അദ്ധ്യായം 3
തന്നെ മാടിവിളിച്ച കൽക്കട്ടായിലെ തെരുവുകളിലേയ്ക്ക് സി. തെരേസ ഇറങ്ങിത്തിരിച്ചു. ഓരോ ചേരിയും തന്റെ പാദസ്പർശമേൽക്കാൻ കാത്തിരിക്കുന്നതുപോലെ അവർക്കു തോന്നി. ദുരിതങ്ങളുടെ മഹാസാഹരത്തിലേയ്ക്കാണ് ആ മഹതി ഇറങ്ങിയത്. ദുരിതങ്ങളുടെ മഹാനഗരമെന്നാണ് കൽക്കട്ടയെ അവർ വിശേഷിപ്പിച്ചിരിക്കുന്നത്. പാവങ്ങളെ പരിചരിക്കാൻ അറിവും പരിചയും വേണമല്ലോ, ഒപ്പം പരിശീലനവും.
1949 ആഗസ്റ്റ് 18 നു തന്നെ സിസ്റ്റർ പാറ്റ്നായിലേയ്ക്കു യാത്രയായി. അവിടെ മെഡിക്കൽ മിഷൻ സിസ്റ്റേഴ്സു നടത്തുന്ന ഒരു നേഴ്സിംഗ് സ്കൂളിൽ ചേർന്നു. മൂന്നു മാസം കൊണ്ട് രോഗം നിർണ്ണയിക്കുവാനും മരുന്നു കുറിക്കുവാനും കുത്തിവയ്ക്കാനുമൊക്കെ അവർ പഠിച്ചു. ദൈവത്തിന്റെ പ്രത്യേകാനുഗ്രഹമാണ് ഇത്രവേഗം ഈ കഴിവുകളൊക്കെ തനിക്കു നൽകിയതെന്ന് അവർ എന്നെന്നും വിശ്വസിച്ചിരുന്നു. ഡിസംബർ 19ന് പാറ്റ്നായിൽ നിന്നു കൽക്കട്ടായിൽ തിരിച്ചെത്തി. ‘പാവങ്ങളുടെ കുഞ്ഞുസഹോദരികൾ’ കുറച്ചു നാളത്തേയ്ക്കു താമസിക്കാൻ അവർക്കിടം കൊടുത്തു. ഇതിനിടെ ആത്മഗുരുവിന്റെ നിർദ്ദേശപ്രകാരം ഡിസംബർ 10 മുതൽ 18 വരെ ഒരു ധ്യാനം കൂടി നടത്തി. അങ്ങനെ തന്റെ പ്രവർത്തന മണ്ഡലത്തിലേയ്ക്കിറങ്ങാൻ അവർ ആത്മനാ ഒരുങ്ങി.
ലൊറേറ്റോ സന്യാസിനികളുടെ വേഷം പാറ്റ്നയ്ക്കു പോകുന്നതിനു മുമ്പുതന്നെ സിസ്റ്റർ ഉപേക്ഷിച്ചിരുന്നു. പകരം കൽക്കട്ടയിലെ വലിയ വീടുകളിൽ കയറിയിറങ്ങി മാലിന്യം ശേഖരിക്കുന്ന തോട്ടികളുടെ സാരി തന്റെ സന്യാസവസ്ത്രമാക്കി. സാരിത്തുമ്പിൽ ക്രൂശീതരൂപവും. വെള്ളയിൽ നീലക്കരയുള്ള പരുപരുത്ത സാരിയാണ് അവർ തെരഞ്ഞെടുത്തത്. വെള്ള പരിശുദ്ധിയെയും, നീലക്കര പരിശുദ്ധ അമ്മയെയും പ്രതിനിധീകരിക്കുമല്ലോ. ദൈവപരിപാലനയിൽ, തന്റെ ആത്മപിതാവാണു മൂന്നു സാരികൾ വെഞ്ചരിച്ച് അവർക്ക് സമ്മാനിച്ചത്. അദ്ദേഹത്തിന്റെ ആശീർവാദത്തോടെ തന്റെ പ്രവർത്തനമേഖലയിലേയ്ക്കു സി. തെരേസ സധൈര്യം പ്രവേശിച്ചു.
പ്രവർത്തനത്തിന്റെ പാതയിൽ
ഹെന്റിയച്ചൻ കൂട്ടിനുവിട്ട ഒരു സ്ത്രീയുമായി ആ കനിവിന്റെ മാലാഖ മോത്തീജിലേയ്ക്കു യാത്രയായി. മുത്തുകളുടെ തടാകം എന്നർത്ഥമുള്ള ആ സ്ഥലത്ത് ആകെ ഉണ്ടായിരുന്നത് ഒരു കുളമാണ്. അതിനു ചുറ്റും ചീഞ്ഞളിഞ്ഞു മലീമസമായ ചേരികളുണ്ട്. മനുഷ്യർ മൃഗങ്ങളേക്കാൾ മോശമായി ജീവിക്കുന്ന അവസ്ഥയാണ് അവിടെയെങ്ങും. ശുചിത്വം അവരെ തൊട്ടുതീണ്ടിയിട്ടുപോലുമില്ല. കുളിക്കാതെ, വസ്ത്രമലക്കാതെ ജീവിക്കുന്നവർ, അഴുക്കു പുരണ്ട കുഞ്ഞുങ്ങൾ, മാലിന്യത്തിന്റെ നടുമുറ്റത്തും തുള്ളിക്കളിക്കാൻ അവർ മറന്നിരുന്നില്ല. അവരുടെ അടുത്തേയ്ക്കു ശുഭ്രവസ്ത്രധാരിയായ ഒരു അപരിചിത കടന്നുചെന്നപ്പോൾ അത്ഭുതംകൂറി അവർ അവരെ മിഴിച്ചുനോക്കി നിന്നു. ആ സ്നേഹസാഗരം അവരെ നോക്കി ഹൃദ്യമായി പുഞ്ചിരിച്ചു. കുറെ കുട്ടികൾ അവർക്കു ചുറ്റും കൂടി. സഞ്ചിയിൽ സൂക്ഷിച്ചിരുന്ന മിഠായി അവർക്കു വിതരണം ചെയ്തു. ഏറ്റം വൃത്തിഹീനരെ സ്നേഹവചസ്സുകൾ പറഞ്ഞ് സോപ്പിട്ടു കുളിപ്പിച്ചു. ജീവിതത്തിൽ ആദ്യമായായിരിക്കും അവർ സോപ്പിട്ടു കുളിക്കുന്നത്; ഒരുപക്ഷേ, കുളിക്കുന്നതുപോലും.
രോഗാണുക്കളുടെ കൂടാരങ്ങൾ
രോഗാണുക്കളുടെ കൂടാരങ്ങളായിരുന്നു ആ ചേരികൾ. എവിടെത്തിരിഞ്ഞാലും അവിടെയെല്ലാം എല്ലിച്ച ക്ഷയരോഗികൾ. ചൊറിയും ചിരങ്ങും പിടിച്ച കുട്ടികൾ. അറിവിന്റെ വെളിച്ചമില്ലാത്തതാണു ദുരന്തത്തിന്റെ പ്രധാന കാരണം. സി. തെരേസ ഒന്നു തീരുമാനിച്ചു. ചേരികളിലെ കുട്ടികളെ പഠിപ്പിക്കണം. ചുറ്റും കണ്ട മൂന്നുനാലു കുട്ടികൾ അവർ വിളിച്ചപ്പോൾ അടുത്തുചെന്നു. അവരോടൊപ്പം ആ അമ്മ ഒരു മരച്ചുവട്ടിൽ ഇരുന്നു. കമ്പുകൊണ്ടു പച്ച മണ്ണിലെഴുതി ആ കുട്ടികളെ അവർ പഠിപ്പിക്കാൻ തുടങ്ങി. ഒരു വലിയ പ്രസ്ഥാനത്തിന്റെ ഏറ്റം എളിയ തുടക്കം ആ മരച്ചുവട്ടിലായിരുന്നു. ക്ലാസ്സു കഴിഞ്ഞു കുട്ടികൾ പിരിഞ്ഞു.
അറിവിന്റെ ആദ്യാക്ഷരങ്ങൾ
അധ്യയനം തുടരാൻ ഒരു മുറിക്കുവേണ്ടി കുടിലുകൾ തോറും ആ കന്യക കയറിയിറങ്ങി. ഒടുവിൽ ഒരു കൊച്ചു മുറി കിട്ടി. അഞ്ചു രൂപാ വാടകയ്ക്ക് അവർ അത് എടുത്തു. വലിയ സന്തോഷം ആ നിർമ്മല ഹൃദയത്തിൽ അലയടിച്ചു. അടുത്ത ദിവസം ആ കൊച്ചുമുറിയിലായിരുന്നു ക്ലാസ്സ്. കുട്ടികളുടെ എണ്ണം അനുദിനം വർദ്ധിച്ച് 35 വരെ ആയി. അക്ഷരങ്ങളും ശുചിത്വത്തിന്റെ ബാലപാഠങ്ങളുമാണ് അവർക്കു നൽകപ്പെട്ടത്. മനുഷ്യത്വത്തിന്റെ മാഹാത്മ്യം അവർക്കു ബോധ്യപ്പെടുത്തി. ദൈവം ഏവരേയും സ്നേഹിക്കുന്നുവെന്നും എല്ലാവരും ദൈവമക്കളാണെന്നുമുള്ള ആഴമായ അവബോധം അവർക്കു ലഭിച്ചു.
ചേരിയിലെ ആളുകൾ സി. തെരേസയുടെ ആത്മാർത്ഥത മനസ്സിലാക്കി അവരോടു സഹകരിച്ചു. ആ ചേരിനിവാസികൾ അവരെ സഹായിക്കാൻ തുടങ്ങി. അങ്ങോട്ട് ആവശ്യപ്പെടാതെ തന്നെ ക്ലാസുമുറിക്ക് ആവശ്യമായ മേശ, കസേര, ബോർഡ് ഇവ അവർ തന്നെ സംഘടിപ്പിച്ചു കൊടുത്തു. തുടർന്നു രണ്ടു മുറികൾകൂടി അഞ്ചു രൂപ വാടകയ്ക്ക് എടുക്കാൻ കഴിഞ്ഞു. ക്ലാസ് മുറികളും ഡിസ്പെൻസറിയുമായി. ഇതിനുള്ള ദൈവപരിപാലന ഒരു വൈദികനിലൂടെയാണ് വ്യക്തമായത്. അദ്ദേഹം 100 രൂപ സംരംഭത്തിനു സംഭാവനയായി നൽകി.