യേശുക്രിസ്തുവിൽ, അവിടുത്തെ സുവിശേഷത്തിൽ വിശ്വസിക്കുന്നവർക്കു നിത്യരക്ഷയിലേക്കു നയിക്കുന്ന ദൈവശക്തി കൈവരുന്നു. (റോമ :1:16 ) സുവിശേഷത്തിൽ വിശ്വാസത്തിലേയ്ക്കു നയിക്കുന്ന ദൈവനീതി വെളിപ്പെട്ടിരിക്കുന്നു. നീതിമാൻ വിശ്വാസം വഴി ജീവിക്കും (17 , ഗാല :3:11 ) വിശ്വാസം നല്കാൻ ശക്തമായ ദൈവനീതി പ്രത്യക്ഷപ്പെട്ടു (മനുഷ്യാവതാരം, പീഡാനുഭവം, കുരിശുമരണം …) പക്ഷെ രക്ഷയും സുസ്ഥിതിയും സമ്മാനിക്കുന്ന ദൈവം തന്നെ പാപത്തിനു തക്ക ശിക്ഷയും നല്കും. രഹസ്യപാപങ്ങൾ പോലും അവിടുന്നു കാണുന്നു. ഞങ്ങളുടെ രഹസ്യപാപങ്ങൾ അങ്ങയുടെ മുഖത്തിൻറെ പ്രകാശത്തിൽ വെളിപ്പെടുന്നു. (സങ്കീ:90:8 ) തുടർന്നു സങ്കീർത്തകൻ സമ്മതിക്കുന്നു “ഞങ്ങളുടെ ദിനങ്ങൾ അങ്ങേയുടെ ക്രോധത്തിൻറെ നിഴലിൽ കടന്നു പോകുന്നു “(9) ദൈവത്തിൻറെ ന്യായവിധി ഉറപ്പാണ് “ന്യായാധിപ സഭ വിധി പ്രസ്താവിക്കാൻ ഉപവിഷ്ടമാവുകയും അവൻറെ (സാത്താൻറെ ) ആധിപത്യം എടുത്തുമാറ്റപ്പെടുകയും ചെയ്യും. ആകാശത്തിൻ കീഴിലുള്ള സകലരാജ്യങ്ങളുടെയും രാജത്വവും ആധിപത്യവും മഹത്ത്വവും അത്യുന്നതൻറെ പരിശുദ്ധന്മാർക്കു നല്കപ്പെടും. അവരുടെ രാജ്യം ശാശ്വതമാണ് (ദാനിയേൽ:7:26 – 27 )
വിഗ്രഹാരാധനയാണ് ഇസ്രായേലിൻറെ ഏറ്റം വലിയ പാപം. അനശ്വരനായ ദൈവത്തിൻറെ മഹത്ത്വം നശ്വരനായ മനുഷ്യന്റെയോ, മൃഗങ്ങളുടെയോ, ഇഴജന്തുക്കളുടെയോ, പക്ഷികളുടെയോ സാദൃശ്യമുള്ള വിഗ്രഹങ്ങൾക്കു കൈമാറി. കൂടാതെ അവർ ഭോഗാസക്തികൾക്ക് അടിമപ്പെട്ടു ഹീനമായ സ്വവർഗ്ഗരതിക്കും അടിമകളായി. ഈ മഹാപാവസ്ഥയാണു സോദോം ഗോമോറ സംഭവത്തിനു വഴി തെളിച്ചത്. പത്തു നീതിമാന്മാരെങ്കിലും ഉണ്ടായിരുന്നെങ്കിൽ, ദൈവം ക്ഷമിക്കുമായിരുന്നു. അന്നത്തേതിനെക്കാൾ പരിതാപകരമായ അവസ്ഥയാണ് ഇന്നുള്ളത് എന്നു ഏറെ ദുഃഖത്തോടെയെങ്കിലും പറയേണ്ടിവരുന്നു.
അനുതാപം, മാനസാന്തരം, തപസ്സ് , പ്രായശ്ചിത്തം ഇവയൊക്കെയാണു പരിഹാരം. പാപബോധമുണ്ടായാലേ പശ്ചാത്താപം ഉണ്ടാവുകയുള്ളു. ഗലാത്തിയർക്കുള്ള ലേഖനം സുസ്പഷ്ടമാക്കുന്നു. വ്യഭിചാരം, അശുദ്ധി, ദുർവൃത്തി, വിഗ്രഹാരാധന, ആഭിചാരം, ശത്രുത, കലഹം, അസൂയ, കോപം, മാത്സര്യം, ഭിന്നത , വിഭാഗീയചിന്ത, വിദ്വേഷം, മദ്യപാനം, മദിരോത്സവം ഇവയും ഇവക്കു സാദൃശ്യമായ മറ്റു പ്രവർത്തികളും ശരീരത്തിൻറെ വ്യാപാരങ്ങളാണ്. ഇത്തരം പ്രവർത്തികളിലേർപ്പെടുന്നവർ ദൈവരാജ്യത്തിൽ പ്രവേശിക്കുകയില്ല.(ഗലാ:5 :19 ) അതുകൊണ്ട് ആത്മാവിൻറെ പ്രേരണയനുസരിച്ചു വ്യാപരിക്കുവിൻ (ഗലാ:5:16 )