ക്രിസ്തു സ്വന്തം ജീവന് നമുക്കുവേണ്ടി പരിത്യജിച്ചു എന്നതില്‍നിന്നു സ്നേഹം എന്തെന്നു നാമറിയുന്നു. നമ്മളും സഹോദരര്‍ക്കുവേണ്ടി ജീവന് പരിത്യജിക്കാന്‍ കടപ്പെട്ടിരിക്കുന്നു.
ലൗകിക സമ്പത്ത് ഉണ്ടായിരിക്കെ, ഒരുവന് തന്റെ സഹോദരനെ സഹായമര്‍ഹിക്കുന്നവനായി കണ്ടിട്ടും അവനെതിരേ ഹൃദയം അടയ്ക്കുന്നെങ്കില്‍ അവനില്‍ ദൈവസ്നേഹം എങ്ങനെ കുടികൊള്ളും?
കുഞ്ഞുമക്കളേ, വാക്കിലും സംസാരത്തിലുമല്ല നാം സ്നേഹിക്കേണ്ടത്; പ്രവൃത്തിയിലും സത്യത്തിലുമാണ്.
1 യോഹന്നാന് 3 : 16-18
ഈശോമിശിഹായുടെ സ്നേഹം യഥാർത്ഥ സ്നേഹത്തിന്റെ മാതൃകയായി യോഹന്നാൻ എടുത്തു കാട്ടുന്നു. ഉദ്ധ്രുത വാക്യങ്ങളിൽ മിശിഹായുടെ രക്ഷാകര മരണം ക്രൈസ്തവ സ്നേഹത്തിന്റെ തനിമ വെളിപ്പെടുത്തുന്നു. സഹോദരങ്ങൾക്ക് വേണ്ടി സ്വന്തം ജീവൻ പോലും ത്യജിക്കാൻ കടപ്പെടുത്തുന്ന സ്നേഹമാണ് അത് . ഇത് വെറും നൈയാമികമായ ഒരു കടപ്പാടല്ല. ദൈവത്തിന്റെ സ്നേഹം ഈശോമിശിഹായുടെ നാം അനുഭവിക്കുമ്പോൾ, ആ സ്നേഹം സഹോദരരുമായി പങ്കുവയ്ക്കാൻ നമുക്ക് അനുഭവപ്പെടുന്ന ആന്തരിക നിർബന്ധത്തിൽ നിന്ന് ഉടലെടുക്കുന്ന കടപ്പാടാണത്. അതുകൊണ്ട് മിശിഹായുടെ സ്നേഹത്തിന്റെ വെറുമൊരു ബാഹ്യമായ അനുകരണമല്ല. പ്രത്യുത, അവിടുത്തെ സ്നേഹത്തിലുള്ള ഭാഗഭാഗിത്വമാണ്. അവിടുന്നിലൂടെ തന്റെ പരിശുദ്ധാത്മാവിനെ സ്വീകരിച്ചുകൊണ്ടാണ് അവിടുത്തെ സ്നേഹത്തിൽ നാം പങ്കുചേരുന്നത്.
ദൈവാത്മാവ് നമ്മിൽ വസിച്ച് ഈശോ സ്നേഹിച്ചതുപോലെ സ്നേഹിക്കാൻ അവിടുന്ന് നമ്മെ പ്രചോദിപ്പിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്നു. ദൈവത്തിന്റെ സ്നേഹം നമ്മിലുണ്ടെന്നതിന്റെ ബാഹ്യമായ അടയാളം നാം ചെയ്യുന്ന പരസ്നേഹ പ്രവർത്തികളാണ്. അതുകൊണ്ടാണ് 1യോഹ 2:17ൽ പറയുന്നത്. “ലൗകിക സമ്പത്ത് ഉണ്ടായിരിക്കെ ഒരുവൻ തന്റെ സഹോദരനെ സഹായമർഹിക്കുന്നവനായി കണ്ടിട്ടും, അവനെതിരെ ഹൃദയമടയ്ക്കുന്നെങ്കിൽ, അവനിൽ ദൈവസ്നേഹം എങ്ങനെ കുടികൊള്ളും? “.
3:18ൽ ശ്ലീഹാ കൃത്യമായി പറയുന്നു:
” വാക്കിലും സംസാരത്തിലും അല്ല പ്രവർത്തിയിലും സത്യത്തിലും ആണ് സ്നേഹിക്കേണ്ടത് “.
ഇവിടെ സംസാരം എന്നതിന് ‘നാവ്’ എന്നാണർത്ഥം. നാവിൽ നിന്നാണല്ലോ വാക്കുകൾ പുറപ്പെടുക. പ്രവർത്തിയിലും സത്യത്തിലും സ്നേഹിക്കണമെന്ന് തുടർന്ന് കൃത്യമായി പറഞ്ഞിരിക്കുകയും ചെയ്യുന്നു. ദൈവത്തിന്റെ വെളിപ്പെടുത്തപ്പെട്ട സത്യത്തെയാണ് ‘സത്യം’ എന്ന് പദം അർത്ഥമാക്കുന്നത്.ഈ സത്യമാണ് വിശ്വാസത്തിലൂടെ നാം ഹൃദയത്തിൽ ഏറ്റുവാങ്ങുക. ഈ വെളിപ്പെടുത്തപ്പെട്ട സത്യം ഈശോ തന്നെയാണ്. അവിടുന്ന് വ്യക്തമായി വെളിപ്പെടുത്തുന്നു.” വഴിയും സത്യവും ജീവനും ഞാനാണ് ” എന്നിലൂടെ അല്ലാതെ ആരും പിതാവിന്റെ അടുക്കൽ വരുന്നില്ല “(യോഹ 14:6).