വീണ്ടും ഒരു ക്രിസ്മസ് കൂടി കടന്നുപോവുകയാണ്. ലോകമെമ്പാടും സന്തോഷത്തിന്റെയും സമാധാനത്തിന്റെയും സന്ദേശം അറിയിച്ചുകൊണ്ട് മാനവകുലത്തിന്റെ രക്ഷക്കായി പിറന്ന ഉണ്ണിയേശുവിനെ നാം എങ്ങനെ വരവേറ്റു എന്ന് ചിന്തിക്കുന്നത് നന്നായിരിക്കും. പക്ഷെ രണ്ടു വർഷമായി നമ്മുടെ ആഘോഷങ്ങൾക്ക് വിലക്ക് കല്പിച്ചു കൊണ്ട് ഒരു കുഞ്ഞൻ വൈറസ് ലോകത്ത് പ്രത്യക്ഷപ്പെട്ടപ്പോൾ ആഘോഷങ്ങളെല്ലാം നാമമാത്രമായി. അതോടൊപ്പം ഓരോരുത്തരും അവനവനിലേക്ക് മടങ്ങി. ഞാനും എന്റെ കുടുംബവും എന്ന ചിന്ത നമ്മെ ഭരിക്കുവാൻ തുടങ്ങി. എന്നിരുന്നാലും പഴയകാല ഓർമ്മകളെ താലോലിച്ചുകൊണ്ട് ഉണ്ണിയെ നിരന്തരം സ്നേഹിക്കുന്നവരും ആരാധിക്കുന്നവരും ആകാൻ അനുനിമിഷം ആത്മാർത്ഥമായി പരിശ്രമിക്കണം.
എന്റെ ക്രിസ്മസ് അനുഭവങ്ങൾ എന്ന് ഞാൻ ചിന്തിക്കുമ്പോൾ സമ്മിശ്ര വികാരമാണ് എനിക്കുള്ളത് സന്തോഷത്തിന്റെയും അതിലുപരി സഹനത്തിന്റെയും പാഠമുൾക്കൊണ്ടുള്ള ഒരു ജീവിതാനുഭവം. എല്ലാ സഹനങ്ങളെ യും പരിശുദ്ധ അമ്മയ്ക്കും ഉണ്ണിഈശോയ്ക്കും കാഴ്ചവെച്ച് അതെല്ലാം സന്തോഷത്തോടെ സ്വീകരിക്കാൻ എനിക്ക് സാധിച്ചിട്ടുണ്ട്. പ്രാർത്ഥനയിൽ എപ്പോഴും ഞാൻ ആവശ്യപ്പെടുന്നത് ഒരു കരുണയുള്ള മനസ്സിന്റെ ഉടമ ആകുവാൻ എന്നെ പ്രാപ്തയാക്കണേ എന്നാണ് . സ്നേഹവും കരുണയും എളിമയും എല്ലാംകൂടി ഒത്തുചേരുന്നതാണ് പുൽക്കൂട്. പക്ഷേ ഇന്ന് നാം കാണുന്നത് ബാഹ്യമായ വളരെ ആവേശത്തോടു കൂടി ഒരുക്കുന്ന പുൽക്കൂടിനെ ആണ്. മറ്റുള്ളവരിലേക്ക് ഇറങ്ങിച്ചെല്ലാൻ കഴിയാതെ പോകുന്ന ഒരു അവസ്ഥ. എന്തുകൊണ്ടാണ് ഉണ്ണിമിശിഹാ പുൽക്കൂട്ടിൽ പിറന്നതെന്നും എന്താണ് നമ്മളോരോരുത്തരിൽനിന്നും അവിടുന്ന് പ്രതീക്ഷിക്കുന്നതെന്നും അറിയാതെ അല്ലെങ്കിൽ ചിന്തിക്കാതെ നാം മുന്നോട്ട് പോവുകയാണ്. പലപ്പോഴും ലോക മോഹങ്ങൾക്ക് പുറകെ നെട്ടോട്ടമോടുകയാണ് എന്നും അതുകൊണ്ട് എന്ത് പ്രയോജനം നമുക്ക് നേടാൻ സാധിക്കുമെന്നും ഞാൻ ചിന്തിക്കാറുണ്ട്.
എല്ലാവർക്കും ഒരാശ്വാസം ആകുവാൻ താങ്ങും തണലും ആകുവാൻ കാവലാളാകുവാൻ നമുക്ക് സാധിക്കുന്നുണ്ടോ എന്ന് നാം ആത്മശോധന ചെയ്യേണ്ടിയിരിക്കുന്നു. സഹനത്തിലും വേദനയിലും സമാധാനത്തിന്റെയും സന്തോഷത്തിന്റെയും വെളിച്ചം പകരുവാൻ നമുക്ക് സാധിക്കട്ടെ. ഇതാ കർത്താവിന്റെ ദാസി എന്ന് കന്യകാമറിയം ഉച്ചരിച്ചതുപോലെ നമുക്കും ഉരുവിടാം.
ഈ ക്രിസ്മസ് കാലവും പുത്തനാണ്ടും നന്മനിറഞ്ഞതാകട്ടെ എന്ന് ആശംസിക്കുന്നു. ദൈവം നമ്മെ ഏവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.