ദിവ്യകാരുണ്യത്തിൽ ക്രിസ്തുവിന്റെ ബലി സന്നിഹിതമായിരിക്കുന്നു ” ഇത് എന്റെ ശരീരമാണ്… ഇത് എന്റെ രക്തമാണ് ” എന്ന് അനാഫൊറയിൽ പുരോഹിതൻ പറയുമ്പോൾ സ്വർഗ്ഗം താണിറങ്ങുന്നു ; അത്ഭുതങ്ങളുടെ അത്ഭുതം സംഭവിക്കുന്നു. ദുഃഖവെള്ളിയാഴ്ച കുരിശിൽ തന്നെത്തന്നെ സമർപ്പിച്ചവനും ഇപ്പോൾ മഹത്വീ കൃത്യനുമായ ക്രിസ്തുവാണ് ദിവ്യകാരുണ്യത്തിൽ സന്നിഹിതനാകുന്നത്. വീഞ്ഞിന്റെ പാനപാത്രം ഉയർത്തിക്കൊണ്ട് അവിടുന്ന് പറഞ്ഞ വാക്കുകൾ ഇതാണ് വ്യക്തമാക്കുന്നത്. ” ഇത് പാപമോചനത്തിനായി അനേകർക്ക് വേണ്ടി ചിന്തപ്പെടുന്നതും ഉടമ്പടിയുടെതുമായ എന്റെ രക്തമാണ് “. പ്രസ്തുത വാക്കുകളെ അവയുടെ ബൈബിൾപരമായ അർത്ഥത്തിന്റെ വെളിച്ചത്തിൽ പരിശോധിക്കുമ്പോൾ അർത്ഥപൂർണ്ണമായ രണ്ടു സൂചനകൾ പ്രത്യക്ഷമാകുന്നു.” ചിന്തപ്പെട്ട രക്തം ” എന്നാ ആവിഷ്കരണം ഉഗ്രമായ മരണത്തിന്റെ പര്യായമാണ്.’ അനേകർക്കു വേണ്ടി ‘ എന്ന ഹ്രസ്വമായ പ്രസ്താവന അർത്ഥമാക്കുന്നത് ഈ രക്തം ചെരിയപ്പെടുന്നത് ആർക്കുവേണ്ടിയാണെന്നതാണ്.
ഇവിടെയുള്ള പരാമർശം നമ്മെ വിശുദ്ധ ഗ്രന്ഥത്തിലെ ഏശയ്യായുടെ നാലാമത്തെ പ്രവചനത്തിന് ക്രിസ്തീയമായ വ്യാഖ്യാനത്തിന് അടിസ്ഥാനപരമായ ഗദ്യഭാഗത്തിലേക്ക് കൊണ്ടുപോകുന്നു. “തന്റെ ബലിയിലൂടെ കർത്താവിന്റെ ദാസൻ ” തന്റെ ജീവനെ മരണത്തിന് ഏൽപ്പിച്ച്കൊടുക്കുകയും അനേകരുടെ പാപഭാരം വഹിക്കുകയും”ചെയ്തു. വി. ലൂക്കായും വി. പൗലോസും പാരമ്പര്യാനുസൃതമായി ബന്ധിപ്പിക്കുന്നതുപോലെ, വിശുദ്ധ കുർബാനയുടെ അർപ്പണാത്മകവും രക്ഷകരവുമായ അതേ തലത്തെ, അന്ത്യഅത്താഴവേളയിൽ അപ്പം ഉയർത്തികൊണ്ട് ഈശോയുടെ വാക്കുകൾ ആവിഷ്കരിക്കുന്നുണ്ട്. ” ഇത് നിങ്ങൾക്കുവേണ്ടി നൽകപ്പെടുന്ന എന്റെ ശരീരമാണ് “. ഏശയ്യ 53:12 ഭാഗത്ത് കർത്താവിന്റെ ദാസന്റെ അർപ്പണാത്മകമായ സ്വയം ദാനത്തെക്കുറിച്ചുള്ള സൂചനയുമുണ്ട്.” അവൻ തന്റെ ജീവനെ മരണത്തിന് ഏൽപ്പിച്ചു കൊടുത്തു…… അനേകരുടെ പാപഭാരം അവൻ പേറി, അതിക്രമങ്ങൾക്കുവേണ്ടി മാധ്യസ്ഥം വഹിച്ചു. “