വിശ്വസ്തത പാലിക്കുന്ന, നീതിനിഷ്ടമായ ജനതയ്ക്കു പ്രേവേശിക്കുവാൻ വാതിലുകൾ തുറക്കുവിൻ. അങ്ങയിൽ ഹൃദയം ഉറപ്പിച്ചിരിക്കുന്നവനെ അങ്ങ് സമാധാനത്തിന്റെ തികവിൽ സംരക്ഷിക്കുന്നു. എന്തെന്നാൽ, അവൻ അങ്ങിൽ ആശ്രയിക്കുന്നു. കർത്താവിൽ എന്നേക്കും ആശ്രയിക്കുവിൻ. ദൈവമായ കർത്താവു ശാശ്വതമായ അഭയശിലയാണ്… നീതിമാന്റെ മാർഗം നിരപ്പുള്ളതാണ് (അവനിൽ വക്രതയോ, വഞ്ചനയോ ഇല്ല). അവിടുന്ന് അതിനെ മിനുസമുള്ളതാക്കുന്നു.
കർത്താവെ അങ്ങയുടെ നിയമത്തിന്റെ പാതയിൽ ഞങ്ങൾ അങ്ങേ കാത്തിരിക്കുന്നു. അങ്ങയുടെ നാമവും അങ്ങയുടെ ഓര്മയുമാണ് ഞങ്ങളുടെ ഹൃദയാഭിലാഷം. (രാത്രിയിൽ) എന്റെ ഹൃദയം അങ്ങേയ്ക്കു വേണ്ടി ദാഹിക്കുന്നു. എന്റെ ആത്മാവ് അങ്ങയെ തേടുന്നു. അങ്ങയുടെ കല്പന ഭൂമിയിൽ ഭരണം നടത്തുമ്പോൾ, ഭൂവാസികൾ നീതി അഭ്യസിക്കുന്നു.
സ്വർഗ്ഗപ്രാപ്തിക്കു അത്യന്താപേക്ഷിതമായ കാര്യമാണ് നീതി അഭ്യസിക്കുക എന്നത്. കർത്താവു വിധിയാളനായി വീണ്ടും വരുമ്പോൾ നീതി പ്രവർത്തിക്കാത്തവരുടെ അനുഭവം മത്താ. 25:41 ൽ കർത്താവു വ്യക്തമാക്കുന്നു. “അനീതി പ്രവർത്തിക്കുന്നവരെ (ശപിക്കപെട്ടവരെ) നിങ്ങൾ എന്നിൽ നിന്നകന്നു, പിശാചിനും അവന്റെ ദൂതന്മാർക്കുമായി സജ്ജമാക്കിയിരിക്കുന്ന നിത്യാഗ്നിയിലേക്കു പോകുവിൻ.” കാരണവും അവിടുന്ന് വ്യക്തമാക്കുന്നു. “എന്റെ ഈ ഏറ്റം എളിയവരിൽ ഒരുവന് ഇത് (ഭക്ഷണം, വെള്ളം, പാർപ്പിടം, വസ്ത്രം, രോഗത്തിലും കാരാഗ്രഹത്തിലും സന്ദർശനം, ആശ്വാസം) ഇവ ചെറിയവർക്കു നിരസിച്ചപ്പോൾ (ചെയാതിരുന്നപ്പോൾ) എനിക്ക് തന്നെയാണ് ചെയ്യാതിരുന്നത്” (മത്താ. 25:45).
നിത്യരക്ഷപ്രാപിക്കാൻ ദിവ്യകാരുണ്യ പ്രവർത്തനങ്ങൾ മാത്രം മതിയെന്നാണ് ഈശോ പറയുന്നത് എന്ന് ആരും തെറ്റിദ്ധരിക്കരുത്. വിശ്വാസം, കല്പനയുടെ അനുസരണം, കൗദാശിക ജീവിതം, ഹൃദയ ശുദ്ധി, എളിമ, കുരിശു വഹിച്ചു ഈശോയെ പിഞ്ചെല്ലുക ഇവയെല്ലാം ‘നീതി’, ‘അനീതി’യിൽ ഉൾപ്പെടുന്നുണ്ട്.