” അന്വേഷിക്കുവിൻനാദ്യം നിങ്ങൾ ദൈവത്തിൻ രാജ്യം എന്നാൽ, താതൻ നിങ്ങൾക്കായ് എല്ലാം ചേർത്തു തന്നീടും. ക്രൈസ്തവാദ്ധ്യാത്മികതയുടെ അന്തഃസത്തയാണിത്. ഉത്ഭവപാപം മൂലം നഷ്ടപ്പെട്ട ദൈവരാജ്യം തിരിച്ചു പിടിക്കാണു ദൈവം നമുക്ക് ഈ ജീവിതം തന്നിരിക്കുന്നത്. ഈശോ പഠിപ്പിച്ച പ്രാർത്ഥനയിലെ ഒരു പ്രധാന യാചന അങ്ങയുടെ രാജ്യം വരണമേ ! എന്നതാണല്ലോ. മാനവ ഹൃദയങ്ങളിൽ ഈ രാജ്യം സ്ഥാപിച്ച് അവരെ പിതാവിനു പ്രിയപ്പെട്ട മക്കളാക്കാനാണ് മനുഷ്യ പുത്രൻ സ്വയം ശൂന്യനായി, ദാസവേഷം ധരിച്ചു മാഹിയിൽ അവതരിച്ചത്. ഈ രാജ്യത്തു പൗരത്വം അവകാശപ്പെടുത്താനാവുന്നില്ലെങ്കിൽ ഐഹികജീവിതം അർത്ഥശൂന്യവും വ്യർത്ഥവുമായിരിക്കും.
ഈ നിത്യസത്യമാണ് ഈശോ മത്താ:16 :26,27 ൽ വ്യക്തമാക്കുക. ” ഒരുവൻ ലോകം മുഴുവൻ നേടിയാലും സ്വന്തം ആത്മാവിനെ നഷ്ടപ്പെടുത്തിയാൽ (നരകാഗ്നിയിൽ നിപതിച്ചാൽ ) അവന് എന്തു പ്രയോജനം ? ഒരുവൻ സ്വന്തം ആത്മാവിനു പകരമായി എന്തു കൊടുക്കും “. ഈ നോമ്പുകാലത്തു നാം നമ്മോടു തന്നെ ഈ ചോദ്യങ്ങൾ ചോദിച്ച് ആത്മരക്ഷയുള്ള എല്ലാ മാർഗ്ഗങ്ങളും ഉറപ്പാക്കണം. ആത്മരക്ഷയും ജീവനും നമ്മിൽ ഒരു തെരഞ്ഞെടുപ്പു നടത്തേണ്ടിവന്നാൽ ആത്മരക്ഷ തെരഞ്ഞെടുക്കാനുള്ള ചങ്കുറപ്പ്, പരിശുദ്ധാത്മാവു തരുന്ന ആത്മധൈര്യം, നമുക്കുണ്ടാവണം. ഇങ്ങനെയുള്ള തെരഞ്ഞെടുപ്പുകൾ നടത്തേണ്ടി വരുന്ന സമയം കയ്യെത്തും ദൂരത്തു തന്നെയുണ്ടന്നതാണ് വസ്തുത.
മത്താ:6:33 നു മുമ്പ് 25 മുതലുള്ള തിരുവാക്യങ്ങളും ഏറെ പ്രസക്തമാണ്. “ഞാൻ നിങ്ങളോഎന്നു ജീവനെക്കുറിച്ചോ, എന്തു ധരിക്കും എന്നു ശരീരത്തെക്കുറിച്ചോ നിങ്ങൾ ഉത്ക്കണ്ഠകുലരാകേണ്ട. ഭക്ഷണത്തേക്കാൾ ജീവനും വസ്ത്രത്തേക്കാൾ ശരീരവും ശ്രേഷ്ഠമല്ലേ ? ആകാശത്തെ പക്ഷികളെ നോക്കുവിൻ. അവ വിതക്കുന്നില്ല, കൊയ്യുന്നില്ല, കളപ്പുരയിൽ ശേഖരിക്കുന്നുമില്ല. എങ്കിലും നിങ്ങളുടെ സ്വർഗ്ഗസ്ഥനായ പിതാവ് അവയെ തീറ്റിപ്പോറ്റുന്നു. അവയെക്കാൾ എത്രയോ വിലപ്പെട്ടവരാണു നിങ്ങൾ ?… നിങ്ങൾക്കിവയെല്ലാം ആവശ്യമാണെന്നു നിങ്ങളുടെ സ്വർഗ്ഗീയ പിതാവ് അറിയുന്നു . (6: 25, 26 – 32 ) നിങ്ങൾ ആദ്യം അവിടുത്തെ രാജ്യവും അവിടുത്തെ നീതിയും അനേഷിക്കുക. അതോടൊപ്പം മറ്റുള്ളവയെല്ലാം നിങ്ങൾക്കു ലഭിക്കും. (6:33 )