” യേശു വീണ്ടും അവരോടു പറഞ്ഞു: ഞാന്‍ ലോകത്തിന്റെ പ്രകാശമാണ്. എന്നെ അനുഗമിക്കുന്നവന് ഒരിക്കലും അന്ധകാരത്തില്‍ നടക്കുകയില്ല. അവനു ജീവന്റെ പ്രകാശമുണ്ടായിരിക്കും.
അപ്പോള്‍ ഫരിസേയര്‍ പറഞ്ഞു: നീതന്നെ നിനക്കു സാക്ഷ്യം നല്കുന്നു. നിന്റെ സാക്ഷ്യം സത്യമല്ല.
യേശു പ്രതിവചിച്ചു: ഞാന്‍ തന്നെ എനിക്കു സാക്ഷ്യം നല്കിയാലും എന്റെ സാക്ഷ്യം സത്യമാണ്. കാരണം, ഞാന്‍ എവിടെനിന്നു വന്നുവെന്നും എവിടേക്കു പോകുന്നുവെന്നും എനിക്കറിയാം. എന്നാല്‍, ഞാന്എവിടെനിന്നു വരുന്നുവെന്നോ എവിടേക്കു പോകുന്നുവെന്നോ നിങ്ങള്‍ അറിയുന്നില്ല.
നിങ്ങളുടെ വിധി മാനുഷികമാണ്. ഞാന്‍ ആരെയും വിധിക്കുന്നില്ല.
ഞാന്‍ വിധിക്കുന്നെങ്കില്‍ത്തന്നെ എന്റെ വിധി സത്യമാണ്; കാരണം, ഞാന്‍ തനിച്ചല്ല എന്നെ അയ ച്ചപിതാവും എന്നോടുകൂടെയുണ്ട്.
രണ്ടുപേരുടെ സാക്ഷ്യം സത്യമാണെന്നു നിങ്ങളുടെ നിയമത്തില്‍ത്തന്നെ എഴുതിയിട്ടുണ്ടല്ലോ.
എന്നെക്കുറിച്ചു ഞാന്‍ തന്നെ സാക്ഷ്യം നല്കുന്നു. എന്നെ അയ ച്ചപിതാവും എന്നെക്കുറിച്ച് സാക്ഷ്യം നല്കുന്നു.
അപ്പോള്‍ അവര്‍ ചോദിച്ചു: നിന്റെ പിതാവ് എവിടെയാണ്? യേശു പറഞ്ഞു: നിങ്ങള്‍ എന്നെയാകട്ടെ എന്റെ പിതാവിനെയാകട്ടെ അറിയുന്നില്ല; എന്നെ അറിഞ്ഞിരുന്നുവെങ്കില്‍ എന്റെ പിതാവിനെയും അറിയുമായിരുന്നു.
ദേവാലയത്തില്‍ ഭണ്ഡാരസ്ഥലത്തു പഠിപ്പിച്ചുകൊണ്ടിരുന്നപ്പോഴാണ് അവന് ഇതെല്ലാം പറഞ്ഞത്. എന്നാല്‍, ആരും അവനെ പിടിച്ചില്ല. കാരണം, അവന്റെ സമയം ഇനിയും വന്നുചേര്‍ന്നിട്ടില്ലായിരുന്നു.”(യോഹ 8 : 12-20).
വി.യോഹന്നാന്റെ സുവിശേഷത്തിൽ പ്രകാശം വെളിപ്പെടുത്തലാണ്, വെളിപ്പെടുത്തുന്നവനാണ്. ദൈവത്തെ വെളിപ്പെടുത്തുന്നതിനാണ് ഈശോ ലോകത്തിലേക്ക് വന്നത്. യോഹ. 1 :18 വ്യക്തമാക്കുന്നത് പോലെ ദൈവത്തെ വെളിപ്പെടുത്തുന്നവനായാണ് ഈശോ ലോകത്തിലേക്ക് വന്നത്. ” ദൈവത്തെ ആരും ഒരിക്കലും കണ്ടിട്ടില്ല. പിതാവുമായി ഗാഡബന്ധം പുലർത്തുന്ന (അവിടുത്തെ തിരുമടിയിൽ ഇരിക്കുന്ന) ദൈവം തന്നെയായ ഏകജാതനാണ് അവിടുത്തെ വെളിപ്പെടുത്തിയത്.
ഈശോയെ അനുഗമിക്കുന്നവൻ, അവിടുന്നിലൂടെ വെളിപ്പെടുത്തപ്പെട്ട ദൈവീക പദ്ധതിയിലൂടെ ലോകത്തിന് നൽകപ്പെട്ട വെളിപ്പെടുത്തൽ സ്വീകരിച്ച്, അതിനനുസൃതമായി ജീവിക്കുന്നവർക്ക് ജീവൻ ലഭിക്കും, അങ്ങനെ അവിടുത്തെ അനുഗമിക്കുന്നവർ, അനുസരിക്കുന്നവർ, അവിടുത്തെ പ്രകാശം അഥവാ ദൈവികജീവനിലേയ്ക്ക് നയിക്കുന്ന പ്രകാശമായിത്തീരും. ഈ പ്രകാശം ദൈവീക ജീവനാണ്;മനുഷ്യ ബുദ്ധിക്ക് അഗ്രാഹ്യവും ബാഹ്യ നയനങ്ങൾക്ക് കാണാൻ ആവാത്തതുമായ ദൈവിക ജീവൻ. സഖ.14:6-8 തുടർച്ചയായ അവസാനം ഇല്ലാത്ത പകലിനെ കുറിച്ചും, ജീവജലത്തെ കുറിച്ചും,. വ്യക്തമാക്കുന്നു.അന്നു തണുപ്പോ മഞ്ഞോ ഉണ്ടാവുകയില്ല.
അന്നു തുടര്‍ച്ചയായി പകലായിരിക്കും. പകലും രാത്രിയുമല്ല, പകല്‍മാത്രം; കാരണം, വൈകുന്നേരവും വെളിച്ചമുണ്ടായിരിക്കും. ഈ ദിനം കര്‍ത്താവിനു മാത്രം അറിയാം.
അന്ന് ജീവജലം ജറുസലെമില്‍ നിന്നു പുറപ്പെട്ട് പകുതി കിഴക്കേ കടലിലേക്കും പകുതി പടിഞ്ഞാറേ കടലിലേക്കും ഒഴുകും. അത് വേനല്‍ക്കാലത്തും ശീതകാലത്തും ഒഴുകിക്കൊണ്ടിരിക്കും.
സഖറിയാ 14 : 6-8. പകൽ മേഘ സ്തംഭത്തിലും രാത്രി അഗ്നി സ്തംഭത്തിലും ഇസ്രയേജനത സദാ പ്രകാശത്തിലായിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഈശോ ജീവജലത്തിന്റെ ഉറവിടമായും ലോകത്തിന്റെ പ്രകാശമായും സ്വയം അവതരിപ്പിക്കുന്നത്.കർത്താവ് (പിതാവായ ദൈവം) ഇസ്രായേൽജനത്തെ വാഗ്ദത്ത ഭൂമിയിലേക്ക് നയിച്ചതു പോലെ ലോകത്തിന്റെ പ്രകാശമായ മിശിഹാ, തന്നെ അനുഗമിക്കുന്നവരെ, നിത്യജീവനിലേക്ക് നയിക്കുന്നു. ഇസ്രായേൽ ജനത്തെ വാഗ്ദത്ത ഭൂമിയിലേക്ക് , മരുഭൂമിയിലൂടെ നയിച്ച അഗ്നിസ്തംഭത്തെ “നിയമത്തിന്റെ അനശ്വരമായ പ്രകാശം”എന്ന ജ്ഞാനത്തിന്റെ പുസ്തകത്തിൽ വിശേഷിപ്പിച്ചിട്ടുണ്ട് (ജ്ഞാനം 18 -40).
പാരമ്പര്യത്തിൽ നിയമത്തിന് നൽകിയ പ്രതീകങ്ങൾ,പുതിയ നിയമത്തിൽ മിശിഹായ്ക്ക് നൽകുന്നുണ്ട്. പഴയ നിയമത്തിൽ ‘നിയമം’ ഇസ്രായേലിനു ദൈവഹിതത്തിന്റെ വെളിപ്പെടുത്തൽ ആയിരുന്നു. പുതിയ നിയമത്തിൽ ദൈവത്തെയും അവിടുത്തെ ഹിതത്തെയും ലോകത്തിന് വെളിപ്പെടുത്തുന്നത് ഈശോമിശിയാണ്. അതുകൊണ്ട് അവിടുന്ന് വിശ്വസിച്ച്, ആ വിശ്വാസത്തിന് വെളിച്ചത്തിൽ വ്യാപരിക്കുന്നവർക്ക്,അവിടുന്ന് പ്രകാശമായിരിക്കും.
ഒരു കാര്യം സത്യമാകണമെങ്കിൽ അതിനു രണ്ടുപേരുടെയെങ്കിലും സാക്ഷ്യം ആവശ്യമാണെന്ന് യഹൂദ പാരമ്പര്യം അനുസരിച്ച് ഈശോ പറയുന്ന കാര്യങ്ങൾക്ക് മറ്റൊരു സാക്ഷി ഇല്ലാത്തതിനാൽ, അത് വിശ്വസിക്കാനാവില്ല എന്ന നിലപാടിലായിരുന്നു യഹൂദർ(യോഹ 8:13).
ഈ സന്ദർഭത്തിൽ ഈശോ വീണ്ടും വിശ്വാസത്തിന്റെ ഉറവിടമായ തന്റെയും സകലരുടെയും പിതാവായ ദൈവത്തെ വെളിപ്പെടുത്തുകയാണ്(8:14-19). അവിടുന്ന് പറയുന്നു :”എന്നെക്കുറിച്ച് ഞാൻ സാക്ഷ്യം നൽകുന്നു.എന്നെ അയച്ച പിതാവും എന്നെക്കുറിച്ച് സാക്ഷ്യപ്പെടുത്തുന്നു (നട.8:18). അങ്ങനെ താൻ പറയുന്നതിനും രണ്ട് സാക്ഷികളുണ്ട്. അതുകൊണ്ട് തന്റെ വാക്കുകളും സത്യമാണ്. പിതാവ് ജീവന്റെ ഉറവിടമായിരിക്കുന്നത് പോലെ തന്നെ ഈശോയും ജീവന്റെ ഉറവിടമാണ്. കാരണം അവിടുന്ന് അസന്നിഗ്ദമായി പ്രഖ്യാപിക്കുന്നു :
” ഞാനും പിതാവും ഒന്നാണ്. ( യോഹ. 10: 30 ).