1957ൽ അഞ്ചു കുഷ്ഠരോഗികൾ അമ്മയെ കാണാൻ ചെന്നു. നിരാശയുടെ വക്കിലായിരുന്നു അവർച കാരണം, അവർ എല്ലാവരാലും തിരസ്‌കരിക്കപ്പെട്ടവരായിരുന്നു. ബന്ധുമിത്രാദികൾപോലും അവരെ ഉപേക്ഷിച്ചു. രോഗബാധിതരായതുകൊണ്ട് ഉണ്ടായിരുന്ന ജോലിയും നഷ്ടപ്പെട്ടുപോയി. വേദനയുടെയും യാതനയുടെയും നീർക്കയത്തിൽ മുങ്ങിപ്പൊങ്ങിക്കൊണ്ടിരുന്ന അവർക്ക് ഒരഭയം നൽകണമെന്ന വലിയ ആഗ്രഹം അമ്മയ്ക്കുണ്ടായി. അമ്മയും സഹോരദരിമാരും ധൈര്യസമേതം അവരുടെ ഇടയിലേയ്ക്കു ഇറങ്ങിച്ചെന്നു. അവരുടെ മുറിവുകളിൽ മരുന്നു പുരട്ടി. അതിലുപരി മനസ്സിനേറ്റ തിരസ്‌കരണത്തിന്റെ മുറിവുകളിൽ സ്വീകാര്യതയുടെ അമൃതു പകർന്നു. അവരെ കുളിപ്പിച്ച് നല്ല വസ്ത്രങ്ങൾ അണിയിച്ചു. പ്രതീക്ഷയുടെ നല്ല നാമ്പുകൾ അവരിൽ കിളിർത്തു. അവർ അനാഥരല്ലെന്നും ദൈവത്തിന്റെ പ്രിയപ്പെട്ടവരാണെന്നും ഉള്ള ബോധ്യം അമ്മയും സഹോദരിമാരും അവർക്കു നൽകി.
ഉപവിയുടെ സഹോദരിമാരോടൊപ്പം സേവനം അനുഷ്ഠിക്കാൻ കരുണാമയനായ ദൈവം ഡോ. സെൻ എന്ന മനുഷ്യസ്‌നേഹിയെ ഒരുക്കിവിട്ടു. അദ്ദേഹം കുഷ്ഠരോഗചികിത്സയിൽ പ്രാവീണ്യം നേടിയിരുന്നു. കുഷ്ഠരോഗികളെ പരിചരിക്കാനുള്ള വിദഗ്ധ പരിശീലനം അദ്ദേഹം എല്ലാ സഹോദരിമാർക്കും നൽകി. അമ്മയുടെ വാക്കുകളിൽ, ”വിദേശരാജ്യങ്ങളിൽ നിന്ന് ഫലപ്രദമായ ധാരാളം മരുന്നുകൾ കുഷ്ഠരോഗികൾക്കായി പറന്നെത്തിത്തി. ഇതെല്ലാം തമ്പുരാന്റെ കൃപയായതിനാൽ അമ്മ എല്ലാറ്റിനും തമ്പുരാനു നന്ദിപറഞ്ഞുകൊണ്ടിരുന്നു.
ദൈവം ഓരോ കുഷ്ഠരോഗിയിലും ജീവിക്കുന്നുണ്ടെന്നുള്ള തിരിച്ചറിവാണ് അവർക്കുവേണ്ടി ജീവിക്കാൻ, അവരെ സ്‌നേഹിക്കാൻ അമ്മയെയും അമ്മയുടെ സഹോദരിമാരെയും പ്രേരിപ്പിച്ചത്, പ്രേരിപ്പിക്കുന്നത്. അസാമാന്യമായ മനക്കരുത്തും ഉണ്ടായിരിക്കണം. എങ്കിൽ മാത്രമേ, അഴുകി ദ്രവിച്ച ശരീരവുമായ കടന്നുവരുന്ന കുഷ്ഠരോഗികയെ അറപ്പും വെറുപ്പുമില്ലാതെ സസന്തോഷം സ്‌നേഹിച്ചു ശുശ്രൂഷിക്കാൻ കഴിയൂ.
കുഷ്ഠരോഗികൾ ഭിക്ഷതേടാതെ സ്വന്തമായി ജോലി ചെയ്ത് അന്തസ്സായി ജീവിക്കാൻ ആവശ്യമായതെല്ലാം അവർക്കു ലഭ്യമാക്കുക എന്നതായിരുന്നു അമ്മയുടെ ആഗ്രഹം. മരണത്തിന്റെ വക്കിലെത്തിയവർക്കു ശാന്തമായ വിശ്രമസങ്കേതവും രോഗവിമുക്തരായവർക്കു പുനരധിവാസകേന്ദ്രവും വേണമെന്ന് അമ്മയ്ക്കു മനസ്സിലായി.
ജനങ്ങൽ ഏറ്റമധികം ഭയപ്പെട്ടിരുന്ന കുഷ്ഠരോഗത്തെ സാവധാനം ഇല്ലാതാക്കാൻ ഒരു ക്ലിനിക്ക് തുടങ്ങാൻ അമ്മ തീരുമാനിച്ചു. അതിനു പറ്റിയ ഒരു സ്ഥലം മോത്തീജിൽ മദർ കണ്ടുപിടിച്ചു. അവിടെ ക്ലിനിക്ക് തുടങ്ങാൻ ഒരു വാനിൽ അമ്മയും സിസ്റ്റേഴ്‌സും ചെന്നിറങ്ങി. അവരുടെ ഉദ്ദേശം കാലേകൂട്ടി മനസ്സിലാക്കിയിരുന്ന കോർപ്പറേഷൻ അധികൃതർ ആളുകളെ കൂട്ടി കാത്തുനിന്നിരുന്നു. അവർ വാനിൽ നിന്നിറങ്ങിയ ഉടനെ വലിയ അട്ടഹാസത്തോടെ അവിടെ കൂടിനിന്നിരുന്നവർ തുരുതുരാ കല്ലുകളെറിഞ്ഞു. ആർക്കും പരുക്കേറ്റില്ല. അവർ സഞ്ചരിച്ചുവന്ന വാനിൽ അതിവേഗം തിരിച്ചു കയറി അവിടെ നിന്നു രക്ഷപ്പെട്ടു. ഈ സംഭവത്തെക്കുറിച്ച് അമ്മ ഇങ്ങനെ സാക്ഷ്യപ്പെടുത്തുന്നു. ”എനിക്ക് ആരോടും ഒരു പരിഭവവും തോന്നിയില്ല. മാത്രവുമല്ല, അവിടെ ക്ലിനിക്ക് തുടങ്ങാൻ തമ്പുരാൻ ആഗ്രഹിക്കുന്നില്ല എന്ന സത്യവും തിരിച്ചറിഞ്ഞുഞ്ഞു.
മടക്കയാത്രയിൽ മൊബൈൽ ക്ലിനിക്ക് (സഞ്ചരിക്കുന്ന കുഷ്ഠരോഗാശുപത്രി) എന്ന ആശയം അമ്മയുടെ മനസ്സിൽ ഉദിച്ചു. അപ്പോൾത്തന്നെ ദൈവത്തിന് ഒരു നൂറു നന്ദി പറഞ്ഞു. മേലുദ്ധരിച്ച അനുഭവം ഉണ്ടായിരുന്നില്ലെങ്കിൽ ഒരിക്കലും മൊബൈൽ ക്ലിനിക്ക് ഉണ്ടാകുമായിരുന്നില്ല. മൊബൈൽ ക്ലിനിക്കിനുവേണ്ടി ആദ്യത്തെ ആംബുലൻസ് അമേരിക്കക്കാരാണു സംഭാവന ചെയ്തത്. കൽക്കട്ടയിലെ ആർച്ചുബിഷപ്പ് 1957 സെപ്തംബർ മാസത്തിൽത്തന്നെ സഞ്ചരിക്കുന്ന കുഷ്ഠരോഗാശുപത്രി ഉത്ഘാടനം ചെയ്തു.
ഡോ. സെന്നിന്റെ സഹായവാഗ്ദാനം ലഭിച്ച അന്നു രാത്രിയിൽ അമ്മ തന്റെ സ്‌നേഹനിധിയാട ദൈവത്തിന്റെ സക്രാരിക്കു മുമ്പിൽ മുട്ടുകൾ കുത്തി. അവിടുത്തെ തിരുമുറിവുകളുടെ സാന്നിദ്ധ്യം അമ്മ അനുഭവിച്ചു; ആ മുറിവുകളിൽ അരൂപിയിൽ ചുംബിച്ചുകൊണ്ട് അമ്മ ചോദിച്ചു; ”എങ്ങനെയാണ് ആ കുഷ്ഠരോഗികൾക്കായി ഇറങ്ങിതിരിക്കാൻ എനിക്ക് ശക്തി ലഭിച്ചത്? എങ്ങനെയാണ് വ്രണങ്ങൾ നിറഞ്ഞു ദുർഗന്ധം വമിക്കുന്ന മുറിവുകൾ ശുചിയാക്കാൻ എനിക്കു മനക്കരുത്തു കിട്ടിയത്? നിന്റെ ജീവിക്കുന്ന രൂപം അവരിൽ കണ്ടില്ലായിരുന്നെങ്കിൽ ഞാൻ ഒരിക്കലും ആ ശരീരങ്ങളെ സ്പർശിക്കുമായിരുന്നില്ലല്ലോ. നോവുന്ന ഹൃദയങ്ങളെ ആശ്വസിപ്പിക്കുമായിരുന്നില്ലല്ലേല്ലോ.
സഞ്ചരിക്കുന്ന കുഷ്ഠരോഗാശുപത്രി അനേകർക്ക് അഭയകേന്ദ്രമായി. വാഹനം ഓരോ സ്ഥലത്തേക്കും കടന്നു ചെല്ലുമ്പോൾ അവിടത്തെ നൂറുകണക്കിനു രോഗികൾ കൂടും. സഹോദരിമാർ അവരുടെ മുറിവുകളിൽ മരുന്ന് പുരട്ടും. തീരെ നിവൃത്തിയില്ലാത്തവർക്ക്, ഏറെ യാത്ര ചെയ്യേണ്ടിയിരുന്നവർക്ക് ഒക്കെ ഭക്ഷണവും വസ്ത്രവും യാത്രക്കൂലിയും നൽകും. എല്ലാം സ്വീകരിച്ച് അവർ സന്തോഷത്തോടെ യാത്രയാകും. മൊബൈൽ ക്ലിനിക്ക് പ്രവർത്തിച്ചിരുന്നപ്പോഴും കുഷ്ഠരോഗികൾക്കുള്ള ഒരു സങ്കേതം അമ്മയുടെ സ്വപ്നമായിരുന്നു. ”വഴിയരുകിൽ കിടന്നുറങ്ങുന്ന കുഷ്ഠരോഗിയായ ദൈവത്തിന് അന്തിയുറങ്ങാൻ ഒരിടംടം. അസൻഡോളിലെ ഒരു ഗ്രാമത്തിൽ പറ്റിയ ഒരു സ്ഥലം അമ്മ പണ്ടേ മനസ്സിൽക്കണ്ടിരുന്നു. പക്ഷേ അതു ലഭിക്കാതെ ഒന്നും ചെയ്യാൻ സാധിക്കയില്ലല്ലോ. അമ്മ തന്റെ ആത്മസുഹൃത്തിനെ ചെന്നുകണ്ടു. ആരെന്നല്ലേ ആ ആത്മസുഹൃത്ത്? അന്നത്തെ പശ്ചിമബംഗാൾ മുഖ്യമന്ത്രി ജ്യോതിബാസു. ഏത് അവസരത്തിലും അമ്മക്ക് ദയാഹസ്തം നീട്ടിയിരുന്ന ഒരു മനുഷ്യസ്‌നേഹി.
അമ്മ തന്റെ സന്ദർശനോദ്യോഗം വ്യക്തമാക്കി. ജ്യോതിബാസു അമ്മയുടെ അഭ്യർത്ഥന സസന്തോഷം സ്വീകരിച്ചു. മുപ്പത്തിനാല് ഏക്ർ സ്ഥലം 30 വർഷത്തേക്ക് കേവലം ഒരു രൂപാ പാട്ടത്തിന് അമ്മക്കു പതിച്ചു നൽകി. അമ്മയുടെ സന്തോഷത്തിന് അതിരില്ലായിരുന്നു. തന്റെ നല്ല ദൈവത്തിന് ഒരായിരം നന്ദി പറഞ്ഞു.
കാടുപിടിച്ചു കിടന്നിരുന്ന ആ ഖനി പ്രദേശം മുഴുവൻ വെട്ടിത്തെളിച്ച് വാസയോഗ്യമാക്കിയത് അമ്മയുടെ സഹോദരികൾ തന്നെയാണ്. അവരുടെ അധ്വാനത്തെ അമ്മ വാനോളം പുകഴ്ത്തി. കഠിനാധ്വാനിത്തിന്റെയും മടുക്കാത്ത ഇഛാശക്തിയുടെയും ജീവിക്കുന്ന പ്രതീകമാണ് ഇന്നത്തെ ശാന്തിനഗർ. 1937ൽ സ്ഥാപിതമായ ശാന്തിനഗർ സ്വയം പര്യാപ്തതയുടെ പര്യായമാണ്.
കുഷ്ഠരോഗികളെ സ്വന്തം കാലിൽ നിറുത്തുക എന്ന അമ്മയുടെ സമുന്നതലക്ഷ്യം ആദ്യം പൂവണിഞ്ഞത് ശാന്തിനഗറിലായിരുന്നു. വിദഗ്ധ ചികിത്സക്കു പുറമെ തൊഴിൽ പരിശീലനവും അവിടെ നൽകപ്പെടുന്നു. സന്തുഷ്ടജീവിതം നയിക്കാൻ ചെറിയ വീടുകൾ ഉണ്ട്. കുഞ്ഞുങ്ങളെ പഠിപ്പിക്കാൻ അനുയോജ്യമായ സാഹചര്യങ്ങളും ശാന്തിനഗറിലുണ്ട്. എല്ലാവരും ദൈവത്തിന്റെ മക്കളാണെന്നും പ്രപഞ്ചപറുദീസായിലെ വ്യത്യസ്തങ്ങളായ പൂക്കളാണെന്നുമുള്ള ആഴമായ അവബോധം അവരിൽ നിറയുന്നതുകണ്ടു സന്തോഷിക്കാൻ കനിവിന്റെ മാലാഖയ്ക്കു കഴിഞ്ഞു.
ശാന്തിനഗറിൽ വച്ച് ദൈവകരങ്ങളുടെ ശക്തി അമ്മയ്ക്കു കൂടുതൽ ബോധ്യപ്പെട്ടു. നാം തിരിച്ചറിയുന്നില്ലെങ്കിലും ദൈവം നമ്മുടെ ജീവിതത്തിൽ അത്ഭുതകരമായി ഇടപെടുന്നുണ്ട്. ശാന്തിനഗറിലെ കൊച്ചുവീടുകൾ പണിയുന്നതിന് അമ്മയുടെ കൈവശം പണമൊന്നും ഉണ്ടായിരുന്നില്ല. അമ്മ പലനാൾ പ്രാർത്ഥിച്ചു. അമ്മയുടെ അനുഭവം ചുരുങ്ങിയ വാക്കുകളിൽ അമ്മ രേഖപ്പെടുത്തിയിട്ടുണ്ട്. അതാ അത്ഭുതങ്ങളുടെ അനുഗ്രഹവർഷവുമായി ദൈവം പോൾ ആറാമൻ പാപ്പായുടെ രൂപത്തിൽ.
1964ൽ ബോംബെയിൽ നടന്ന ദിവ്യകാരുണ്യ കോൺഗ്രസ്സിൽ പങ്കെടുക്കാനെത്തിയ പരിശുദ്ധ പിതാവ് കൽക്കട്ടയിലെ നിർമ്മൽ ഹൃദയ് സന്ദർശിക്കാനെത്തി. അമേരിക്കൻ ജനത പിതാവിനു നൽകിയ ലക്ഷ്വറി കാർ പാവങ്ങൾക്കായി ഉപയോഗിക്കാൻ മദറിനു സമ്മാനിച്ചു. ഈ സമ്മാനം ഒന്നാം സമ്മാനമാക്കി അമ്മ അതേക്കുറിച്ചു പറയുന്നതിങ്ങനെയാണ്. ”എന്റെ പാവം കുഷ്ഠരോഗികളുടെ ഭാഗ്യം എന്നല്ലാതെ എന്തു പറയാനാണ്. വളരെക്കുറച്ചു നാളുകൾക്കുള്ളിൽ സുന്ദരമായ കൊച്ചുവീടുകൾ ശാന്തിനഗറിൽ ഉയർന്നു വന്നു”. അമ്മ തുടരുന്നു: ”പാവങ്ങൾക്കായി മനസ്സുരുകാൻ തുടങ്ങുമ്പോൾ ദൈവം അനുഗ്രഹത്തിന്റെ മന്ന വർശിക്കുന്നത് ഓരോ ദിവസം ചെല്ലുന്തോറും കൂടുതൽ കൂടുതൽ അനഭവിക്കുവാൻ കഴിഞ്ഞതിൽ എനിക്ക് സന്തോഷം തോന്നി”.