കുട്ടികളെപ്പറ്റി സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ ഈശോ ഇപ്രകാരം അരുളിച്ചെയ്തു: ‘ഈ കുട്ടികളിൽ ആരെയും നിന്ദിക്കാതിരിക്കാൻ ശ്രദ്ധിച്ചുകൊള്ളുവിൻ. സ്വർഗത്തിൽ അവരുടെ ദൂതന്മാർ എന്റെ സ്വർഗ്ഗസ്ഥനായ പിതാവിന്റെ മുഖം ദർശിച്ചുകൊണ്ടാണിരിക്കുന്നതെന്നു ഞാൻ നിങ്ങളോടു പറയുന്നു’ (മത്താ. 18 : 10). ഈ വാക്കുകളിൽനിന്നു ഓരോ മനുഷ്യനും ഓരോ കാവൽ മാലാഖ ഉണ്ടെന്നു മനസിലാക്കാവുന്നതാണല്ലോ. ഓരോ രാജ്യത്തിനും ഓരോ നഗരത്തിനും ഓരോ സ്ഥാപനത്തിനും ഓരോ കാവൽ മാലാഖയുണ്ടെന്നു അഭിപ്രായമുണ്ട്.
മാലാഖമാരെപ്പറ്റി പഴയ നിയമത്തിലും പുതിയ നിയമത്തിലും പലയിടത്തും പ്രതിപതിച്ചിരിക്കുന്നതായി കാണാം. മിഖായേൽ, ഗബ്രിയേൽ, റാഫേൽ എന്നിവരുടെ പേരുപറഞ്ഞു വിവരിച്ചിട്ടുണ്ട്. മാലാഖമാർ സർവഥാ അരൂപികളാണ്. ചിറകുകളോടുകൂടി മാലാഖമാരെ ചിത്രീകരിക്കുന്നുണ്ടെങ്കിലും അവർക്കു ചിറകുകളുമില്ല, ശരീരവുമില്ല. ലോകസൃഷ്ടിയോടുകൂടി മാലാഖമാരെയും ദൈവം സൃഷ്ട്ടിച്ചു. അവരിൽ ചിലർ അഹങ്കരം നിമിത്തം പാപം ചെയ്തു ദൈവകോപത്തിനു വിധേയരായി. അവരാണ് പിശാചുക്കൾ അഥവാ അധഃപതിച്ച മാലാഖമാർ.
മാലാഖമാരുടെ പരിപൂർണതയനുസരിച്ചു മൂന്ന് ഹയരാർക്കികളുണ്ട്; ഓരോ ഹയരാർക്കിയിലും മൂന്ന് വൃന്ദങ്ങളുണ്ട്. (1) സ്രാപ്പേന്മാർ, കെരൂബുകൾ, സിംഹാസനങ്ങൾ (2) അധികാരികൾ, ശക്തികൾ, ബലവത്തുകൾ (3) പ്രധാനികൾ, മുഖ്യദൈവദൂതന്മാർ, ദൈവദൂതന്മാർ. ദൈവദൂതന്മാർ അഥവാ മാലാഖമാർ എന്ന പദം 9 വൃന്ദം മാലാഖമാരെപ്പറ്റിയും പ്രയോഗിക്കുമെങ്കിലും കാവൽ മാലാഖമാർ ഈ ഒമ്പതാമത്തെ വൃന്ദത്തിൽനിന്നുമാത്രമാണ് തിരഞ്ഞെടുക്കപ്പെടുന്നത്. അവർ നമ്മളെ കാത്തുകൊണ്ടിരിക്കുന്നു. അവരോടു നമുക്ക് സ്നേഹവും കൃതജ്ഞതയും ഉണ്ടായിരിക്കേണ്ടതാണ്. പാപത്തിന്റെ ഗൗരവം കുട്ടികൾക്ക് കാണിച്ചുകൊടുക്കാൻ കരയുന്ന കാവൽ മാലാഖയെ കുട്ടിയുടെ അടുക്കൽ നിറുത്തിയിരിക്കുന്ന ചിത്രമുണ്ട്. മാലാഖാമാർക്കു പറയുവാനോ ചിരിക്കുവാനോ കഴിയുകയില്ലെങ്കിലും യാഥാർഥ്യത്തിന്റെ പ്രതീകമായിരിക്കും അവരുടെ കരയലും വാദ്യഘോഷങ്ങളും കാഹളവിളികളും.
‘എന്റെ കാവൽ മാലാഖേ, അങ്ങയുടെ സൂക്ഷത്തിനു ഏല്പിച്ചിരിക്കുന്ന എന്നെ കാത്തുസൂക്ഷിക്കണമേ, ഭരിച്ചു പരിപാലിക്കണമേ, ബുദ്ധിക്കു പ്രകാശം നൽകണമേ, എന്റെ സ്നേഹവും കൃതജ്ഞതയും അങ്ങ് സ്വീകരിക്കേണമേ’ എന്ന് പ്രഭാതത്തിലും രാത്രി വിശ്രമത്തിനു മുമ്പും ചെല്ലുന്നത് ഉത്തമമാണ്.
കാവൽ മാലാഖമാർ റോമിലെ വി. ഫ്രാൻസിസ്, ജെമ്മഗൾഗാനി മുതലായ പല വിശുദ്ധന്മാർക്കും ദൃശ്യരായിട്ടുണ്ട്; സേവനങ്ങൾ ചെയ്തുകൊടുത്തതായും പറയുന്നുണ്ട്.