ഞെട്ടിപ്പിക്കുന്ന സത്യങ്ങൾ

Fr Joseph Vattakalam
2 Min Read

ചോദിക്കുവിൻ ;നിങ്ങൾക്ക് ലഭിക്കും.

എല്ലാവരും വിശിഷ്യാ മാതാപിതാക്കളും ഗുരുഭൂതരും പുരോഹിതരും ഒക്കെ കുട്ടികൾക്ക് വേണ്ടി ഉള്ളുരുകി പ്രാർത്ഥിക്കേണ്ട കാലഘട്ടമാണിത്. അവരെ നശിപ്പിക്കാൻ സാത്താൻ അവന്റെ സകല അടവുകളും പയറ്റി കൊണ്ടിരിക്കുന്നു. എല്ലാത്തരം തിന്മകളിലേക്കും അവരെ വലിച്ചിഴയ്ക്കാൻ കച്ചകെട്ടി ഇറങ്ങിയിരിക്കുന്നു. പിശാചിന്റെ ഏജൻസികൾ നിരവധിയാണ്. മദ്യലോബി, മയക്കുമരുന്ന് ലോബി,മാധ്യമങ്ങൾ, വിവിധ കലകൾ,എല്ലാം അഹമഹാമിഹയാ മത്സരിക്കുകയാണല്ലോ.

കുടുംബതലത്തിലും ഇടവക തലത്തിലും സ്കൂൾ കോളേജ് തലങ്ങളിലുമെല്ലാം ഉണ്ട് ഈ മാരണങ്ങൾ. ബോധവൽക്കരണവും പ്രാർത്ഥനയും പരിത്യാഗവും എല്ലാം അത്യന്താപേക്ഷിതമാണ്. ഈ മേഖലകളിലെ നിരുത്തരവാദപരമായ മനോഭാവങ്ങൾ വരുംതമുറയെ നമുക്ക് നഷ്ടപ്പെടാൻ പോലും കാരണമാകും. ഇന്നിന്റെ പ്രതിസന്ധികളെയും പ്രശ്നങ്ങളെയും ആസൂത്രിത നീക്കങ്ങളെക്കുറിച്ചും മുമ്പിലുള്ള കെണികളെക്കുറിച്ചും ബോധവൽക്കരിക്കുക, കൂദാശകളിലേക്കും,പ്രാർത്ഥനയിലേക്കും, വചനത്തിലേക്കുമൊക്കെ കൃത്യമായി മുന്നറിയപ്പുകൾ നൽകുക. അവരുടെ കൂട്ടുകളെക്കുറിച്ചും സാങ്കേതികവിദ്യയുടെ ദുരുപയോഗങ്ങളെക്കുറിച്ചുമൊക്കെ പ്രാർത്ഥനാപൂർവ്വം പ്രായശ്ചിത്ത മനോഭാവത്തോടെ ബന്ധപ്പെട്ടവരല്ലാം കണ്ണിലെണ്ണയും ഒഴിച്ച് ജാഗ്രത പുലർത്താൻ ബദ്ധ ശ്രദ്ധരായിരിക്കണം.

ആരെയും ഞെട്ടിപ്പിക്കുന്ന ഹൃദയഭേദകമായ ഒരു സംഭവം രേഖപ്പെടുത്തട്ടെ. ഒരു തിരുമേനി (മെത്രാൻ )തന്റെ പ്രഭാഷണത്തിൽ പറഞ്ഞത് തന്നെ പറയാം. അസംബ്ലിയുടെ സമയത്ത് ഒരു ആൺകുട്ടി ബോധരഹിതനായി നിലത്ത് വീണു. സാധാരണ രീതികൾ ഒക്കെ ചെയ്തിട്ട് കുട്ടിക്ക് ബോധം തിരിച്ചു കിട്ടുന്നില്ല. സ്കൂൾ അധികൃതർ അവനെ വേഗം ആശുപത്രിയിൽ എത്തിച്ചു. രണ്ടുമൂന്ന് ദിവസം ഡോക്ടർമാർ അശ്രാന്ത പരിശ്രമം നടത്തിയപ്പോഴാണ് അവനു ബോധം തിരികെ കിട്ടിയത്. ഏതാനും ദിവസങ്ങൾ കഴിഞ്ഞ് സ്കൂളിൽ എത്തിയപ്പോൾ നല്ലൊരു അധ്യാപകൻ അവനെ വിശ്വാസത്തിൽ എടുത്തു വിവരങ്ങൾ ചോദിച്ചപ്പോൾ അവൻ അദ്ദേഹത്തോട് പറഞ്ഞു: ഒരു ദിവസം രാത്രി അവൻ പഠനം കഴിഞ്ഞ് കിടക്കുന്നതിനു മുമ്പ് അവരുടെ ടിവി അവനു അല്പസമയത്തേക്ക് ഓൺ ചെയ്തു. അതിനകത്ത് അവൻ കണ്ടത് ഒരു അശ്ലീല സിഡി ആയിരുന്നു. അവനത് ദീർഘനേരം കണ്ടുകൊണ്ടിരുന്നു. T Vക്കടുത്ത് അവന്റെ അപ്പൻ ആ ഷോ കണ്ടുകൊണ്ട് കുടിച്ച മദ്യ കുപ്പിയിൽ അര ഭാഗം മദ്യം ഉണ്ടായിരുന്നു. അവൻ അത് മുഴുവൻ കുടിച്ചു. ഏറെ വൈകിയാണ് കിടന്നുറങ്ങിയത്. ആ മരുന്നിന്റെയും മ്ലേച്ഛതയുടെ ആഘാതം മൂലമാണ് അവൻ ബോധരഹിതനായത് എന്ന് അവൻ തന്റെ സ്നേഹധനനായ അധ്യാപകനോട് തുറന്നു പറഞ്ഞു!

രണ്ട് തിരുവചനങ്ങൾ ഉദ്ധരിച്ച് ഈ വിചിന്തനം അവസാനിപ്പിക്കാം.

നല്ല മനുഷ്യന്‍ തന്റെ ഹൃദയത്തിലെ നല്ല നിക്‌ഷേപത്തില്‍നിന്നു നന്‍മ പുറപ്പെടുവിക്കുന്നു. ചീത്ത മനുഷ്യന്‍ തിന്‍മയില്‍ നിന്നു തിന്‍മ പുറപ്പെടുവിക്കുന്നു. ഹൃദയത്തിന്റെ നിറവില്‍ നിന്നാണല്ലോ അധരം സംസാരിക്കുന്നത്‌.

ലൂക്കാ 6 : 45

അപ്രകാരം, മനുഷ്യര്‍ നിങ്ങളുടെ സത്‌പ്രവൃത്തികള്‍ കണ്ട്‌, സ്വര്‍ഗസ്‌ഥനായ നിങ്ങളുടെ പിതാവിനെ മഹത്വപ്പെടുത്തേണ്ടതിന്‌ നിങ്ങളുടെ വെളിച്ചം അവരുടെ മുമ്പില്‍ പ്രകാശിക്കട്ടെ.

മത്തായി 5 : 16

സഭയെക്കുറിച്ചും സഭ നേരിടുന്ന പ്രതിസന്ധികളെ കുറിച്ചും യുവജനങ്ങൾക്ക് അറിവ് പകർന്നു കൊടുക്കണം. മുമ്പ് സൂചിപ്പിച്ച Team Work -o,മാതാപിതാക്കളുടെ പ്രാർത്ഥനയും പരിശ്രമവും ഒക്കെ ആകുമ്പോൾ നമ്മുടെ സമൂഹം തീർച്ചയായും മെച്ചപ്പെടും.

Share This Article
error: Content is protected !!