ഈശോമിശിഹായോടുള്ള സ്നേഹത്താൽ കത്തിജ്വലിക്കുന്ന ഒരു തീപ്പന്തമാണല്ലോ പൗലോസ് ശ്ലീഹ. നിത്യസത്യങ്ങൾ കൃത്യമായും വ്യക്തമായും വെളിപ്പെട്ടുകിട്ടിയ അദ്ദേഹം അവ ആവിഷ്കരിക്കുന്നതിലും അതിസമർത്ഥൻ. അർത്ഥശങ്കയ്ക്കിടമില്ലാത്ത വിധം അദ്ദേഹം വ്യക്തമാക്കുന്നു: അല്ലയോ മനുഷ്യാ, നീ ആരുതന്നെ ആയാലും മറ്റൊരുവനെ വിധിക്കുമ്പോൾ നിനക്ക് ന്യായീകരണമില്ല. അപരനെ വിധിക്കുമ്പോൾ നീ നിന്നെത്തന്നെയാണ് വിധിക്കുന്നത്. എന്തെന്നാൽ,വിധിക്കുന്ന നീയും അതെ കുറ്റങ്ങൾ ചെയ്യുന്നു. അപ്രകാരം പ്രവർത്തിക്കുന്നവരുടെമേലുള്ള ദൈവത്തിന്റെ വിധി ന്യായയുകതമാണെന്നു നമുക്കറിയാം. ഇത്തരം പ്രവർത്തികൾ ചെയ്യുന്നവരെ വിധിക്കുകയും എന്നാൽ, അവതന്നെ പ്രവർത്തിക്കുകയും ചെയ്യുന്ന മനുഷ്യാ,ദൈവത്തിന്റെ വിധിയിൽനിന്ന് ഒഴിഞ്ഞുമാറാൻ സാധിക്കുമെന്ന് നീ വിചാരിക്കുന്നുവോ ? അതോ അവിടുത്തെ നിസ്സീമമായ കരുണയും സഹിഷ്ണുതയും ക്ഷമയും നീ നിസ്സാരമാക്കുകയാണോ ചെയ്യുന്നത്? നിന്നെ അനുതാപത്തിലേക്കു നയിക്കുകയാണ് ദൈവത്തിന്റെ കരുണയുടെ ലക്ഷ്യമെന്നു നീ അറിയുന്നില്ലേ? എന്നാൽ ദൈവത്തിന്റെ നീതിയുക്തമായ വിധി വെളിപ്പെടുന്ന ക്രോധത്തിന്റെ ദിനത്തിലേക്കു നീ നിന്റെ കഠിനവും അനുതാപരഹിതവുമായ ഹൃദയം നിമിത്തം നിനക്കുതന്നെ ക്രോധം സംഭരിച്ചുവെക്കുകയാണ്. എന്തെന്നാൽ, ഓരോരുത്തർക്കും താന്താങ്ങളുടെ പ്രവർത്തികൾക്കനുസരിച്ച് അവിടുന്ന് പ്രതിഫലം നൽകും. സൽകർമ്മത്തിൽ സ്ഥിരതയോടെ നിന്ന് മഹത്വവും ബഹുമാനവും അക്ഷയത്വവും അന്വേഷിക്കുന്നവർക്ക് അവിടുന്ന് പ്രതിഫലം നൽകും. സൽക്കർമ്മത്തിൽ സ്ഥിരതയോടെനിന്ന് മഹത്വവും ബഹുമാനവും അക്ഷയത്വവും അന്വേഷിക്കുന്നവർക്ക് . അവിടുന്നു നിത്യജീവൻ പ്രദാനം ചെയ്യും. സ്വാർത്ഥമതികളായി സത്യത്തെ അനുസരിക്കാതെ, ദുഷ്ടതയ്ക്കു വഴങ്ങുന്നവർ കോപത്തിനും ക്രോധത്തിനും പാത്രമാകും . തിന്മ പ്രവൃത്തിക്കുന്ന ഏതൊരുവനും, ആദ്യം യഹൂദനും പിന്നെ ഗ്രീക്കുകാരനും മഹത്വവും ബഹുമാനവും സമാധാനവും ഉണ്ടാകും.എന്തെന്നാൽ ദൈവസന്നിധിയിൽ മുഖംനോട്ടമില്ല (റോമാ 2 :1 -11 ).
ഈശോമിശിഹായെ പ്രതിയുള്ള തീഷ്ണതയാൽ ജ്വലിക്കുന്ന പൗലോസ് അവിടുത്തെ പ്രബോധനം അരക്കിട്ടുറപ്പിക്കുക മാത്രമാണ് ചെയ്യുക. നാഥന്റെ വാക്കുകൾ ശ്രദ്ധിക്കുക: വിധിക്കപ്പെടാതിരിക്കാൻ നിങ്ങളും വിധിക്കരുത്.നിങ്ങൾ വിധിക്കുന്ന വിധിയാൽത്തന്നെ നിങ്ങളും വിധിക്കപ്പെടും. നിങ്ങൾ അളക്കുന്ന അളവുകൊണ്ടുതന്നെ നിങ്ങൾക്കും അളന്നുകിട്ടും. നീ സഹോദരന്റെ കണ്ണിലെ കരടുകാണുകയും നിന്റെ കണ്ണിലെ തടിക്കഷണം ശ്രദ്ധിക്കാതിരിക്കുകയും ചെയ്യുന്നതെന്തുകൊണ്ട്? അഥവാ, നിന്റെ കണ്ണിൽ തടിക്കഷണം ഇരിക്കെ, സഹോദരനോട്, ഞാൻ നിന്റെ കണ്ണിൽനിന്ന് കരടെടുത്തുകളയട്ടെ എന്ന് എങ്ങനെ പറയും? കപടനാട്യക്കാരാ, ആദ്യം സ്വന്തം കണ്ണിൽനിന്ന് തടിക്കഷണം എടുത്തു മാറ്റുക. അപ്പോൾ സഹോദരന്റെ കണ്ണിലെ കരടെടുത്തുകളയാൻ നിനക്ക് കാഴ്ചതെളിയും. വിശുദ്ധമായതു നായകൾക്ക് കൊടുക്കരുത്.നിങ്ങളുടെ മുത്തുകൾ പന്നികൾക്കു ഇട്ടുകൊടുക്കരുത്. അവ അത് ചവിട്ടി നശിപ്പിക്കുകയും തിരിഞ്ഞു നിങ്ങളെ ആക്രമിക്കുകയും ചെയ്തേക്കാം.
ചോദിക്കുവിൻ, നിങ്ങൾക്ക് ലഭിക്കും; അന്വേഷിക്കുവിൻ, നിങ്ങൾ കണ്ടെത്തും; മുട്ടുവിൻ,നിങ്ങൾക്കു തുറന്നുകിട്ടും.ചോദിക്കുന്ന ഏവനും ലഭിക്കുന്നു;അന്വേഷിക്കുന്നവർ കണ്ടെത്തുന്നു; മുട്ടുന്നവന് തുറന്നുകിട്ടുകയും ചെയുന്നു.. മകൻ അപ്പം ചോദിച്ചാൽ കല്ല് കൊടുക്കുന്ന ആരെങ്കിലും നിങ്ങളിൽ ഉണ്ടോ ? അഥവാ, മീൻ ചോദിച്ചാൽ പാമ്പിനെ കൊടുക്കുമോ? മക്കൾക്ക് നല്ല വസ്തുക്കൾ കൊടുക്കണമെന്ന് ദുഷ്ടരായാ നിങ്ങൾ അറിയുന്നുവെങ്കിൽ,നിങ്ങളുടെ സ്വർഗ്ഗസ്ഥനായ പിതാവ്, തന്നോട് ചോദിക്കുന്നവർക്ക് എത്രയോ കൂടുതൽ നന്മകൾ നൽകും! [മക്കൾക്ക് നല്ല ദാനങ്ങൾ നൽകാൻ ദുഷ്ടരായ നിങ്ങൾക്ക് അറിയാമെങ്കിൽ, സ്വർഗ്ഗസ്ഥനായ പിതാവ് തന്നോട് ചോദിക്കുന്നവർക്കു, എത്രയധികമായി പരിശുദ്ധാത്മാവിനെ നൽകുകയില്ല!] മറ്റുള്ളവർ നിങ്ങൾക്കു ചെയ്തു തരണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നതെല്ലാം നിങ്ങൾ അവർക്കു ചെയ്യുവിൻ. ഇതാണ് നിയമവും പ്രവാചകന്മാരും ( മത്താ 7 :1 -12 ) (സുവർണ്ണനിയമം).