ഞാൻ പ്രാർത്ഥിച്ചു. അനന്തരം സുവിശേഷം തുറന്നുനോക്കിയപ്പോൾ താഴെ വരുന്ന വാക്യം എന്റെ ശ്രദ്ധയിൽപ്പെട്ടു. “ഈശോ മലയിൽ കയറി തനിക്കിഷ്ടമുള്ളവരെ അടുക്കൽ വിളിച്ചു. അവർ തന്റെ പക്കൽ വരികയും ചെയ്തു” (മാർക്കോ. 3 :13 ). എന്റെ ദൈവവിളിയുടെ സംസ്തരഹസ്യവും ഇതിലുണ്ട്. എന്റെ ജീവിതം മുഴുവന്റെയും വിശിഷ്യാ, ഈശോ എന്റെ ആത്മാവിൽ വർഷിച്ചിട്ടുള്ള എല്ലാ അനുഗ്രഹങ്ങളുടെയും രഹസ്യം…. അർഹതയുള്ളവരെയല്ല അവിടുന്ന് വിളിക്കുന്നത്. പ്രത്യുത തനിക്കു ഇഷ്ടമുള്ളവരെയത്രെ.
തുടർന്ന് കൊച്ചുറാണി റോമാ. 9 : 15 ,16 തന്റെ നിലപാടിന് ഉപോദ്ബലകമായി ഉദ്ധരിക്കുന്നു. എനിക്കു തോന്നുന്നവരോട് ഞാൻ ദയ കാണിക്കും എനിക്ക് അനുകമ്പ തോന്നുന്നവരോട് അനുകമ്പയും”. എന്ന് അവിടുന്ന് മോശയോട് അരുളിച്ചെയ്യുന്നു.. അതുകൊണ്ടു മനുഷ്യന്റെ ആഗ്രഹമോ, പ്രയത്നമോ അല്ല, ദൈവത്തിന്റെ ദയയാണ് എല്ലാറ്റിന്റെയും അടിസ്ഥാനം .
കൊച്ചുറാണിയുടെ അസ്വസ്ഥത
എന്തുകൊണ്ടാണ് നല്ലദൈവം പക്ഷപാതം കാണിക്കുന്നത്?
എന്തുകൊണ്ടാണ് എല്ലാ ആത്മാക്കളും ഒരേയളവിൽ അനുഗ്രഹങ്ങൾ പ്രാപിക്കാത്തത്?
” ആ രഹസ്യം എനിക്ക് വെളിപ്പെടുത്തിത്തരാൻ ഈശോ തിരുമനസ്സായി. പ്രകൃതിയാകുന്ന പുസ്തകം അവിടുന്ന് എന്റെ കൺമുമ്പിൽ തുറന്നുവച്ചു അവിടുന്ന് സൃഷ്ടിച്ച എല്ലാ പുഷ്പങ്ങളും അഴകുള്ളവയാണ്. റോസിന്റെ കാന്തിയും ലില്ലിയുടെയും മുല്ലയുടെയും വെണ്മയും കുഞ്ഞു വയലെറ്റിന്റെ സൗരഭ്യത്തെയോ ഡെയ്സിയുടെ ആകർഷകമായ സാരള്യത്തെയോ നിർമ്മാർജ്ജനം ചെയ്യുന്നില്ല. ചെറിയ പൂക്കളെല്ലാം റോസുകളാകാൻ ആഗ്രഹിക്കുന്ന പക്ഷം പ്രകൃതിയുടെ വാസന്തിക പ്രതീതി നഷ്ടപ്പെടും. വയലുകൾക്കു കുഞ്ഞുപൂക്കളുടെ ലാവണ്യമില്ലാതായിത്തീരും.
ഈശോയുടെ ഉദ്യാനമായ ആത്മാക്കളുടെ സ്ഥിതിയും ഇതുതന്നെ ലില്ലിയോടും റോസിനോടും ഉപമിക്കാവുന്ന മഹാവിശുദ്ധരെയും തീരെ ചെറിയ വിശുദ്ധന്മാരെയും അവിടുന്ന് തന്നെയാണ് സൃഷ്ട്ടിച്ചത്. ഓരോന്നും ദൈവം സൃഷ്ടിച്ചതുപോലെ ആയിരിക്കുന്നതിൽ അഭിമാനം കൊള്ളണം. തിരുമനസ്സ് നിറവേറ്റുന്നതിലും അവിടുന്ന് നൽകുന്ന സ്ഥാനത്തു സ്ഥിതിചെയ്യുന്നതിലുമാണ് പുണ്യപൂർണ്ണത അടങ്ങിയിരിക്കുന്നത് .
വരപ്രസാദത്തെ നഷ്ടപ്പെടുത്താതെ ഏറ്റം നിസ്സാരയായ ഒരാത്മാവിൽ, അത്യുൽകൃഷ്ടയായ മറ്റൊരാത്മാവിലെന്നപോലെതന്നെ നമ്മുടെ കർത്താവിന്റെ കരുണാർദ്രസ്നേഹം പ്രത്യക്ഷമാകും. ഇത്തരം സ്നേഹത്തിന്റെ സാരാംശം സ്വയം താഴ്ത്തുക എന്നതായിരിക്കെ, എല്ലാ ആത്മാക്കളും തങ്ങളുടെ പ്രബോധനങ്ങൾകൊണ്ട് തിരുസഭയെ പ്രകാശിപ്പിച്ചിട്ടുള്ള വിശുദ്ധ മാലാഖമാർ തുല്യരായിരുന്നെങ്കിൽ , അവരുടെ ഹൃദയങ്ങളിൽ എഴുന്നള്ളി വരാൻ. അത്രയധികം താഴേണ്ടതില്ലെന്നു തോന്നിപ്പോകും. എന്നാൽ കുഞ്ഞിപ്പൈതലിനെയും പാവപ്പെട്ട കാട്ടാളനെയും അവിടുന്നാണല്ലോ സൃഷ്ട്ടിച്ചത്. ഇത്തരം ഹൃദയങ്ങൾവരെ താണിറങ്ങാൻ അവിടുന്ന് കനിയുന്നു. തന്റെ ഈ “വയൽ പുഷ്പങ്ങ”ളുടെ സാരള്യമാണ് തന്നെ ഹർഷതരളിതനാക്കുന്നത്. ഇപ്രകാരമുള്ള താഴ്മയിലാണ് ദൈവം തന്റെ അനന്തമായ മാഹാത്മ്യം വെളിവാക്കുന്നത്. സൂര്യൻ സിഡാർ വൃക്ഷങ്ങൾക്ക് വെളിച്ചം പകരുന്നതോടൊപ്പം ഓരോ ‘ചെറുപുഷ്പ‘ത്തെയും അതുമാത്രമേ മഹിയിലുള്ളു എന്ന മട്ടിൽ , തലോടുന്നുമുണ്ട്. അതുപോലെ നമ്മുടെ ദിവ്യനാഥൻ ഓരോ ആത്മാവിന്റെയും പ്രത്യേക പരിചരണത്തിൽ അവളോട് സദൃശ്യയായി വേറെ ആരുമില്ലെന്ന വിധം ബദ്ധശ്രദ്ധനായിരിക്കുന്നു. ഏറ്റം നിസ്സാരയായ ഡെയ്സി നിശ്ചിത ദിവസം വിടരത്തക്കവിധം കാലാവസ്ഥ ക്രമീകൃതമായിരിക്കുന്നതുപോലെ തന്നെ ഓരോ ആത്മാവിന്റെയും നന്മയ്ക്കായി സമസ്തവും സഹകരിക്കുന്നു.