യോഹ. 19:28-30
അനന്തരം, എല്ലാം നിറവേറിക്കഴിഞ്ഞുവെന്ന് അറിഞ്ഞ് തിരുവെഴുത്തു പൂര്‍ത്തിയാകാന്‍വേണ്ടി യേശു പറഞ്ഞു: എനിക്കു ദാഹിക്കുന്നു.
ഒരു പാത്രം നിറയെ വിനാഗിരി അവിടെയുണ്ടായിരുന്നു. അവര്‍ വിനാഗിരിയില്‍ കുതിര്‍ത്ത ഒരു നീര്‍പ്പഞ്ഞി ഹിസോപ്പുചെടിയുടെ തണ്ടില്‍ വച്ച് അവന്റെ ചുണ്ടോടടുപ്പിച്ചു.
യേശു വിനാഗിരി സ്വീകരിച്ചിട്ടു പറഞ്ഞു: എല്ലാം പൂര്‍ത്തിയായിരിക്കുന്നു. അവന് തല ചായ്ച്ച് ആത്മാവിനെ സമര്‍പ്പിച്ചു.
സത്യത്തിൽ കുരിശിന്റെ തണലിലാണ് സുവിശേഷങ്ങളെല്ലാം വിരചിക്കപ്പെട്ടതു. ഒരു ക്രൈസ്തവന്റെ മനസ്സിൽ, ഹൃദയത്തിൽ, ഏറ്റവുമധികം പതിഞ്ഞു നിൽക്കുന്ന ചിത്രം ക്രൂശിന്റെതാണ്. വിശുദ്ധനും പ്രസിദ്ധനുമായ ഷീന തിരുമേനി പറയും “Christianity minus cross is Communism” – Very true, literally true.
സദ്വാർത്തകളുടെ ഈറ്റില്ലമാണ് കുരിശു. നമ്മുടെ വന്ദ്യനായ കവിശ്രേഷ്ട്ടൻ പാടി: “രണ്ടാനയിരത്തോളമാണ്ടുകൾക്കപ്പുറത്തുണ്ടായൊരാ മഹാത്യാഗത്തെ ഇപ്പോഴും മൂകമാണെങ്കിലും ഉച്ചത്തിൽ ഘോഷിക്കാം ഏക മുഖമാം കുരിശേ ജയിക്കുക.” മനുഷ്യകുലത്തിന്റെ രക്ഷയ്ക്ക് വേണ്ടി ആത്മാർപ്പണം ചെയ്ത സത്യ ദൈവത്തെ(സത്യ ദൈവമനുഷ്യനെയും)യാണ് കുരിശിൽ നാം കാണുക, ആരാധിക്കുക, സ്തുതിക്കുക, മഹത്വപ്പെടുത്തുക. മാനവരാശിയുടെ കടങ്ങളെല്ലാം (പാപ കടങ്ങൾ) കുരിശിൽ ഈശോ വീട്ടിത്തീർത്തു. “ഞങ്ങളുടെ കടങ്ങളും പാപങ്ങളും ഞങ്ങളോട് ക്ഷമിക്കണമേ! എന്ന വിശ്വാസിയുടെ നിരന്തര പ്രാര്‍ഥനയ്ക്കുള്ള പ്രത്യുത്തരമാണ് കുരിശു മരണം!
“മാനവ രക്ഷയുടെ താക്കോലാണു കുരിശു!” ആ ക്രൂശിതനെ കൃതജ്ഞത നിർഭരമായ ഹൃദയത്തോടെ നോക്കുക, ആ തിരുമുറിവുകൾ സമ്മാനിക്കുന്ന സൗഖ്യം ആവോളം നുകരുക. തിന്മയെ ഭയക്കുകയല്ല ചെറുക്കുകയാണ് വേണ്ടത് എന്നതാണ് കുരിശിന്റെ സന്ദേശം. സകല അന്ധകാര ശക്തികള്‍ക്കും (നാരകീയ ശക്തികള്‍ക്കും മേൽ) വിജയം വരിക്കാനുള്ള വജ്രായുധമാണ് കുരിശു. ക്രൂശിതനായ കർത്താവു തന്റെ മരണത്തിലൂടെ സാത്താന്റെ തല തകർത്തു ( cfr ഉലപ്. 3:15)
സ്നേഹത്തോടെ സമാശ്ലേഷിക്കുന്ന കുരിശുകളൊന്നും (സഹനങ്ങൾ) സങ്കടത്തിൽ സമാപിക്കുകയില്ല. മറിച്, അത് ആനന്ദത്തിന്റെ ദിവ്യാനുഭൂതിയായിരിക്കുമെന്നാണ് പരിശുദ്ധ പിതാവിന്റെ പ്രബോധനം. തന്റെ നിലപാടിനെയും നീതിബോധത്തിന്റെയും മറുവിലയാണ് കുരിശിൽ മരിച്ചത്, ഇന്നും എന്നും മരിക്കുന്നതു (പരി. കുർബാനയിൽ). മനുഷ്യജീവിതത്തിലെ തിരസ്ക്കരണങ്ങളും നിരാകരണങ്ങളും നിന്ദനങ്ങളും അവിടുന്ന് ഏറ്റെടുത്തു. ശ്വാസോച്വാസം പോലും ചെയാനാവാത്തവിധം കഠിനകടോരമായിരുന്നു അവിടുന്ന് അനുഭവിച്ച വേദന. തന്റെ രക്തം മുഴുവൻ വാർന്നു വീണുകൊണ്ടിരുന്നു. അവിടുന്ന് മൂന്നു മണിക്കൂറുകൾ കുരിശിൽ കിടന്നു ഇഞ്ചിഞ്ചായി മരിച്ചു എന്ന് പറയുന്നതിൽ യാതൊരു അതിശയോക്തിയുമില്ല. പിടിക്കപ്പെട്ട നിമിഷം മുതലുള്ള മാനസികവും ശാരീരികവുമായ പീഡനം വേറെ. കുരിശിന്റെ ഭാരവും വിയർപ്പിന്റെ ഒഴുക്കും (രക്തമുൾപ്പടെ) നിന്ദാപനങ്ങളും കല്ലേറുകളും കുറ്റാരോപണങ്ങളും വെല്ലുവിളികളും സഹനയാത്രയ്ക്കും മരണവേദനയ്ക്കും പുറമെ ആണെന്നോർക്കണം.
യെശയ്യാ 53:4-12
അവന് നിന്ദിക്കപ്പെട്ടു; നാം അവരെ ബഹുമാനിച്ചതുമില്ല. നമ്മുടെ വേദനകളാണ് യഥാര്‍ഥത്തില്‍ അവന് വഹിച്ചത്. നമ്മുടെ ദുഃഖങ്ങളാണ് അവന് ചുമന്നത്. എന്നാല്‍, ദൈവം അവനെ പ്രഹരിക്കുകയും ശിക്ഷിക്കുകയും ദണ്ഡിപ്പിക്കുകയും ചെയ്തെന്നു നാം കരുതി.
നമ്മുടെ അതിക്രമങ്ങള്‍ക്കുവേണ്ടി അവന് മുറിവേല്‍പ്പിക്കപ്പെട്ടു. നമ്മുടെ അകൃത്യങ്ങള്‍ക്കുവേണ്ടി ക്ഷതമേല്‍പ്പിക്കപ്പെട്ടു. അവന്റെ മേലുള്ള ശിക്ഷ നമുക്കു രക്ഷ നല്കി; അവന്റെ ക്ഷതങ്ങളാല്‍ നാം സൗഖ്യം പ്രാപിച്ചു.
ആടുകളെപ്പോലെ നാം വഴിതെറ്റിപ്പോയി. നാമോരോരുത്തരും സ്വന്തം വഴിക്കുപോയി. നമ്മുടെ അകൃത്യങ്ങള്‍ കര്‍ത്താവ് അവന്റെ മേല്‍ ചുമത്തി.
അവന് മര്‍ദിക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്തു. എങ്കിലും അവന് ഉരിയാടിയില്ല; കൊല്ലാന്‍ കൊണ്ടുപോകുന്ന കുഞ്ഞാടിനെപ്പോലെയും രോമം കത്രിക്കുന്നവരുടെ മുന്പില് നില്ക്കുന്ന ചെമ്മരിയാടിനെപ്പോലെയും അവന് മൗനം പാലിച്ചു.
മര്‍ദനത്തിനും ശിക്ഷാവിധിക്കും അധീനനായി അവന് എടുക്കപ്പെട്ടു. എന്റെ ജനത്തിന്റെ പാപംനിമിത്തമാണ് അവന് പീഡനമേറ്റ് ജീവിക്കുന്നവരുടെ ഇടയില്‍നിന്നു വിച്ഛേദിക്കപ്പെട്ടതെന്ന് അവന്റെ തലമുറയില്‍ ആരു കരുതി?
അവന് ഒരു അതിക്രമവും ചെയ്തില്ല; അവന്റെ വായില്‍നിന്നു വഞ്ചന പുറപ്പെട്ടുമില്ല. എന്നിട്ടും, ദുഷ്ടരുടെയും ധനികരുടെയും ഇടയില്‍ അവന് സംസ്കരിക്കപ്പെട്ടു. അവനു ക്ഷതമേല്ക്കണമെന്നത് കര്‍ത്താവിന്റെ ഹിതമായിരുന്നു.
അവിടുന്നാണ് അവനെ ക്ലേശങ്ങള്‍ക്കു വിട്ടുകൊടുത്തത്. പാപപരിഹാരബലിയായി തന്നെത്തന്നെ അര്‍പ്പിക്കുമ്പോള്‍ അവന് തന്റെ സന്തതിപരമ്പരയെ കാണുകയും ദീര്‍ഘായുസ്സു പ്രാപിക്കുകയും ചെയ്യും; കര്‍ത്താവിന്റെ ഹിതം അവനിലൂടെ നിറവേറുകയും ചെയ്യും.
തന്റെ കഠിനവേദനയുടെ ഫലം കണ്ട് അവര്‍ സംതൃപ്തനാകും. നീതിമാനായ എന്റെ ദാസന് തന്റെ ജ്ഞാനത്താല്‍ അനേകരെ നീതിമാന്മാരാക്കും; അവന് അവരുടെ തിന്മകളെ വഹിക്കുകയും ചെയ്യും.
മഹാന്മാരോടൊപ്പം ഞാന്‍ അവന് അവകാശം കൊടുക്കും. ശക്തരോടുകൂടെ അവന് കൊള്ളമുതല്‍ പങ്കിടും. എന്തെന്നാല്‍, അവന് തന്റെ ജീവനെ മരണത്തിന് ഏല്‍പ്പിച്ചുകൊടുക്കുകയും പാപികളോടുകൂടെ എണ്ണപ്പെടുകയും ചെയ്തു. എന്നിട്ടും അനേകരുടെ പാപഭാരം അവന് പേറി; അതിക്രമങ്ങള്‍ക്കു വേണ്ടി മാധ്യസ്ഥ്യം വഹിച്ചു.
ജീവിതത്തിൽ ഒരു പുത്തനാരംഭത്തിനു, ഒരു പാദം മാറ്റിചവുട്ടാൻ, മടക്കയാത്ര നടത്താൻ, ഒരു പുതിയ ആകാശത്തിലേക്കും ഒരു പുതിയ ഭൂമിയിലേക്കും പ്രേവേശിക്കാൻ ഈ ദിനം ഏവരെയും സഹായിക്കട്ടെ.