“ഈ ലോകം വിട്ട് പിതാവിന്റെ സന്നിധിയിലേക്കു പോകാനുള്ള സമയമായി എന്ന് പെസഹാത്തിരുനാളിനു മുമ്പ് യേശു അറിഞ്ഞു. ലോകത്തില്‍ തനിക്കു സ്വന്തമായുള്ളവരെ അവന്‍ സ്‌നേഹിച്ചു; അവസാനംവരെ സ്‌നേഹിച്ചു.
യോഹന്നാന്‍ 13 : 1
ഈശോ നമ്മെ സ്നേഹിച്ചു.അവസാനം വരെ സ്നേഹിച്ചു. അവിടുത്തെ സ്നേഹം നമുക്ക് അത്യുദാത്ത മാതൃകയാണ്. നിസ്വാർത്ഥത, സ്വാർത്ഥതയുടെ തരി പോലും ഇല്ലാത്ത സ്നേഹമാണ് അവിടുത്തേത്. തന്നെക്കുറിച്ച് ചിന്തിക്കാതെ താൻ സ്നേഹിക്കുന്നവരെ കുറിച്ച് മാത്രം ചിന്തിക്കുകയും, സ്വന്തമായി ഒന്നും നേടാതെ സ്നേഹിക്കുന്നവർക്ക് ആവശ്യമുള്ളത് നിർലോഭം നൽകുകയും ചെയ്യുന്ന സ്നേഹം.
ത്യാഗോജ്വലമാണ് അവിടുത്തെ സ്നേഹം. തനിക്കുള്ളതെല്ലാം ‘സ്വാധീനവും, സ്വശരീരവും രക്തവും സ്വജീവനും എല്ലാം നൽകുന്ന സ്നേഹമാണ് അവിടുത്തെ സ്നേഹം. കുരിശെടുക്കുന്ന, അതി തീവ്രമായ സഹനങ്ങൾ ഏറ്റുവാങ്ങുന്ന സ്നേഹമാണ് ഈശോയുടേത്. നന്നായി മനസ്സിലാക്കുന്ന സ്നേഹമാണത്. സ്നേഹിക്കുന്നവരുടെ സകല ബലഹീനതകളും അറിഞ്ഞ്,എല്ലാ പോരായ്മകളും ഗ്രഹിച്ച്, അവയെല്ലാം പരിഹരിച്ചു കൊണ്ടുള്ള സ്നേഹമാണ് അവിടുത്തേത്.
ഈശോയുടെ സ്നേഹം എല്ലാം ക്ഷമിക്കുന്നു. ഒറ്റിക്കൊടുക്കുന്നവരെയും, തള്ളിപ്പറയുന്നവരെയും, തന്നെ അവഹേളിച്ചവരെയും, ചാട്ടവാറുകൊണ്ട് അടിച്ചവരെയും, മുഖത്ത് തുപ്പിയ വരെയും, കരണത്തടിച്ചവരെയും, മീശ പറിച്ചവരെയും, അചിന്ത്യമായ പീഡകൾ ഏൽപ്പിച്ചവരെയും, അന്യായമായി മരണത്തിന് വിധിച്ചവരെയും, തന്നെക്കുറിച്ച് കള്ള പ്രചാരണങ്ങൾ നടത്തിയവരെയും, കുരിശിൽത്തറച്ചവരെയും, തന്നെ നിഷേധിച്ചു പറഞ്ഞവരെയും,തന്റെ ആവശ്യനേരത്തെ തന്നെ വിട്ടു ഓടി പോയവരെയും, എല്ലാം,എല്ലാവരോടും, ക്ഷമിച്ച്,അവർ ചെയ്യുന്നതെന്തെന്ന് അവർ അറിയായ്കയാൽ അവരോടു ഹൃദയപൂർവ്വം ക്ഷമിക്കണമേ എന്ന് തന്റെ പിതാവിനോട് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്ന സ്നേഹമാണത്.
ഈശോയുടെ സ്നേഹം സ്വാംശീകരിച്ച്, അതിന്റെ പ്രത്യേകതകൾ നന്നായി ഉൾക്കൊണ്ട്,ആ സ്നേഹം പ്രതിഫലിപ്പിക്കുന്നതായിരിക്കണം നമ്മുടെ സ്നേഹം,നമ്മുടെ ജീവിതം.
ഈശോ പൂർണ്ണതയിൽ സ്നേഹിച്ചു. പൂർണ്ണതയിൽ എന്ന് പറയുമ്പോൾ അത് ഈശോയുടെ ദൈവസഹജമായ സ്നേഹത്തെയാണ് സൂചിപ്പിക്കുക. അതായത് അവിടുത്തെ സ്നേഹം കരുണയുള്ള, കരുതലുള്ള, അസ്തമിക്കാത്ത സ്നേഹമാണ് വ്യക്തമാക്കുന്നത്.
“കര്‍ത്താവിന്റെ സ്‌നേഹം ഒരിക്കലും അസ്‌തമിക്കുന്നില്ല;അവിടുത്തെ കാരുണ്യം അവസാനിക്കുന്നില്ല.
ഓരോ പ്രഭാതത്തിലും അതു പുതിയതാണ്. അവിടുത്തെ വിശ്വസ്‌തത ഉന്നതമാണ്”.
വിലാപങ്ങള്‍ 3 : 22-23
“സ്‌നേഹിതര്‍ക്കുവേണ്ടി ജീവന്‍ അര്‍പ്പിക്കുന്നതിനെക്കാള്‍ വലിയ സ്‌നേഹം ഇല്ല”
യോഹന്നാന്‍ 15 : 13
കർത്താവിന്റെ “കുരിശിന്റെ വഴി” സ്നേഹത്തിന്റെ ജൈത്രയാത്രയാണ്.