മക്കൾ കൂടുവിട്ട് കൂടു മാറാതിരിക്കാൻ മാതാപിതാക്കൾ അവരെ ആത്മാർത്ഥമായി സ്നേഹിക്കണം. ഒരു ദിവസം ഒരുപ്രാവശ്യമെങ്കിലും അവസരോചിതം, നിങ്ങളവരെ സ്നേഹിക്കുന്നുവെന്ന് സൂചിപ്പിക്കണം. മാതാപിതാക്കൾ തങ്ങളെ സ്നേഹിക്കുന്നുവെന്ന് അവർക്കു ബോധ്യമാകുമ്പോൾ അവർക്കു മാതാപിതാക്കൾ പ്രിയങ്കരരാകും. അവരുടെ സദ്ഗുണങ്ങൾ പറഞ്ഞു അവരെ അഭിനന്ദിക്കണം.
ആത്മനിയന്ത്രണം പാലിക്കാൻ കുട്ടികളെ പ്രായത്തിനനുസൃതം, പരിശീലിപ്പിക്കുക. ഊഴം വരുന്നതുവരെ കാത്തിരിക്കാൻ കുട്ടികളെ അഭ്യസിപ്പിക്കണം. യഥാത്ഥ സംതൃപ്തി ലഭിക്കാൻ സമയവും നിതാന്ത പരിശ്രമവും അത്യാവശ്യമാണ്. പ്രലോഭനങ്ങളുണ്ടാകുമെന്നും ദൈവത്തിലാശ്രയിച്ചും ശുഷ്ക്കാന്തിയോടെ പ്രാർത്ഥിച്ചും അവയെ അതിജീവിക്കാൻ ചെറുപ്പം മുതലേ അവരെ പരിശീലിപ്പിക്കുക. പകരം അവരെ അമിതമായി ലാളിച്ചാൽ നല്ല സ്വഭാവഗുണമുള്ള കുട്ടികളിൽ സംഭവിക്കുന്ന മാറ്റങ്ങൾ അത്തരം കുട്ടികളിൽ സംഭവിക്കുകയില്ല.
മാതാപിതാക്കൾ കുട്ടികളെ നന്നായി മനസിലാക്കണം. കള്ളം പറയാനും, പകരം ചോദിക്കാനും, പ്രതികാരം ചെയ്യാനും ഉള്ള പ്രവണത കുട്ടികളുടെ മനസ്സിൽ പെട്ടെന്ന് രൂപപ്പെടും. അങ്ങനെയുള്ള മനോഭാവങ്ങൾ തെറ്റാണെന്നു അവരെ പറഞ്ഞു ബോധ്യപ്പെടുത്തണം. ഇത്തരം വികാരങ്ങൾ ദൈവം ഇഷ്ട്ടപെടില്ലെന്നും അവ പഠനത്തെ ബാധിക്കുമെന്നും മനസമാധാനം നഷ്ട്ടപെടുത്തുമെന്നും അവർക്കു മനസിലാക്കികൊടുക്കണം.
കുട്ടികൾക്ക് പ്രോത്സാഹനം അത്യന്താപേക്ഷിതമാണ്. ചെറിയൊരു നേട്ടത്തിനുപോലും അവരെ അഭിനന്ദിക്കുക. വലിയ നേട്ടങ്ങളുണ്ടാകുമ്പോൾ കഴിവിനൊത്ത സമ്മാനങ്ങൾ നൽകി പ്രോത്സാഹിപ്പിക്കുക. പ്രാർത്ഥനയും പരിശ്രമവും കൊണ്ടേ വൻവിജയം നേടാൻ സാധിക്കു എന്ന് വ്യക്തമാക്കികൊടുക്കണം.
നല്ല കാര്യങ്ങൾ നല്ലതെന്നു പറയാൻ മടിക്കരുത്. അതിശയോക്തിപരമായതൊന്നും അവരുടെ നേട്ടങ്ങളെക്കുറിച്ചു പറയുകയുമരുത്.
മാധ്യമങ്ങളുടെ ഗുണദോഷങ്ങൾ മക്കളെ പറഞ്ഞു മനസിലാക്കണം. വളരെ വിവേകത്തോടെ അവ ഉപയോഗിക്കാൻ പരിശീലിപ്പിക്കണം. പ്രാർത്ഥനയ്ക്കും പഠനത്തിനുമായിരിക്കണം പ്രഥമ സ്ഥാനം.
കുട്ടികളുടെ കഴിവുകളെ അംഗീകരിക്കുകയും വളർത്തിയെടുക്കുകയും വേണം. അവരുടെ അഭിരുചിക്കും മുൻഗണന നൽകണം.
കുട്ടികളുടെ പ്രശനങ്ങൾ അപ്പപ്പോൾ അവർ മാതാപിതാക്കളോട് പറയാനുള്ള സ്വാതന്ത്ര്യത്തിൽ അവരെ വളർത്തണം. അവർ പറയുന്നതെല്ലാം ക്ഷമയോടെ കേൾക്കണം.
കുടുംബമാണ് പ്രഥമ വിദ്യാലയം എന്നും മാതാപിതാക്കളാണ് ആദ്യ അധ്യാപകരെന്നും മാതാപിതാക്കൾ മറക്കരുത്. നിങ്ങൾ എല്ലാവിധത്തിലും മാതൃകാപരമായ ജീവിതം നയിക്കണം.