിപാലിക്കുന്ന സർവ്വശക്തൻ തലചായിക്കാൻ ഒരിടം നൽകുമെന്ന് സി. തെരേസ ഉറച്ചു വിശ്വസിച്ചു.
ഈ ബോധ്യത്തോടെ 1949 ഫെബ്രുവരി മാസത്തിൽ തന്റെ ആത്മഗുരുവായ ഫാ. സെലസ്റ്റ് വാൻ എക്സമിനെ കാണാൻ പാവങ്ങളുടെ അമ്മ ചെന്നു. തന്റെ ആവശ്യം അവർ അച്ചനെ അറിയിച്ചു. ദൈവം അവരുടെ പ്രാർത്ഥന ശ്രവിച്ചു. ഏറെ താമസിയാതെ ഒരു ദിവസം ഫാ. സെലസ്റ്റ് അവരെ വിളിച്ചു പറഞ്ഞു, മൈക്കൾ ഗോമസിന്റെ ഭവനത്തിലെ രണ്ടാം നിലയിൽ സി. തെരേസയ്ക്കു താമസിക്കാമെന്ന്. അത്രവലിയ കെട്ടിടം അവർ പ്രതീക്ഷിച്ചിരുന്നില്ല. എങ്കിലും അച്ചന്റെ നിർദ്ദേശപ്രകാരം ദൈവഹിതത്തിന് അവർ വിധേയയായിയ മഹാമനസ്കനായ മൈക്കൾ ഗോമസിന്റെ ഭവനത്തിൽ ഫെബ്രുവരി 28-ാം തീയതി മുതൽ അവർ താമസം ആരംഭിച്ചു. കൂട്ടിന് ചാരൂർമായ എന്ന വിധവയേയും ദൈവം അവർക്കു നൽകി.
ആദ്യത്തെ അർത്ഥിന്
ഗോമസിന്റെ വീട്ടിൽ താമസമാക്കുന്നതിനു മുമ്പ് സി. തെരേസയുടെ ഒരു വിദ്യാർത്ഥിനി സുഭാഷിണി ദാസ് അവളെ സമീപിച്ചു പറഞ്ഞു: ”അമ്മേ അമ്മയുടെ കൂടെ ജീവിക്കാനാണു ഞാൻ വന്നത്”. അമ്മയ്ക്ക് അത്ഭുതമായി. തന്റെ പരുപരുത്ത കരങ്ങൾ നീട്ടിക്കൊണ്ട് അവർ പറഞ്ഞു: ”മോളെ, നീ ഇതു കണ്ടോ? ജീവിതം ക്ലേശപൂർണ്ണമാണ്. എന്റെ വസ്ത്രങ്ങൾ വളരെ വിലകുറഞ്ഞവയാണ്. നിന്നെത്തന്നെ മറന്ന് ദൈവത്തിനു പരിപൂർണ്ണമായി സമർപ്പിച്ച് പാവങ്ങൾക്കുവേണ്ടി ജീവിക്കാൻ നിനക്കാവുമോ?” നിശ്ചയദാർഢ്യത്തോടെ ആ പെൺകുട്ടി പറഞ്ഞു: ”എനിക്കാവും. ഞാൻ തയ്യാറാണ്. ഏറെ ആലോചിച്ചതിനുശേഷമാണ് വലിയ ആഗ്രഹത്തോടെ അമ്മയെ തേടി ഞാൻ വന്നത്. എനനെ ഉപേക്ഷിക്കരുത്”. അങ്ങനെ സി. തെരേസ മദർ തെരേസയായി.
സി. തെരേസയ്ക്കു അവളെ സ്വീകരിക്കണമെന്നുണ്ടായിരുന്നു. എങ്കിലും ദൈവാത്മാവു തോന്നിപ്പിച്ചതനുസരിച്ച് അവർ അവളോടു പറഞ്ഞു: ”ദാരിദ്ര്യമാണ് എന്റെ സമ്പത്ത്. പാവങ്ങളാണെന്റെ ബന്ധുക്കൾ. താമസിക്കാൻ ഒരു വീടുപോലുമില്ല. മോൾ സമാധാനമായി മടങ്ങുക. ദൈവം അനുവദിക്കുമെങ്കിൽ നമുക്കു വീണ്ടും കാണാം”. സുഭാഷിണിക്ക് അമൃതമായിരുന്നു ആ വാക്കുകൾ. സന്തോഷത്തോടെതന്നെ അവൾ മടങ്ങിപ്പോയി. ലൊറേറ്റായിലെ കാത്തലിക് ആക്ഷൻ ഗ്രൂപ്പിലെ ഒരു സജീവാംഗമായിരുന്നു സുഭാഷിണി. രോഗികളോടും പാവപ്പെട്ടവരോടും അവൾ കാരുണ്യത്തോടെ പെരുമാറുന്നത് സി. തെരേസ നോക്കി നിന്നിട്ടുണ്ട്. അവരെ ശുശ്രൂഷിക്കുന്നതിൽ എന്തോ ദിവ്യാനുഭൂതി ആ പെൺകുട്ടി നുകരുന്നത് അവർ മനസ്സിലാക്കിയിരുന്നു. അവർ സുഭാഷിണിക്കുവേണ്ടി ഏറെ പ്രാർത്ഥിച്ചു. അവരുടെ ബലിയർപ്പണത്തിൽ സുഭാഷിണിയുടെ മുഖം തെളിഞ്ഞു നിന്നിരുന്നു. വീണ്ടും വീണ്ടും ആ കുട്ടിയെ അവർ കർത്താവിനു സമർപ്പിച്ചു.
മാർച്ചു 19-ാം തീയതി, യൗസേപ്പിതാവിന്റെ തിരുനാൾ ദിവസം സി. തെരേസ പ്രാർത്ഥിച്ചുകൊണ്ടിരുന്നപ്പോൾ സുഭാഷിണി വീണ്ടും വന്നു. പല മാറ്റങ്ങൾക്കും അവൾ വിധേയയായതായി മദർ ശ്രദ്ധിച്ചു. വിലകുറഞ്ഞ വസ്ത്രങ്ങളാണ് അവൾ ധരിച്ചിരിക്കുന്നത്. ആഭരണങ്ങൾ ഒന്നുമില്ല. ഒരു അർത്ഥിനിയുടെ വിനീതമായ മുഖം. മനസ്സിലെ ഉറച്ച തീരുമാനം മുഖത്തു പ്രതിബിംബിക്കുന്നതുപോലെ. അവൾ പറഞ്ഞു: ”അമ്മേ, എല്ലാം ഉപേക്ഷിച്ച് ഇതാ ഞാൻ വന്നിരിക്കുന്നു. ഇനി എന്നെ തള്ളിക്കളയരുതേ”.
എല്ലാം സമർപ്പിച്ചവളുടെ ഹൃദയം തുറന്നുള്ള തേങ്ങിക്കരച്ചിലായിരുന്നു അത്. സി. തെരേസ അവളെ സസന്തോഷം ഇരുകൈകളും നീട്ടി സ്വീകരിച്ചു. തമ്പുരാൻ കനിച്ചു നൽകിയ ആ ആദ്യനിധിയെ പരിശുദ്ധ അമ്മയുടെ വിമലഹൃദയത്തിന് അവർ സമർപ്പിച്ചു. ആഗ്നസ് എന്ന പേരു സ്വീകരിച്ച് സുഭാഷിണി ഉപവിയുടെ സഹോദരികളിലെ പ്രഥമ അംഗമായി. തന്റെ ജീവിതത്തിലെ എല്ലാ അനുഭവങ്ങളിലും ഒപ്പം നിന്ന ആഗ്നസ് മരണം വരെ മദർ തെരേസയുടെ വലംകൈ ആയിരുന്നു. അമ്മയ്ക്കു പകരം നിന്ന ആദ്യത്തെ നോവിസ് മിസ്ട്രസ്സും സി. ആഗ്നസ് തന്നെയായിരുന്നു. അവൾ മരിക്കുമ്പോൾ കൂടെ നിന്ന് സാന്ത്വനം നൽകി ശുശ്രൂഷിക്കുവാൻ ദൈവം അമ്മയ്ക്കു അവസരം നൽകി. 1997 ഏപ്രിൽ 9നാണ് സി. ആഗ്നസ് സർവ്വശക്തനിൽ വിലയം പ്രാപിച്ചത്.
സി. ആഗ്നസിനു പിന്നാലെ ആയിരങ്ങൾ ഉപവിയുടെ സഹോദരിമാരായി വന്നു. കർത്താവിന്റെ കാരുണ്യം അവരുടെ സ്നേഹകൂടാരത്തിന് എന്നും തണലായിരുന്നു. ആ കാരുണ്യത്തിന്റെ തണലിൽ അനുദിന ജീവിതക്ലേശങ്ങൾ അവർ മറന്നു.
കയ്പും മധുരവും നിറഞ്ഞ അനുഭവങ്ങൾ
ഒരു രാത്രി ഉറങ്ങാൻ കിടന്നപ്പോൾ ഏശയ്യാ പ്രവാചകന്റെ ”കർത്താവു നിനക്കു കഷ്ടതയുടെ അപ്പവും ക്ലേശത്തിന്റെ ജലവും തന്നാലും നിന്റെ ഗുരു നിന്നിൽ നിന്നു മറഞ്ഞിരിക്കുകയില്ല. നിന്റെ നയനങ്ങൾ നിന്റെ ഗുരുവിനെ ദർശിക്കും. നീ വലത്തോട്ടോ ഇടത്തോട്ടോ തിരിയുമ്പോൾ നിന്റെ കാതുകൾ പിന്നിൽ നിന്ന് ഒരു സ്വരം ശ്രവിക്കും ഇതാണു വഴി, ഇതിലെ പോവുക” (30:20-21) എന്ന വചനങ്ങൾ ഓർക്കേണ്ട ഒരു സാഹചര്യം അഗതികളുടെ അമ്മയ്ക്കുണ്ടായി.
സ്വയം വിനീതയാകാൻ കർത്താവ് ഒരുക്കിയ ഒരു അവസരം ആയിരുന്നു അത്. ഒരിക്കൽ അമ്മ തങ്ങൾക്കും പാവങ്ങൾക്കും വേണ്ടി ഭിക്ഷ യാചിച്ച് ഒരു ബ്രാഹ്മണ കുടുംബത്തിൽ എത്തി. ശരിക്കും വിശപ്പനുഭിച്ചിരുന്ന അവർ എന്തെങ്കിലും നൽകണമെന്നു യാചിച്ചു. അമ്മ കൈനീട്ടി. ആ ബ്രാഹ്മണൻ കോപിച്ച് അമ്മയുടെ കൈകളിൽ നീട്ടിത്തുപ്പി. അതു സന്തോഷപൂർവ്വം സ്വകരിച്ച് സൗമ്യതയോടെ അമ്മ പറഞ്ഞു: ”ഇത് എന്റെ പാപത്തിന്റെ ഫലമാണ്, ഇനി എന്റെ പാവങ്ങൾക്ക് എന്തെങ്കിലും തരണമേ”.
സ്നേഹത്തിൽ പൊതിഞ്ഞ വിനയാന്വിതമായ ആ സംസാരവും പെരുമാറ്റവും ആ ബ്രാഹ്മണന്റെ ഉൾക്കണ്ണു തുറപ്പിച്ചു. അയാൾ അമ്മയോടു ക്ഷമ ചോദിച്ചു. ഇനിയുമെന്നും ആ വാതിൽഡ അവർക്കായി കൊടുത്ത് അനുഗ്രഹിച്ചു. ഇനിയുമെന്നും ആ വാതിൽ അവർക്കായി തുറന്നു കിടക്കുമെന്ന് ഉറപ്പും നൽകി. അവർ സന്തോഷത്തോടെ മടങ്ങിപ്പോയി. തെരേസ, എങ്ങനെയാണ് ആ തുപ്പൽ സൗമ്യതയോടെ പുഞ്ചിരിച്ച് ഏറ്റുവാങ്ങാൻ നിനക്ക് സാധിച്ചത്? ഒരറപ്പും തോന്നാതെ നീ എങ്ങനെയാണ് അതു സ്വീകരിച്ചത്?
ദൈവമാണ് ആ ശക്തി തനിക്കു നൽകിയതെന്നു കനിവിന്റെ താതയ്ക്കു ബോധ്യമായി. ഈശോയുടെ ചോര കിനിയുന്ന തിരുമുഖമാണ്, ആ മുഖത്തേറ്റ നിന്ദനത്തിന്റെ മുറിവുകളാണ് അമ്മയ്ക്കു പിടിച്ചു നിൽക്കാൻ കൃപയും ശക്തിയും നൽകിയത്. വാസ്തവത്തിൽ നല്ല ദൈവം അമ്മയെ വലിയ കാര്യങ്ങൾക്ക് ഒരുക്കുകയായിരുന്നു. ചേരികളിലെ പുഴുക്കളരിക്കുന്ന ശരീരങ്ങളെ വാരിപ്പുണരാൻ, കുഷ്ഠരോഗത്തിന്റെ വൃണങ്ങളാൽ ദുർഗന്ധം വമിക്കുന്ന ദൈവമക്കളെ ശുശ്രൂഷിക്കാൻ, ക്ഷയരോഗത്താൽ എല്ലും തൊലിയുമായി തളർന്നുവീണ മനുഷ്യപുത്രരെ ആശ്വസിപ്പിക്കാൻ, മരണവേദനയാൽ പിടുന്നവരെ സ്നേഹം പകർന്നു മടിയിൽ കിടത്തി ദൈവത്തിന്റെ മടിത്തട്ടിലേയ്ക്ക് ആനയിക്കാൻ അമ്മയുടെ മനസ്സിനെ ദൈവം ഒരുക്കുകയായിരുന്നു. ദൈവത്തിന്റെ തന്നോടൊപ്പമുള്ള സാന്നിദ്ധ്യത്തെക്കുറിച്ച് കരുണയുടെ അമ്മയ്ക്കു നിരന്തരമായ ബോധ്യമുണ്ടായിരുന്നു.