പിന്നിലായി സംസ്ഥാനം
പ്രാഥമിക വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ ലോകത്തെ അത്ഭുദപ്പെടുത്തുന്ന കേരളം ഉന്നത വിദ്യാഭ്യാസത്തിന്റെ കാര്യം വരുമ്പോൾ ഏറെ പിന്നിലാണ് എന്നത് അധികം അധികാരികളെ അലോസരപ്പെടുത്തുന്നതായി തോന്നുന്നില്ല. ദാനമായി കിട്ടിയ മാർക്കുകൊണ്ടു പരീക്ഷകൾ പാസാക്കാൻ സാധിച്ചേക്കും. പക്ഷെ അറിവും നൈപുണ്യവും ആർജിക്കുകതന്നെ വേണം. അതിനു കുറുക്കുവഴികളില്ല. അറിവും നൈപുണ്യവും ഉന്നതമായ മൂല്യങ്ങളും കൈമുതലാക്കാത്തവർ നേതാക്കളും ഡോക്ടർമാരും എഞ്ചിനീയര്മാരും ഉദ്യോഗസ്ഥരും മാനേജർമാരും ഒക്കെ ആകുമ്പോൾ അപകടത്തിലാക്കുന്ന ഒരു ജനതയുടെ സുസ്ഥിതിയും ആരോഗ്യവും അനുബന്ധ സംവിധാനങ്ങളുമാണ്.
കേരളം ഇന്ന് നിലനിൽക്കുന്നത് മനുഷ്യ വിഭവശേഷി കയറ്റുമതി ചെയ്താണ്. മറ്റൊരു രാജ്യത്തു, സംസ്കാരത്തിൽ വിഭിന്നമായ ഭാഷകളുള്ളിടത്തു തദ്ദേശീയരെക്കാൾ നമ്മൾ പരിഗണിക്കപ്പെടണമെങ്കിൽ അവർക്കും മുകളിൽ അറിവും നൈപുണ്യവും മൂല്യങ്ങളും സ്വന്തമായി ഉണ്ടായിരിക്കണം. അതൊക്കെ സ്വായത്തമാക്കാനുള്ള ഭാഗികമായ സൗകര്യങ്ങള്കൂടി തച്ചുടച്ചാൽ നമ്മെ കാത്തുനിൽക്കുന്നത് ഇവിടെ ജോലിതേടി വരുന്ന ബംഗാളികളുടെ അവസ്ഥയായിരിക്കും. 1950 കളിലും അറുപതുകളിലും മറ്റും വടക്കേ ഇന്ത്യയിലേക്ക് കുടിയേറിയ മലയാളികൾ പലർക്കും അറിയാമായിരുന്ന തൊഴിൽ ചായയിടാനും സൈക്കിളിനു പഞ്ചറൊട്ടിക്കാനും മറ്റുമായിരുന്നു.അതിനുപോലും കൊള്ളാത്ത ഒരു തലമുറയെ വാർത്തെടുക്കുവാനെ നിർദ്ദിഷ്ട്ട നിയമത്തിനു സാധിക്കുകയുള്ളു.
അറിവിന്റെ നിർമാണം എങ്ങനെ?
അറിവിന്റെ നിർമാണത്തിനും വ്യാപനത്തിനുമായി കോളേജുകളും സർവകലാശാലകളും സ്ഥാപിക്കുക എന്നത് യൂറോപ്പ് ലോകത്തിനു നൽകിയ മാതൃകയാണ്. നളന്ദയുടെയും തക്ഷശിലയുടെയും മാതൃകകൾ തകർത്തെറിയപെട്ട ഭാരതചരിത്രവും മറക്കുന്നില്ല. എങ്ങനെയാണു യൂറോപ്പിലെയും അമേരിക്കയിലെയും വിശ്വോതര യൂണിവേഴ്സിറ്റികൾ മുന്നോട്ടുപോകുന്നത് എന്നുകൂടി പഠനവിധേയമാക്കേണ്ടതുണ്ട്. അവിടങ്ങളിലെ യൂണിവേഴ്സിറ്റികളിൽ രാഷ്ട്രീയം തൊഴിലാക്കി മാറ്റിയവരാണോ അതോ അക്കാദമിക് രംഗങ്ങളിൽ മികവുതെളിയിച്ചവരാണോ നിയന്ത്രണം കൈയാളുന്നത് എന്ന് അന്വേഷിച്ചറിയുന്നതു നന്നായിരിക്കും. നമ്മുടെ കലാലയങ്ങൾ സൃഷ്ട്ടിച്ച നോബൽ സമ്മാനിതരുടെയും പ്രസക്തമായ പേറ്റന്റുകളുടെയും എണ്ണമെടുക്കണം എന്നുകൂടി കൂട്ടിച്ചേർക്കുമ്പോൾ പരിഹാസമായി തോന്നിയാൽ എന്റെ കുറ്റമാണ്.
കേരളത്തെ പിടിച്ചുലച്ച രണ്ടു പ്രളയവര്ഷങ്ങളാണ് കടന്നുപോയത്. ഏതെങ്കിലും യൂണിവേഴ്സിറ്റി കേരളത്തെ ബാധിച്ചേക്കാവുന്ന പ്രകൃതി ദുരന്തങ്ങളെ എങ്ങനെ ഫലപ്രദമായി പ്രതിരോധിക്കണം എന്നതിനെക്കുറിച്ചും ഗൗരവമായ എന്തെങ്കിലും പഠനം നടത്തിയോ എന്ന് അന്വേഷിക്കേണ്ടത് ഈ നാടിൻറെ കടമയാണ്. പ്രളയനാന്തരം ആരെയൊക്കെയോ കുറ്റക്കാരായി വിധിച്ച ചില ഒറ്റവരി ഉത്തരങ്ങൾക്കപ്പുറം എന്ത് സർഗാത്മക ചോദ്യങ്ങളാണ് നമ്മുടെ യൂണിവേഴ്സിറ്റിയിൽനിന്നു പുറത്തുവന്നത്?
എങ്ങനെ ഒരു പ്രകൃതിദുരന്തമുഖത്തു പ്രതികരിക്കണം, പ്രതിരോധിക്കണം എന്ന് പഠിപ്പിക്കുന്ന ഒരു ചെറിയ കോഴ്സ് എങ്കിലും കേരളത്തിലെ എന്തെങ്കിലും കലാലയത്തിൽ ആരംഭിച്ചിട്ടുണ്ടോ? എന്താണ് പിന്നെ ഈ കലാലയങ്ങൾക്കു കേരളത്തോട് പ്രതിബദ്ധത അവകാശപ്പെടാനുള്ള ന്യായം?
പുറംതിരിഞ്ഞു കേരളം
സഹ്യനപ്പുറമുള്ള ഭാരതഭൂവിൽ ഉന്നതവിദ്യാഭ്യാസ രംഗങ്ങളിൽ ചെറുതല്ലാത്ത മാറ്റങ്ങൾ വന്നപ്പോഴും പ്രബുദ്ധമെന്നു അവകാശപ്പെടുന്ന കേരളം പുറംതിരിഞ്ഞു നിന്നതേയുള്ളൂ. സ്വായംഭരണാവകാശമുള്ള കോളേജുകളും സ്വാകര്യമേഖലയിലുള്ള കല്പിത സാൽവകലാശാലകളും സ്വകാര്യ സർവകലാശാലകളും അടക്കം പുത്തൻ സാധ്യതകളിലേക്ക് ഭാരതത്തിലെ വിവിധ സംസ്ഥാനങ്ങൾ വാതായനങ്ങൾ തുറന്നിട്ടപ്പോൾ യൂജിസിയുടെ നിർബന്ധത്തിനു വഴങ്ങി സ്വായംഭരണാവകാശം നൽകിയ കോളേജുകളെത്തന്നെ എങ്ങനെ വരിഞ്ഞുമുറുക്കം എന്ന ഗവേഷണമാണ് സർവകലാശാലകളും രാഷ്ട്രീയ അധികാര കേന്ദ്രങ്ങളും നടത്തിക്കൊണ്ടിരിക്കുന്നത്.
പതിറ്റാണ്ടുകളുടെ പ്രവർത്തന പാരമ്പര്യമുള്ള ഏതാനും ഏജൻസികൾക്കു പരീക്ഷണാടിസ്ഥാനത്തിലെങ്കിലും പൂർണമായ പ്രവർത്തന സ്വന്തന്ത്ര്യം -അഡ്മിഷൻ തുടങ്ങി പരീക്ഷ നടത്തിപ്പിലും ഫലപ്രഖ്യാപനത്തിലും വരെ നൽകിനോക്കാൻ എന്തെ നമ്മുടെ പ്രബുദ്ധ കേരളത്തിന്റെ നാടുവാഴികൾ തയാറാകാത്തത്? അത് അറിവിനോടുള്ള സ്‌നേഹംകൊണ്ടല്ല കാൽച്ചുവട്ടിലെ മണ്ണ് ഇളകിപോകുമോ എന്ന ഭയംകൊണ്ടാണെന്നറിയാൻ പാഴൂർ പടിവരെ പോകേണ്ട കാര്യമൊന്നുമില്ല.
രാഷ്ട്രീയ പാർട്ടികളുടെ ഉപഗ്രഹങ്ങളായി പ്രവർത്തിക്കുന്ന വിദ്യാർത്ഥി സംഘടനകളെ കയറൂരിവിട്ട ക്യാമ്പസുകൾ എന്താകും എന്നറിയാൻ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിന്റെ സമകാലീന ചരിത്രം വായിച്ചാൽ മാത്രം മതിയാകും. എന്തിനാണ് കോടതിവിധിയെ മറികടക്കാൻ പുതിയ നിയമനിര്മാണവുമായി കടന്നുവരുന്നത് എന്ന് പൊതുസമൂഹം വിലയിരുത്തി ഉചിതമായി പ്രതികരിച്ചില്ലെങ്കിൽ എന്ത് സംഭവിക്കും എന്നത് പ്രവചനാതീതമല്ല. വരുംതലമുറ ചിന്താശേഷിയും സർഗാത്മകതയും മാനവിക മൂല്യങ്ങളും ഉൾക്കൊള്ളുന്നതായിരിക്കണമോ അതോ ഏതെങ്കിലും നേതാവിന്റെയോ പാർട്ടിയുടേയോ അണികളായി, ചാവേറായി ഒടുങ്ങാനോ എന്ന് തീരുമാനിക്കുക നിങ്ങളുടെ മൗനമോ ശബ്ദമോ ആയിരിക്കും.
ബോബി വടയാട്ടുകുന്നേൽ CMI