പുറ. 20:6എന്നാല്‍, എന്നെ സ്നേഹിക്കുകയും എന്റെ കല്പനകള് പാലിക്കുകയും ചെയ്യുന്നവരോട് ആയിരമായിരം തലമുറകള്‍ വരെ ഞാന്‍ കരുണ കാണിക്കും.
നിയ. 28:1-14
നിന്റെ ദൈവമായ കര്‍ത്താവിന്റെ വാക്കുകേട്ട് ഇന്നു ഞാന്‍ നിനക്കു നല്കുന്ന കല്പനകളെല്ലാം സൂക്ഷ്മമായി പാലിക്കുമെങ്കില്‍ അവിടുന്ന് നിന്നെ ഭൂമിയിലെ മറ്റെല്ലാ ജനതകളെയുംകാള്‍ ഉന്നതനാക്കും.അവിടുത്തെ വചനം ശ്രവിച്ചാല്‍ അവിടുന്ന് ഈ അനുഗ്രഹങ്ങളെല്ലാം നിന്റെ മേല്‍ ചൊരിയും.നഗരത്തിലും വയലിലും നീ അനുഗൃഹീതനായിരിക്കും.നിന്റെ സന്തതികളും വിളവുകളും മൃഗങ്ങളും കന്നുകാലിക്കൂട്ടവും ആട്ടിന്‍പറ്റവും അനുഗ്രഹിക്കപ്പെടും.നിന്റെ അപ്പക്കുട്ടയും മാവുകുഴയ്ക്കുന്ന കലവും അനുഗ്രഹിക്കപ്പെടും.സകല പ്രവൃത്തികളിലും നീ അനുഗൃഹീതനായിരിക്കും.നിനക്കെതിരേ വരുന്ന ശത്രുക്കളെ നിന്റെ മുന്പില് വച്ചു കര്‍ത്താവു തോല്പിക്കും. നിനക്കെതിരായി അവര്‍ ഒരു വഴിയിലൂടെ വരും; ഏഴു വഴിയിലൂടെ പലായനം ചെയ്യും.നിന്റെ കളപ്പുരകളിലും നിന്റെ പ്രയത്നങ്ങളിലും കര്‍ത്താവ് അനുഗ്രഹം വര്‍ഷിക്കും. നിന്റെ ദൈവമായ കര്‍ത്താവ് നിനക്കു തരുന്ന ദേശത്ത് അവിടുന്നു നിന്നെ അനുഗ്രഹിക്കും.അവിടുത്തെ കല്പനകള് പാലിച്ച് അവിടുത്തെ മാര്‍ഗത്തില്‍ ചരിച്ചാല്‍ കര്‍ത്താവ് നിന്നോടു ശപഥം ചെയ്തിട്ടുള്ളതുപോലെ നിന്നെതന്റെ വിശുദ്ധ ജനമായി ഉയര്‍ത്തും.കര്‍ത്താവിന്റെ നാമം നീ വഹിക്കുന്നതു കാണുമ്പോള്‍ ലോകത്തിലുള്ള സകല മനുഷ്യരും നിന്നെ ഭയപ്പെടും.നിനക്കു നല്കുമെന്നു നിന്റെ പിതാക്കന്മാരോടു ശപഥം ചെയ്തിട്ടുള്ള ദേശത്ത് കര്‍ത്താവു ധാരാളം മക്കളെയും കന്നുകാലികളെയും നിനക്കുതരും. സമൃദ്ധമായ വിളവു നല്കി അവിടുന്നു നിന്നെ സമ്പന്നനാക്കും.കര്‍ത്താവു തന്റെ വിശിഷ്ട ഭണ്ഡാഗാരമായ ആകാശം തുറന്ന് നിന്റെ ദേശത്ത് തക്കസമയത്തു മഴ പെയ്യിച്ച് നിന്റെ എല്ലാ പ്രയത്നങ്ങളെയും അനുഗ്രഹിക്കും. അനേകം ജനതകള്‍ക്കു നീ കടം കൊടുക്കും; നിനക്കു കടം വാങ്ങേണ്ടിവരികയില്ല.കര്‍ത്താവു നിന്നെ ജനതകളുടെ നേതാവാക്കും; നീ ആരുടെയും ആജ്ഞാനുവര്‍ത്തി ആയിരിക്കുകയില്ല. ഇന്നു ഞാന്‍ നിനക്കു നല്കുന്ന, നിന്റെ ദൈവമായ കര്‍ത്താവിന്റെ കല്പനകള് ശ്രവിച്ച് അവ ശ്രദ്ധാപൂര്‍വം പാലിക്കുമെങ്കില്‍ നിനക്ക് അഭിവൃദ്ധിയുണ്ടാകും; നിനക്ക് ഒരിക്കലും അധോഗതിയുണ്ടാവുകയില്ല.ഞാനിന്നു കല്പിക്കുന്ന ഈ കാര്യങ്ങളില്‍നിന്ന് ഇടംവലം വ്യതിചലിക്കരുത്; അന്യദേവന്മാരെ അനുഗമിക്കുകയോ സേവിക്കുകയോ അരുത്.
സങ്കി. 56:8
അവിടുന്ന് എന്റെ അലച്ചിലുകള്‍ എണ്ണിയിട്ടുണ്ട്; എന്റെ കണ്ണീര്‍ക്കണങ്ങള്‍ അങ്ങു കുപ്പിയില്‍ ശേഖരിച്ചിട്ടുണ്ട്; അവ അങ്ങയുടെ ഗ്രന്ഥത്തിലുണ്ടല്ലോ.
ഏശയ്യാ 30:18
അതിനാല്‍, നിന്നോട് ഔദാര്യം കാണിക്കാന്‍ കര്‍ത്താവ് കാത്തിരിക്കുന്നു. നിന്നോടു കാരുണ്യം പ്രദര്‍ശിപ്പിക്കാന്‍ അവിടുന്ന് തന്നെത്തന്നെ ഉയര്‍ത്തുന്നു. എന്തെന്നാല്‍, കര്‍ത്താവ് നീതിയുടെദൈവമാണ്. അവിടുത്തേക്കുവേണ്ടി കാത്തിരിക്കുന്നവര്‍ ഭാഗ്യവാന്മാര്.
നിയ. 4:31-40
നിങ്ങളുടെ ദൈവമായ കര്‍ത്താവു കരുണയുള്ള ദൈവമാണ്. അവിടുന്നു നിങ്ങളെ കൈവിടുകയോ നശിപ്പിക്കുകയോ നിങ്ങളുടെ പിതാക്കന്മാരോടു ശപഥം ചെയ്തിട്ടുള്ള ഉടമ്പടി വിസ്മരിക്കുകയോ ഇല്ല.കഴിഞ്ഞകാലത്തെപ്പറ്റി, ദൈവം മനുഷ്യനെ ഭൂമുഖത്തു സൃഷ്ടിച്ചതു മുതലുള്ള കാലത്തെപ്പറ്റി, ആകാശത്തിന്റെ ഒരറ്റംമുതല്‍ മറ്റേയറ്റംവരെ ചോദിക്കുക; ഇതുപോലൊരു മഹാസംഭവം എന്നെങ്കിലും ഉണ്ടായിട്ടുണ്ടോ? ഇതുപോലൊന്നു കേട്ടിട്ടുണ്ടോ?ഏതെങ്കിലും ജനത എന്നെങ്കിലും അഗ്നിയുടെ മധ്യത്തില്‍നിന്നു സംസാരിക്കുന്ന ദൈവത്തിന്റെ ശബ്ദം നിങ്ങള്‍ കേട്ടതുപോലെ കേള്‍ക്കുകയും പിന്നെ ജീവിച്ചിരിക്കുകയും ചെയ്തിട്ടുണ്ടോ?നിങ്ങളുടെ ദൈവമായ കര്‍ത്താവ് ഈജിപ്തില്‍ വച്ച് നിങ്ങള്‍ കാണ്‍കെ നിങ്ങള്‍ക്കുവേണ്ടി ചെയ്തതുപോലെ മഹാമാരികള്‍, അടയാളങ്ങള്‍, അദ്ഭുതങ്ങള്‍, യുദ്ധങ്ങള്‍, കരബലം, ശക്തി പ്രകടനം, ഭയാനക പ്രവൃത്തികള്‍ എന്നിവയാല്‍ തനിക്കായി ഒരു ജനതയെ മറ്റൊരു ജനതയുടെ മധ്യത്തില്‍ നിന്നു തിരഞ്ഞെടുക്കാന്‍ ഏതെങ്കിലും ദൈവം എന്നെങ്കിലും ഉദ്യമിച്ചിട്ടുണ്ടോ?കര്‍ത്താവാണു ദൈവമെന്നും അവിടുന്നല്ലാതെ മറ്റൊരു ദൈവമില്ലെന്നും നിങ്ങള്‍ അറിയാന്‍ വേണ്ടിയാണ് ഇവയെല്ലാം നിങ്ങളുടെ മുന്പില് കാണിച്ചത്.
നിങ്ങളെ പഠിപ്പിക്കാന്‍ ആകാശത്തുനിന്ന് തന്റെ സ്വരം നിങ്ങളെ കേള്‍പ്പിച്ചു. ഭൂമിയില്‍ തന്റെ മഹത്തായ അഗ്നി കാണിച്ചു. അഗ്നിയുടെ മധ്യത്തില്‍ നിന്ന് അവിടുത്തെ വാക്കുകള്‍ നിങ്ങള്‍ കേട്ടു.അവിടുന്നു നിങ്ങളുടെ പിതാക്കന്മാരെ സ്നേഹിച്ചതുകൊണ്ട് അവര്‍ക്കുശേഷം അവരുടെ സന്താനങ്ങളെ തിരഞ്ഞെടുത്തു; അവിടുന്നു തന്റെ മഹാശക്തിയും സാന്നിധ്യവും പ്രകടമാക്കിക്കൊണ്ട് നിങ്ങളെ ഈജിപ്തില്‍നിന്നു കൊണ്ടുവരുകയും ചെയ്തു.നിങ്ങളെക്കാള്‍ വലിയവരും ശക്തരുമായ ജനതകളെ നിങ്ങളുടെ മുന്പില്നിന്നു നീക്കിക്കളയാനും നിങ്ങളെ കൊണ്ടുവന്ന് ഇന്നത്തേതു പോലെ അവരുടെ ദേശം നിങ്ങള്‍ക്ക് അവകാശമായിത്തരാനും വേണ്ടിയായിരുന്നു അത്.മുകളില്‍ സ്വര്‍ഗത്തിലും താഴെ ഭൂമിയിലും കര്‍ത്താവല്ലാതെ മറ്റൊരു ദൈവമില്ലെന്ന് ഗ്രഹിച്ച് അതു ഹൃദയത്തില്‍ ഉറപ്പിക്കുവിന്‍.ആകയാല്‍, നിങ്ങള്‍ക്കും നിങ്ങളുടെ സന്തതികള്‍ക്കും നന്മയുണ്ടാകാനും ദൈവമായ കര്‍ത്താവു നിങ്ങള്‍ക്കു ശാശ്വതമായിത്തരുന്ന ദേശത്തു ദീര്‍ഘകാലം വസിക്കാനും വേണ്ടി കര്‍ത്താവിന്റെ ചട്ടങ്ങളും പ്രമാണങ്ങളും പാലിക്കുവിന്‍ എന്നു ഞാന്‍ നിങ്ങളോടു കല്പിക്കുന്നു.
പ്രഭ. 7:32-36
ദരിദ്രനു കൈതുറന്നു കൊടുക്കുക; അങ്ങനെ നീ അനുഗ്രഹപൂര്‍ണനാകട്ടെ.ജീവിച്ചിരിക്കുന്നവര്‍ക്ക് ഉദാരമായി നല്‍കുക; മരിച്ചവരോടുള്ള കടമ മറക്കരുത്.കരയുന്നവനില്‍നിന്നു മുഖം തിരിക്കരുത്; വിലപിക്കുന്നവനോടുകൂടെ വിലപിക്കുക.രോഗിയെ സന്ദര്‍ശിക്കുന്നതില്‍വൈമനസ്യം കാണിക്കരുത്; അത്തരം പ്രവൃത്തികള്‍ നിന്നെ പ്രിയങ്കരനാക്കും.ഓരോ പ്രവൃത്തിയും ചെയ്യുമ്പോള്‍ജീവിതാന്തത്തെപ്പറ്റി ഓര്‍ക്കണം; എന്നാല്‍, നീ പാപംചെയ്യുകയില്ല.
പ്രഭ. 28:2
അയല്ക്കാരന്റെ തിന്മകള് ക്ഷമിച്ചാല്‍ നീ പ്രാര്‍ഥിക്കുമ്പോള്‍നിന്റെ പാപങ്ങളും ക്ഷമിക്കപ്പെടും.
യാക്കോ. 5:16
നിങ്ങള്‍ സൗഖ്യം പ്രാപിക്കാനായി പരസ്പരം പാപങ്ങള്‍ ഏറ്റുപറയുകയും പ്രാര്‍ഥിക്കുകയും ചെയ്യുവിന്‍. നീതിമാന്റെ പ്രാര്‍ഥന വളരെ ശക്തിയുള്ളതും ഫല ദായകവുമാണ്.
മത്താ. 5:44-45
എന്നാല്‍, ഞാന്‍ നിങ്ങളോടു പറയുന്നു: ശത്രുക്കളെ സ്നേഹിക്കുവിന്‍; നിങ്ങളെ പീഡിപ്പിക്കുന്നവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കുവിന്‍.അങ്ങനെ, നിങ്ങള്‍ നിങ്ങളുടെ സ്വര്‍ഗസ്ഥനായ പിതാവിന്റെ മക്കളായിത്തീരും. അവിടുന്ന് ശിഷ്ടരുടെയുംദുഷ്ടരുടെയും മേല്‍ സൂര്യനെ ഉദിപ്പിക്കുകയും നീതിമാന്മാരുടെയും, നീതിരഹിതരുടെയും മേല്‍ മഴ പെയ്യിക്കുകയും ചെയ്യുന്നു.