ഒരിക്കൽ ദൈവവിശ്വാസമില്ലാത്ത ഒരാൾ അമ്മയെ കാണുവാൻ ചെന്നു. ആ സമയത്ത് അമ്മയുടെ സഹോദരിമാർ പുഴുവരിക്കുന്ന ഒരാളെ ഓടയിൽ നിന്നു പൊക്കിയെടുത്ത് ശുശ്രൂഷിക്കുകയായിരുന്നു. അയാൾ അവിടെ സ്നേഹത്തിന്റെ മാസ്മരശക്തി നേരിൽ കണ്ടു. ആ സന്യാസിനിമാർ എത്രയോ സ്നേഹത്തോടും ആർദ്രതയോടും കൂടിയാണ് ആ ആസന്നമരണനെ ശുശ്രൂഷിച്ചത്. അവരുടെ മുഖത്തെ പുഞ്ചിരി അയാളെ വല്ലാതെ ഉലച്ചു. അയാളുടെ തെറ്റായ ധാരണകളും വിശ്വാസങ്ങലും അടിപതറി. ആ വ്യക്തി അമ്മയോട് അശ്രുകണങ്ങളോടെ പറഞ്ഞു: ”അവിശ്വാസിയായി ഞാനിവിടെ വന്നു. എന്റെ ഹൃദയത്തിൽ എല്ലാവരോടും വെറുപ്പും വിദ്വേഷവുമായിരുന്നു. എന്നാൽ ഞാൻ ഇവിടെനിന്നു പോകുന്നത് ഹൃദയത്തിൽ സ്നേഹവും സന്തോഷവും നിറഞ്ഞവനായിട്ടാണ്. നിങ്ങളുടെ പ്രവൃത്തികളിൽ ദൈവസ്നേഹം തുടിക്കുന്നതു ഞാൻ അനുഭവിച്ചറിഞ്ഞു. ആ സഹോദരിമാരുടെ നിർമ്മലമായ കരങ്ങളിൽ, ആംഗ്യങ്ങളിൽ, കറയില്ലാത്ത വാത്സല്യത്തിന്റെ, മൂടുപടമില്ലാത്ത സഹോദരസ്നേഹം ഞാൻ കണ്ടറിഞ്ഞു. ദൈവസ്നേഹം ആ ചീഞ്ഞഴുകിയ മനുഷ്യനിലേയ്ക്കു പ്രവഹിക്കുന്നതു ഞാൻ കണ്ടു. ഞാൻ ദൈവത്തിൽ വിശ്വസിക്കുന്നു”. കറതീർന്ന സ്നേഹത്തിന്റെ പ്രവൃത്തി നേരിൽ കണ്ടാണ് അയാൾ വിശ്വാസിയായി മാറിയത്. വിശ്വാസം മലകളെ മാറ്റുന്നതിലധികം സ്നേഹം മലകളെ മാറ്റും.
നിസ്വാർത്ഥ സ്നേഹത്തിന്റെ പ്രവൃത്തികളാണു മദർ എല്ലാവരിൽ നിന്നും പ്രതീക്ഷിക്കുന്നത്. ഇതു സാധിക്കണമെങ്കിൽ ഏവരും പ്രാർത്ഥിക്കണം. ഈശോയോട് ഒന്നാകണം. നമ്മുടെ പ്രവൃത്തികൾ ഈശോ നിറഞ്ഞു നിൽക്കുന്ന ഒരു ഹൃദയത്തിൽ നിന്നാകട്ടെ. ക്രിസ്തീയ ചൈതന്യത്തിൽ നിന്നുള്ള പ്രവൃത്തികൾക്കു മാത്രമേ ശാശ്വതമായ ശാന്തി നൽകാൻ കഴിയൂ.
ദൈവത്തെ അന്വേഷിക്കുന്നവരോടു മദർ പറയുന്നു, ”നീ ദൈവത്തെ തിരയുകയാണെങ്കിൽ നിരന്തരം പ്രാർത്ഥിക്കാൻ പഠിക്കുക. നിനക്ക് ഏതു സമയത്തും എവിടെവച്ചും ജോലി സമയത്തുപോലും പ്രാർത്ഥിക്കാം. പ്രാർത്ഥനമൂലം ജോലി മുടങ്ങുകയോ ജോലിമൂലം പ്രാർത്ഥന മുടങ്ങുകയോ ഇല്ല. നീ ഏതു മതവിശ്വാസിയുമാകട്ടെ, ദൈവം നമ്മുടെ പിതാവാണ്. ആ വത്സലപിതാവിനോട് എല്ലാം പറയുക, തുറന്നു സംസാരിക്കുക, നീ അവിടുത്തെ പൈതലാണ്. നിശ്ചയമായും ആ വത്സലപിതാവു നിന്റെ പ്രാർത്ഥന ശ്രവിക്കും. എനിക്ക് അരമണിക്കൂർ പോലും പ്രാർത്ഥിക്കാതെ ജോലിചെയ്യാൻ സാധ്യമല്ല. ഞാൻ എന്തായിരിക്കുന്നുവോ അതു പ്രാർത്ഥനയിൽ നിന്നു മാത്രം ലഭിച്ചതാണ്”.
മദർ തുടരുന്നു: ”നിന്റെ കുടുംബത്തിൽ പരസ്പരം സ്നേഹിക്കപ്പെടുന്നുണ്ടോ? കുടുംബങ്ങളിൽ സ്നേഹം നിലനിൽക്കണമെങ്കിൽ ഒരുമിച്ചു പ്രാർത്ഥിക്കണം. ഒരുമിച്ചു പ്രാർത്ഥിച്ചാൽ ഒരുമയിൽ ജീവിക്കാം. നിങ്ങൾ ഒരുമിച്ചു പ്രാർത്ഥിച്ചാൽ ദൈവം നിങ്ങലെ സ്നേഹിക്കുന്നതുപോല നിങ്ങൾ സ്നേഹിക്കപ്പെടുകയും പരസ്പരം ഐക്യപ്പെടുകയും ചെയ്യും”.
വൈവാഹികബന്ധത്തിൽ പ്രശ്നങ്ങളുള്ളവരോട് അമ്മ ഉപദേശിക്കുമായിരുന്നു. ”ദൈവം സ്നേഹിക്കുന്നതുപോലെ നാം എല്ലാവരെയും സ്നേഹിക്കുവാനും നമ്മുടെ തെറ്റുകൾ ദൈവം ക്ഷമിക്കുന്നതുപോലെ നാം മറ്റുള്ളവരാൽ ക്ഷമിക്കപ്പെടുവാനുമുള്ള വരദാനത്തിനായി കുടുംബപ്രാർത്ഥനയിൽ നിത്യവും പ്രാർത്ഥിക്കണം. പ്രാർത്ഥിച്ചു ക്ഷമിക്കുക”. കുടുംബങ്ങളിൽ സ്നേഹം ലഭിക്കാതെ അലഞ്ഞുതിരിയേണ്ടിവന്ന മക്കളോടും അമ്മ ഉപേശിച്ചു, ”പ്രാർത്ഥിക്കുകയം ക്ഷമിക്കുകയും ചെയ്യുവിൻ”. വിധവകളോട് ഇപ്രകാരം പ്രാർത്ഥിക്കാൻ അമ്മ പറഞ്ഞിരുന്നു, ദൈവമേ, ”ഞാൻ നിന്നെ സ്നേഹിക്കുന്നു, എന്റെ ദൈവമേ, എന്നോടു ക്ഷമിക്കണമേ. ഞാൻ നിന്നിൽ വിശ്വസിക്കുന്നു. എന്റെ നാഥാ ഞാൻ നിന്നിൽ പ്രത്യാശയർപ്പിക്കുന്നു. നീ ഞങ്ങളെ സ്നേഹിക്കുന്നതുപോലെ, മറ്റുള്ളവരെ സ്നേഹിക്കാൻ എന്നെ പഠിപ്പിക്കണമേ”.