മിടുമിടുക്കിയായ സുന്ദരകുട്ടിയായിരുന്നു ടീന. പഠനത്തിൽ മാത്രമല്ല പാട്ടിലും കളികളിലുമെല്ലാം അവളായിരുന്നു ക്ലാസ്സിൽ ഒന്നാമത്. സാമ്പത്തിക ബുദ്ധിമുട്ടുകളുള്ള വീട്ടിൽ മാതാപിതാക്കൾക്കും സ്കൂളിനും അഭിമാനമായി അവൾ വളർന്നുവന്നു. എട്ടാം ക്ലാസ്സിൽ ഒന്നാമതായി ജയിച്ചുവന്ന അവൾക്കൊരു സമ്മാനം പോലെയാണ് വീട്ടുകാർ ആ വർഷത്തെ ഓണത്തിന് പുതിയ ടെലിവിഷൻ വാങ്ങിയതും കേബിൾ കണക്ഷൻ എടുത്തതും. എന്നാൽ അടുത്ത ടെം പരീക്ഷയുടെ റിസൾട്ട് വരുന്നത് വരയെ ആ സന്തോഷങ്ങൾ നിലനിന്നുള്ളൂ.
ഇപ്പോൾ ക്ലാസ്സിൽ ഒന്നാമതാണ്, ഒരുപാട് സ്ഥാനങ്ങൾക്ക് പിന്നിലാണവൾ. ടീനയ്ക്കു പോലും അവളുടെ പഠനത്തെ വിശ്വസിക്കാനായില്ല. പഠനത്തിലെന്നപോലെ മറ്റു പല കാര്യങ്ങളിലും അവൾ ഏറെ പിന്നിലായി. ഒന്നിലും താൽപ്പര്യമില്ലാത്ത ഒരു വിഷാദവതിയായി അവൾ മാറി. സീരിയലുകളിൽ കണ്ടതും കേട്ടതുമെല്ലാം അവളെ വല്ലാതെ സ്വാധീനിച്ചു. അതെല്ലാം യാഥാർഥ്യമെന്ന നിലയിലാണ് അവളുടെ ഇളം മനസ്സ് കരുതിയത്. കാര്യങ്ങളറിഞ്ഞിട്ടും ഒരു മാറ്റത്തിനു അവളുടെ മനസ്സ് തയ്യാറല്ലായിരുന്നു. സീരിയലുകൾക്കും സിനിമകൾക്കും അടിമയായിക്കഴിഞ്ഞിരുന്നു അവൾ.
കാലിലെ ചങ്ങലകൾ പൊട്ടിച്ച് സ്വതന്ത്രമാകാൻ എന്തെളുപ്പം. എന്നാൽ മനസ്സിന്റെ ചങ്ങലകളോ?
പ്രിയ കുഞ്ഞുങ്ങളെ, കൂട്ടുകാരായ കുഞ്ഞുറുമ്പിന്റെയും കുട്ടത്തിപ്രാവിന്റെയും കഥ നിങ്ങൾ ഓർക്കുന്നില്ലേ. മഴവെള്ളത്തിൽ ഒഴുകിയൊഴുകി ഒടുവിൽ അരുവിയിൽ മുങ്ങിച്ചാകാൻ തുടങ്ങിയ ഉറുമ്പിനെ മരക്കൊമ്പിലിരുന്നു കണ്ട കുട്ടത്തിപ്രാവ് ഒരു ഇലകൊത്തിയിട്ട് കൊടുത്ത് രക്ഷിച്ച കഥ. കുട്ടത്തിപ്രാവ് അങ്ങനെ ചെയ്തില്ലാരുന്നെങ്കിൽ കുഞ്ഞുറുമ്പിന്റെ കഥ കഴിയുമായിരുന്നു.
ചെറിയ ഒരു ചാറ്റൽ മഴ പോലെ തുടങ്ങി സാരമില്ലെന്ന് കരുതി പതുക്കെ ഒഴുകിത്തുടങ്ങിയ കുഞ്ഞുങ്ങൾ പിടിച്ചാൽ കിട്ടാത്ത മഴ വെള്ളത്തിൽപ്പെട്ട് ഒഴുകുകയാണിന്ന്. എന്താണ് ഈ ഒഴുക്കെന്നറിയാമോ? ടെലിവിഷൻ സീരിയലുകളുടെ കുത്തൊഴുക്കുതന്നെ. ഏതാനും ആഴ്ചകളല്ലേ സാരമില്ലെന്ന് കരുതി കണ്ടു തുടങ്ങും. എന്നാൽ ഇവയോഗക്കെ മാസങ്ങളും വർഷങ്ങളും കഴിഞ്ഞാലും തീരാത്ത മെഗാ സീരിയലുകളുടെ മാറ്റപ്പെടുന്നു. കാരണം ടെലിവിഷനുമുന്നിൽ ദീർഘകാലത്തേക്ക് ഒരു നിശ്ചിതസമയം നമ്മെ പിടിച്ചിരുത്തുക എന്നതാണ് അതിനു പിന്നിലെ ലക്ഷ്യം.
ദിനചര്യകളും പ്രാർത്ഥനയുമെല്ലാം മുടങ്ങിയാലും കൃത്യസമയത്തു തന്നെ സീരിയലുകൾ കാണാൻ സ്വയം നിർബന്ധിക്കപ്പെടുന്ന അവസ്ഥ. സീരിയലുകൾക്കിടയിൽ ആവർത്തിച്ചാവർത്തിച്ച് കാണിക്കുന്ന പരസ്യങ്ങൾ കുട്ടികളെ വല്ലാതെ സ്വാധീനിക്കുന്നു. അങ്ങനെ ആവശ്യമില്ലാത്ത വസ്തുക്കൾപോലും വാങ്ങാൻ വാശിപിടിക്കുന്നു. കച്ചവടസ്ഥാപനങ്ങൾ മെഗാസീരിയലുകളോട് കാണിക്കുന്ന താല്പര്യത്തിന്റെ കാരണവും അതുതന്നെ. കുഞ്ഞുങ്ങൾ എന്ത് ഭക്ഷിക്കണമെന്നും എങ്ങനെ ജീവിക്കണമെന്നും തീരുമാനിക്കുന്നത് പലപ്പോഴും പരസ്യക്കാരാണ്. ദൈവത്താലോ മാതാപിതാക്കളാലോ വേണ്ടപ്പെട്ടവരാലോ അല്ല കുഞ്ഞുങ്ങൾ നയിക്കപ്പെടുന്നത്. വിവിധങ്ങളായ മാധ്യമങ്ങളാണ് അവരെ നയിക്കുന്നത്. അത് എങ്ങോട്ടാണെന്ന് പറയേണ്ടതില്ലല്ലോ.
ദൈവം മനുഷ്യന് ഭാവനയും ചിന്താശക്തിയും നൽകിയിരിക്കുന്നത് നന്മെയെയും ജീവനെയും സ്വർഗ്ഗീയ സൗഭാഗ്യങ്ങളേയും സ്വപ്നം കാണാനും പ്രത്യാശയോടെ ജീവിക്കാനുമാണ്. എന്നാൽ നമ്മുടെ സ്വാതന്ത്രമനസ്സിനെ സാത്താൻ അടിമയാക്കുകയും ദുഷിച്ച ഭാവനകളിലേക്കും പ്രവൃത്തികളിലേക്കും എത്തിക്കുകയും ചെയ്യുന്നു.
‘ദുഷിച്ച ഭാവനയേ, ലോകത്തെ വഞ്ചന കൊണ്ട് നിറയ്ക്കാൻ നീ എന്തിനുണ്ടായി‘ (പ്രഭാ 37 :3 )
മാത്യു മാറാട്ടുകളം