പഴയനിയമത്തിൽനിന്നു പുതിയ നിയമത്തിലേക്കുള്ള പ്രവേശനകവാടങ്ങളാണ് പരിശുദ്ധ അമ്മയും മാർ യൗസേപ്പ് പിതാവും. ഇരുവരും കരുണയുടെ ആൾരൂപങ്ങൾ!
ദൈവത്തിൻറെ മഹാകരുണയുടെ സുമോഹന പ്രക്രിയയാണ് രക്ഷാകരകർമ്മം. തന്റെ ഓമൽകുമാരനെ ശൂന്യനാക്കി ഭൂമിയിലേക്ക് അയയ്ക്കാൻ പിതാവായ ദൈവത്തെ പ്രേരിപ്പിച്ചത് തന്റെ അപരിമേയമായ കരുണയാണ് . ഈശോ ഈ ഭൂമിയിൽ ചെയ്തതെല്ലാം കരുണയുടെ പ്രവർത്തികളാണ്-കാനയിൽ വെള്ളം വീഞ്ഞാക്കിയത്, അപ്പം വർദ്ധിപ്പിച്ചത്, എല്ലാത്തരം രോഗികളെയും പിശാച് ബാധിതരേയും സുഖപ്പെടുത്തിയത്, വെള്ളത്തിന്റെ മീതെ നടന്നത്, സർവ്വോപരി മരിച്ചവരെ ഉയർപ്പിച്ചത്.
കാർക്കശ്യമല്ല, കരുണയാണ് ദൈവം. ദൈവമക്കളെല്ലാവരും ഈ വലിയ സത്യമറിയണം. ഈ അറിവില്ലാത്തവരെ ആരെയെങ്കിലും കണ്ടുമുട്ടിയാൽ ഈ സത്യം അവരെ പഠിപ്പിക്കണം. അറിഞ്ഞാൽ മാത്രം പോരാ, ആഴമായി വിശ്വസിക്കുകയും വേണം. എല്ലാവരും കരുണാർദ്രമായ സ്നേഹത്തിന്റെ, ആ ഉദാത്ത ഭാവത്തിന്റെ ഉടമകളായിരിക്കണം. അങ്ങനെയുള്ളവർ ആറ്റുതീരത്തു നട്ട വൃക്ഷം പോലെ, മലമേൽ, പാറമേൽ പണിത വീടുകൾ പോലെയായിരിക്കും. ദാവീദിനോടെന്നപോലെ അവിടുന്ന് അവരോടു സ്ഥിരമായ സ്നേഹം കാട്ടും (ഏശ.55 :4 ). പ്രവാചകൻ തുടരുന്നു: “കർത്താവിനെ കണ്ടെത്താൻ കഴിയുന്ന ഇപ്പോൾത്തന്നെ അവിടുത്തെ അന്വേഷിക്കുവിൻ. അവിടുന്ന് അരികെയുള്ളപ്പോൾ അവിടുത്തെ വിളിക്കുവിൻ. ദുഷ്ടൻ തന്റെ മാർഗ്ഗവും അധർമ്മി തന്റെ ചിന്താഗതികളും ഉപേക്ഷിക്കട്ടെ. അവിടുത്തെ കരുണ ലഭിക്കേണ്ടതിനു അവൻ കർത്താവിങ്കലേക്കു തിരിയട്ടെ. അവിടുന്ന് ഉദാരമായി ക്ഷമിക്കും” (ഏശ. 55 :6 ,7 ) . യഥാർത്ഥ കരുണയുള്ളവർക്കേ ആത്മാർത്ഥമായി ക്ഷമിക്കാനാവൂ മാനവരാശിയുടെ പാപം ക്ഷമിക്കാൻ മഹോന്നതനെ പ്രേരിപ്പിക്കുന്നത് അവിടുത്തെ കരുണയാണ്.
പഴയനിയമങ്ങൾ പാലിച്ചു പരിപൂർണ്ണതയുടെ നെറുകയിലെത്തിയ,അതിന്റെ പരമ കാഷ്ഠ പ്രാപിച്ച ആളാണ് സ്നാപകയോഹന്നാൻ. “സ്ത്രീകളിൽനിന്നു ജനിച്ചവരിൽ സ്നാപകയോഹന്നാനെക്കാൾ വലിയവരില്ല. എങ്കിലും, സ്വർഗ്ഗരാജ്യത്തിലെ ഏറ്റവും ചെറിയവൻ അവനെക്കാൾ വലിയവനാണ്” (മത്ത. 11 : 11 ). ഈ ചെറുപ്പത്തിനു കാരണം കരുണയുടെ പൂർണ്ണമായ കൂദാശകൾ ജലത്താലും അരൂപിയാലുമുള്ള മാമ്മോദീസ, സ്ഥൈര്യലേപനം, വി.കുമ്പസാരം, കുർബാന, രോഗീലേപനം, വിവാഹം, തിരുപ്പട്ടം എന്നീ കൂദാശകളുടെ സമൃദ്ധി, ചുരുക്കത്തിൽ പെസഹാരഹസ്യത്തിൽ അദ്ദേഹത്തിന് യാതൊരു പങ്കുമില്ലായിരുന്നു എന്നതാണ്. കൂദാശകളെല്ലാം ദൈവകരുണയുടെ അനർഗ്ഗളമായ നിർഗ്ഗളങ്ങളാണ്. കൂദാശകളിലൂടെ ദൈവത്തിന്റെ കരുണയുടെ പൂർണ്ണതയിലെത്താൻ അദ്ദേഹത്തിന് കഴിഞ്ഞില്ലെന്നതാണ് അദ്ദേഹത്തിന്റെ ‘ചെറുമ’ യുടെ കാരണം.