പിതാവായ ദൈവം തന്റെ മഹത്വത്തിന്റെ സമ്പന്നതയ്ക്കു യോജിച്ചവിധം തന്റെ ആത്മാവിലൂടെ നിങ്ങളുടെ ആന്തരിക മനുഷ്യനെ (അവിടുത്തെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ട നിങ്ങളെ -ഉല്പ. 1:26) ശക്തിപ്പെടുത്തട്ടെ! വിശ്വാസം വഴി ഈശോമിശിഹാ നിങ്ങളിൽ വസിക്കട്ടെ. നിങ്ങൾ സ്നേഹത്തിൽ വേരുപാകി അടിയുറയ്ക്കണം. അവിടുത്തെ സ്നേഹത്തിന്റെ നീളവും വീതിയും ആഴവും ഉയരവും ഗ്രഹിക്കാൻ നിങ്ങള്ക്ക് ശക്തി ലഭിക്കട്ടെ! അറിവിനെ അതിശയിപ്പിക്കുന്ന ക്രിസ്തുവിന്റെ സ്നേഹം നിങ്ങൾ ഗ്രഹിക്കാനും അതുവഴി ദൈവത്തിന്റെ സംപൂര്ണതയിൽ നിങ്ങൾ പൂരിതരാകാനും ഇടയാകട്ടെ. ഇതാണ് നോമ്പുകാലത്തു നമ്മിൽ സംഭവിക്കേണ്ടതു.
നിങ്ങള്ക്ക് ലഭിച്ച വിളിക്കു യോഗ്യമായ ജീവിതം നയിക്കുവിൻ. പൂർണമായ വിനയത്തോടും, ശാന്തതയോടും (ഞാൻ ശാന്തശീലനും വിനീതഹൃദയനുമാകയാൽ എന്റെ നുകം വഹിക്കുകയും എന്നിൽനിന്ന് പഠിക്കുകയും ചെയ്യുവിൻ അപ്പോൾ നിങ്ങള്ക്ക് ആശ്വാസം ലഭിക്കും -മത്താ. 11:29) ദീർഘ ക്ഷമയോടും കൂടെ നിങ്ങൾ സ്നേഹപൂർവ്വം അന്വേന്യം സഹിഷ്ണതയോടെ വർത്തിക്കുവിൻ. ക്രിസ്തുവിന്റെ സമാധാനം നിങ്ങളിൽ സമൃദ്ധമാവട്ടെ! പരിശുദ്ധാത്മാവുമായുള്ള ഐക്യത്തിൽ നിലനിൽക്കാൻ ജാഗരൂകരായിരിക്കുവിൻ. ഒരേ പ്രത്യാശയിലേക്കാണ് നിങ്ങൾ വിളിക്കപ്പെട്ടിരിക്കുന്നതു (cfr. എഫെ. 3:17-19, 4:1-4)