പതിനാറാമദ്ധ്യായം
“Two banquets were held in Galilee in the course of a year: One in the court of Herod at which John the Baptist preached; the other, a banquet in the open air served by Our Lord”. – ഇപ്രകാരമാണ് ഷീന്റെ അനുഗ്രഹീത തൂലിക ജീവന്റെ അപ്പത്തിന് ആമുഖം കുറിക്കുക. ഒന്നിൽ മദാലസതയും മദോന്മത്തയും സുഖലോലുപത്വവുമാണ് വ്യക്തമാവുക. മറ്റേതിലോ കരുണാവായ്പും.
അപ്പം വർദ്ധിപ്പിച്ച ക്രിസ്തുവിനെ അനുഗമിക്കാൻ എത്രയെത്ര ആളുകളുണ്ടായിരുന്നു. രക്ഷകന്റെ ദൗത്യത്തെക്കുറിച്ച് യഹൂദന്മാർ വച്ചുപുലർത്തിരുന്ന. അബദ്ധധാരണയിലൊന്നാണിതു വ്യക്തമാക്കുക. യേശു അപ്പം വർദ്ധിപ്പിച്ചതു കണ്ടയുടനെ അവർ ഉദ്ഘോഷിക്കയാണ്: ‘ലോകത്തിലേയ്ക്കു വരാനുള്ള പ്രവാചകൻ ഇവനാണ്; സത്യം’ അവിടുത്തെ അത്ഭുതത്തിലൂടെ കുക്ഷി നിറച്ച ജനക്കൂട്ടം അങ്ങിൽ ഒരു രാഷ്ട്രീയനേതാവിനെ ദർശിക്കുന്നു. ബലം പ്രയോഗിച്ചും അവിടുത്തെ രാജാവാക്കാൻ സന്നദ്ധരാണവർ.
പക്ഷേ, ക്രിസ്തുവിനെ രാജാവാക്കാൻ സാദ്ധ്യമല്ലവർക്ക്; അവിടുന്നു രാജാവായാണു ജനിച്ചത്. കിഴക്കുനിന്നു വന്ന വിദ്വാന്മാർ ഈ വസ്തുത ശരിക്കും മനസ്സിലാക്കി. ‘യഹൂദന്മാരുടെ രാജാവായി പിറന്നവൻ എവിടെ?’ ഞങ്ങൾ അവന്റെ നക്ഷത്രം കിഴക്കു കണ്ട് അവനെ ആരാധിക്കാൻ വന്നിരിക്കുന്നു (മത്താ. 2:2). ഷീന്റെ വാക്കുകളിൽ:His Kingship would come through the Divine “must” of the cross, and not through popular force. അവിടുന്നു കിരീടം തിരസ്കരിക്കുന്നത് ഇതു രണ്ടാംപ്രാവശ്യമാണ്. ആദ്യം ലോകത്തിന്റെ രാജത്വം പിശാചൻ വാഗ്ദാനം ചെയ്തപ്പോൾ, നിലത്തുവീണ് അവനെ ആരാധിക്കുകയെന്ന വ്യവസ്ഥയിൽ. ‘എന്റെ രാജ്യം ഐഹികമല്ല’ എന്നു പീലാത്തോസിനോടു പിന്നീടവിടുന്നു പറയും. ക്രിസ്തുവിന്റെ കിരീടം കുരിശും അവിടുത്തെ രാജ്യം മനുഷ്യഹൃദയങ്ങളുമായിരിക്കം.
ജനങ്ങൾ പടവു കയറി യേശുവിനെ തിരഞ്ഞു കഫർനഹോമിൽ ചെന്നു. കടലക്കരെ അവിടുത്തെ കണ്ടപ്പോൾ അവർ സന്തോഷചിത്തരായി. ഇനിയും അപ്പം വർദ്ധിപ്പിച്ചു മൃഷ്ടാനം ഭക്ഷിക്കാമെന്നാണവരുടെ വിചാരം. സത്യം തുറന്നുപറയാതെ നിവൃത്തിയില്ലല്ലോ. ഭഗവാൻ വ്യക്തമായിപ്പറയുകയാണ്: ‘നിങ്ങൾ അടയാളം കണ്ടതു കൊണ്ടല്ല, അപ്പം തിന്നു തൃപ്തരായതുകൊണ്ടത്രേ എന്നെ അന്വേഷിക്കുന്നത്. ക്രിസ്തുവിന്റെ ദൈവത്വത്തിനു തെളിവായി അപ്പം വർദ്ധിപ്പിക്കൽ വീക്ഷിക്കാൻ കഴിഞ്ഞില്ലവർക്ക്. അങ്ങിലേക്കു നോക്കുന്നതിനു പകരം അവർ അവിടുത്തെ അന്വേഷിക്കുകയാണ്. വിശപ്പടക്കാനുള്ള ഒരു ഏജന്റായി മാത്രം ഈശോയെ അവർ കാണുന്നു. ആത്മദാഹം ശമിപ്പിക്കുന്ന ജീവജലമാണ് മിശിഹാ. പ്രവചനങ്ങൾ കേട്ടിട്ടുണ്ടെങ്കിലും ഈ സത്യം അവർ ഗ്രഹിച്ചില്ല. അതുകൊണ്ടാണ് നാഥൻ അവരോടു വ്യക്തമായിപ്പറഞ്ഞത്: ‘നശിച്ചു പോകുന്ന ആഹാരത്തിനായിട്ടല്ല, നിത്യജീവങ്കലേയ്ക്കു നില നില്ക്കുന്ന ആഹാരത്തിനായി പ്രയത്നിക്കുവിൻ’ എന്ന്. ഇതിന്റെ ദാതാവു മനുഷ്യപുത്രനാണ്. അതിനു പിതാവായ ദൈവം അവന്റെമേൽ മുദ്രവച്ചിരിക്കുന്നു. ‘ഇവനെന്റെ പ്രിയപുത്രനാണ്. ഇവനിൽ ഞാൻ സംപ്രീതനായിരിക്കുന്നു’.
‘ഈശ്വരപ്രസാദസിദ്ധിയായ പ്രവൃത്തികൾ ചെയ്യുന്നതിന് ഞങ്ങൾ എന്തു ചെയ്യണം’. അവർ ചോദിച്ചു: സിദ്ധിത്രയങ്ങളുമുണ്ടായാൽത്തന്നെ ഈശ്വരപ്രസാദത്തിന്റെ അഭാവത്തിൽ മനുഷ്യാസ്തിത്വം നിരർത്ഥകമാണ്. അതിനുള്ള മാർഗ്ഗം വഴിയും സത്യവും ജീവനുമായ സർവേശസുതൻ ചൂണ്ടിക്കാട്ടുന്നതു നോക്കൂ: ‘ദൈവത്തിനു പ്രസാദമുള്ള പ്രവൃത്തി അവൻ അയച്ചവനിൽ നിങ്ങൾ വിശ്വസിക്കുന്നതത്രേ’. ദൈവം ദൈവമാണ്. അവിടുത്തെ പ്രവൃത്തി അതിന്റെ പരിപൂർണ്ണ അർത്ഥത്തിൽ യാതൊരുവനും ചെയ്യാനാവില്ല. വിശ്വാസത്തിൽ ക്രിസ്തുവിനെ സ്വീകരിക്കുക. സ്വയം അവിടുത്തേക്കു സമർപ്പിക്കുക. ഇതാണു നിത്യരക്ഷ പ്രാപിക്കാൻ ആഗ്രഹിക്കുന്നവർ ചെയ്യേണ്ടത്, അവർക്കു ചെയ്യാവുന്നത്. അവിടുത്തെ വചനങ്ങളിലേറെ നലം തികഞ്ഞ ആ വ്യക്തിത്ത്വത്തിലാണു നാം വിശ്വസിക്കേണ്ടത്.
യഹൂദർ വിചാരിച്ചിരുന്നു, മോസസ് നല്കിയ മന്ന സ്വർഗ്ഗത്തിൽ നിന്നാണെന്ന്. മിശിഹാ മഹിയിലവതരിക്കുമ്പോൾ വീണ്ടും സ്വർഗ്ഗത്തിൽ നിന്നു മന്നാ വർഷിക്കുമെന്നും അവർ കരുതി. നാഥൻ അവരെ തിരുത്തുകയാണ്: സ്വർഗ്ഗത്തിൽനിന്നുള്ള അപ്പം മോസസല്ല നിങ്ങൾക്ക് നല്കിയത്. എന്റെ പിതാവത്രേ സ്വർഗ്ഗത്തിൽനിന്നുള്ള സാക്ഷാൽ അപ്പം നിങ്ങൾക്കു തരുന്നവൻ. ദൈവത്തിന്റെ അപ്പമോ സ്വർഗ്ഗത്തിൽ നിന്നിറങ്ങി വന്നു ലോകത്തിനു ജീവൻ നല്കുന്ന അവിടുത്തെ അരുമസുതനും. സ്വർഗ്ഗത്തിൽ നിന്നിറങ്ങിവന്നു മാനവജനതയ്ക്കു മുഴുവൻ ഉയിരേകുന്ന ആ അത്ഭുത പൂപത്തിന്റെ നിജപ്രകൃതി വെളിപ്പെടുത്തുകയാണ് അടുത്തപടി. അതിന്റെ വെറുമൊരു സാദൃശ്യം മാത്രമായിരുന്നു മന്ന. ക്രിസ്തുവാണ് ജീവദായകമായ യഥാർത്ഥ വീൺമന്ന. മന്ന മനുഷ്യർക്കു ശാരീരികപോഷണം മാത്രം നല്കി. എന്നാൽ ജീവദായകനായ ക്രിസ്തു ലോകത്തിനു ദൈവികജീവൻ നല്കുന്നു.
ഇത്രയുമായിട്ടും ജനങ്ങൾ അദ്ദേഹത്തെ വേണ്ടപോലെ മനസ്സിലാക്കുന്നില്ല. അദ്ദേഹം പരാമർശിക്കുന്ന അപ്പത്തിന് എന്തോ ഒരു പ്രത്യേകതയുണ്ടെന്നല്ലാതെ തന്നെ സംബന്ധിച്ചു തന്നെയാണ് അവിടുന്നു സംസാരിക്കുന്നതെന്ന് അവർ അറിഞ്ഞില്ല. സമറായക്കാരി സ്ത്രീയെപ്പോലെ അവരും. തുടർന്നും അപ്പം വർദ്ധിപ്പിച്ചു കിട്ടണമെന്നേ അവർക്കുള്ളു.
ക്രിസ്തു തന്റെ സ്വഭാവം ഒന്നുകൂടെ വ്യക്തമാക്കുകയാണ്. ‘എന്നിൽ വിശ്വസിക്കുന്നവനു നിത്യജീവൻ ഉണ്ട്. ഞാൻ ജീവന്റെ അപ്പം ആകുന്നു. നിങ്ങളുടെ പിതാക്കന്മാർ മരുഭൂമിയിൽവച്ചു മന്ന ഭക്ഷിച്ചു. എങ്കിലും അവർ മരിച്ചു. ഇതാകട്ടെ, ഭക്ഷിക്കുന്നവർ മരിക്കാതിരിക്കേണ്ടതിനു സ്വർഗ്ഗത്തിൽ നിന്നിറങ്ങിയ അപ്പം ആകുന്നു…. ഇതു ഭക്ഷിക്കുന്നവൻ നിത്യമായി ജീവിക്കും. ഞാൻ നല്കുന്നതു ലോകത്തിന്റെ ജീവനുവേണ്ടി കൊടുക്കുന്ന എന്റെ ശരീരമാണ്’.
അന്ത്യത്താഴ സമയത്തു താൻ സ്ഥാപിക്കാനിരിക്കുന്ന വി. കുർബാനയെപ്പറ്റി ക്രിസ്തു നേരത്തെ പ്രവചിക്കുകയായിരുന്നു. പക്ഷേ, യഹൂദർ അവിടുത്തെ മനസ്സിലാക്കിയില്ല. പിറുപിറുക്കയാണവർ. സത്യം പലപ്പോഴും കയ്പേറിയതായാണനുഭവപ്പെടുക. സത്യസ്വരൂപനായ ക്രിസ്തുവിന് ഒത്തുതീർപ്പൊന്നും സാദ്ധ്യമല്ലിവിടെ.
അതുകൊണ്ടവിടുന്നു വ്യക്തമായി പറയുകയാണ്: ‘നിങ്ങൾ മനുഷ്യപുത്രന്റെ ശരീരം ഭക്ഷിക്കണം, അവന്റെ രക്തം കുടിക്കണം. ഇല്ലെങ്കിൽ നിങ്ങൾക്കു നിങ്ങളിൽത്തന്നെ നിത്യജീവനില്ല. അപ്രകാരം ചെയ്യുന്നവനു നിത്യജീവൻ ഉണ്ട്. അവസാനനാളിൽ അവനെ ഞാൻ ഉയിർപ്പിക്കും. എന്റെ ശരീരം സാക്ഷാൽ ഭക്ഷണവും എന്റെ രക്തം സാക്ഷാൽ പാനീയവുമാണ്. എന്നെ അശനപാനങ്ങളായി അനുഭവിക്കുന്നവൻ എന്നിലും ഞാൻ അവനിലും വസിക്കുന്നു: ജീവിക്കുന്നവനായ പിതാവാണ് എന്നെ അയച്ചത്. ഞാൻ അങ്ങുമൂലം ജീവിക്കുന്നു. അതുപോലെ എന്നെ ഭക്ഷണമായി സ്വീകരിക്കുന്നവൻ ഞാൻ മൂലം ജീവിക്കും’.
വി.കുർബാനയെ ക്രിസ്തുവിന്റെ രക്ഷാകരമായ മരണവുമായി ബന്ധപ്പെടുത്തുന്ന പ്രതിഭാസമാണ് ഇവിടെ നാം കാണുക. ക്രിസ്തു സ്വർഗ്ഗത്തിൽ നിന്നിറങ്ങിയത് സ്വയം നല്കുവാനാണ്, മരിക്കുവാനാണ്. ഹനിക്കപ്പെട്ട ക്രിസ്തുവിലൂടെയേ ജനങ്ങൾ ഗ്രഹിക്കുകയുള്ളൂ, നിത്യതയിലേയ്ക്കു വേണ്ട പോഷണം നല്കുന്ന സ്വർഗ്ഗത്തിൽ നിന്നിറങ്ങിയ അപ്പത്തിന്റെ മഹത്വം. മരണസമയത്തു വേർപെടുത്തപ്പെടുന്ന അവിടുത്തെ മാംസവും രക്തവും നിത്യജീവന്റെ ഉറവിടമാവും. ‘എന്റെ മാംസം’ എന്ന പ്രയോഗം കൊണ്ടു തന്റെ മനുഷ്യസ്വഭാവത്തെയാണു ക്രിസ്തു പരാമർശിക്കുക. ‘വചനം മാംസമായി’ എന്നു സെന്റ് ജോൺ എഴുതിയപ്പോൾ ദൈവപുത്രൻ മനുഷ്യനായി എന്നാണല്ലോ അദ്ദേഹം അർത്ഥമാക്കിയത്. മനുഷ്യസ്വഭാവം ദൈവികവ്യക്തിത്വത്തോടു ബന്ധപ്പെട്ടിരിക്കുന്നു. അതു സ്വീകരിക്കുന്നവർക്കു നിത്യജീവൻ ലഭിക്കുന്നതിനു നിദാനവും അതു തന്നെ.
ക്രിസ്തുവിനെ ശ്രവിച്ചവർക്കു പലർക്കും അവിടുത്തെ വാക്കുകൾ കഠിനമായിരുന്നു. വിശ്വസിക്കുക വിഷമമാണവർക്ക്. തൽക്ഷണം അവർ സ്ഥലം വിടുകയും ചെയ്തു. ചമല്ക്കാരഭാഷയിലല്ല യേശു സംസാരിച്ചത്. കലർപ്പറ്റ സത്യമാണു പറഞ്ഞതെന്നു സാരം. ആലങ്കാരിക ഭാഷയാണുപയോഗിച്ചതെങ്കിൽ നിക്കോഡീമസിനു തിരുത്തിക്കൊടുത്തതുപോലെ ഇത്തരുണത്തിലും അവിടുന്നു സ്വയം തിരുത്തിയേനെ. ആരും അവിടുത്തെ വിട്ടുപേക്ഷിക്കയുമില്ലായിരുന്നു.
നിഖിലേശസുതൻ അരുളിചെയ്തിട്ടുള്ള നിത്യജീവന്റെ ആവിഷ്ക്കാര വചനങ്ങളെ തോന്ന്യാസം വ്യാഖ്യാനിച്ചുകൊണ്ടു ചില പുതിയ തത്വസംഹിതകൾ പടച്ചുവിട്ടുകൊണ്ടിരിക്കയാണിന്നു ചിലർ. മരണരഹിതന്- ഈശ്വരന്-മരണമുണ്ടായി, ചിലരുടെ വീക്ഷണത്തിൽ. ഈശ്വരൻ മരിച്ചെന്നും ഈശ്വരന്റെ പ്രേതം സംസ്ക്കരിച്ചെന്നും മറ്റും പറയുന്നവർ അടുത്തകാലത്ത് അവിടുത്തെ മരണത്തെ പ്രഘോഷിക്കുന്നൊരു ‘ദൈവശാസ്ത്രം’ തന്നെ രചിച്ചിരിക്കുന്നു! അതും ബൈബിളിന്റെ, ദൈവവചനത്തിന്റെ വെളിച്ചത്തിലാണു പോലും!
ഈശ്വരമരണത്തിനു പരസ്യം നല്കുന്നവർ ഒന്നല്ല, പലതാണു പറയുക. ദൈവം ഇല്ലെന്നും ഒരിക്കലും ഉണ്ടായിരുന്നില്ലെന്നും ഒരു കൂട്ടർ പറയും. പ്രാർത്ഥനാ സ്തുതിഗീതങ്ങളുടേയും ആരാധനയുടെയും ശരണത്തിന്റെയും വിഷയമായൊരു വിശ്വേശ്വരൻ ഉണ്ടായിരുന്നെന്നും ഇന്നങ്ങനെയൊരീശ്വരൻ ഇല്ലെന്നും പറയുകയായി മറുവശം. മഹേശ്വരനെപ്പറ്റി മനുഷ്യൻ മനനം ചെയ്തിരുന്ന ആശയങ്ങളിൽ ആ ശബ്ദത്തിൽത്തന്നെ സ്ഥായിയായ പൊളിച്ചെഴുത്തു വേണമെന്നു വാദിക്കുന്നവരുമുണ്ട്. ക്രിസ്തുമതം വരച്ചുകാട്ടുന്ന ഈശ്വരന്റെ ചിത്രമാണ് ‘ഈശ്വരമരണ’ക്കാരിൽ ചിലർ ചിന്തിക്കീറുക. വിശ്വകലാകാരനും ലോകപാലകനും വിശ്വാന്ത്യവുമായൊരു പരാശക്തിയുടെ ചിത്രം.
‘കണ്ണുതുറക്കാത്ത, ചിരിക്കനറിയാത്ത, കരയാനറിയാത്ത കളിമൺ പ്രതിമകളെ’ തള്ളി പറയുന്നവർ മറ്റൊരനുഭൂതിയിലേയ്ക്കാണു വിരൽ ചൂണ്ടുക. സർവാന്തര്യാമിയായി, എന്നാൽ സർവാതിശായി, സകലത്തിന്റേയും സാരസർവസ്വവുമായി നല്ല മനുഷ്യരുടെ ഹൃദയാന്തരാളത്തിൽ വസിക്കുന്ന സർവേശ്വരനെ അനുഭവിച്ചറിയാൻ കഴിയാത്ത നിസ്സഹായരുടെ നിരർത്ഥകമായ ജല്പനം എന്നല്ലാതെ എന്താണതെസംബന്ധിച്ചു പറയുക?
ഈശ്വരമരണവാർത്ത വിളിച്ചറിയിച്ച ആദ്യത്തെ വിഡ്ഢിയാണ് നീഷേ. ഭ്രാന്താലയത്തിലാണയാൾ ജീവിതം അവസാനിപ്പിച്ചത്. ഹ്യൂമനിസവും വിശ്വപ്രേമവും മൂത്തുമൂത്ത് ഈശ്വരന്റെ മരണത്തിലേയ്ക്കു കടക്കുന്ന ബാലൻസു തെറ്റിയ മനുഷ്യനാണ് സാർത്ര്. അയാളുടെ മനുഷ്യദർശനം ചിന്താതലത്തിലെന്നതിനെക്കാൾ വികാരതലത്തിലാണു നടക്കുക. മനുഷ്യസ്വാതന്ത്ര്യത്തിനു വിഘാതമാണുപോലും ഈശ്വരൻ. സ്വന്തം പിതാവു ജീവിച്ചിരിക്കുന്നതു സ്വാതന്ത്ര്യത്തിനു തടസ്സമാണെന്നു പറയുന്നതുപോലെ. അല്ലയോ മനുഷ്യസ്വാതന്ത്ര്യഗായകാ, നിങ്ങൾ നിങ്ങളുടേയും മറ്റുള്ളവരുടേയും സ്വാതന്ത്ര്യത്തെ വിലമതിക്കുന്നതിലേറെ മഹേശ്വരൻ നിങ്ങളുടെ സ്വാതന്ത്ര്യത്തെ മാനിക്കുന്നുണ്ട്. അല്ലെങ്കിൽ വിഡ്ഢിത്തരങ്ങൾ എഴുന്നള്ളിക്കാൻ അവിടുന്നു നിങ്ങളെ അനുവദിക്കുമായിരുന്നില്ല. നിങ്ങളുടേയും എന്റേയും സ്വാതന്ത്ര്യത്തിലാണവിടുന്നു നിലകൊള്ളുന്നത്.
എതായാലും ഒന്നു തീർച്ച. കള്ള ദൈവങ്ങൾ മരിക്കണം. അബ്രാഹത്തിന്റെയും ഇസഹാക്കിന്റെയും യാക്കോബിന്റെയും ഈശ്വരൻ എന്നും ജീവിക്കും. എന്റേയും നിങ്ങളുടേയും ഈശ്വരൻ ഇന്നലെയും ഇന്നും എന്നും ജീവിക്കുന്ന ദൈവമാണ്. ‘സത്’ ആകുന്നവനാണവിടുന്ന്. അവിടുന്നു നിത്യനാണ്.
ജീവന്റെ അപ്പത്തെപ്പറ്റിയുള്ള വാഗ്ദാനമായിരുന്നല്ലോ നമ്മുടെ പ്രതിപാദ്യം. അന്തിമഭോജനവേളയിൽ ദിവ്യനാഥൻ തന്റെ വാഗ്ദാനമായിരുന്നല്ലോ നമ്മുടെ പ്രതിപാദ്യം. അന്തിമഭോജനവേളയിൽ ദിവ്യനാഥൻ തന്റെ വാഗ്ദാനം നിറവേറ്റി. സെന്റ് ജോണൊഴികെ മറ്റെല്ലാ സുവിശേഷകന്മാരും വിശിഷ്യ സെനന്റ് പോളും വി.കുർബാനയുടെ സ്ഥാപനം വിവരിച്ചിട്ടുണ്ട്. അവർ ഭക്ഷിക്കുമ്പോൾ ഈശോ അപ്പം എടുത്ത് ആശീർവദിച്ചു മുറിച്ചു ശിഷ്യന്മാർക്കു കൊടുത്തു. നിങ്ങൾ വാങ്ങി ഭക്ഷിക്കുവിൻ, ഇത് എന്റെ ശരീരമാകുന്നു. പിന്നെ പാനപാത്രമെടുത്തു സ്തോത്രം ചെയ്ത് അതും അവർക്കു കൊടുത്തു: ‘എല്ലാവരും ഇതിൽനിന്നു കുടിക്കുവിൻ, ഇതു പാപങ്ങളുടെ മോചനത്തിനായി വളരെപ്പേർക്കുവേണ്ടി ചിന്തപ്പെടുന്ന പുതിയ ഉടമ്പടിയിലെ എന്റെ രക്തമാകുന്നു’ (മത്താ: 2628).
വെറും ഒരു സ്മാരകമായിമാത്രം ദിവ്യകാരുണ്യം തരാനാണ് ഈശോ നിശ്ചയിച്ചിരുന്നതെങ്കിൽ, ഇത് എന്റെ ശരീരത്തിന്റേയും രക്തത്തിന്റേയും ഓർമ്മയ്ക്കായിരിക്കട്ടെ എന്നോ മറ്റോ പറഞ്ഞാൽ മതിയായിരുന്നല്ലോ. ആ സമയത്തു സന്നിഹിതനായിരുന്ന സെന്റ് പോൾ വി. കുർബാനയെപ്പറ്റി പ്രതിപാദിക്കുന്നത് അതിൽ പങ്കുചേർന്ന ഒരുവനെപ്പോലെയാണ്. മറ്റു ശ്ലീഹന്മാരുടെ വിശ്വാസമല്ലേ ഇതു വ്യക്തമാക്കുക? ‘നാം ആശീർവദിക്കുന്ന സ്തോത്രത്തിന്റെ കാസാ മിശിഹായുടെ രക്തത്തിന്റെ ഭാഗഭാഗിത്വമല്ലയോ? നാം മുറിക്കുന്ന അപ്പം മിശിഹായുടെ ശരീരത്തിന്റെ പങ്കുചേരലല്ലേ? (1 കൊറി 10:16) അനർഹമായി ഈ അപ്പം ഭക്ഷിക്കുകയും ഈ കാസ കുടിക്കുകയും ചെയ്യുന്നവൻ കർത്താവിന്റെ കായനിണങ്ങളോട് അപരാധിയാകുന്നു’ (1 കൊറി 11:27). യഥാർത്ഥ സാന്നിദ്ധ്യത്തെപ്പറ്റി സെന്റ് പോളിനു സുദൃഢമായ വിശ്വാസമാണല്ലോ പ്രസ്തുത വാക്കുകൾ വിളിച്ചറിയിക്കുക.
സ്നേഹത്തിന്റെ കൂദാശയാണു വി.കുർബാന. ദൈവത്തിനു മനുഷ്യരോടുള്ള സ്നേഹത്തിന്റെ സമുന്നത മാതൃക. ദൈവപുത്രനായ ക്രിസ്തുവിനല്ലാതെ മറ്റാർക്കും സാധിക്കുകയില്ല, സ്വന്തം ശരീരരക്തങ്ങൾ ഭക്ഷണമായി നല്കാൻ. ഇവിടെ ഒരു കാര്യം പ്രത്യേകം എടുത്തു പറയേണ്ടതുണ്ട്. വി.കുർബാന ഒരു കൂദാശമാത്രമല്ല. ഗാഗുൽത്തായിലെ ബലിയുടെ നവീകരണവുമാണത്. ഈ ബലിയിൽ സാധനവും കർത്താവും ഒരാൾ തന്നെ. ആദ്യത്തെ കുർബാന അന്ത്യഭോജനസമയത്തു ക്രിസ്തുതന്നെ സമർപ്പിച്ചു, അപ്പത്തിന്റേയും വീഞ്ഞിന്റേയും സാദൃശ്യങ്ങളിൽ. അന്നു ഭക്ഷണശാലയിൽ സമാരംഭിച്ച സമർപ്പണം പിറ്റേദിവസം കാൽവരിയിലേ ബലിയിൽ സമാപിച്ചു. ഗാഗുൽത്തായിലെ ബലിയുടേയും അൾത്താരയിലേ ബലിയിയുടേയും പ്രധാന പുരോഹിതൻ ക്രിസ്തു തന്നെ. വൈദികൻ വെറും ഉപകരണങ്ങൾ മാത്രം.
സ്നേഹം പ്രതിസ്നേഹം ആവശ്യപ്പെടുന്നു. നമ്മോടുള്ള സ്നേഹത്താൽ പ്രേരിതനായാണു നമ്മുടെ പാപങ്ങൾക്കു പരിഹാരമായി ക്രിസ്തു കുരിശിൽ മരിച്ചത്. നാമും അവിടുത്തെ സ്നേഹിക്കണം. പിതാവായ ദൈവം സ്വസുതനെ സ്നേഹിക്കുന്നത് എങ്ങനെയോ അങ്ങനെതന്നെ സുതൻ നമ്മേയും സ്നേഹിക്കുന്നു. അവിടുത്തെ സ്നേഹത്തിൽ വസിക്കണം നമ്മൾ. മനുഷ്യനെന്ന നിലയിൽ സ്വപിതാവിന്റെ കല്പനകൾ പാലിച്ചാണ് മിശിഹാ ഈശ്വരസ്നേഹത്തിൽ വസിച്ചത്. ക്രിസ്തുവിന്റെ കല്പനകൾ പാലിച്ചാൽ അവിടുത്തെ സ്നേഹത്തിൽ നമുക്കും വസിക്കാം. ‘ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്നേഹിക്കണമെന്നതാണ് എന്റെ കല്പന. ഒരു മനുഷ്യൻ തന്റെ സ്നേഹിതനുവേണ്ടി സ്വജീവൻ ബലി കഴിക്കുന്നതിൽപരം വലിയ സ്നേഹമില്ല’ (യോഹ 15:1213). നമുക്കുവേണ്ടി സ്വജീവൻ ബലികഴിച്ച ഏക വ്യക്തിയാണ് അവിടുന്ന്. ഈ വാസ്തവത്തിൽനിന്ന് അവിടുത്തേയ്ക്കു നമ്മോടുള്ള സ്നേഹവും വ്യക്തമാണ് (3.16). അവിടുന്നു നമ്മോടു കല്പിക്കുന്നവയെല്ലാം നാം ചെയ്യുമെങ്കിൽ അവിടുത്തെ സ്നേഹിതന്മാരായിരിക്കും നാം.