ഇരുപത്തിമൂന്നാമദ്ധ്യായം
ദൈവസുതൻ മനുഷ്യസ്വഭാവം സ്വീകരിച്ചു. ഈ മനുഷ്യസ്വഭാവത്തിൽ, തന്റെ പെസഹാ രഹസ്യത്തിലൂടെ അവിടുന്നു മരണത്തെ കീഴടക്കി. അങ്ങനെ മാനവത വീണ്ടെടുക്കപ്പെട്ടു. ഒപ്പം ഏവരും നവ്യസൃഷ്ടികളായി രൂപാന്തരപ്പെടുകയും ചെയ്തു (ഗലാ.6:15). ആത്മാവിനെ നല്കി, എല്ലാ ജനപദങ്ങളെയും ഏകീഭവിച്ച് യേശു തന്റെ മൗതിക ശരീരം ഉരുവാക്കി.
ഈ ശരീരത്തിലൂടെയാണ് ക്രിസ്തുവിന്റെ ജീവൻ ക്രൈസ്തവരിലേയ്ക്കു പ്രവഹിക്കുക. കൂദാശകളാണ് ഈ പ്രവാഹത്തെ വഹിക്കുന്ന ചാലുകൾ. അവ വഴി ക്രിസ്തുവിനോട് അദൃശ്യമായി എന്നാൽ വാസ്തവമായി നാം യോജിച്ചിരിക്കുന്നു. നമ്മിൽ ക്രിസ്തു രൂപം കൊള്ളണം. അഥവാ, നാം ക്രിസ്തുവിന്റെ ചൈതന്യം ഉൾക്കൊണ്ടവരാകണം. ഇതാണ് ഈശ്വരഹിതം. അതു സിദ്ധമാവുക കൂദാശകളിലൂടെ നാം അങ്ങുമായി ഐക്യത്തിൽ ജീവിക്കുമ്പോഴാണ്.
ജ്ഞാനസ്‌നാനംവഴി ക്രിസ്തുവിന്റെ സാദൃശ്യത്തിൽ നാം രൂപപ്പെടുന്നു. നവമായി ജനിക്കുന്നു. ദൈവത്തിന്റെ ദത്തുപുത്രരുമാവുന്നു. അതിലൂടെ നാം അവിടുത്തോടൊപ്പം മരിക്കുകയും സംസ്‌ക്കരിക്കപ്പെടുകയും ചെയ്തിരിക്കുന്നു. പക്ഷേ, മരണത്തിൽ മാത്രമല്ല ഉത്ഥാനത്തിലും നാം അവിടുത്തോടു സദൃശ്യരാകും (റോമ. 6:45)
സ്ഥിരീകരണം എന്ന കൂദാശ ശൈശവത്തിൽ ചാപല്യങ്ങളും പരിമിതികളും ഉരിഞ്ഞുകളഞ്ഞു (1കൊറി.13:11). ക്രിസ്തുവിന്റെ പരസ്‌നേഹം പ്രാവർത്തികമാക്കാൻ കരുത്തു നല്കുന്നു. ക്രിസ്തുവിൽ നമുക്കു യൗവനം ആരംഭിക്കുക. അവിടുത്തെ ജീവിതത്തിൽ നാം പരിപൂർണ്ണമായി നിറയപ്പെടുക സ്ഥിരീകരണത്തിലൂടെയാണ്. ക്രിസ്തുവിന്റെ ചൈതന്യത്തിൽ ഒന്നു ചേരാൻ അഭിവാഞ്ഛയും അതിനുള്ള അനുഗ്രഹവും ലഭിക്കുക സ്ഥിരീകരണ സ്രോതസ്സിൽനിന്നാണ്.
ദൈവജനത്തോടു യേശുവിനുള്ള നലംതികഞ്ഞ സ്‌നേഹമാണ് രക്ഷണവേല ഏറ്റെടുക്കാൻ അവിടുത്തെ പ്രേരിപ്പിച്ചത്. അവിടുന്നു പറയുന്നു: ‘എന്റെ പിതാവ് ഇപ്പോഴും പ്രവർത്തിക്കുന്നു. അതുപോലെ ഞാനും'(യോഹ. 6:17). സർവേശസുതന്റെ ഈ പ്രവർത്തനം പരസ്‌നേഹത്തിന്റേതാണ്. മറ്റുള്ളവരിലേക്ക് അതനർഗ്ഗളം പ്രവഹിക്കുന്നു. നിസ്സ്വാർത്ഥമാണത്. പ്രസ്തുത പ്രവർത്തനംവഴി അവിടുന്ന് പിതാവിനെ മറ്റുള്ളവർക്കു പരിചയപ്പെടുത്തുന്നു. പിതാവായ ദൈവം ദയാലുവാണ്. അവിടുത്തെ മക്കളെ ഉത്തരവാദിത്വബോധമുള്ളവരാക്കി സ്വർഗ്ഗീയ ജറുസലത്തേയ്ക്കു നയിക്കയാണ് ക്രിസ്തു, സ്ഥിരീകരണത്തിലൂടെ. ഇതിനവരെ സഹായിക്കാൻ കഴിവുള്ള പരിശുദ്ധാത്മാവിന്റെ പ്രത്യേക പ്രവർത്തനത്തിനവരെ വിധേയരാകുന്നു.
ആദർശചിത്തരും ത്യാഗാത്മകജീവിതത്തിനു തയ്യാറുള്ളവരുമാവണം നാം. സ്വയം അർപ്പിക്കാനുള്ളൊരഭിനിവേശം നമുക്കുണ്ട്. ഈ താല്പര്യം ക്രിസ്തുവിന്റെ ചൈതന്യമനുസരിച്ചു ജീവിക്കാൻ തിരിച്ചുവിടണം. അതിനു വിശ്വാസം പ്രതീക്ഷ, ധീരത, തീക്ഷ്ണത, സ്‌നേഹം തുടങ്ങിയവ ആവശ്യകമാണ്. ഇവ സ്വായത്തമാക്കി ജീവിക്കുമ്പോൾ നാം ക്രിസ്തുവിന്റെ സാക്ഷികളാവുകയാണ്. പക്വതയാർന്ന ക്രൈസ്തവ ജീവിതത്തിനൊരു പ്രത്യകതയുണ്ട്. ‘ഞാൻ, ഞാൻ’ എന്ന ചാപല്യത്തിന്റെ മൂടുപടം മാറ്റി മറ്റുള്ളവരുടെ അവകാശങ്ങളെയും ആവശ്യങ്ങളെയും മാനിക്കുക. അദ്ധ്വാനത്തിന്റേയും ഉത്തരവാദിത്വത്തിന്റേയും ഒരു ലോകത്താണു നാം ജീവിക്കുന്നതെന്ന കാര്യം ഒരിക്കലും വിസ്മരിക്കരുത്.
ക്രിസ്തുവിന്റെ ആഹ്വാനം സ്വീകരിക്കാൻ നാം തയ്യാറാകണം. നിങ്ങളുടെ നല്ല പ്രവൃത്തികൾകണ്ടു മറ്റുള്ളവർ ദൈവത്തെ മഹത്വപ്പെടുത്തേണ്ടതിനായി, നിങ്ങളുടെ ദീപങ്ങൾ ജനങ്ങളുടെ മുമ്പാകെ പ്രകാശിക്കട്ടെ…ലോകത്തിലെങ്ങും ജനങ്ങളെ ശിഷ്യപ്പെടുത്തുക…. അനുദിനജീവിതത്തിലെ കുരിശുകളും പേറി എന്നെ പിന്തുടരുക…. എനിക്കു സാക്ഷികളായിരിക്കുക. സ്‌നേഹത്തിന്റെ ഈരടികൾ പാടി, ജനഹൃദയങ്ങളിൽ ശാന്തിയുടെയും സമാധാനത്തിന്റെയും കുഞ്ഞലകൾ സൃഷ്ടിച്ച് നന്മചെയ്തു കടന്നുപോയ നസ്രായന്റെ കാലടികളെ പിന്തുടരുക. അതാണു നമ്മുടെ ജീവിതലക്ഷ്യം. ഇതാണു ക്രൈസ്തവവിദ്യാഭ്യാസത്തിന്റെ അന്തഃസത്ത സത്യത്തിനു സാക്ഷ്യം വഹിക്കുക. നീതിക്കുവേണ്ടി ദാഹിക്കുക. ആത്മാർത്ഥതയും അർപ്പണമനോഭാവവുമുള്ളവരാകുക.
നിത്യജീവിതം നല്കാൻ നിഖിലേശസുതനു മാത്രമെ കഴിയൂ. ഇതിനുള്ളൊരു മാർഗ്ഗമായാണു വി.കുർബാന അവിടുന്നു സ്ഥാപിച്ചത്. അപ്പത്തിന്റേയും വീഞ്ഞിന്റേയും സാദൃശ്യങ്ങളിൽ ക്രിസ്തുവിന്റെ ആത്മാവും ദൈവസ്വഭാവവും അതുൾക്കൊള്ളുന്നു. ദിവ്യകാരുണ്യത്തിലൂടെ നമ്മിലെ ദൈവികജീവൻ പരിപുഷ്ടമാവുന്നു, ശക്തിപ്പെടുന്നു. പാപത്തിനു പാദസേവ ചെയ്യാതെ ജീവിച്ചു മരിക്കാൻ ഇതു നമ്മെ സഹായിക്കുന്നു. നാം ദൈവവുമായി ഐക്യപ്പെടുന്നു, ഒപ്പം മറ്റുമനുഷ്യരുമായും.
വി.കുർബാന ഒരു ബലിയുമാണെന്ന് അന്യത്ര പ്രസ്താവിച്ചിട്ടുണ്ട്. ഈ ബലി ഒറ്റപ്പെട്ട ഒന്നാണ്. ഇതിൽ പുരോഹിതൻതന്നെയാണു ബലിവസ്തുവും. ബലിയർപ്പകൻ ക്രിസ്തുവാണ്. ബലിവസ്തുവും അവിടുന്നുതന്നെ. പുരോഹിതനെന്ന നിലയിൽ അവിടുന്നു സ്വയം അർപ്പിക്കുന്നു. അതേസമയം ബലിവസ്തുവായി സമർപ്പിക്കപ്പെടുകയും ചെയ്യുന്നു. ക്രിസ്തുവിനോടു ചേർന്നു ബലി അർപ്പിക്കുന്ന നമുക്കുമുണ്ട് രണ്ടു കാര്യങ്ങൾ ചെയ്യാൻ. അവിടുത്തെ പൗരോഹിത്യത്തിൽ പങ്കുചേർന്ന് വൈദികൻവഴി അവിടുത്തെ ബലിയായി അർപ്പിക്കുക. അതേസമയം നാം സ്വയം സർവ്വേശ്വരനു സമർപ്പിക്കയും വേണം. മിശിഹായോടൊപ്പം നാമും അർപ്പിതരാകണം.
ഇപ്രകാരം അർപ്പിക്കുന്ന ബലി സ്വർഗ്ഗീയ പിതാവു സ്വീകരിക്കുന്നു. യഥാർത്ഥത്തിൽ സമ്മാനങ്ങളുടെ ഒരു കൈമാറ്റമാണു ദിവ്യബലി. സ്വർഗ്ഗീയപിതാവു പകരം സമുന്നതദാനം, സ്വന്തം സുതനെത്തന്നെ, നമുക്കു തരുന്നു ദിവ്യകാരുണ്യം വഴി. ദൈവത്തിന്റെ ഈ ദാനം തള്ളിക്കളയുക പാടില്ല. ദിവ്യബലിയർപ്പിക്കുന്ന ഏവരും ദിവ്യകാരുണ്യം അനുഭവിക്കണമെന്നു വ്യംഗ്യം. ക്രിസ്തുവിന്റെ ആത്മസമർപ്പണത്തിൽ ഏറ്റം സജീവമായി ഭാഗഭാക്കാകാനുള്ള ഏക മാർഗ്ഗമാണു വി. കുർബാന സ്വീകരണം. ഈശോ നമ്മിൽ വസിക്കുമ്പോൾ അവിടുത്തോടു ചേർന്നു സ്വർഗ്ഗീയ പിതാവിനെ ആരാധിക്കാനാവും നമുക്ക്.
ഏദൻതോട്ടത്തിൽ ആദ്യ ദമ്പതിമാരെ സൃഷ്ടിച്ചു ദൈവം വിവാഹം ഏർപ്പെടുത്തി. ക്രിസ്തു ഇതൊരു കൂദാശയാക്കി ഉയർത്തി. ക്രിസ്തുവിലുള്ള ജീവിതമാണു ക്രൈസ്തവ വിവാഹം. ഭർത്താവിൽ ഭാര്യയും ഭാര്യയിൽ ഭർത്താവും ക്രിസ്തുവിനെ ദർശിക്കണം. അന്യോന്യം വിശുദ്ധിയിൽ വ്യാപരിക്കുവാൻ അവർ ശ്രമിക്കേണ്ടതുണ്ട്. അങ്ങനെ മിശിഹായുടെ വിശുദ്ധിയും സമാധാനവും സംതൃപ്തിയും അവരുടെ കുടുംബത്തിലും കളിയാടും. ഒരു നല്ല ഭർത്താവും കുടുംബനാഥനുമായി ഭർത്താവു ജീവിക്കുക. ഒരുത്തമ ഭാര്യയും അമ്മയുമായി കുടുംബനാഥയും. ഇതാണ് ഈശ്വരൻ അവരിൽനിന്നാവശ്യപ്പെടുക. അന്യോന്യം അർപ്പണമനോഭാവത്തിലും പരിത്യാഗചൈതന്യത്തിലും വർത്തിക്കായാണ് ഇതിനുള്ള മാർഗ്ഗം. അപ്പോൾ കഷ്ടപ്പാടും ദുരിതങ്ങളുപോലും അവരെ പരസ്പരം കൂടുതൽ അടുപ്പിക്കും. യഥാർത്ഥസന്തോഷം സംജാതമാകുകയും ചെയ്യും. കൂദാശയുടേതായ ജീവിതമാണ് ഇവിടെ അവശ്യാവശ്യം.
ഭാര്യാഭർതൃബന്ധം ക്രിസ്തുവും സഭയും തമ്മിലുള്ള ബന്ധംപോലെയാണെന്നു സെന്റ് പോൾ പറയുന്നു. വിവാഹമെന്ന കൂദാശവഴി വൈവാഹികജീവിതത്തിന്റെ കടമകൾ അനുഷ്ഠിക്കാൻവേണ്ട അനുഗ്രഹം മിശിഹാ നല്കുന്നു. കുടുംബജീവിതം കെട്ടുറപ്പുള്ളതാകാൻ വേണ്ടതൊക്കെ ദമ്പതികൾ ചെയ്യണം. പരസ്പരധാരണയും വിട്ടുവീഴ്ചമനോഭാവവുമാണ് അവർക്കു കാമ്യമായ കൈമുതൽ. ഇരുവരും ക്രൈസ്തവ സ്‌നേഹത്തിന്റെ സജീവമാതൃകകളായി മാറണം. ഭൂമിയിൽ ദൈവരാജ്യം രൂപപ്പെടുത്തുകയെന്ന ശ്രമകരമായ ജോലിയിലാണവർ ഏർപ്പെട്ടിരിക്കുക.
പാപംമൂലം മാമ്മോദീസായിലൂടെ നമുക്കു ലഭിച്ച ഈശ്വരപ്രസാദം കളഞ്ഞുകുളിക്കുന്നവർക്ക് കർത്താവ് അനുതാപപൂർവ്വമായ കുമ്പസാരം വഴി ദൈവസ്‌നേഹത്തിലേയ്ക്കു തിരികെ വരാൻ നമുക്കു കഴിയും. അനുതാപത്തിന്റെ അന്തരാർത്ഥം അഖിലേശന്റെ സ്‌നേഹവായ്പ്, സുഹൃദ്ബന്ധം ഇവയിലേയ്ക്കുള്ള പുനരാഗമനമാണ്. അനുതാപത്തിന് ആഹ്വാനം ചെയ്യുന്ന സർവേശ്വരന്റെ സ്വഭാവത്തെ- പ്രസാദവരത്തെ- വ്യക്തിപരമായി സ്വീകരിക്കയാണു പാപസങ്കീർത്തനം. ഇനി പാപം ചെയ്യില്ല എന്ന ഉറച്ച തീരുമാനം എടുക്കാനുള്ള ഹൃദയപരിവർത്തനം അവശ്യം ഉണ്ടാവണം. അപ്പോൾ മാത്രമാണ് അനുതാപം അർത്ഥസമ്പുഷ്ടവും ജീവിതസ്പർശിയുമാവുക.
മാനവതയെ പാപദാസ്യത്തിൽനിന്നു വിമോചിപ്പിക്കാനാണു രക്ഷകൻ അവതരിച്ചത്. പാപം പോറുക്കാനുള്ള അധികാരം അപ്പസ്‌തോലന്മാർക്കും അനുയായികൾക്കും അവിടുന്നു നല്കി. ഈശോയ്ക്കു പാപികളോടുള്ള സ്‌നേഹം അനന്തമാണ്. തന്നിലേക്കു തിരിച്ചുവരാൻ വിശ്വേശ്വരൻ ഓരോ പാപിയേയും വിളിക്കുന്നു. പക്ഷേ ആരെയും അവിടുന്നു നിർബന്ധിക്കില്ല. നമ്മുടെ സ്വാതന്ത്ര്യത്തെ അവിടുന്ന് അങ്ങേയറ്റം മാനിക്കുന്നു. തമ്പുരാന്റെ പക്കലേയ്ക്കു തിരിയാൻ നാം മനസ്സാകണം. അവിടുത്തെ കൃപാവരവുമായി സഹകരിക്കണം. മുക്തിക്കിതത്യാവശ്യമാണ്.
പരംപൊരുളിനു പാപിയോടു പകയോ വിദ്വേഷമോ ഇല്ല. പ്രത്യുത കരുണ മാത്രം. കരുണയാണവിടുന്നാഗ്രഹിക്കുക. പാപികളോടും അശരണരോടുമുള്ള അവിടത്തെ അനന്തസ്‌നേഹം ബൈബിളിലുടനീളം പ്രകടമാണ്. ‘ദുഷ്ടന്റെ മരണമല്ല, അവൻ തന്റെ ദുഷ്ടതയിൽനിന്നു പിന്തിരിഞ്ഞ് ജീവിച്ചുകാണാനാണു ഞാൻ ഇച്ഛിക്കുക'(എസ 33:11). വീണ്ടുംഏശയാ വഴി അവിടുന്നരുൾ ചെയ്യുന്നു: ‘നിങ്ങളുടെ പാപങ്ങൾ കടുംചുമപ്പായിരുന്നാലും ഹിമംപോലെ വെളുക്കും. രക്താംബരം കണക്കെ അരുണമായിരുന്നാലും വെള്ള രോമംപോലെ ധവളമാകും'(1:18). തന്റെ പദ്ധതി നടപ്പിലാക്കാൻ ‘ഏകസുതനെ സമ്മാനിക്കത്തക്കവിധം അമ്മാത്രം സർവശക്തൻ ലോകത്തെ സ്‌നേഹിച്ചു'(യോഹ. 3:15). ‘നഷ്ടപ്പെട്ടതു കണ്ടുപിടിച്ചു രക്ഷിക്കാനാണ് മനുഷ്യുപുത്രൻ വന്നിരിക്കുക'((ലൂക്ക 19:19). ‘നീതിമാന്മാരെയല്ല, പാപികളെത്തേടിയാണു ഞാൻ വന്നിരിക്കുന്നത് ‘(മത്താ 9:13). അനുതപിച്ചവർക്കൊക്കെ, അവിടുന്നു മാപ്പു നല്കി. അപ്പസ്‌തോലന്മാരെ ആ മഹത്തായ കഴിവിൽ പങ്കാളികളാക്കയും ചെയ്തു.
മഹേശനും മനുഷ്യനുമിടയ്ക്കുള്ള മദ്ധ്യവർത്തിയാണു മിശിഹാ. അവിടുത്തെ ഈ സ്ഥാനം തുടരുന്നതിനാണു തിരുപ്പട്ടമെന്ന കൂദാശ സ്ഥാപിക്കപ്പെട്ടിരിക്കുന്നത്. ക്രിസ്തുവിന്റെ ബലിയോടും അപ്പസ്‌തോലന്മാരുടെ ദൗത്യത്തോടും അഭേദ്യം ബന്ധപ്പെട്ടതാണു പൗരോഹിത്യപദവി. പവിത്രീകരിക്കുക, പാപമോചനം നല്കുക, സത്യം പഠിപ്പിക്കുക എന്നിവയ്ക്കുള്ള അധികാരം അതുവഴി ഒരുവനു കരഗതമാവുന്നു.
ക്രിസ്തുവിനനുരൂപരാവുക എന്ന ആഹ്വാനം മാമ്മോദീസായിലൂടെ നാം സ്വീകരിച്ചു. അതിന്റെ തുടർച്ചയാണു പൗരോഹിത്യത്തിലേയ്ക്കുള്ള വിളിയും. ഈശ്വരനു മുഴുവനായി സ്വയം സമർപ്പിച്ചുകൊണ്ടു ജീവിക്കാനുള്ളൊരു ക്ഷണമാണത്. ‘എന്നെ അനുഗമിക്കുക’ എന്ന നാഥന്റെ വിളി നിങ്ങൾ കേൾക്കുന്നുവോ?
നാമെല്ലാവരും മരിക്കും. എപ്പോൾ, എവിടെവച്ച്? അറിഞ്ഞുകൂടാ. നിത്യജീവിതത്തിനുള്ള തയ്യാറെടുപ്പാണ് നമ്മുടെ ജീവിതം. അതിലേയ്ക്കുള്ള ഏക കവാടമാണു മരണം. അപ്രകാരം മരണം മാടിവിളിക്കുന്ന തന്റെ മക്കളെ സഹായിക്കാൻ ക്രിസ്തു വരുന്നു. പാപമോചനം, രോഗീലേപനം, തിരുപ്പാഥേയം, പ്രാർത്ഥനകൾ എന്നിവയിലൂടെ അവിടുന്നു മരണാസന്നനെ നിത്യജീവിതത്തിനൊരുക്കുന്നു. തക്ക ഒരുക്കത്തോടെ ഇവ സ്വീകരിക്കുമ്പോൾ ആത്മാവു പവിത്രീകൃതമായി സ്വർഗ്ഗപ്രവേശം സുഗമമാവുന്നു. നാം ക്രിസ്തുവിനെ സമീപിക്കുന്നു. അവിടുന്നോ നമുക്ക് ആത്മശരീരങ്ങൾക്കു ശക്തി പകരുകയും ചെയ്യുന്നു.