അവൻ പറഞ്ഞു : ഒരു മനുഷ്യനു രണ്ടു പുത്രന്മാരുണ്ടാരിരുന്നു. ഇളയവൻ പിതാവിനോടു പറഞ്ഞു: പിതാവേ സ്വത്തിൽ എൻ്റെ ഓഹരി എനിക്ക് തരുക. അവൻ സ്വത്ത് അവർക്കായി ഭാഗിച്ചു. ഏറെ താമസിയാതെ ഇളയമകൻ എല്ലാം ശേഖരിച്ചുകൊണ്ടു ദൂരദേശത്തേക്കു പോയി, അവിടെ ധൂർത്തനായി ജീവിച്ചു സ്വത്ത് നശിപ്പിച്ചുകളഞ്ഞു. അവൻ എല്ലാം ചെലവഴിച്ചു കഴിഞ്ഞപ്പോൾ ആ ദേശത്തു ഒരു കഠിനക്ഷാമം ഉണ്ടാവുകയും അവൻ ഞെരുക്കത്തിലാവുകയും ചെയ്തു. അവൻ ആ ദേശത്തെ ഒരു പൗരൻറെ അടുത്ത് അഭയംതേടി . അയാൾ അവനെ പന്നികളെ മേയിക്കാൻ വയലിലേക്കയച്ചു. പന്നി തിന്നിരുന്ന തവിടെങ്കിലുംകൊണ്ട് വയറു നിറയ്ക്കാൻ അവൻ ആശിച്ചു. പക്ഷെ, ആരും അവനു കൊടുത്തില്ല. അപ്പോൾ അവനു സുബോധമുണ്ടായി, അവൻ പറഞ്ഞു : എൻ്റെ പിതാവിന്റെ എത്രയോ ദാസന്മാർ സുഭിക്ഷമായി ഭക്ഷണം കഴിക്കുന്നു ! ഞാനോ ഇവിടെ വിശന്നു മരിക്കുന്നു ! ഞാൻ എഴുന്നേറ്റു എൻ്റെ പിതാവിൻ്റെ അടുത്തേക്ക് പോകും . ഞാൻ അവനോട് പറയും: പിതാവേ സ്വർഗത്തിനെതിരായും നിന്റെ മുമ്പിലും ഞാൻ പാപം ചെയ്തു. നിന്റെ പുത്രൻ എന്ന് വിളിക്കപ്പെടാൻ ഞാൻ ഇനി യോഗ്യനല്ല. നിന്റെ ദാസരിൽ ഒരുവനായി എന്നെ സ്വീകരിക്കേണമേ. അവൻ എഴുന്നേറ്റ് പിതാവിൻ്റെ അടുത്തേക്ക് ചെന്നു. ദൂരെ വച്ച് തന്നെ പിതാവ് അവനെ കണ്ടു. അവൻ മനസ്സലിഞ്ഞു ഓടിച്ചെന്ന് അവനെ കെട്ടിപിടിച്ചു ചുംബിച്ചു. മകൻ പറഞ്ഞു: പിതാവേ, സ്വർഗത്തിനെതിരായും നിന്റെ മുമ്പിലും ഞാൻ പാപം ചെയ്തു. നിന്റെ പുത്രൻ എന്നു വിളിക്കപെടാൻ ഞാൻ ഇനി യോഗ്യനല്ല. പിതാവാകട്ടെ, തന്റെ ദാസരോടു പറഞ്ഞു: ഉടനെ മേൽത്തരം വസ്ത്രം കൊണ്ടുവന്ന് ഇവനെ ധരിപ്പിക്കുവിൻ. ഇവന്റെ കൈയിൽ മോതിരവും കാലിൽ ചെരുപ്പും അണിയിക്കുവിൻ. കൊഴുത്ത കാളക്കുട്ടിയെ കൊണ്ടുവന്നു കൊല്ലുവിൻ, നമ്മുക്ക് ഭക്ഷിച്ചു ആഹ്ലാദിക്കാം. എൻ്റെ ഈ മകൻ മൃതനായിരുന്നു. അവൻ ഇതാ, വീണ്ടും ജീവിക്കുന്നു. അവൻ നഷ്ടപ്പെട്ടിരിന്നു. ഇപ്പോൾ വീണ്ടുകിട്ടിയിരിക്കുന്നു, അവർ ആഹ്ലാദിക്കാൻ തുടങ്ങി. (ലുക്കാ 15 : 11 – 24)
കർത്താവിന്റെ കരുണയുടെ കരളലിയിക്കുന്ന കഥയാണിത്. അവിടുന്ന് കരുണയുടെ രാജാവാണ്, രാജാധിരാജനാണ്. സർവ ലോകങ്ങളെയും ആവരണം ചെയ്ത് സകല മക്കളെയും പൊതിഞ്ഞു പിടിക്കുന്ന ,പരിധികളില്ലാത്ത കരുണയാണ് ദൈവം മനുഷ്യരോട് കാണിക്കുക. വി. ഫൗസ്തിനായുടെ ഡയറിയിലെ 83 ഖണ്ണിക വളരെ പ്രധാനമാണ്. ഈശോ അവളോട് പറയുന്നു ഇതെഴുതുക: ഞാൻ നീതിയുടെ ന്യായാധിപനായി വരുന്നതിനു മുമ്പ് ഞാൻ കരുണയുടെ രാജാവായി വരും(ഈ കരുണയുടെ യുഗത്തിലാണ് നാമിപ്പോൾ). നീതിയുടെ ദിനം വരുന്നതിനു മുമ്പ് ആകാശത്തു മേഘങ്ങളിൽ ഇങ്ങനെയൊരു അടയാളം നൽകപ്പെടും. ആകാശങ്ങളിലെ പ്രകാശമെല്ലാം അന്ധകാരമാകും. ഭൂമി മുഴുവൻ അന്ധകാരം വ്യാപിക്കും. ഈ സമയം വാനവിധാനത്തിൽ കുരിശു പ്രത്യക്ഷപ്പെടും, രക്ഷകന്റെ കൈകാലുകളിലുള്ള ആണി തറച്ച മുറുവുകളിൽനിന്നു വലിയ പ്രകാശനാളങ്ങൾ ബഹിർഗമിക്കും. ഈ പ്രകാശം ഭൂമിയെ ഒരു കാലഘട്ടത്തിലേക്ക് പ്രകാശിപ്പിച്ചുകൊണ്ടിരിക്കും. (ഹെബ്രാ, 9 : 28)
കാർത്താവിന്റെ വരവ് എന്നെന്ന് പിതാവിനല്ലാതെ മറ്റാർക്കുമറിഞ്ഞുകൂടാ. അവരും ഇവരും അതും ഇതും പറയുന്നതുകേട്ടു ആരും ഭാരപ്പെടേണ്ട ആവശ്യമേ ഇല്ല. എല്ലാം അറിയുന്ന തമ്പുരാന്റെ കരുണേഴും കരതാരിലേക്കും നമ്മുക്ക് കുത്തനെവീഴാം. നമ്മുടെ അന്ത്യശ്വാസത്തോടെ കരുണയുടെ കാവാടം നമ്മുക്ക് എതിരായി അടയാക്കപ്പെടും. പിന്നെ ഉള്ളത് നീതിയാണ്. തനതുവിധി ഓരോരുത്തന്റെയും പ്രവർത്തിക്കനുസരിച്ചുള്ള പ്രതിഫലം നൽകും വിശുദ്ധ കൂദാശകൾ യോഗ്യതയോടെ സ്വീകരിച്ചു സ്നേഹത്തിന്റെയും കരുണയുടെയും പ്രമാണങ്ങൾ അനുസരിച്ചു ജീവിച്ചവർ രക്ഷപ്രാപിക്കും. ഇല്ലാത്തവർ ശിക്ഷിക്കപ്പെടും. തെരഞ്ഞെടുപ്പ് ഓരോരുത്തനും സ്വയമായി, വളരെ വ്യക്തിപരമായി അനുഷ്ഠിക്കേണ്ടതാണ്. ആ നല്ല കള്ളനു സ്വർഗം ലഭിച്ചത് അവസാന നിമിഷത്തിലെ സത്യസന്ധമായ അനുതാപം വഴിയാണ്.ദൈവം കരുണയാണ്. അതുകൊണ്ടു അവിടുന്ന് ആരെയും ശിക്ഷിക്കുകയില്ല എന്നു പറയുന്നവർ മനസിലാക്കേണ്ട സത്യം ഇതാണ്. കരുണയുടെ കാവാടം അന്തിമനിമിഷത്തിൽ എന്നേക്കുമായി അടക്കപെടും “അപ്പോൾ നന്മ ചെയ്തവർ ജീവന്റെ ഉയർപ്പിനായും തിന്മ ചെയ്തവർ ശിക്ഷാവിധയുടെ ഉയർപ്പിനായും പുറത്തു വരും” (യോഹ 5 : 29 )