ചെറുതല്ല ദൈവരാജ്യം

Fr Joseph Vattakalam
1 Min Read

ഓരോ ദിവസവും ഉണർന്നു എഴുന്നേൽക്കുമ്പോൾ മുതൽ ഉറങ്ങുന്നവരെ സ്വർഗ്ഗസ്ഥനായ പിതാവേഎന്ന് തുടങ്ങുന്ന കർത്തൃപ്രാർത്ഥന വഴിയായി ദൈവത്തിന്റെ രാജ്യം വരണമേയെന്ന് എത്രയോ പ്രാവശ്യമാണ് നമ്മൾ പ്രാർത്ഥിക്കാറുള്ളത്. എന്നാൽ യഥാർത്ഥത്തിൽ നമ്മൾ ദൈവത്തിന്റെ രാജ്യം വരണമെന്ന് ആഗ്രഹിക്കുന്നുണ്ടോ? ദൈവത്തിന്റെ രാജ്യത്തിന് അതിരുകളോ  സീമകളോ ഇല്ലല്ലോ. എന്നാൽ നമ്മളാകട്ടെ എല്ലാറ്റിനും അതിരുകൾ കല്പിച്ചിരിക്കുന്നു. എന്റെ ജാതി, എന്റെ മതം, എന്റെ പാർട്ടി, എന്റെ ഇഷ്ടം അങ്ങനെ സ്വന്തം താല്പര്യങ്ങളിലേക്കു നമ്മൾ ഒതുങ്ങിക്കൂടുന്നു. അങ്ങനെ അപൂർണതയുടെ ഒരു ലോകം നമ്മൾ സൃഷ്ടിക്കുന്നു. നമ്മെ സ്നേഹിക്കുന്നവരെ മാത്രം നമ്മൾ സ്‌നേഹിക്കുമ്പോൾ നമ്മുടെ ലോകം ചെറുതായിത്തീരുന്നു. എല്ലാവരെയും സ്നേഹിക്കുന്ന ദൈവത്തിന്റെ ലോകം നമുക്കന്യമായിത്തീരുന്നു. അതിരുകൾ നമ്മെ അപൂർണതയിലേക്കു നയിക്കുന്നു. അതിരുകളില്ലാത്തതാണ് ദൈവത്തിന്റെ രാജ്യമെന്ന തിരിച്ചറിയണം.

മദർ തെരേസയുടെ ജീവിതം അങ്ങനെയുള്ളതായിരുന്നു. ദൈവത്തിന്റെ സ്നേഹവുമായി എല്ലാ അതിരുകൾക്കും വെളിയിലേക്ക് മദർ ഇറങ്ങിച്ചെന്നു. മാനവകുലം മുഴുവനും അവരെ അമ്മ എന്ന് വിളിച്ചു. അതെ ! ലോകത്തിന്റെ അമ്മ എന്നവർ അറിയപ്പെട്ടു. നമുക്കും സാധ്യമാണത്. ദൈവത്തിന്റെ പൂർണതയിലേക്ക് നമുക്ക് വളരാൻ കഴിയും. അതുകൊണ്ടാണല്ലോ ഈശോ നമ്മോടും ഇപ്രകാരം പറഞ്ഞിരിക്കുന്നത്, ‘നിങ്ങളുടെ സ്വർഗ്ഗീയ പിതാവ് പൂർണ്ണനായിരിക്കുന്നതുപോലെ നിങ്ങളും പൂർണ്ണരായിരിക്കുവിൻ‘ (മത്താ. 5 :48 ).

മാത്യു മാറാട്ടുകളം

Share This Article
error: Content is protected !!