ക്യാമ്പസുകൾ കലാപഭൂമികളാക്കുമ്പോൾ

Fr Joseph Vattakalam
2 Min Read

കേരളത്തിലെ കലാലയങ്ങളിൽ വിദ്യാർത്ഥി യൂണിയനുകൾക്കു പേടിപ്പെടുത്തുന്ന രീതിയിൽ പ്രവർത്തന സ്വാതന്ത്ര്യം അനുവദിക്കുന്ന നിയമം, ലഭ്യമായ അറിവനുസരിച്ചു, അതിന്റെ അവസാന കടമ്പകളിൽ എത്തിച്ചേർന്നിരിക്കുന്നു. അതിനു തികച്ചു അനുകൂലമായ കമ്മറ്റി റിപ്പോർട്ടുകളുടെ പിന്ബലമുണ്ട് എന്നതും അവിതർക്കിതമാണ്. പക്ഷെ, പ്രസ്തുത കമ്മറ്റി എന്താണ് പഠിച്ചത്, വേണ്ടത്ര നിരീക്ഷിച്ചോ എന്ന് വിചാരണ ചെയ്യപ്പെടേണ്ടതുണ്ട്. കാരണം നിർദിഷ്ട നിയമങ്ങൾ വരും തലമുറകളെ നിർണായകമായ രീതിയിൽ സ്വാധീനിക്കും എന്നതുതന്നെ.

കലാലയ രാഷ്ട്രീയം ചോദ്യമായി മുന്നിൽ നിൽക്കുമ്പോൾ, വിരുദ്ധ ദ്രുവങ്ങളിൽ നിൽക്കുന്ന മാതൃകകൾ കണ്മുൻപിൽ ഉള്ളപ്പോൾ, പഠനം കേവലം ആശയ ലോകത്തു മാത്രമായി നിലകൊള്ളേണ്ടതില്ല. കലാലയ രാഷ്ട്രീയം നൽകിയ ശ്രേഷ്ടതകൾകൊണ്ട് സമ്പന്നമായ പത്തു കലാലയങ്ങളും  ഒപ്പം കലാലയ രാഷ്ട്രീയ പ്രവർത്തനങ്ങൾക്ക് വേദികളില്ലാതെ ‘ശുഷ്ക്കിച്ചുണങ്ങിയ’ പത്തു കലാലയങ്ങളും കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും വിവിധ പഠന ശാഖകളിൽനിന്നുമായി തെരെഞ്ഞെടുത്തു സൂക്ഷ്മനിരീക്ഷണത്തിനു വിധേയമാക്കേണ്ടതുണ്ട്.

കലാലയ രാഷ്ട്രീയത്തിന്റെ അഭാവത്തിൽ ‘വലത്തേ മെല്ലിച്ച’ പുന്നപ്ര കാർമേൽ പോളിടെക്‌നിക്കിൽ പഠിച്ച അനുഭവമാണ് ഈ കുറിപ്പെഴുതാൻ എന്നെ നിർബന്ധിക്കുന്നത്. ഒരു വിദ്യാർത്ഥി യൂണിയനും യാതൊരുവിധ പ്രവർത്തന സ്വാതന്ത്ര്യവും ഇല്ലാതിരുന്ന അവിടുത്തെ സഹപാഠികൾ ഇന്ന് ലോകത്തിന്റെ നാനാഭാഗങ്ങളിൽ ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിൽ ജോലിചെയ്യുന്നു, അല്ലെങ്കിൽ സംരംഭകർ എന്ന നിലയിൽ ഗുണകരമായ മുന്നേറ്റങ്ങൾക്ക് നെടുനായകത്വം വഹിക്കുന്നു എന്നത് ആ കലാലയത്തിലൂടെ കടന്നുപോയവരുടെയെല്ലാം ജീവിതരേഖയാണ്.

വ്യക്തമായ രാഷ്ട്രീയ ബോധ്യങ്ങൾ നിലനിർത്തികൊണ്ടുതന്നെ പരസ്പരം സഹകരിച്ചും മത്‌സരിച്ചും മൂന്നുവർഷംകൊണ്ടുതന്നെ മികച്ച കമ്പനികൾ തേടിയെത്തക്കവിധം മിടുക്കന്മാരായ പ്രൊഫഷനലുകളുമായി സാധാരണക്കാരായ വിദ്യാർത്ഥികൾക്ക് അവിടെ രൂപാന്തരീകരണം സംഭവിച്ചിരുന്നു. കാംപ്‌സ് രാഷ്ട്രീയമില്ലാതെതന്നെ മികച്ച കല-കായിക നേട്ടങ്ങൾ കൈവരിച്ചതും വ്യക്തിപരമായ രുചിഭേദങ്ങൾക്കനുസരിച്ചു വിവിധ ക്ലബ്ബുകളുടെയും സംഘടനകളുടെയും ഭാഗമായി അച്ചടക്കത്തോടെ സംഘാതമായി പ്രവർത്തിച്ചു ശീലിച്ചതും മുന്പോട്ടുള്ള ജീവിതത്തെ കരുപിടിപ്പിച്ചത് ഓരോ പൂർവ വിദ്യാർത്ഥി സംഗമത്തിലും ആവർദ്ധിച്ചുകേൾക്കുന്ന മധുരിക്കുന്ന ശീലാണ്. രാഷ്ട്രീയ ഇടപെടലില്ലാത്ത പ്രസ്തുത ക്യാമ്പസ്സിന്റെ ഭാഗമായതുകൊണ്ടു ജീവിതത്തിൽ തോറ്റുപോയവരായി ഇതുവരെയും ആരെയും കണ്ടെത്താൻ സാധിച്ചിട്ടില്ല.

കാര്മലിൽ മാർക്കുകൾ സൗജന്യമായി ലഭിച്ചിരുന്നില്ല. ആഭ്യന്തര വിലയിരുത്തലിൽ ലഭിക്കാവുന്ന 25 മാർക്കിനായി 90 ശതമാനത്തിലധികം ഹാജരും, ക്രമമായി നടക്കുന്ന പരീക്ഷകളിൽ സ്ഥായിയായി ലഭിക്കുന്ന മാർക്കും, കൃത്യസമയത്തു പൂർത്തിയാക്കി സമർപ്പിക്കുന്ന റെക്കോർഡുകളും  അസൈന്മെന്റുകളും എല്ലാം നിർണായകമായിരുന്നു. രക്ഷപെട്ടു പൊയ്ക്കൊള്ളട്ടെ എന്നുകരുതി ഒരു മാർക്കുപോലും ദാനം കിട്ടില്ല എന്ന് ഉറപ്പായിരുന്നതുകൊണ്ടു കിട്ടിയ ഓരോ മാർക്കും അധ്വാനിച്ചു നേടിയതാണെന്ന അഭിമാനബോധത്തോടെയാണ് ഓരോ വിദ്യാർത്ഥിയും പടിയിറങ്ങിയത്.ആ കലാലയത്തിൽനിന്നു ലഭിച്ച അറിവിന്റെയും അച്ചടക്കത്തിന്റെയും ആത്മവിശ്വാസത്തിന്റെയും ബലം ഇന്നും ആ വഴി കടന്നുപോയവരുടെ കരുത്താണ്. ഇത്തരമൊരു കലാലയം സാധ്യമാണെന്ന് കാട്ടിത്തന്ന മാനേജ്‍മെന്റിനോട് രാഷ്ട്രീയ-അധികാര-കേരളം വലിയ മംമ്‌തയൊന്നും കാണിച്ചിട്ടില്ല.
(തുടരും…………………..)

ബോബി വടയാട്ടുകുന്നേൽ CMI

Share This Article
error: Content is protected !!