അഭിലാഷങ്ങൾക്ക് അടിപ്പെടരുത് അവ നിന്നെ കാളക്കൂറ്റനെപ്പോലെ കുത്തിക്കീറും. ദുഷിച്ചഹൃദയം അവനവനെത്തന്നെ നശിപ്പിക്കുന്നു; ശത്രുക്കളുടെ മുൻപിൽ അവൻ പരിഹാസപാത്രമായിത്തീരും. മധുരമൊഴി സ്നേഹിതന്മാരെ ആകർഷിക്കുന്നു; മധുരഭാഷണം സൗഹൃദത്തെ ഉത്തേജിപ്പിക്കുന്നു. എല്ലാവരിലും നിന്ന് സൗഹൃദം സ്വീകരിച്ചുകൊള്ളുക; എന്നാൽ, ആയിരത്തിൽ ഒരുവനിൽ നിന്നേ ഉപദേശം സ്വീകരിക്കാവൂ.പരീക്ഷിച്ചറിഞ്ഞേ സ്നേഹിതനെ സ്വീകരിക്കാവൂ; വേഗം അവനെ വിശ്വസിക്കയുമരുത്.വിശ്വസ്തനായ സ്നേഹിതൻ ബലിഷ്ഠമായ സങ്കേതമാണ്; അവനെ കണ്ടെത്തിയവർ ഒരു നിധി നേടിയിരിക്കുന്നു. വിശ്വസ്തസ്നേഹിതനെപ്പോലെ അമൂല്യമായ ഒന്നുമില്ല. അവന്റെ മാഹാത്മ്യം അളവറ്റതാണ്. വിശ്വസ്തനായ സ്നേഹിതൻ ജീവാമൃതമാണ്; കർത്താവിനെ ഭയപ്പെടുന്നവർ അവനെ കണ്ടെത്തും. ദൈവഭക്തന്റെ സൗഹൃദം സുദൃഢമാണ്; അവന്റെ സ്നേഹിതനും അവനെപ്പോലെതന്നെ. മകനെ, ചെറുപ്പം മുതലേ ജ്ഞാനോപദേശം തേടുക ; വാർദ്ധക്യത്തിലും നീ ജ്ഞാനം സമ്പാദിച്ചികൊണ്ടിരിക്കും. മുതിർന്നവരുടെ ഇടയിൽ പക്വമതിയോടു ചേർന്ന് നിൽക്കുക.
ദിവ്യഭാഷണം ശ്രവിക്കാൻ മനസ്സിരുത്തുക ജ്ഞാനസൂക്തമൊന്നും വിട്ടുകളയരുത് (പ്രഭാ.6:2,4,5-7,14-18,34,35).തിന്മ പ്രവർത്തിക്കരുത്; നിനക്ക് തിന്മ ഭവിക്കുകയില്ല. ദുഷ്ടതയിൽനിന്ന് അകലുക; അത് നിന്നിൽനിന്നു അകന്നുപോകും . മകനേ, അനീതിയുടെ ഉഴവുചാലുകളിൽ വിതയ്ക്കരുത്; ഏഴിരട്ടി നീ അതിൽനിന്നു കൊയ്യുകയില്ല.പാപം ആവർത്തിക്കരുത്; ആദ്യത്തേതുപോലും ശിക്ഷിക്കപ്പെടാതിരിക്കുകയില്ല. എന്റെ നിരവധിയായ കാഴ്ചകൾ അവിടുന്ന് പരിഗണിക്കും, ഞാൻ അർപ്പിക്കുന്നത് അത്യുന്നതനായ ദൈവം സ്വീകരിക്കും എന്ന് പറയരുത്. പ്രാർത്ഥനയിൽ മടുപ്പു തോന്നരുത്; ദാനധർമ്മത്തിൽ വൈമുഖ്യം കാണിക്കരുത്.സന്തപ്തഹൃദയനെ പരിഹസിക്കരുത്; ഉയർത്തുകയും താഴ്ത്തുകയും ചെയുന്ന ഒരുവൻ ഉണ്ട്. കള്ളം പറയരുത്; കള്ളം പറയുന്ന ശീലം നന്മ വരുത്തുകയില്ല. മുതിർന്നവരുടെ മുൻപിൽ പുലമ്പരുത്; പ്രാർത്ഥനയിൽ വാചാലത വേണ്ടാ. പാപികളുടെ ഗണത്തിൽ ചേരരുത് ശിക്ഷ വിദൂരത്തല്ലെന്നോർക്കുക. അത്യന്തം വിനീതനാകുക; എന്തെന്നാൽ, അധർമ്മിക്ക് അഗ്നിയും പുഴുവുമാണ് ശിക്ഷ. ബുദ്ധിമാനായ ദാസനെ ഹൃദയപൂർവം സ്നേഹിക്കുക അവന്റെ സ്വാതന്ത്ര്യത്തിൽ കൈകടത്തരുത്.നിന്റെ പുത്രന്മാരെ അച്ചടക്കത്തിൽ വളർത്തുക; ചെറുപ്പം മുതലേ അനുസരണം ശീലിപ്പിക്കുക.നിന്റെ പുത്രിമാർ ചരിത്രവതികളായിരിക്കാൻ ശ്രദ്ധ പതിക്കുക അതിലാളനമരുത്.മാതാപിതാക്കന്മാരാണ് നിനക്ക് ജന്മം നൽകിയതെന്ന് ഓർക്കുക; നിനക്ക് അവരുടെ ദാനത്തിനു എന്ത് പ്രതിഫലം നൽകാൻ കഴിയും? പൂർണഹൃദയത്തോടെ കർത്താവിനെ ഭയപ്പെടുക; അവിടുത്തെ പുരോഹിതന്മാരെ ബഹുമാനിക്കുക. ദരിദ്രനുകൈതുറന്നു കൊടുക്കുക അങ്ങനെ നീ അനുഗ്രഹപൂർണ്ണനാകട്ടെ. ജീവിച്ചിരിക്കുന്നവർക്ക് ഉദാരമായി നൽകുക; മരിച്ചവരോടുള്ള കടമ മറക്കരുത്. കരയുന്നവനിൽനിന്നു മുഖം തിരിക്കരുത് . വിലപിക്കുന്നവനോടുകൂടെ വിലപിക്കുക. രോഗിയെ സന്ദർശിക്കുന്നതിൽ വൈമനസ്യം കാണിക്കരുത്; അത്തരം പ്രവൃത്തികൾ നിന്നെ പ്രിയങ്കരനാക്കും. ഓരോ പ്രവൃത്തിയും ചെയ്യുമ്പോൾ ജീവിതാന്തത്തെപ്പറ്റി ഓർക്കണം; എന്നാൽ നീ പാപം ചെയ്യുകയില്ല (പ്രഭാ. 7:1-3,8-11,13,14,16,17,21,23,24,28,29,32-36)