ഇന്ന് ലോകം മുഴുവൻ കാതോർക്കുന്ന ഒരു സ്വരമുണ്ടെങ്കിൽ അത് ഫ്രാൻസിസ് മാർപാപ്പയുടേതാണ്. ‘മൂന്നാം ക്രിസ്തു’ എന്ന് അദ്ദേഹത്തെ വിനയാന്വിതനായി വിശേഷിപ്പിച്ചുകൊള്ളട്ടെ! സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ അടുത്തകാലത്ത് നടത്തിയ ഒരു പ്രഭാഷണത്തിൽ സാകല്യ പ്രാധാന്യമുള്ള മൂന്ന് എന്നാൽ ലളിതസുന്ദരമായ ഭാഷാപ്രയോഗങ്ങളെ അദ്ദേഹം പരാമർശിച്ചു. അന്താരാഷ്ട്ര പ്രാധാന്യമുള്ള ആംഗലേയ ഭാഷയിൽ ‘മേ ഐ താങ്ക്യൂ, പാർഡാൻ മി’ (May I thankyou, pardon me) ഇവയാണവ.
ജീവിതത്തിൽ അത്ഭുതങ്ങൾ സൃഷ്ട്ടിക്കാൻ പോന്ന ‘അത്ഭുത ത്രീത്വം!’ ഇവയുടെ അസാന്നിധ്യം ജീവിതത്തിൽ ചെറുതും വലുതുമായ വിള്ളലുകൾ ഉളവാക്കും. ഇവ വലുതായി വലുതായി ജീവിതം ദുസ്സഹമാക്കും. എന്നാൽ ഈ പ്രയോഗങ്ങൾക്കുമേൽ പ്രാവിണ്യം കൈവരിച്ചാലോ, നൂറു നൂറു പ്രശനങ്ങൾക്കു സത്വര പരിഹാരം കൈവരുകയും ചെയ്യും. ഈ പ്രയോഗങ്ങൾ സത്യസന്ധമായി ഉപയോഗിക്കുന്നവർ സൗമ്യവും സംസ്കാരസമ്പന്നവും കുലീനവും ഉത്കൃഷ്ടവുമായ മഹത്വത്തിന്റെ ഉടമകളാകും.
‘മേ ഐ’ എന്ന് തുടങ്ങുന്ന ഒരു വാക്യം വിനയത്തിന്റെയും സൗമ്യതയുടെയും ആഭിജാത്യത്തിന്റെയും ബഹിർസ്ഫുരണമാകും. പക്ഷെ, ഇത് വെറും ഉപചാരം പ്രയോഗമായാൽ അത് ആത്മാവിന്റെ ശൂന്യത, വരൾച്ചയെ ആയിരിക്കും വെളിപ്പെടുത്തുക. ആത്മാർത്ഥമായും സത്യസന്ധമായും മറ്റുള്ളവരെ ആദരിക്കാനുള്ള സന്നദ്ധതയിൽ നിന്ന് അത് (മറ്റു രണ്ടു പ്രയോഗങ്ങളും) ഉയിർകൊള്ളണം.
നന്ദിയും കടപ്പാടും (പ്രഥമത ദൈവത്തോടും പിന്നീട് മറ്റുള്ളവരോടും) മനുഷ്യജീവിതത്തിന്റെ മുഖമുദ്രയാവണം. സുമനസ്സിൽ സസന്തോഷം പൂവിടുന്നതാണ് നന്ദി. ജീവിതത്തിലെ ഏതൊരു തെറ്റിനും വീഴ്ചയ്ക്കുമുള്ള ഒറ്റമൂലിയാണ്, പരിഹാരമാണ്, ഹൃദയത്തിൽ തൊട്ട ക്ഷമാപണം. ക്ഷമിച്ചും ക്ഷമിക്കപെട്ടും ജീവിതം ധന്യമാക്കാം. അങ്ങനെയൊക്കെ ജീവിക്കുകയും ജീവിക്കാൻ അനുവദിക്കുകയും ചെയുക. And be positive always.