കൊച്ചുറാണിയുടെ ആത്മകഥയിലൂടെ

Fr Joseph Vattakalam
2 Min Read

പ്രിയപ്പെട്ട അമ്മേ,

ഞാനെഴുതാൻ പോകുന്നത് വാസ്തവത്തിൽ എന്റെ ജീവിതകഥയായിരിക്കുകയില്ല. മറിച്ചു, ദൈവം എനിക്ക് കനിഞ്ഞുനല്കിയ അനുഗ്രഹങ്ങളെക്കുറിച്ചുള്ള എന്റെ ഓർമ്മകളായിരിക്കും അവ… ബാഹ്യവും ആന്തരികവുമായ സഹനങ്ങളുടെ മൂശയിൽ എന്റെ ആത്മാവിനു, ഇപ്പോൾ പാകത വന്നിട്ടുണ്ട്. 28 -ാം സങ്കീർത്തനത്തിലെ 1 -4 വാക്യങ്ങൾ എന്നിൽ നിറവേറിയതായി എനിക്ക് അനുഭവപ്പെടുന്നു. കർത്താവിന്റെ കാരുണ്യം ഞാൻ പ്രകീർത്തിക്കുന്നത് വലിയ ആനന്ദത്തോടെയാണ്. ഉത്ക്കണ്ഠതകളൊന്നും കൂടാതെ, തികഞ്ഞ ആത്മാർപ്പണത്തോടുകൂടിയാണ് ഞാൻ സംസാരിക്കുന്നത്. ഈശോയുടെ കാരുണ്യത്താൽ മാത്രം സിദ്ധിച്ച സൗജന്യദാനങ്ങൾ രേഖപ്പെടുത്തുന്നത് അത്യാഹ്ലാദത്തോടെയാണ് . ആ തൃക്കടാക്ഷത്തെ ആകർഷിക്കാൻ തക്കവിധം തന്നിൽ യാതൊന്നുമില്ലെന്നത് ചെറുപുഷ്പത്തിന്റെ തികഞ്ഞ ബോധ്യമാണ്. എല്ലാം അവിടുത്തെ കാരുണ്യം. കന്യോചിതമായ സൗരഭ്യത്താൽ പരിപൂരിതമായ ഒരു പുണ്യഭൂമിയിലാണ് പരാപരൻ ഈ ചെറുപുഷ്പത്തെ നട്ടു വളർത്തിയത്. “വിഷലിപ്തമായ ലോകാന്തരീക്ഷത്തിൽനിന്നു തന്റെ ചെറുപുഷ്പത്തെ സംരക്ഷിക്കാൻ, സ്നേഹം നിമിത്തം അവിടുന്ന് തിരുള്ളമായി.

വളരെ നേരത്തെതന്നെ നല്ല ദൈവം എന്റെ ബുദ്ധിയെ വികസിപ്പിക്കുകയും ബാല്യകാല സ്മരണകൾ എന്റെ ഓർമ്മയിൽ അത്യന്തം ആഴമായി പതിപ്പിക്കുക എന്ന അനുഗ്രഹം എനിക്ക് തന്നു. എന്റെ ജീവിതകാലം മുഴുവൻ സ്നേഹം കൊണ്ട് എന്നെ സമാവരണം ചെയ്യാൻ നല്ല ദൈവം തിരുമനസ്സായിരിക്കുന്നു. പുഞ്ചിരിയും സ്നേഹലാളനങ്ങളും കൊണ്ടാണ് എന്റെ ആദ്യകാലസ്മരണകൾ മുദ്രിതമായിരിക്കുന്നത്!! എന്നിലും വളരെയധികം സ്നേഹം അവിടുന്ന് നിക്ഷേപിച്ചിരുന്നു. എന്റെ കുരുന്നു ഹൃദയത്തെ സ്നേഹമസൃണവും ശ്രവണനിപുണവുമായി സൃഷ്ടിച്ചു അതുമുഴുവൻ സ്നേഹംകൊണ്ട് നിറയ്ക്കുകയാണ് അവിടുന്ന് ചെയ്തത്. തന്നിമിത്തം , അപ്പച്ചനെയും അമ്മച്ചിയേയും ഞാൻ വളരെയധികം സ്നേഹിച്ചിരുന്നു. എന്റെ ഈ സ്‌നേഹാദരവുകൾ സർവ്വപ്രകാരണയും ഞാൻ പ്രകാശിപ്പിച്ചിരുന്നു. അതിനു പര്യാപ്തമായ ഒരു തുണ മനോഭാവമാണ് എനിക്ക് ഉണ്ടായിരുന്നത്. സ്വീകരിച്ച മാർഗ്ഗങ്ങൾ പലതും വിചിത്രമായിരുന്നുവെന്നു മാത്രം.

കുഞ്ഞിനെക്കുറിച്ചു ‘അമ്മ എഴുതിയ കത്തിൽ നിന്ന് കൊച്ചുറാണി ഉദ്ധരിക്കുന്നു: “കുഞ്ഞു അസാധാരണ വികൃതി തന്നെയാണ്. മരണം ആശംസിച്ചുകൊണ്ടാണ് അവളെന്നെ ആശ്ലേഷിക്കാൻ വരുന്നത്. ‘എന്റെ പൊന്നമ്മച്ചി, അമ്മച്ചി മരിക്കാൻ ഞാൻ എന്തുമാത്രം ആഗ്രഹിക്കുന്നു’. ഞാൻ അവളെ അതിനു ശാസിക്കുകയാണെങ്കിൽ അവൾ പറയും: ‘അമ്മച്ചി എത്രയും വേഗം മോക്ഷത്തിൽ പോകാൻ വേണ്ടിയാ. അവിടെ പോകണമെങ്കിൽ മരിക്കണമെന്നു അമ്മച്ചി പറഞ്ഞിട്ടില്ലേ?’ അതുപോലെ തന്നെ, സ്നേഹം കൂടുമ്പോൾ അപ്പച്ചനും അവൾ മരണം ആശംസിക്കും!”

ഒരു തെറ്റെങ്ങാനും ചെയ്തു പോയാൽ, ലോകം മുഴുവൻ അതറിയണം എന്നായിരുന്നു അവളുടെ മനോഭാവമെന്ന് സ്വമാതാവ് തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. കൊച്ചുറാണി എഴുതുന്നു: “എന്റെ തലതൊട്ടമ്മയെ ഞാൻ വളരെ സ്നേഹിച്ചിരുന്നു. എന്റെ ചുറ്റും നടന്ന സംഭവങ്ങളും പറഞ്ഞുകേട്ട വിവരങ്ങളുമെല്ലാം ഏറെ സൂഷ്മമായി ഞാൻ ശ്രദ്ധിച്ചിരുന്നു. എങ്കിലും അതിന്റെ ഭാവമൊന്നും ഞാൻ വെളിപ്പെടുത്തിയിരുന്നില്ല…എന്റെ ഇളം പ്രായത്തിൽ ആദർശമായി നിലകൊണ്ടിരുന്നതു പൗളിൻ ചേച്ചിയാണ്” . മറ്റാരെയുംകാൾ പൗളിൻ ചേച്ചിയയെക്കുറിച്ചു അവൾ ചിന്തിച്ചിരുന്നു .” പൗളിൻ കന്യാസ്ത്രീയാകുമെന്നു പലപ്പോഴും പറഞ്ഞു കേട്ടിരുന്നു. അതിന്റെ സാരമെന്തെന്നു ശരിയായി മനസ്സിലാകാതെ ഞാൻ വിചാരിച്ചിരുന്നു ഞാനും കന്യാസ്ത്രീയാകുമെന്നു. അതെന്റെ ആദ്യ സ്മരണകളിലൊന്നാണ്. അനന്തരകാലങ്ങളിൽ ആ നിശ്ചയത്തിന് വ്യത്യാസം വരുത്തിയിട്ടുമില്ല! എന്റെ പ്രിയപ്പെട്ട അമ്മേ,(ആഗ്‌നസമ്മ ) എന്നെ തന്റെ മണവാട്ടിയായി സ്വീകരിക്കാൻ ഈശോ ഉപകരണമായി തെരഞ്ഞെടുത്തത് അമ്മയെ ആയിരുന്നു. എന്റെ ആഗ്രഹം അമ്മയെപ്പോലെ ആകണമെന്നായിരുന്നു….. അമ്മയായിരുന്നു എന്റെ ആദർശം. രണ്ടു വയസ്സ് മുതൽ, കന്യകമാരുടെ മണവാളന്റെ അടുത്തേക്ക് എന്റെ ഹൃദയത്തെ ആകർഷിച്ചതും അമ്മയുടെ മാതൃക തന്നെയാണ്.. എന്റെ പ്രിയപ്പെട്ട കൊച്ചുലെയോനി ചേച്ചിയെ വേദനിപ്പിക്കുന്നത് എനിക്ക് വ്യസനകരമായിരുന്നു”.

Share This Article
error: Content is protected !!