പ്രിയപ്പെട്ട മാതാവിന്റെ അനാരോഗ്യം, കുറച്ചൊരു കാലത്തേക്ക് (കുരുന്നു പ്രായത്തിൽത്തന്നെ) കൊച്ചുറാണി ആയയുടെ സംരക്ഷണത്തിൽ വളരേണ്ടിവന്നു. അതേക്കുറിച്ചു ദുഖമൊന്നും ആത്മകഥയിൽ രേഖപ്പെടുത്തിക്കാണുന്നില്ല. ഒരിക്കൽ തന്റെ അമ്മ സെലിന് അയച്ച കത്തിൽ പറഞ്ഞിരിക്കുന്നത്. കൊച്ചുറാണി ഇങ്ങനെ രേഖപ്പെടുത്തുന്നു: “ആയ കൊച്ചുത്രേസ്യയെ വ്യാഴാഴ്ച്ച ഇവിടെ കൊണ്ടുവന്നിട്ടുണ്ട്. അവൾക്കെപ്പോഴും ചിരി തന്നെയാണ്. കൊച്ചുസെലിനോടാണ് അവൾക്കു എപ്പോഴും പ്രിയം. സെലിനെ കണ്ടാലുടൻ ചിരിതന്നെ ചിരി. ഉടനെ കളിതുടങ്ങാനാണ് ഭാവമെന്നു ആരും പറയും. അതിനു അത്ര താമസം വേണ്ടിവരുകയില്ല. ഒട്ടും താമസിയാതെ നടന്നു തുടങ്ങുമെന്നാണ് എന്റെ പ്രതീക്ഷ. അവളൊരു ല്ല കൊച്ചായിരിക്കും. മികച്ച ബുദ്ധിസാമർത്ഥ്യത്തിന്റെ ലക്ഷണം കാണുന്നുണ്ട്. മുഖഭാവം കണ്ടാൽ സ്വർഗ്ഗഭാഗ്യത്തിന് മുൻനിശ്ചയം ചെയ്യപ്പെട്ട കുഞ്ഞാണെന്നു തോന്നും.”
തമ്മിൽ മൂന്നരവയസ്സിന്റെ അന്തരമുണ്ടായിരുന്നെങ്കിലും സെലിനും കൊച്ചുറാണിയും “പരസ്പരം നല്ലവണ്ണം മനസ്സിലാക്കിയിരുന്നു”. അമ്മ അവരെക്കുറിച്ചു ഇങ്ങനെ എഴുതിയിട്ടുണ്ട് : “എന്റെ കൊച്ചു സെലിന് സുകൃതാഭ്യാസത്തിലേക്ക് ഒരു പ്രത്യേക ചായ്വുണ്ട്. അവളുടെ സ്വഭാവ പ്രകൃതി അതാണ്. അവളുടെ ആത്മാവ് നിഷ്ക്കളങ്കമാണ് . തിന്മയെ അവൾ വെറുക്കുന്നു. എന്നാൽ ഈ കീരിക്കുഞ്ഞിന്റെകാര്യം എങ്ങനെയാകുമെന്നു എനിക്ക് അറിഞ്ഞുകൂടാ. അത് തീരെ കുഞ്ഞാണ്. വീണ്ടുവിചാരമെന്നത് അവൾക്കു അശേഷമില്ല . സെലിനെക്കാൾ മികച്ചബുദ്ധി വൈഭവം അവൾക്കുണ്ട്. എങ്കിലും സൗമ്യത വളരെക്കുറവാണ്. അവളുടെ ദുശ്യാഠ്യത്തെ അമർത്തുക അസാധ്യമെന്നുതന്നെ പറയാം . ‘ഇല്ല‘ (No ) എന്നൊരിക്കൽ പറഞ്ഞു പോയാൽ പിന്നെ അവളെ പിന്തിരിപ്പിക്കാൻ ആർക്കും സാധ്യമല്ല. ദിവസം മുഴുവനും നിലവറയിലിട്ട് പൂട്ടിയാൽ അവിടെ കിടന്നുറങ്ങുകയല്ലാതെ ‘ആകട്ടെ‘ (yes ) എന്നൊരിക്കലും പറയുകയില്ല…”
‘അമ്മ തുടരുന്നു: “എങ്കിലും അവൾക്കൊരു സുവർണ്ണഹൃദയമുണ്ട്. അത്യന്തം ആർദ്രയും സരളയുമാണവൾ . മാപ്പുചോദിക്കാൻ അവളെന്റെ അടുത്തേക്ക് ഓടിവരുന്നത് കാണാൻ എന്ത് രസമാണെന്നോ!” “അമ്മേ, സെലിൻ ചേച്ചിയെ ഞാനൊന്നു തള്ളി, ഞാനൊന്നു അടിച്ചു . ഇനി അങ്ങനെ ചെയ്കയില്ല” (എന്ത് ചെയ്താലും ഇതാണ് അവളുടെ പതിവ്).
അമ്മയുടെ മറ്റൊരു കത്തിൽ നിന്ന്: “ഇതാ സെലിൻ, കുഞ്ഞിന്റെ കൂടെ, ചതുരക്കട്ടകൾ കൊണ്ട് കളിച്ചു രസിച്ചു കൊണ്ടിരിക്കുകയാണ്. ഇടയ്ക്കിടക്ക് അവർ തമ്മിൽ തർക്കമുണ്ടാകുന്നുണ്ട്. സ്വർഗ്ഗമകുടത്തിനൊരു രത്നം സമ്പാദിക്കാൻവേണ്ടി സെലിൻ വിട്ടുകൊടുക്കും . കുഞ്ഞിന്റെ അരിശം മൂത്തു വരുമ്പോൾ ഞാൻ ചെന്ന് അവളെ ശാസിക്കാറുണ്ട്. എല്ലാം അവളുടെ ഇഷ്ടംപോലെ സാധിച്ചില്ലെങ്കിൽ, സമസ്തവും നശിച്ചു നിരാശ പിടിച്ചവരെപ്പോലെ അവൾ നിലത്തു കിടന്നുരുളും . ശ്വാസം മുട്ടിപ്പോകത്തക്കവിധത്തിൽ ആ സ്ഥിതി ചിലപ്പോൾ അത്ര ഗുരുതരമായിത്തീരും . എളുപ്പം ക്ഷോഭിച്ചുപോകുന്ന ഒരു കൊച്ചാണവൾ. എങ്കിലും സുശീലയും വളരെ ബുദ്ധിമതിയുമാണവൾ. സകലതും അവൾ ഓർമ്മിച്ചിരിക്കും. ന്യുനതയോന്നുമില്ലാത്ത ഒരു കുട്ടി എന്ന നിലയിൽനിന്ന് എത്രമാത്രം ദൂരത്തായിരുന്നു ഞാനെന്നു, എന്റെ അമ്മേ, ഇതിൽ നിന്ന് അങ്ങേക്ക് വ്യക്തമാണല്ലോ.
ഉറങ്ങുമ്പോൾപോലും ഒരു നല്ല കൊച്ചെന്ന് എന്നെക്കുറിച്ചു പറയുക സാധ്യമായിരുന്നില്ല. എന്റെ ചാപല്യങ്ങൾ പകലത്തേതിലും അധികമായിരുന്നു. പുതപ്പുകളും കിടക്കവിരികളുമൊക്കെ ചുറ്റി സഞ്ചരിക്കാൻ ഞാൻ പറഞ്ഞയയ്ക്കും . എന്നിട്ടു (ഉറക്കത്തിൽത്തന്നെയാണ്) എന്റെ കൊച്ചുകട്ടിലിന്റെ പടിയിന്മേൽ തല തല്ലും . വേദന മൂലം ഞാൻ ഉണരും. ‘അമ്മച്ചീ, എന്റെ തലമുട്ടിയേ! എന്ന് നിലവിളിക്കും. പരിക്ഷീണയായ അമ്മച്ചി എഴുന്നേറ്റുവരാൻ നിർബന്ധിതയാകും. കൂടെക്കൂടെ ഇങ്ങനെ സംഭവിച്ചിരുന്നതിനാൽ എന്നെ കട്ടിലിൽ കെട്ടിയിടേണ്ടതായി വന്നിട്ടുണ്ട്… അങ്ങനെയാണ് ഞാൻ ഉറക്കത്തിൽ നല്ല കുഞ്ഞായിത്തീർന്നത്!” “എനിക്കുണ്ടായിരുന്ന മറ്റൊരു ദുശ്ശീലം അമിതമായ സ്വയസ്നേഹമായിരുന്നു”. ഇനി കൊച്ചുറാണി ഏറ്റു പറയുന്നത് ശ്രദ്ധിക്കൂ. “പുണ്യമില്ലാത്ത മാതാപിതാക്കളായിരുന്നു എന്നെ വളർത്തിയിരുന്നെങ്കിൽ… ഞാൻ വലിയ ദുഷ്ടയായിത്തീരുമായിരുന്നു; നശിച്ചുപോകാൻ തന്നെയും ഇടയാകുമായിരുന്നു”. എന്നാൽ, ഈശോ, തന്റെ കുഞ്ഞുമണവാട്ടിയെ കാത്തുസൂക്ഷിക്കുന്നുണ്ടായിരുന്നു . സമസ്തവും അവൾക്കു ഗുണകരമായി ഭവിക്കണമെന്നതായിരുന്നു അവിടുത്തെ തിരുമനസ്സ്. ചെറുന്യുനതകൾപ്പോലും തക്കസമയത് പരിഹരിക്കപ്പെട്ടതിനാൽ പുണ്യപൂർണ്ണതയിൽ പുരോഗമിക്കാൻ എല്ലാം അവൾക്കുപകരിച്ചു.
“എന്നിൽ സ്വയസ്നേഹമുണ്ടായിരുന്നു; ഒപ്പം നന്മയോടുള്ള പ്രതിപത്തിയും . അതുകൊണ്ടു, ഞാൻ കാര്യമായി ചിന്തിച്ചു തുടങ്ങിയതുമുതൽ (നന്നേ ചെറുപ്പം മുതലേ ഞാനതു ചെയ്തിരുന്നു). ഒരു സംഗതി നന്നല്ലെന്നു ആരെങ്കിലും ഒരിക്കൽ പറഞ്ഞാൽ, അത് ആവർത്തിച്ചുപറയാൻ ഞാൻ ഇടയാക്കിയിരുന്നില്ല. വളർന്നു വരുന്തോറും ഞാൻ അമ്മച്ചിക്ക് കൂടുതൽ ആശ്വാസം നല്കിയിരുന്നെന്നു കത്തുകളിൽ കാണുന്നത് എനിക്ക് ഏറെ ചാരിതാർഥ്യജനകമാണ്. എനിക്ക് ചുറ്റും സന്മാതൃകകളെ ഉണ്ടായിരുന്നുള്ളു. അവയെ അനുകരിക്കാൻ നൈസർഗ്ഗികമായി ഞാൻ താത്പര്യപ്പെട്ടു.
കൊച്ചുറാണിയുടെ കൊച്ചിലെമുതലുള്ള സന്തോഷപ്രകൃതി, അമ്മയ്ക്ക് ഒരു ‘നല്ലകൊച്ച്‘ സ്ഥിരോത്സാഹി മികച്ച ബുദ്ധിസാമർത്ഥ്യം-എല്ലാം അനുകരണീയം .
കുഞ്ഞായിരുന്നപ്പോൾ അമാനുഷികതയൊന്നും തന്നെ അവൾക്കുണ്ടായിരുന്നില്ല. വികൃതി, കടുംപിടിത്തക്കാരി, പക്ഷെ, തെറ്റുചെയ്താൽ അതേക്കുറിച്ചു അനുതാപവും മാപ്പപേക്ഷിക്കലും കൊച്ചുറാണിയുടെ വലിയസവിശേഷതായിരുന്നു. അമിതമായ സ്വയസ്നേഹമുണ്ടായിരുന്നെന്നും കൊച്ചുറാണി സമ്മതിക്കുന്നു. തിരിച്ചറിവായിത്തുടങ്ങിയതിൽപ്പിന്നെ, ഒരു തിരുത്തൽ കൊടുത്താൽ ആ തെറ്റ് കൊച്ചുറാണി പിന്നെ ഒരിക്കലും ആവർത്തിക്കയില്ലായിരുന്നു. ഇവിടെ ഏറെ ആശ്വാസകരമായ ഉരുത്തിരിഞ്ഞുവരുന്ന ഒരു സത്യം, ദൈവത്തെയും സഹോദരരേയും ആത്മാർഥമായി സ്നേഹിച്ചാൽ ചെറിയ കാര്യങ്ങളിൽ വിശ്വസ്തരായിരുന്നാൽ, ആർക്കും വിശുദ്ധരാകാമെന്നതാണ്.