ആദിമാതാപിതാക്കളുടെ പാപം പ്രാണവേദനയിലാണ് അവരെ എത്തിച്ചത്. അവരുടെ ഈ അവസ്ഥ അഖിലേശന്റെ മനസ്സലിയിച്ചു. അവരുടെയും അവരുടെ സന്തതികളുടെയും അടിമത്തത്തിൽ നിന്ന് അവരെ മോചിപ്പിക്കാൻ മഹോന്നതൻ തീരുമാനിച്ചു. ഇതിനായി സ്വസുതനെത്തന്നെ അവിടുന്നു ഭൂമിയിലേക്ക് അയച്ചു. മാനവരാശിയുടെ നിത്യരക്ഷയുടെ ആധാരം പരിശുദ്ധ ത്രീത്വത്തിന്റെ കരുണയാണ്. പരിശുദ്ധ പിതാവു പറയുന്നു: കാരുണ്യമെന്ന പദം പരിശുദ്ധത്രീത്വത്തിന്റെ രഹസ്യത്തെത്തന്നെ വെളിപ്പെടുത്തുന്നു. സ്നേഹത്തിന്റെ അത്യുദാത്തഭാവമാണു കരുണ. ദൈവം സ്നേഹമാണ് എന്നു തിരുലിഖിതം പറയുന്നത് അവിടുന്നു പരമദിവ്യകാരുണ്യമാണെന്ന അർത്ഥത്തിലാണ്.
പരിശുദ്ധ കുർബാനയ്ക്കു പുണ്യപിതാക്കൾ നല്കിയിരിക്കുന്ന അനന്യവും അത്യുദാത്തവുമായ പേരു തന്നെയാണിത്. പിതാവായ ദൈവത്തിന്റെ കരുണയുടെ മുഖമാണ് ഈശോ എന്നു മാർപ്പാപ്പാ പ്രഖ്യാപിച്ചിരിക്കുന്നതിന്റെ അർത്ഥം ഇപ്പോൾ നമുക്കു കൂടുതൽ പ്രസ്പഷ്ടമാകുന്നു. കരുണയായി ഭൂവിൽ അവതരിച്ച ദൈവമാണ് ഈശോ. ജീവിത പന്ഥാവിൽ, സ്വസഹോദരങ്ങളുടെ കണ്ണുകളിലേയ്ക്ക് ആത്മാർത്ഥതയോടെ നോക്കുന്ന വ്യക്തികളുടെ ഹൃദയത്തിൽ വസിക്കുന്ന മൗലികമനോഭാവമാണു കരുണ, സഹാനുഭൂതി, സഹതാപം, ദയ, ആനന്ദം ഒക്കെ ഈ ഭാവത്തിന്റെ ഭാഗമാകും. കരയുന്നവരോടുകൂടി കരയുക, ചിരിക്കുന്നവരോടുകൂടി ചിരിക്കുക എന്ന പൗലോസിന്റെ ഭാവം ഇവിടെ ഉയിർക്കൊള്ളും.
പാപികളായിരുന്നിട്ടും നിത്യമായ സ്നേഹത്താൽ സ്നേഹിക്കുന്ന ദൈവത്തിന്റെ സ്നേഹത്തിലേക്കും അതിൽ നിന്നുളവാകുന്ന പ്രത്യാശയിലേക്കും നമ്മുടെ ഹൃദയങ്ങളെ തുറന്നു നമ്മെയും ദൈവത്തെയും തമ്മിൽ ബന്ധിപ്പിക്കുന്ന പാലമാണു കരുണയെന്നു, പരിശുദ്ധ പിതാവ് എടുത്തുപറയുന്നുണ്ട്. ഈ പാലത്തിനു ബലക്ഷയമുണ്ടാകാതിരിക്കാൻ സ്നേഹത്തിലേക്കും പ്രത്യാശയിലേക്കും നയിക്കുന്ന ഹൃദയത്തിന്റെ തുറവി അഭംഗുരം കാത്തുസൂക്ഷിക്കുക അത്യന്താപേക്ഷിതമാണ്. കരുണയുള്ള ദൈവമേ, കരുണയാകുവാൻ വരമരുളണമേ എന്ന് പ്രാർത്ഥിക്കുന്നവരാവണം നമ്മൾ.
കൂടുതൽ ശ്രദ്ധാപൂർവ്വം കാരുണ്യത്തെ ഉറ്റുനോക്കുവാൻ പരിശുദ്ധപിതാവ് ഏവരെയും ആഹ്വാനം ചെയ്യുന്നു. അതിനു സ്വജീവിതത്തിൽ സ്വർഗ്ഗ പിതാവിന്റെ കരുണയുടെ കാര്യക്ഷമമായ അടയാളമായിരിക്കണം നമ്മൾ. സഭയ്ക്കു സവിശേഷമായ ഒരു കാലമാണു കരുണയുടെ വർഷമെന്നും പിതാവ് അനുസ്മരിപ്പിക്കുന്നു. ദൈവപുത്രനു മാനവരാശിയുടെ രക്ഷയ്ക്കുവേണ്ടി മനുഷ്യനായി അവതരിക്കുവാൻ ഒരു മാതാവിനെ ആവശ്യമായിരുന്നു. പിതാവായ ദൈവം നിത്യതയിലേ ഈ അമ്മയെ തെരഞ്ഞെടുത്ത് അമലോത്ഭവയായി ഈ ലോകത്തിലേയ്ക്ക് അയച്ചു. സ്നേഹത്തിൽ നിഷ്കളങ്കയും പരിശുദ്ധയുമാണ് പരിശുദ്ധ അമ്മ-ദൈവമാതാവ്.
പാപത്തെയും മരണത്തെയും അതിജീവിക്കുവാൻ നരകപിശാചിന്റെ തലയെ തകർക്കാൻ കാരുണ്യത്തിന്റെ പൂർണ്ണതകൊണ്ടു ദൈവം പ്രത്യുത്തരിച്ചു. സകലപാപങ്ങളെക്കാളും വലുതാണു ദൈവത്തിന്റെ കാരുണ്യം. ദൈവത്തിന്റെ അളവുകളില്ലാത്ത, അതിരുകളില്ലാത്ത, പരിധികളില്ലാത്ത, വ്യവസ്ഥകളില്ലാത്ത സ്നേഹത്തിന്റെ പൂർണ്ണിമയാണ് അവിടുത്തെ കാരുണ്യം. ക്ഷമിക്കാൻ സദാ സന്നദ്ധനാണു സർവ്വശക്തനായ ദൈവം.
കരുണയുടെ കവാടം തുറക്കാൻ കഴിഞ്ഞതിലുള്ള ആനന്ദത്തിലാണു ദൈവം. സമാശ്വസിപ്പിക്കുകയും വ്യവസ്ഥയില്ലാതെ ക്ഷമിക്കുകയും നമ്മിൽ പ്രത്യാശവളർത്തുകയും ചെയ്യുന്ന ദൈവത്തിന്റെ സ്നേഹം സമൃദ്ധമായി നമ്മൾ അനുഭവിക്കുകയും നിർലോഭം അതു നാം മറ്റുള്ളവർക്ക് പകർന്നുകൊടുക്കുകയും ചെയ്തു കരുണയുടെ കവാടങ്ങളായി നമ്മൾ മാറണമെന്നാണു പിതാവിന്റെ വലിയ ആഗ്രഹം.